Image

അഴിമുഖം (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 26 March, 2020
അഴിമുഖം (രമ പ്രസന്ന പിഷാരടി)
തിരകളെല്ലാമൊതുക്കും

കടല്‍ പോലെ

ചിറകൊതുക്കും

കിളിക്കൂട്ടമെന്ന പോല്‍

പലരുമിന്നൊരു

കൂടിന്റെയുള്ളിലെ

അഴികളെണ്ണിക്കഴിയുന്നു

മുന്നിലായ്

മഴകളെ, വെയില്‍

നീളുന്ന വഴിയിലെ

തണല്‍ മരങ്ങളെ

കാണാതെ പോയവര്‍

ഇതളിനുള്ളില്‍

സുഗന്ധമൊഴുക്കിയ

പവിഴമല്ലികള്‍

കുഞ്ഞിലഞ്ഞിപ്പൂക്കള്‍

തൊടിയില്‍ നീങ്ങുന്ന

കുരുവികള്‍, തുമ്പികള്‍

മഴപൊഴിക്കുന്ന

മാവിന്റെ പൂവുകള്‍

ഇലപൊഴിക്കുന്ന

കാറ്റിന്റെ തന്ത്രികള്‍

ഒഴുകിനീങ്ങുന്നൊ

രാറ്റിലെ വഞ്ചികള്‍

പഴയതെല്ലാമുപേക്ഷിച്ച്

നഗരത്തിനിരുളില്‍ മുങ്ങി

തിരക്കിട്ട് പോയവര്‍

എവിടെയുമിന്ന്

മൗനത്തിലേയ്ക്കുള്ള

മരണമേറ്റുന്ന

ധ്യാനാര്‍ദ്രശാന്തത

വഴിയിലെന്നുമാകാശമേ

നിന്നുടെ അതിരു പോലും

തിരിച്ചിട്ടിരിക്കവെ

കൊടുമുടികള്‍ കടന്ന്

ലോകത്തിന്റെ

നിറുകയില്‍ വന്ന്

വിശ്വജയത്തിന്റെ

കൊടിയുയര്‍ത്തവെ

താഴേയ്ക്ക് വീഴുന്ന

പരവതാനി, 

മുറിഞ്ഞോരു ഭൂപടം!

നിഴലുതിര്‍ക്കുന്ന

സായാഹ്നസന്ധ്യകള്‍

വഴിപിരിയുന്ന

പ്രാണന്റെ യാത്രകള്‍

അഴിമുഖങ്ങളില്‍

നിന്ന് കാണും

കടല്‍ത്തിരകള്‍,

അസ്തമയത്തിന്റെ

പക്ഷികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക