Image

നിമ്മി (കഥ: റാണി ബി മേനോന്‍)

Published on 25 March, 2020
 നിമ്മി (കഥ: റാണി ബി മേനോന്‍)
വണ്ടി സിഗ്നൽ കാത്തു കിടക്കുമ്പോഴാണ് ശ്രദ്ധിച്ചത്.
മുൻപിലൊരു TVS. സ്ക്കൂട്ടി. No. 2561 സ്ത്രീയാണ് സാരഥി. സാരി മുകളിലേയ്ക്കു കയറി മെലിഞ്ഞു വെളുത്ത കണങ്കാലും അല്പം മുകളിലേയ്ക്കും കാണാം.
ആ നമ്പർ മനസ്സിൽ കിടന്നു കറങ്ങാൻ തുടങ്ങി. എവിടെ... എവിടെ.... എവിടെയാണ്...
കോളേജുകാലം മുതലുള്ള സ്വഭാവമാണ്,വണ്ടികളുടെ നമ്പർ,  മെയ്ക്ക് & മോഡൽ ഓർത്തിരിയ്ക്കുക എന്നത്, പിന്നെവിടെ കണ്ടാലും എവിടെ ഏതു സാഹചര്യത്തിൽ എപ്പോൾ കണ്ടു എന്നോർത്തെടുക്കുക...
ഒരു രസം, ഹോബി എന്നും പറയാം.
പക്ഷെ ഇപ്പോൾ... എവിടെയോ ഒരു ചേർച്ചക്കുറവ്....
തലയ്ക്കുള്ളിൽ കൊതുകിന്റെ ലാർവ്വകൾ പുളയ്ക്കാൻ തുടങ്ങി.
എവിടെ?
എന്ന്?
എപ്പോൾ...?

 സിഗ്നൽ പച്ചയായതും സ്ക്കൂട്ടി  മുന്നോട്ടെടുത്ത് റോഡരുകിലൂടെ ക്ഷമാപണം പോലെ ഒഴിഞ്ഞ് ഓടാൻ തുടങ്ങി.
പെട്ടെന്നുള്ളാെരിൻസ്റ്റിംഗ്റ്
റിൽ സ്ക്കൂട്ടിയെ പിൻതുടർന്ന് ഡസ്റ്റർ ഒഴുകി. സഹജമല്ലാത്ത സാവധാനത്തിൽ വണ്ടി അസ്വസ്ഥമായെന്നു തോന്നി. കുറച്ചു ദൂരം പോയപ്പോൾ  സ്ക്കൂട്ടിയിലേയ്ക്കും, അതിലെ യാത്രക്കാരിയിലേയ്ക്കും ആ അസ്വസ്ഥത ബാധിച്ച പോലെ. അവർ കൂടുതലൊതുങ്ങി, ഡസ്റ്ററിനെ കടന്നു പോവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. തിരക്കു കുറഞ്ഞൊരു ഉൾറോഡിലേയ്ക്ക് സ്ക്കൂട്ടിയ്ക്കൊപ്പം ഡസ്റ്റർ തിരിഞ്ഞു, ഇപ്പോൾ ഡ്രൈവറുടെ അറിവോ സമ്മതമോ ഇല്ലാതെ.

സ്ക്കൂട്ടി പ്രാണവേഗത്തിലോടി, പിറകിലെ ഡസ്റ്ററിന്റെ പ്രഭയിൽ കിതച്ചു.
പൊടുന്നനെ  റോഡവസാനിയ്ച്ചു. വലിയ തെങ്ങുകൾ അതിരിട്ട കനാലിന്റെ ഓരത്തുകൂടി സ്ക്കൂട്ടി പ്രാണനുമായി ഓടി മറഞ്ഞു.
അയാൾ വണ്ടി നിർത്തി എഞ്ചിൻ ഓഫ് ചെയ്ത് ഒതുക്കി പാർക്കു ചെയ്തു. പുറത്തിറങ്ങി. ചെറിയ ചേറ്റുമണത്തിൽ കനാലിലൂടെ വെള്ളമൊഴുകി. നീരൊഴുക്കിന്റെ ശബ്ദം മാത്രം നിശ്ശബ്ദതയെ ഭഞ്ജിച്ചു. നേർത്ത കാറ്റിലാടുന്ന തെങ്ങോലകളുടെ മർമ്മരവും. ചിരിതൂകി തെളിഞ്ഞ മാനത്തു നിന്നും അമ്പിളി വഴിവിളക്കു നീട്ടി. പ്രത്യേകിച്ചൊരുദ്ദേശവുമില്ലാതെ അയാൾ കനാലോരം ചേർന്നു നടന്നു. വഴിയുടെ അവസാനത്തിലെ ചെറിയാെരു വീടിനു മുന്നിൽ സ്ക്കൂട്ടി തളർന്നു നിൽക്കുന്നു.
മുറ്റം കടന്ന് വാതിലിൽ തട്ടി. വളരെ മെലിഞ്ഞാെരു സ്ത്രീ വന്ന് വാതിൽ തുറന്നു. അവരുടെ നോട്ടത്തിൽ അമ്പരപ്പും അസ്വസ്ഥതയുമുണ്ടായിരുന്നു.
എന്താ? എന്തിനാണു നിങ്ങൾ....

"മമ്മാ, ദാ ദീപൂട്ടൻ പഫ്സ് എല്ലാം നിലത്തു തൂവി".
"Look at me. ഞാൻ എല്ലാം വൃത്തിയായി തിന്നു. 'am a good boy.. No?"
പറഞ്ഞു കൊണ്ടു കടന്നു വന്ന നാൽപ്പത്തഞ്ചുകാരൻ അയാളെ കണ്ട് അമ്പരന്ന പോലെ തോന്നി. അയാളും നടുങ്ങി.
"മമ്മാ who is this?"
നിങ്ങൾ അകത്തു വരൂ നിറയെ കൊതുകു കയറും വാതിൽ തുറന്നിട്ടാൽ.
"മമ്മ ഞാൻ ഊഞ്ഞാലാടിക്കോട്ടെ?"
"Yeah, take ദീപൂ ടൂ, മൈ ബേബി"
അയാൾ അൽപം ശങ്കിച്ചു നിന്ന് അകത്തു പോയി ഒരു പത്തു വയസ്സുകാരനെ കൂട്ടി വന്നു. അവർക്കു പിന്നാലെ ചെന്ന് അവർ പറഞ്ഞു.
"Deepu, take good care of Pappa"
"OK Mom"

അവർക്കു പിറകിൽ വാതിലടച്ച് ഉള്ളതിൽ വൃത്തിയുള്ള കസാല അയാൾക്കു വേണ്ടി നീക്കി ക്ഷമാപണ പൂർവ്വം അവർ പറഞ്ഞു.
"മൈ ഹബ്ബി".
"ഒരാക്സിഡന്റ്".
"മോനുണ്ടായപ്പോൾ എനിയ്ക്കു സമ്മാനിയ്ക്കാൻ പഫ്സ് വാങ്ങാൻ പുറത്തു പോയതാണ്. ജീവൻ തിരിച്ചു കിട്ടി.
"ബട്ട് ഹി വാസ് നെവർ മൈ ഹബ്ബി ദേറാഫ്റ്റർ, ബട്ട് മൈ സൺ".
"അപകടത്തിന്റെ പത്താം നാൾ കണ്ണു തുറന്ന് പ്രസവിച്ച് ഒരു മാസമായ എന്നെ നോക്കി ദാസ് വിളിച്ചു"
"മമ്മാ",
"ആദ്യം അമ്പരപ്പ്, ലജ്ജ, ബട്ട് നൗ..."
"യാ, ഹി ഈസ് മൈ സൺ''.
"ഇത്ര വലിയ കുട്ടിയെ കിടത്തിയുറക്കാൻ എന്റെ ചുമലിനു ബലമുണ്ടെന്നു ദൈവത്തിനു തോന്നിക്കാണും".
അവരുടെ ചെറു ശരീരം ഒന്നുലഞ്ഞ പോലെ തോന്നി അയാൾക്ക്.
"ഞാൻ" ഒരു നിമിഷം നിർത്തി അവർ പറഞ്ഞു
"നിമ്മി".
"ഞങ്ങളുടേത് ഒരു ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. രണ്ടു വീട്ടുകാരും അംഗീകരിയ്ക്കാത്ത ഒന്ന്.
ഐ ഡിന്റ് വാണ്ട് ഹിം റ്റു ബി എ ലാഫിംഗ് സ്റ്റോക് എമംഗ് അവർ റിലേറ്റീവ്സ്.
ഉണ്ടായിരുന്ന ഗവണ്മെന്റ് ജോലി രാജിവച്ച് ആരുമറിയതിങ്ങു പോന്നു. ഇവിടൊരു സ്ക്കൂളിൽ പഠിപ്പിയ്ക്കുന്നു''.
"സം...ഹൗ..."

നിങ്ങളെന്തിനാണെന്ന പിൻതുടർന്നെതെന്നു മനസ്സിലായില്ല.
വണ്ടിയുടെ നമ്പറും, ഓർമ്മയും പിൻതുടർന്നെത്തി എന്നു പറയാൻ അയാൾക്ക് മടി തോന്നി.
ഒരു പരിചയക്കാരിയെപ്പോലെ തോന്നി. പണ്ടത്തെ ഒരു....
അയാൾ അദ്ധോക്തിയിൽ നിർത്തി.
അവർ മനസ്സിലായതുപോലെ പുഞ്ചിരിച്ചു
"സോറി റ്റു മിസ് ലീഡ് യു"
ഇപ്പോഴവരുടെ പുഞ്ചിരിയിൽ ചെറിയ കുസൃതി കലർന്നു.
"എന്റെ നമ്പർ..."
"ഏയ് വേണ്ട"
" അല്ലെങ്കിൽ താങ്കളുടെ നമ്പർ തരൂ"
"എന്തിന്?"
"എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ.."
"ഏയ്, ദാറ്റ്സ് ഓകേ."
"ഐ വിൽ മാനേജ്"
പുറത്തിറങ്ങൂ എന്നാജ്ഞാപിയ്ക്കും പോലെ, അവരുടെ മിഴി വാതിൽക്കലേയ്ക്ക് നീണ്ടു.
അയാളിറങ്ങി.

അച്ഛനും മകനും ഊഞ്ഞാലാടുന്നു.
തിരിഞ്ഞു നോക്കാതെ നടക്കവെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
പത്തുവർഷം.......
ഒരു ലഹരി, വേഗത്തിൽ ഒരു സ്ക്കൂട്ടിയെ ഇടിച്ചിട്ടു.
ആ വണ്ടിയ്ക്കു പിറകിൽ ഒരു ബലൂൺ സ്റ്റാന്റ് അങ്ങിനെ തന്നെ ഉയർന്നു നിന്നിരുന്നു അതിൽ പീപ്പിയും ഓടക്കുഴലും പല നിറങ്ങളുള്ള കണ്ണടകളും, വിസിലും തൂങ്ങിക്കിടന്നു
നമ്പർ 2561.
പിൻതുടർന്ന് ഒരു മാരുതി 800ൽ ലഹരിക്കൂട്ടം. അർത്ഥരഹിതമായ തമാശകൾ, ബെറ്റുകൾ, ചെയ്സിങ്ങ്....
കൺട്രോൾ വിട്ടിടിച്ചത് പെട്ടെന്നാണ്.
ഭയം കൊണ്ട് കൂട്ടം നിർത്താതെ പാഞ്ഞതോർത്ത്.......

അയാൾ വണ്ടിയിലിരുന്ന് സ്റ്റിയറിംഗിലേയ്ക്ക് തല കുനിയ്ച്ച് കരഞ്ഞു.
അമ്പിളി മാഞ്ഞിരുന്നു, ഓലപ്പീലിക്കാറ്റും.
കാലം പോലെ ചെളിമണം നിറഞ്ഞ ജലമർമ്മരം.
അയാൾക്കുറപ്പായിരുന്നു. അവരുടെ പേര് നിമ്മിയെന്നായിരിയ്ക്കില്ല. തീർച്ച.
അവർ ഐഡന്റിറ്റി റിവീൽ ചെയ്യാൻ ഉദ്ദേശിയ്ക്കുന്നില്ല. അവർക്കാരുടെയും, സഹായവും, സഹതാപവും വേണ്ട.
അതാണ്.
 നിമ്മി (കഥ: റാണി ബി മേനോന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക