Image

വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രസിഡന്റ് ട്രംപ്

Published on 27 March, 2020
വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രസിഡന്റ് ട്രംപ്
വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

'ചൈനീസ് പ്രസിഡന്റ് ഷിയുമായുള്ള ഒരു നല്ല സംഭാഷണം ഇതാ ഇപ്പോള്‍ അവസാനിപ്പിച്ചതേയുള്ളൂ. നമ്മുടെ ഗ്രഹത്തിന്റെ വലിയ ഭാഗങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് വളരെ വിശദമായി തന്നെ സംസാരിച്ചു. കൊറോണയിലൂടെ വളരെധികം കടന്നുപോയ രാജ്യമാണ് ചൈന. വൈറസിനെ കുറിച്ച് വളരെ ശക്തമായ ധാരണ അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. വളരെയധികം ബഹുമാനം.' -ട്വീറ്റില്‍ ട്രംപ് കുറിച്ചു.

'യുഎസ്-ചൈന ബന്ധം നിര്‍ണായക ഘട്ടത്തിലാണ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ യുഎസ് കാര്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.' സംഭാഷണത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് പറഞ്ഞു. യുഎസിലേക്ക് ഇപ്പോള്‍ തന്നെ ചൈനയില്‍ നിന്ന് മെഡിക്കല്‍ സപ്ലൈ നടത്തുന്നുണ്ടെന്നും ഷി പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ അനുഭവം തനിക്ക് ''വലിയ പ്രചോദനമാണ്'' നല്‍കിയതെന്നും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുഎസിലെ ചൈനീസ് പൗരന്മാരെ അമേരിക്ക സംരക്ഷിക്കുമെന്നും ട്രംപ് ചൈനീസ് പ്രസിഡന്റിന് ഉറപ്പുനല്‍കി.

നേരത്തെ കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിച്ച് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയും ചൈനയെ അധിക്ഷേപിച്ചിരുന്നു. അതേസമയം അമേരിക്കന്‍ സൈനികരാണ് വൈറസിനെ ചൈനയിലെ വുഹാനിലേക്കെത്തിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവും ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇത്തരം വാദപ്രതിവാദങ്ങള്‍ അവസാനിപ്പിച്ചാണ് ഇരുരാജ്യങ്ങളും വൈറസിനെ നേരിടാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. 

ഇതേ സമയം, ചൈന തുടക്കത്തില്‍ വിവരങ്ങള്‍ മറച്ചു വച്ചതാണ് കോവിഡ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് അമേരിക്കന്‍ മാസിക 'നാഷണല്‍ റിവ്യൂ'. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു.

 വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ ചൈന തയാറായത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ സമയത്തിനുള്ളില്‍ ആയിരക്കണക്കിനു ചൈനക്കാര്‍ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍  വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക