Image

സ്നേഹ വൈറസുകൾ (കഥ: പുഷ്പമ്മ ചാണ്ടി)

Published on 25 March, 2020
സ്നേഹ വൈറസുകൾ (കഥ: പുഷ്പമ്മ ചാണ്ടി)
അട്ട ചുരുളുംപോലെ   അയാൾ  കിടക്കയിലേക്ക് ചുരുണ്ടു.
 മരണ ഭയത്താൽ  ശ്വാസം കിട്ടുന്നില്ല. 
എവിടെ കൈവെച്ചാലും രോഗാണുക്കൾ അയാളെ പിടികൂടുന്ന പ്രതീതി.
പുറത്തിരിക്കുന്ന പാൽ  , പത്രം എല്ലാം അയാളെ ഭയപ്പെടുത്തി.
വീടിനകത്തും  പുറത്തും  ചുവപ്പും പച്ചയും നിറമുള്ള വൈറസുകൾ  ചുറ്റും നൃത്തം വെക്കുന്നു. 

65 വയസ്സ് കഴിഞ്ഞവർ ശ്രദ്ധിക്കണം. 
 70 വയസ്സായ തനിക്കു മരണം ഉറപ്പാണ് . 
കണ്ണടച്ചപ്പോൾ എപ്പോളോ പിരിഞ്ഞു പോയ ഭാര്യയും , രണ്ടു വയസ്സുകാരൻ മകനും കണ്മുന്നിൽ.
കോടതി മുറിയിലാണ് അവസാനം അവരെ കണ്ടത്  . വര്ഷങ്ങള്ക്കു ശേഷം അവരെ പറ്റി അയാൾ ഓർത്തു. അവർ എവിടെയായിരിക്കും ?  

 ജോലിയിൽ നിന്നും പിരിഞ്ഞപ്പോൾ വേറെ ഒന്നും ചെയ്യാനില്ലാതെ വീടിനുള്ളിൽ ചുറ്റിത്തിരിഞ്ഞ അയാൾ .
 അത്യാവശ്യസാധനങ്ങള്‍ വാങ്ങാനും ,ബില്ലുകൾ അടയ്ക്കാനും  മാത്രം വെളിയിൽ ഇറങ്ങി . 

പെട്ടെന്ന് എന്തോ ഓർത്തപ്പോൾ അയാൾ ഫോൺ എടുത്തു , പാലും പത്രവും ഇടുന്ന പയ്യനെ വിളിച്ചു .
" എന്താ സാർ "
" കുറച്ചു ദിവസത്തേക്ക് പത്രവും പാലും വേണ്ട "
" സാർ പേടിക്കേണ്ട നമ്മുടെ ഈ ഭാഗത്തൊന്നും കുഴപ്പം ഇല്ല "
ആദ്യമായി അയാൾ അവനോടു കുശലം ചോദിച്ചു .
" നിനക്കും , വീട്ടിൽ ഉള്ളവർക്കും സുഖം അല്ലെ ? നിൻറെ പേരെന്താ മോനെ ?

" പേര് വേണു. എല്ലാവരും സുഖം ആയി ഇരിക്കുന്നു , സാറിനു എന്തെങ്കിലും വേണെമെങ്കിൽ പറയണം , ഞാൻ  കൊണ്ട് തരാം , സാർ പാൽ എടുത്തു ചായ ഇട്ടു കുടിക്കൂ , ഇടക്കിടെ കൈ നന്നായിട്ടു കഴുകു . " ഞാൻ നാളെ പാല് കൊണ്ടുവരുമ്പോൾ  ബെൽ അടിക്കാം "

അയാൾ " മിൽക്ക് ആൻഡ് ന്യൂസ്‌പേപ്പർ " എന്ന പേര് ഫോണിൽ നിന്നും മാറ്റി വേണു എന്നെഴുതി .

പുറത്തു ഇറങ്ങി പാൽ പാക്കറ്റും , പത്രവും എടുത്തു , പാൽ പാക്കറ്റ് നന്നായി കഴുകി.  ചായ പാത്രവും.
 ചായ ഇട്ടു കുടിച്ചെങ്കിലും പത്രം അയാൾ തൊട്ടില്ല .
ആ ദിവസം എങ്ങനെ കഴിഞ്ഞു കൂടിയെന്ന് അറിയില്ല. 
രാവിലെ  വേണു കാളിങ് ബെൽ അടിക്കുന്നത് കേട്ടാണ്‌ എഴുനേറ്റത്‌.  വെറുതെ പണ്ട് പഠിച്ച ഏതെക്കെയോ പ്രാർത്ഥന മന്ത്രങ്ങൾ ഉരുവിട്ട്  കിടക്കുക ആയിരുന്നു .
വേണുവിനെ അന്ന് ആദ്യമായി അയാൾ ശ്രദ്ധിച്ചു, ഒരു ഇരുപതു വയസ്സുണ്ടാകും.  രണ്ടു  വര്ഷം ആയി  അവൻ സ്ഥിരമായി വീട്ടിൽ  വരുന്നു.  എന്നിട്ടും അവനെ അയാൾ കണ്ടിരുന്നില്ല , അല്ല ശ്രദ്ധിച്ചിരുന്നില്ല ,  ആദ്യമായി അവൻ്റെ മുഖം ശ്രദ്ധിച്ചു .
പെട്ടെന്ന് ഒരു രണ്ടു വയസ്സുകാരൻ അയാളുടെ മനസിയിലേക്കു ഓടി വന്നു, കിച്ചു എന്ന കൃഷ്‌ണ പ്രകാശ് . 
ഇപ്പോൾ 37 വയസ്സു കാണും. കല്യാണം ഒക്കെ കഴിച്ചു കുടുംബം ആയി കാണും....
അവൻ്റെ അമ്മ വേണി....

" സാർ ഇവിടെ കഴിക്കാൻ  എന്തുണ്ട് ? എൻ്റെ 'അമ്മ വീട്ടിൽ മെസ്സ് നടത്തുന്നുണ്ട് , എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി , സാർ ഒന്നും വാങ്ങാൻ പുറത്തു പോകണ്ട "

"പുട്ടും കടലയും കിട്ടുമോ ?"

" പിന്നെന്താ.... ഒരു അഞ്ചു മിനിറ്റ് ,"
അവൻ ഫോൺ എടുത്തു വിളിച്ചു .
" അമ്മേ കുറച്ചു പുട്ടും കടലയും ഒന്ന് പാക്ക് ചെയ്തു വെക്കുമോ ? ഞാൻ ഇതാ വരുന്നു."

അടുത്ത് തന്നെ ആണെന്ന് തോന്നുന്നു അവൻ ഒരു പൊതിയും ആയി തിരികെ വന്നു .
" ഉച്ചക്ക് ഊണും ഞാൻ കൊണ്ട് വരാം...സാർ എന്തെകിലും ഒക്കെ വായിച്ചും , ടി.വി. കണ്ടും ഇരിക്ക് "

പുട്ടു വായിലേക്ക് വെച്ചപ്പോൾ അമ്മയെ ഓർമ്മ വന്നു , അതെ രുചി .
അമ്മയുടെ മരണത്തിനു പോലും വെറുതെ ഒരു കാഴ്ചക്കാരനെ പോലെ പോയിട്ട് വന്നു , ഒറ്റ മകനായിട്ടും അവർക്കായിട്ട് ഒന്നും ചെയ്തില്ല,  അനുജത്തി ആണ് അവരെ നോക്കിയത്, കുറ്റബോധം പോലും തോന്നാൻ ആ മനസ്സിന് പറ്റിയില്ല , അത്രക്കും മരവിച്ചു പോയിരിക്കുന്നു . 

പഴയ ഒരു ഡയറി അയാൾ തപ്പിയെടുത്തു, അതിൽ നിന്നും  അനുജത്തിയെ വിളിക്കാൻ നോക്കി.
ലാൻഡ് ലൈൻ നമ്പർ ആണല്ലോ... അതും  മാറിയിരിക്കുന്നു.

ഉച്ചക്ക് ഊണുമായി വന്ന വേണുവിനോടെ അയാൾ ഒരു  സഹായം ചോദിച്ചു .
" വേണു , നമ്മുടെ വളവിൽ ഇരിക്കുന്ന പോസ്റ്റ് മാസ്റ്ററിന്റെ വീട്ടിലെ ഫോൺ നമ്പർ കിട്ടുമോ ? "

ആര് നമ്മുടെ ജാനകി ടീച്ചർ ൻറെ നമ്പർ ആണോ ? പോസ്റ്റ് മാസ്റ്റർ  മരിച്ചിട്ടു ഇപ്പോൾ ഒരു മൂന്ന് വര്ഷം ആയിരിക്കും , ജാനകി ടീച്ചർ സാറിൻറെ അനുജത്തി അല്ലേ ?"

അയാൾ മരിച്ചത് അറിഞ്ഞില്ല , പത്രത്തിലെ ചരമകോളത്തിൽ കണ്ടില്ലല്ലോ , പതിവായി ചരമകോളം അയാൾ നോക്കിയിരുന്നു , എന്നിട്ടും കണ്ടില്ല . 

"അത് നിനക്കെങ്ങനെ അറിയാം? "

"ടീച്ചർ എന്നെ പഠിപ്പിച്ചിട്ടുണ്ട് , ഞാൻ ഇവിടെ  പാൽ ഇടാൻ തുടങ്ങിയ ശേഷം ടീച്ചർ എന്നോട് എന്നും സാറിനെ പറ്റി ചോദിക്കും " 
" ഇതാ നമ്പർ സാർ ഫോണിൽ ഫീഡ് ചെയ്തോ "

അയാൾ ഉത്തരം പറയാതെ ഫോൺ നമ്പർ വാങ്ങി .

വളരെ സമയമെടുത്തു ഒന്ന് വിളിക്കാൻ.
രണ്ടു ബെല്ല് അടിച്ചപ്പോൾ ഫോൺ കട്ട് ചെയ്തു. 
 എവിടെ തുടങ്ങും , എന്ത് പറയും...
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ജാനകി തിരികെ വിളിച്ചു .

"ചേട്ടൻ എന്നെ വിളിച്ചോ?"

വിക്കി വിക്കി അയാൾ പറഞ്ഞു . "കുറച്ചു ദിവസമായി മനസ്സിനൊരു ഭാരം. 
മരണം അടുത്തെത്തിയപോലെ.... നിന്നെ ഒന്ന് കാണാൻ തോന്നുന്നു."
" എന്നെ മാത്രമേ കാണാൻ തോന്നുന്നൊള്ളോ , വേണി ചേച്ചിയെയും കിച്ചുവിനെയും കാണേണ്ടേ ?"
"അവരൊക്കെ?"
"കിച്ചു എറണാകുളത്തു സർക്കാർ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് , ഭാര്യ , രണ്ടു കുഞ്ഞുങ്ങൾ. വേണി ചേച്ചി  പെൻഷനായി . അവർ സുഖമായി ഇരിക്കുന്നു , ചേച്ചി എന്നെ എല്ലാ ആഴ്ചയും  വിളിക്കും . ചേട്ടൻ ഞങ്ങളെ ഉപേക്ഷിച്ചാലും  ഞങ്ങൾ ചേട്ടന്റെ വിവരം അറിയിന്നുണ്ട് . അവിടെ വരരുത് , എന്നു കട്ടായം പറഞ്ഞത് കൊണ്ടാണ് നേരിട്ട് വരാത്തത്."

എവിടെ മുറിഞ്ഞു പോയോ ആ തണ്ടുകൾ  ചേർന്നപോലെ തോന്നി . ശവക്കുഴിയിൽ നിന്നും ഉയർത്തു എഴുന്നേറ്റ പോൽ, തകർന്ന ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി . 
വേനൽ മഴയിലും പുൽനാമ്പു വരുമോ ? അയാൾ എഴുനേറ്റു മുഖം കഴുകി , കണ്ണാടിയിൽ നോക്കി....നരച്ച മുടിയും... താടിയും....
തിളക്കം പോയ കണ്ണുകൾ.... അയാൾ ഓർത്തു. ഞാൻ ഇപ്പോഴൊന്നും  മരിക്കില്ല, എനിക്ക് ജീവിക്കണം . ഒരു കൊല്ലമെങ്കിൽ ഒരു കൊല്ലം.

ജാനകിയുടെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി അയാൾ വേണിയെ വിളിച്ചു. അയാളുടെ വിളിക്കായി കാതോർത്തപോലെ അവൾ വിളി കേട്ടു.
അവർ എന്തൊക്കെയോ സംസാരിച്ചു.
സ്നേഹം മാത്രം....കുറ്റപ്പെടുത്തൽ ഇല്ല .... 
" എപ്പോൾ കാണാൻ പറ്റും . ഇങ്ങോട്ടു  വരുമോ ?"
" ചേട്ടാ ഇപ്പോൾ കൊറോണ വൈറസ് അല്ലെ , എല്ലാം ഒന്ന് കഴിയട്ടെ ഞങ്ങൾ വരാം "
കാത്തിരിക്കാൻ അയാൾ തയ്യാറായിരുന്നു
ജീവിതത്തിൽ ആദ്യമായി അയാൾ പ്രാർത്ഥിച്ചു. വേഗം ഈ പടർച്ച വ്യാധി ലോകത്തിൽ നിന്നും പോകണമേ.....
ഓം ലോകാ സമസ്താ  സുഖിനോ ഭവന്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക