റിയാദ്: ദേശവും വംശവും അതിരിടാതെ മനുഷ്യരാശിയെ മുഴുവനായും ഭയാനകമായ രീതിയില്‍ ആക്രമിക്കുന്ന കോവിഡ് 19 വൈറസ് പോലുള്ള മഹാമാരിയുടെ കാലത്ത് ജി 20 പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ പ്രസക്തി വര്‍ധിക്കുകയാണെന്ന് സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അസാധാരണ ജി 20 വിര്ച്യുല് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സല്മാന് രാജാവ്.
മഹാമാരികളെ പിടിച്ചു കെട്ടാനും അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം തടയുന്നതിനും അംഗരാജ്യങ്ങള്‍ക്ക് ആത്മവിശ്വസമേകാനും കൂട്ടായ പരിശ്രമവും നടപടികളും ഉണ്ടാകണം.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവിധ അംഗരാജ്യങ്ങളുടെ തലവന്മാരുമായി സംവദിച്ച സല്മാന് രാജാവ്, പരസ്പര സഹകരണത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണയും വാഗ്ദാനം ചെയ്തു.
ഈ വര്‍ഷം നവമ്പറില്‍ റിയാദില്‍ അടുത്ത ജി 20 ഉച്ചകോടി നടക്കാനിരിക്കെ നിലവിലെ ജി 20 അധ്യക്ഷനായ സൗദി അറേബ്യ മുന്‍കൈയെടുത്താണ് അസാധാരണ യോഗം വിളിച്ചത്. ഇതിന്റെ പ്രധാന ലക്ഷ്യം കൊറോണ വൈറസ് വ്യാപനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നതാണ്.
എല്ലാ ഭൂഖണ്ഡങ്ങളിലും ഒരേപോലെ പടര്‍ന്നു കയറിയ ഈ വൈറസ് ഇതുവരെയായി അഞ്ചു ലക്ഷത്തിലേറെ പേരെ ബാധിക്കുകയും ഇരുപത്തിരണ്ടായിരത്തോളം ആളുകളുടെ ജീവനെടുക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയും ഐ എം എഫ്, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് ഈ മഹാമാരിയെ തടയാനുള്ള ഏത് പ്രവര്‍ത്തനങ്ങളുമാണ് സഹകരിക്കാന്‍ ജി 20 തയാറാകണമെന്നു ഈ യോഗത്തില്‍ തീരുമാനിച്ചു.
മരണത്തില്‍ നിന്നും ലോകജനതയെ രക്ഷിക്കുന്നതോടൊപ്പം ജനങ്ങളുടെ സ്വത്തും തൊഴിലും വരുമാനവും സംരക്ഷിക്കുന്നതിനും ജി 20 പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ കൊറോണ വൈറസ് ചികിത്സക്കായുള്ള ആന്റി വൈറസ് വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സൗദി അറേബ്യ അടക്കമുള്ള ജി 20 അംഗരാജ്യങ്ങള്‍ മുന്നോട്ടു വരും.
അന്താരാഷ്ട്ര തലത്തില്‍ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ സഹായവും സഹകരണവും ജി 20 അംഗരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി വാഗ്ദാനം ചെയ്തു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍