Image

വെന്റ്റിലേറ്ററുകള്‍ക്കു രൂക്ഷ ക്ഷാമം. ഇറ്റലിയിലേതിനു സമാനമായ സാഹചര്യം ഉടലെടുക്കുമെന്ന ഭീതി (ഫ്രാന്‍സിസ് തടത്തില്‍)

Published on 25 March, 2020
വെന്റ്റിലേറ്ററുകള്‍ക്കു രൂക്ഷ ക്ഷാമം. ഇറ്റലിയിലേതിനു സമാനമായ സാഹചര്യം ഉടലെടുക്കുമെന്ന ഭീതി (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജേഴ്സി: കൊറോണ വൈറസ് ഡിസീസസ്-19 (കോവിഡ് 19) വ്യാപനവും വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ ദൗര്‍ലഭ്യവും സംസ്ഥാന ഗവര്‍ണര്‍മാരെ അസ്വസ്ഥരാക്കുന്നു.

പല സംസ്ഥാനങ്ങളിലെയും ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് വെന്റിലേറ്ററില്ല.കൂടുതല്‍ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ അതാതു സംഥാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് നിര്‍ദ്ദേശിച്ചത്.

വരുന്ന മൂന്നു ആഴ്ചകള്‍ക്കകം കൊറോണ വ്യാപനം മൂര്‍ദ്ധന്യത്തില്‍ എത്തുമെന്നാണ് സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി)ന്റെ വിലയിരുത്തല്‍.

ആശുപത്രികളില്‍ ഐ, സി .യു. സൗകര്യങ്ങളും പരിമിതം. രോഗികളുടെ എണ്ണം ദിനം പ്രതി പെരുകുന്നതോടെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്താണ് അഡ്മിറ്റ് ചെയ്യുന്നത്. എല്ലാവരെയും കിടത്താന്‍ ആശുപത്രി കിടക്കകള്‍ കുറവായതിനാല്‍ മറ്റു രോഗികളെ വീട്ടില്‍ പറഞ്ഞയക്കുന്ന സ്ഥിതി വരെയെത്തി. ഐ.സി.യുകളിലെ വെന്റിലേറ്ററുകള്‍കള്‍ക്കു പുറമെ ഓപ്പറേഷന്‍ തീയറ്ററുകളിലെ അനസ്‌തേഷ്യ വെന്റ്റിലേറ്ററുകളും താല്‍ക്കാലികമായി ഉപയോഗിക്കാന്‍ തുടങ്ങി.

ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം അടിയന്തിരമായി 40,000 വെന്റ്റിലേറ്ററുകള്‍ ആവശ്യമെന്നാണ് ന്യൂയോര്‍ക്ക് മേയര്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചത്. 40,000 ആവശ്യപ്പെട്ടപ്പോള്‍ വെറും 4,000 മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. നിലവില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ എല്ലാ ആശുപത്രികളിലും കൂടി മൊത്തം 55,000 ബഡ്ഡുകള്‍ മാത്രമാണുള്ളത്. ഇതുവരെവരെ ന്യൂയോര്‍ക്കില്‍ മാത്രം 26,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 210 പേര്‍ മരിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്കകംകുറഞ്ഞത് 140,000 ബെഡ്ഡുകളെങ്കിലും ലഭ്യമാക്കേണ്ടി വരുമെന്നാണ്ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുവോമൊ പറയുന്നത്. ഇത് നിലവിലുള്ള ബെഡ്ഡുകളുടെ മൂന്ന് ഇരട്ടിയോളം വരും.

എട്ടു മില്യണില്‍പ്പരം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളില്‍ ബെഡുകളുടെ എണ്ണം കൂട്ടാനും കൂടുതല്‍ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അധികൃതര്‍ നെട്ടോട്ടമോടുകയാണ്.ആശുപത്രികളുടെ പാര്‍ക്കിങ്ങ് ലോട്ടുകള്‍ മുതല്‍ കോറിഡോറുകള്‍ വരെയും ബഡ്ഡുകള്‍ കൊറോണ രോഗികള്‍ക്കായി ഒരുക്കിക്കഴിഞ്ഞു, വിവിധ ഹോട്ടലുകള്‍ താല്‍ക്കാലിക ആശുപത്രിയാക്കാനും നിര്‍ദ്ദേശമുണ്ട്. കൂടാതെ മിലിട്ടറിയുടെ ഹോസ്പിറ്റല്‍ ഷിപ്പുകള്‍ കൊറോണ ഭീഷണി നേരിടുന്ന സംസ്ഥാങ്ങളിലേക്കു അയക്കുമെന്നും ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.

ന്യൂയോര്‍ക്കിനെയും വാഷിംഗ്ടണ്‍ സ്റ്റേറ്റിനെയും ദുരന്ത കേന്ദ്രമായി പ്രഖ്യാപിച്ച പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് 187 മരണം സംഭവിച്ച കാലിഫോര്‍ണിയയെയും ദുരന്ത മേഖലയായി ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. രോഗവ്യാപനം ഈ നിലയില്‍ പോയാല്‍കാലിഫോര്‍ണിയയിലെ 25 മില്യണ്‍ വരുന്ന ജനസംഖ്യയില്‍ 50 ശതമാനം പേര്‍ക്കും രണ്ടു മാസത്തിനകം രോഗം പകരുമെന്നാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറയുന്നത്. അമേരിക്കന്‍ സേനയുടെ 1000 കിടക്കകളുള്ള നേവി ഹോസ്പിറ്റല്‍ ഷിപ്പ് മേഴ്സി ഈ വെള്ളിയാഴ്ച്ച ലോസഞ്ചലസ് തീരത്തണയും. കാലിഫോര്‍ണിയയിലും വെന്റിലേറ്ററുകളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണ്. ടെസ്ല കോ ഫൗണ്ടര്‍എലോണ്‍ മസ്‌ക്ക് 1000 വെന്റിലേറ്ററുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും അതിനു പുറമെ 3000 വെന്റ്റിലേറ്ററുകള്‍ കൂടി ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ന്യൂസം പറഞ്ഞു.

കൊറോണ പടരുന്നസാഹചര്യത്തില്‍ 19 സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ ജനങ്ങളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.രോഗം ഈ രീതിയില്‍പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയുടെ മുള്‍മുനയിലാണ്. ഒന്നുരണ്ടാഴ്ചക്കകം ഈ മഹാമാരിയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെ തന്നെകൈ വിട്ടു പോകുമെന്ന അവസ്ഥയിലാണ്. രോഗികള്‍ വര്‍ദ്ധിക്കുകയും ബെഡ്ഡുകളുടെ എണ്ണം കൂട്ടുകയും ചെയ്താല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ജോലി ഭാരം ഇരട്ടിയിലധികമാകും.

ആവശ്യത്തിനു വെന്റിലേറ്റര്‍ ലഭ്യമാക്കില്ലെങ്കില്‍ ഇറ്റലിയേക്കാള്‍ ഭയാനകമായ അവസ്ഥയായിരിക്കും അമേരിക്കയില്‍ ഉണ്ടാകുക. ഫോര്‍ഡ്, ജി.എം.തുടങ്ങിയ വന്‍കിട കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മ്മാണം ആരംഭിച്ചെങ്കിലും അവ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ല. ഈ മഹാമാരി ലോകം മുഴുവനും വ്യാപിച്ചതിനാല്‍ വെന്റ്റിലേറ്റര്‍ഇറക്കുമതി ചെയ്യുന്നതിനുംതടസം ഉണ്ട്. അതാതു രാജ്യങ്ങളുടെആഭ്യന്തര ഉപയോഗത്തിനു ഊന്നല്‍ നല്കിയായിരിക്കും കയറ്റുമതി രാജ്യങ്ങള്‍വെന്റ്റിലേറ്റര്‍ കയറ്റി അയയ്ക്കുക.

ഇതിനിടെ, മാസ്‌ക്കുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണമെന്നാണ് ട്രമ്പ് നിര്‍ദ്ദേശിക്കുന്നത്. ട്രംപിന്റെ ഈ തല തിരിഞ്ഞ തീരുമാനം സംസ്ഥാനങ്ങള്‍ തമ്മിലുള്ളമത്സരത്തിനു കാരണമായി. ഇതോടെആശുപത്രികളിലെ അവശ്യ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യം കൂടുന്നതനുസരിച്ചു താങ്ങാന്‍ പറ്റാത്തത്ര വിലയും കൂട്ടി.

കഴഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഈ നിലപാടിനെപരസ്യമായി വിമര്‍ശിച്ചിരുന്നു. 99 സെന്റ് മാത്രം വിലയുണ്ടായിരുന്ന എന്‍. 95 മാസ്‌ക്കിന്റെ വില 11 ഡോളര്‍ വരെ ഉയരാന്‍ കാരണം സംസ്ഥാനങ്ങള്‍ തമ്മിലുള്ള മല്‍സരമാണെന്ന് ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടി. ആശുപത്രികള്‍ക്ക് ആവശ്യമായ മാസ്‌ക്കുകള്‍ ഫെഡറല്‍ ഗവര്‍മെന്റ് ഒരുമിച്ചു വാങ്ങി സംസ്ഥാങ്ങള്‍ക്കു ആവശ്യാനുസരണം വിതരണം ചെയ്താല്‍ വിലക്കയറ്റം തടയാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൂചന ശരിയാണെങ്കില്‍മരണ സംഖ്യയില്‍ ചൈനയെ പിന്തള്ളി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇറ്റലിലെയെക്കാളും മുന്‍പില്‍ അമേരിക്ക എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇറ്റലിയില്‍ മരണ നിരക്ക് കുറഞ്ഞു കഴിഞ്ഞു. അവിടെ പ്രായം കൂടിയ പൗരന്മാര്‍ ഒട്ടു മിക്കവരും മരിച്ചു കഴിഞ്ഞു. അതാണ് മരണ നിരക്ക് കുറയുവാന്‍ കാരണമെന്നും പറയപ്പെടുന്നു. അമേരിക്കയിലെ നഴ്‌സിംഗ് ഹോമുകളിലേക്ക് കൊറോണ വ്യാപനം തുടങ്ങിക്കഴിഞ്ഞു. നഴ്‌സിംഗ് ഹോമുകളില്‍ കഴിയുന്ന പ്രായമായ രോഗികളാണ് ന്യൂജേഴ്സി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കൊറോണ ബാധിച്ചവരില്‍ ഭൂരിഭാഗം..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക