ഭാഗ്യം നിവിന്‍ പോളിയുടെ പേരില്‍ തന്നെ തേടിയെത്തിയ കഥ പങ്കുവച്ച് തെലുങ്ക് താരം നവീന്‍ പോളി ഷെട്ടി. 'ചിച്ചോരെ' എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് നവീന്‍ പോളി വ്യക്തമാക്കിയത്. ആമിര്‍ ഖാന് നായകനായ 'ദംഗല്‍' ഒരുക്കിയ സംവിധായകനാണ് ചിച്ചോരെ സംവിധാനം ചെയ്തത്. നിവിന്‍ പോളിക്ക് പകരം തന്നെ ആളുമാറി ഓഡീഷന് വിളിച്ച കഥയാണ് നവീന്‍ പറയുന്നത്.
"ചിച്ചോരെയില്‍ നിന്ന് ഓഡിഷന് കോള്‍ വരുന്നു. സത്യത്തില്‍ സംവിധായകന് നിതേഷ് തിവാരി, ഓഡിഷനു വേണ്ടി കാസ്റ്റിങ് ഡയറക്ടറോട് ആവശ്യപ്പെട്ടത് നിവിന്‍ പോളിയെ ആയിരുന്നു. നിവിന്‍ പോളി മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആണ്. പക്ഷേ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ആള് മാറി, അദ്ദേഹം വിളിക്കുന്നത് എന്നെയാണ്. 'ഹലോ നവീന്‍ പോളി, നിതേഷ് സാര്‍ ഓഡിഷനു വേണ്ടി നിങ്ങളുടെ ഡേറ്റ് ചോദിക്കുന്നു.' ഇത് കേട്ടതും ഞാന്‍ ഞെട്ടി, 'നില്ക്ക് നില്ക്ക്, നിങ്ങള്‍ പറയുന്നത് ദംഗല്‍ നിതേഷ് സാറിനെക്കുറിച്ചാണോ?'-ഞാന്‍ തിരിച്ചു ചോദിച്ചു. അതെയെന്ന് കാസ്റ്റിങ് ഡയറക്ടറും പറഞ്ഞു."
"അങ്ങനെ ഓഡിഷന് കഴിഞ്ഞു, എന്റെ ഓഡിഷന് ക്ലിപ്പ് നിതേഷ് സാറിനു കിട്ടി. അദ്ദേഹത്തിനു സംശയമായി, 'ഈ നിവിന്‍ പോളി താടി മുഴുവന്‍ ഷേവ് ചെയ്തോ, പ്രേമത്തില്‍ പരുക്കന്‍ ലുക്ക് ആയിരുന്നല്ലോ, ഇതിപ്പോള്‍ ചുള്ളനെപ്പോലെ'. അദ്ദേഹം കാസ്റ്റിങ് ഡയറക്ടര്‍ ആയ മുകേഷിനോട് ആ സംശയം ചോദിച്ചു. അങ്ങനെ കാസ്റ്റിങ് ഡയറക്ടര്‍ വീണ്ടും വിളിക്കുന്നു. 'നവീന്‍, നിങ്ങള്‍ ഈ അടുത്ത് താടി ഷേവ് ചെയ്തോ?'. ഞാന്‍ ഇല്ലെന്നും പറഞ്ഞു. അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നെ വിളിയൊന്നും ഉണ്ടായില്ല."
"ഇതിന്റെ ഇടയില്‍ ഒരുപാട് കഥകള്‍ നടന്നു. ഞാന്‍ നിവിന്‍ പോളിയല്ലെന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ നാല് മാസം കഴിഞ്ഞു. എന്റെയൊരു വൈറല്‍ വിഡിയോ ചിച്ചോരെയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കാണാനിടയായി. ആ വിഡിയോ വീണ്ടും നിതേഷ് സാറിനു മുന്നിലെത്തി. വിഡിയോയില്‍ എന്നെ കണ്ടതും സാറിന്റെ കമന്റ്, 'ഇതാ നിവിന്‍ പോളിയുടെ ഡ്യൂപ്പ് അല്ലേ, ഇയാളെ ഓഡിഷന് വിളിക്കൂ. അങ്ങനെ രണ്ടാമതും ഞാന്‍ ഓഡിഷന് എത്തി. ഇത്തവണ നവീന്‍ പോളിഷെട്ടിയായി തന്നെ. അത് ആ സിനിമയിലേയ്ക്കുള്ള അവസരമായിരുന്നു" എന്ന് നവീന്‍ പോളി പറഞ്ഞു.