Image

ഒരു ഗൃഹനാഥന്റെ കൊറോണാകാല ആശങ്കകള്‍ (സാംസി കൊടുമണ്‍)

Published on 27 March, 2020
ഒരു ഗൃഹനാഥന്റെ കൊറോണാകാല ആശങ്കകള്‍ (സാംസി കൊടുമണ്‍)
കൊറോണ വൈറസിനെപ്പറ്റി ആധികാരികമായി എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. സോഷല്‍ മീഡിയകളില്‍ ധാരാളം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അതില്‍ എത്രമാത്രം വസ്തുതകള്‍ ഉണ്ടെന്ന് അറിയില്ല. പലതും വെറും ഊഹാപോഹങ്ങള്‍ മാത്രം. ഇതില്‍ ഏറ്റവും രസകരമായത് ചാണകവും, ഗോമൂത്രവും കൊറോണക്ക് ഔഷധമാകുന്നതിനൊപ്പം, ഉച്ച വെയിലും വൈറസുകളെ കൊല്ലാനുള്ള മരുന്നായി നിര്‍ദ്ദേശിക്കുന്ന ഇന്ത്യയുടെ ഭാവിശാസ്ത്രഞ്ജന്മാര്‍ ഒരു കാര്യം കൂടി പറയുന്നു. വൈകിട്ട് വീടുകളില്‍ അലൂമനിയം പാത്രം മുട്ടിയും മണികിലുക്കിയും ശബ്ദമുണ്ടാക്കി വൈറസുകളെ പേടിപ്പിച്ചോടിക്കണമെന്ന്. എന്തായാലും ഇന്ത്യ ഇത്തരം പ്രതിഭകളാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ വലിയ ആശങ്കയ്ക്ക് വഴിയില്ല എന്നു കരുതാം.

ഒടുവില്‍ കിട്ടിയ വിവരം ഇരുപത്തൊന്നു ദിവസത്തേക്ക് രാജ്യം അടച്ചിട്ടിരിക്കുന്നുവെന്നാണ്. എന്നാല്‍ ലോകമെല്ലാം കടുത്ത അങ്കലാപ്പിലാണ്. ഇനിയും പ്രതിവിധി കണ്ടെത്തിയിട്ടില്ലാത്ത ഈ അണുക്കള്‍ക്കു മുന്നില്‍, ലോകം മുഴുവന്‍ ചുട്ടുകരിക്കാന്‍ പ്രാപ്തിയുള്ള ആണവശേഖരമുള്ള രാജ്യങ്ങള്‍ വരെ നിസഹായകരായി നോക്കി നില്‍ക്കുമ്പോള്‍ ഇത് എത്ര ഭീകരമായ ഒരു സ്ഥിതിവിശേഷമാണന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ വൈറസിന്റെ പ്രഹരശേഷിയ്ക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ തന്നെ നമ്മുടെപരിമിതിയില്‍ നമുക്കതിനെ എങ്ങനെ അതിജീവിക്കാം എന്നാണ് ചിന്തിക്കേണ്ടത്.

ഇന്നലെവരെ ഞാന്‍ ചെറുപ്പക്കാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണ എനിക്ക് ഒരു വൃദ്ധന്റെ പരിവേഷമാണ് തന്നിരിക്കുന്നത്. അല്ലെങ്കില്‍ മറ്റുള്ളവര്‍ എന്നെ എന്റെ പ്രായം ഓര്‍മ്മിപ്പിക്കുന്നു. ഡയബെറ്റിക്‌സ് ഉള്ള, ഇന്‍സുലീന്‍ എടുക്കുന്നവര്‍ ഏറെ സൂക്ഷിക്കണമെന്നു സുഹൃത്തുക്കള്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍... ഏറെക്കാലം പുകവലി എന്ന ശീലത്തിനു വിട്ടുകൊടുത്തവന്റെ ശ്വാസകോശങ്ങളുടെ അവസ്ഥ എങ്ങനെ എന്ന് ഓര്‍ത്ത് സ്വയം ചിരിക്കുന്നു. ആ ചിരി സ്വയം അറിയുന്നവന്റെ നെടുവീര്‍പ്പുകള്‍ ആയി മാറുന്നു. മനുഷ്യന്‍ എത്ര ചെറുതാണന്നുള്ള തിരിച്ചറിവിന്റെ കാലം കൂടിയാണിത്. പക്ഷേ യുക്തിബോധത്തോടെ ഈ തിരിച്ചറിവിനെ നേരിട്ടില്ലെങ്കില്‍ നമ്മെ മറ്റൊരു ദിശയിലേക്ക് നയിക്കാന്‍ സാമൂഹ്യവിപത്തുകളായ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും മൊത്തക്കച്ചവടക്കാരായ മതം നമ്മുടെ പടിവാതിലില്‍ കാത്തു നില്‍പ്പുണ്ടാകും. ഇപ്പോള്‍ ആള്‍ദൈവങ്ങളും, ധ്യാനിപ്പുകാരും, രോഗശാന്തിക്കാരും ഒക്കെ ഒന്നു പിന്‍വാങ്ങി എന്നേയുള്ളു. അവരൊക്കെ നിങ്ങളുടെ ബലഹീനതകളെ തിരിച്ചറിഞ്ഞ്, മറ്റൊരു വൈറസായി കയറിപ്പറ്റും എന്നു തിരിച്ചറിയുക.

മറ്റൊരു കൂട്ടര്‍ വിശുദ്ധ ശ്രന്ഥങ്ങള്‍ അരിച്ചു പെറുക്കുകയാണ്. വചനങ്ങളില്‍ എവിടെയെങ്കിലും എന്തെങ്കിലും തുമ്പുണ്ടോ എന്നറിയാന്‍. അവര്‍ ചിലതൊക്കെ കണ്ടെത്തി ഫെയിസ് ബുക്കിലും, യു-ടുബിലും, വാട്സ്ആപ്പിലുമൊക്കെ പ്രചരിപ്പിച്ച് ഇതു ലോകാവസാനമെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരോരുത്തരും അവനവന്റെ ലാഭത്തിനായി ന്യായികരണങ്ങള്‍ കണ്ടെത്തുന്നു. അപ്പോഴും ഈ വൈറസിന് കാര്യമായ മരുന്നൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതു സത്യംതന്നെ. പക്ഷേ അധികം താമസിക്കാതെ മരുന്നുകള്‍ വിപണിയില്‍ ലഭിക്കും എന്നുള്ളത് ഉറപ്പാണ്. എന്നാല്‍ ഇതിനിടയില്‍ എത്ര പേര്‍ക്ക് ജീവന്‍ നല്‍കേണ്ടിവരും എന്നുള്ളതിനുറപ്പൊന്നുമില്ല, ഇപ്പോള്‍ കേട്ടത് എഴുപതു ശതമാനത്തോളം പേര്‍ക്ക് വൈറസ് പകരാന്‍ സാദ്ധ്യത ഊണ്ടെന്നാണ്.

എന്നാല്‍ അതില്‍ നാലു ശതമാനത്തിനെ കാര്യമായ രോഗലക്ഷണങ്ങള്‍ കാണുകയുള്ളു. അഞ്ചുശതമാനത്തിന്റെ അവസ്ഥ ഗുരുതരമായിരിക്കും. അമേരിക്കയില്‍ നിലവിലുള്ള സംവിധാനമനുസരിച്ച് അമ്പതില്‍ ഒരാള്‍ക്കേ വെന്റിലേറ്റര്‍ ലഭ്യതയുള്ളു. ബാക്കി 49-ല്‍ അര്‍ഹതയുള്ളവര്‍ അതിജീവിക്കട്ടെ എന്ന നിലയിലാകും കാര്യങ്ങള്‍. ഇതു ചൂണ്ടിക്കാണിച്ചത്ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയുടെ അവസ്ഥ ഇതാണന്നു പറയാനാണ്.

ഇതു പോലെയുള്ള അനേകം ദശാസന്ധികളെ അതിജീവിച്ചാണ് മനുഷ്യന്‍ ഇതുവരെ എത്തിയത്. ഒരോ കാലസന്ധിയിലും മനുഷ്യന്‍ അനേക സൂഷ്മ പരിണാമങ്ങള്‍ക്ക് വിധേയരായിക്കൊണ്ടേയിരിക്കും. ഈ പരിണാമങ്ങളാണ് അവനെ അതിജീവനത്തിനു പ്രാപ്തനാക്കുന്നത്. എങ്കിലും അവന്‍ പരിഭ്രാന്തനും, സ്വാര്‍ത്ഥനുമാണ്. പ്രത്യേകിച്ചും വിശപ്പാണ് മുഖ്യം. മൂന്നിഞ്ചു സ്നോയില്‍ കൂടുതല്‍ വീണാല്‍ കടകളില്‍ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങിക്കൂട്ടുന്ന ജനം ഇതുപോലൊരു സാഹചര്യത്തെ നേരിടാന്‍ അവനാല്‍ കഴിവതൊക്കെ ചെയ്യും. രണ്ടാഴ്ച മുന്നെ കോസ്‌കോയില്‍ ചെന്നപ്പോഴാണ്, ജനം എത്ര പേടിയോടാണ് വരാന്‍ പോകുന്ന ദിവസങ്ങളെകാണുന്നതെന്ന് തിരിച്ചറിഞ്ഞത്. അവിടുത്തെ തിക്കുംതിരക്കും, ഓണച്ചന്തയിലെ തിരക്ക് എന്നൊന്നും പറഞ്ഞാല്‍ പോരാ എന്നു തോന്നുന്നു. ഭഷ്യ സാധനങ്ങളൊക്കെ ഏറെക്കുറെ ഉണ്ടായിരുന്നെങ്കിലും, ടോയിലറ്റ് ടിഷ്യൂവിനുവേണ്ടി ഒരു മത്സരംതന്നെ നടക്കുന്നുണ്ടായിരുന്നു. സ്റ്റോര്‍ റൂമില്‍ നിന്നും ഒരു പാലറ്റു പുറത്തു വരുന്നതിനുമുമ്പേ അതു റാഞ്ചി എടുക്കുന്നു. അയാള്‍ അടുത്തതിനു പോകുന്നു. ജനം പിന്നേയും തിക്കിത്തിരക്കി തിരശീല ഇളകുന്നതും കാത്തു നില്‍ക്കുന്നു. ഈ പ്രകടനം കുറച്ചുനേരം നോക്കി നിന്ന് സ്വയം ചിരിച്ച് മടങ്ങി. മലയാളിക്ക് അതൊരു അത്യാവശ്യ സാധനമല്ല. അതില്ലാതെയും അതിജീവനം പഠിച്ചവരല്ലേ നമ്മള്‍. അപ്പോള്‍ അത്യാവശ്യ സാധനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരുമാസത്തേക്കുള്ള സാധങ്ങള്‍ വാങ്ങി ഇനി വരുന്നിടത്തു വെച്ചു കാണാം എന്ന ഒരു മലയാളി മനസ്സുമായി വീടിനു വെളിയിലിറങ്ങാതെ കഴിയുന്നു.

ഒറ്റപ്പെട്ടവരുടെ മഹാനഗരം. സാധാരണ നല്ല തിരക്കുണ്ടാകാറുള്ള റോഡില്‍ അധികം വണ്ടികള്‍ ഇല്ല. വീടിന്റെ മുന്നിലെ ജനാലകളില്‍ക്കൂടി കുറെ നേരം നോക്കി ഇരിക്കും. പിന്നെ പിന്നാമ്പുറത്തെ ഇലകൊഴിഞ്ഞ മരങ്ങളില്‍ പ്രതിക്ഷകളുടെ ഇളം നാമ്പുകള്‍ കിളിര്‍ത്തുവരുന്നതു നോക്കി നില്‍ക്കും. അങ്ങിങ്ങായി ചില ചെടികളില്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങി. സ്പ്രിങ്ഗിന് അധികകാലം ഇല്ല. നമ്മള്‍ പ്രതീക്ഷയിലാണ്. ആശങ്കയിലും ഇത്തരം പ്രതീക്ഷകള്‍ മനസ്സിനെ ഉണര്‍ത്തുന്നു. ഈ കൊറോണ കാലത്തെ എന്റെ ഏറ്റവും വലിയ ലാഭം കുറെ ഏറെക്കാലത്തിനുശേഷ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച്വീട്ടില്‍ ഉണ്ട് എന്നുള്ളതാണ്.

നഷ്ടം സാമൂഹ്യ-സാംസ്‌കാരിക കൂടിവരവുകള്‍ ഇല്ലാതായി എന്നുള്ളതും. പത്തു മുപ്പത്തഞ്ചു വര്‍ഷമായി നമ്മളെ ഒരു മലയാളി ആണന്നൊര്‍മ്മിപ്പിക്കുന്നത് ഇത്തരം കൂട്ടായ്മകളായിരുന്നു. ഇത്തരം കൂട്ടായ്മകളിലെ വെറും വാചകമടികള്‍ നമുക്കു തരുന്ന ഊര്‍ജ്ജവും ഉണര്‍വ്വും, നമ്മെ ഒരു മലയാളിയായി നിലനിര്‍ത്തുന്നു. ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നു മരണങ്ങള്‍. അറിയുന്നവരും നീണ്ടനാളത്തെ പരിചയമുള്ളവരും. ഒന്നു പോയി കണ്ട് അവസാന യാത്രാമൊഴി പറയാന്‍ കഴിയാത്തവന്റെ നൊമ്പരം ഉള്ളില്‍ ഒതുക്കി. പത്തുപേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ കഴിയാത്ത ശവസംസ്‌കാരച്ചടങ്ങിലെ ഉറ്റവരുടെയും ഉടയവരുടെയും വേദന എത്ര വലുതായിരിക്കും. പരസ്പരം പറയാന്‍ വയ്യാത്ത ഒരു വീര്‍പ്പുമുട്ടലിനാല്‍ നാം ചുറ്റപ്പെട്ടിരിക്കുന്നു. ആര്‍ക്ക് എപ്പോള്‍ എവിടെ നിന്ന് എന്നൊരാശങ്ക. വളരെ നാളത്തെ ആലോചനകള്‍ക്കും തയ്യറെടുപ്പിനുംശേഷം തീരുമാനിച്ച രണ്ടുമൂന്നു വിവാഹങ്ങള്‍....ആ കുട്ടികളുടെ നിരാശ.

ആരോഗ്യമേഖലയില്‍ പ്രവൃത്തിക്കുന്ന മറ്റനേകം കുടുംബങ്ങളെപ്പോലെ ഞാനും ആശങ്കയിലാണ്. മക്കളില്‍ രണ്ടാമത്തവള്‍ ഡാനിയ മെര്‍സി ഹോസ്പറ്റലില്‍ ചീഫ് പി.എ. ആയി എമര്‍ജന്‍സിയില്‍ ജോലി ചെയ്യുന്നു. അവര്‍ മുന്നണി പോരാളികളാണ്. ഹോസ്പറ്റലിലെ അവസ്ഥ വളരെ ദയനീയമെന്നവള്‍ പറയുന്നു. യാതൊരു ചിന്തയുമില്ലാതെ ആളൂകള്‍ കൂട്ടമായി, രോഗലക്ഷണമില്ലാത്തവരും ചെക്കപ്പു ചെയ്യാനായി വരുന്നു. രോഗമില്ലാത്തവര്‍ തിരികെ പോകുന്നത് ചിലപ്പോള്‍ രോഗബാധിതരായിട്ടാകാം. ശരിക്കുമുള്ള രോഗികളെ ടെസ്റ്റ്ചെയ്യാനുള്ള കിറ്റുകള്‍ പോലുമില്ലാത്ത അവസ്ഥയില്‍ അവര്‍ നിസഹായകരാകുന്നു. സ്വന്തം സുരക്ഷക്കാവശ്യമായ മാസ്‌കും, ഗൗണും, ഗ്ലൗസുമൊന്നും ആവശ്യത്തിന് ലഭ്യമല്ലാത്ത ഒരു സാഹചര്യത്തില്‍, ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാവരേയും നാം മറക്കുന്നു. പട്ടാളക്കാരേയും, കായികതാരങ്ങളേയും എന്തിന് സിനിമാക്കാരേയും ഒക്കെവലിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യങ്ങള്‍ ആദരിക്കാറുണ്ട്. എന്നാല്‍ എപ്പോഴും രോഗികള്‍ക്കൊപ്പമായ ഇവരുടെ സേവനം ആരും അറിയുന്നുണ്ടാവില്ല. ദിവസവും പന്ത്രണ്ടു മുതല്‍ പതിനാറുമണിക്കൂര്‍വരെ ജോലിചെയ്യേണ്ടി വരുന്നവര്‍. ആഹാരം കഴിക്കാന്‍ അവര്‍ക്ക് സമയം കിട്ടാറില്ല. പലപ്പോഴും കഴിക്കാന്‍ വാങ്ങിയ ആഹാരം അതേപോലെ വീട്ടില്‍ കൊണ്ടുവരുമ്പോള്‍, സങ്കടത്തോടെ അവളെ നോക്കുന്ന മമ്മിയോടവള്‍ പറയും; ''ടുഡെ വാസ് ക്രേസി.'' ഇത് മിക്കപ്പോഴത്തേയും അവസ്ഥ. ഇപ്പോള്‍ അവള്‍ വീട്ടില്‍ വരുന്നത് മാസ്‌ക്വെച്ചാണ്. കുടുംബത്തോടുള്ള അവളുടെ കരുതലിന്റെ ഭാഗമാണത്. എന്നിട്ടവള്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്നു. ഒരു മുന്‍ കരുതല്‍ പോലെ. ടെസ്റ്റ്ചെയ്യുന്ന ഇരുപത്തഞ്ചുപേരില്‍ നാലഞ്ചാളുകള്‍ രോഗമുള്ളവരണ്. രോഗവ്യാപനത്തിന്റെ വ്യാപ്തി ഓര്‍ത്ത് മമ്മി നെറ്റിചുളിക്കുന്നു.

''കുട്‌റച്ചുദിവസം നിനക്കവധി എടുത്തുകൂടെ?'' ഒരു പിതാവിന്റെ ഉള്‍പ്പേടി അവളെ അറിയിക്കുക ആയിരുന്നു. ' 'ഡാഡി എന്താണീ പറയുന്നത്. ഞാന്‍ ഒരു പ്രോഫഷണലാണ്. ഇപ്പോള്‍ പേടിച്ച് വീട്ടിലിരിക്കാനാണോ ഞാന്‍ പഠിച്ചത്. എന്റെ കൂടെയുള്ള പലരും ക്വോറന്റൈനാണ്. ഞാന്‍ കൂടി പോയില്ലെങ്കില്‍ ആരാണിവരെ നോക്കുന്നത്.'' അവളുടെ ചോദ്യത്തിന് മുന്നില്‍ അന്നേരം തലതാഴ്ത്തി ഇരുന്നു. അവളുടെ കര്‍ത്തവ്യബോധത്തിനു മുന്നില്‍ എന്റെ ആശങ്കകള്‍ക്ക് സ്ഥാനമില്ലന്ന തിരിച്ചറിവില്‍, ആല്‍ബര്‍ട്ട് കാമുവിന്റെ പ്ലേഗിലേയും, എം.ടി. വാസുദേവന്‍ നായരുടെ അസുരവിത്തിലേയും കഥാപാത്രങ്ങളുടെ കര്‍മ്മപഥങ്ങളെഉള്ളില്‍ നമിച്ചു. ''മകളെ നീ നിന്റെ കര്‍മ്മങ്ങളില്‍ മുന്നേറുക.' അവളെ മനസ്സു കൊണ്ടഭിനന്ദിച്ചു. ആരോഗ്യ മേഖലയില്‍ സ്വയംമറന്ന ്അര്‍പ്പണബോധത്തോടെ ജോലിചെയ്യുന്ന എല്ലാവര്‍ക്കും ഒരു ബിഗ്സല്യൂട്ട് കൊടുക്കാന്‍ ഇപ്പോള്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനി എപ്പോഴാണ്.? നിങ്ങള്‍ക്കായി ഞാന്‍ എന്റെ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു

മുറ്റത്തെ പൈന്‍ മരങ്ങളുടെ ചില്ലകള്‍ ചെറുകാറ്റില്‍ ചാഞ്ചാടുന്നു. അതില്‍ ചെറു പക്ഷികള്‍ പറന്നിറങ്ങി ഊഞ്ഞാലിലെന്നപോലെ ആടി പരസ്പരം എന്തൊക്കയോ പറയുന്നു. ആശങ്കകള്‍ വേണ്ട സോദരരേ നമുക്കൊന്നിച്ച് അതിജീവിക്കാം എന്നായിരിക്കും അവ പാടുന്നത്. നമുക്കും അതേറ്റു പാടാം. 


Join WhatsApp News
കോരസൺ 2020-03-27 23:17:31
ഒരു പിതാവിന്റെ ആശങ്കയും പുത്രിയുടെ നിചയദാർഢ്യവും , ഉത്തരവാദിത്തബോധവും ..ഇങ്ങനെ സമ്മിശ്രമായ ഒരു വികാരമാണ് കൊറോണ ഭീകരൻ സമ്മാനിക്കുന്നത്. അവനെ കാണാനോ തൊടാനോ പറ്റില്ല . എന്നാൽ സോപ്പിട്ടാൽ അവൻ വീഴും എന്നാണ് കേൾക്കുന്നത്. ഒരു വിളിപ്പാടുമുൻപ് നമ്മുടെ ഒക്കത്തു ഇരുന്നു കിന്നാരം പറയുന്ന കുട്ടികൾ ഇന്നു ലോകത്തിനുവേണ്ടി പോരാടുന്ന വീരാളികളായി മാറുന്നു എന്നതാണ് വർത്തമാന ചരിത്രസമ്മാനം . നന്മകൾ നേരുന്നു ആശങ്കകൾ പങ്കുവെയ്ക്കുന്നു. കോരസൺ
Boby Varghese 2020-03-28 09:24:31
Very nice article. Thanks.
RAJU THOMAS 2020-03-28 10:22:59
Very well-said. Quite in par with the short story writer and novelist you are! The plain truth of it, the bottom line, and touching. Like Ms. Jacob, I'm astounded about the way you designed (or ended) it with the semblance of a short story. climax. That is what you are, I know. Salute! Congrats.!
josecheripuram 2020-03-28 10:45:24
Most our people work in the health care area,Naturally we are concerned about the existing virus problem,A little carelessness can cause disaster.A well written articles,Keep writing buddy.Take care of the family.
കൊറോണവൈറസ് 2020-03-28 11:39:37
രാജുതോമസ്സിന്റെ ഉള്ളിലും സ്ത്രീ വിദ്വേഷം വ്യത്യസ്തമായ രീതിയിൽ തലപൊക്കുന്നു . ന്യുയോർക്ക്ക്കാരനാണല്ലോ പ്രസിഡണ്ട് ! ഒരു കാര്യം വ്യക്താമാക്കുന്നു എനിക്ക് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല . മനുഷ്യന്റെ അഹങ്കാരത്തിന്റെ പത്തി ഒതുക്കാൻ സൃഷ്ടാവ് എന്നെ അയച്ചിരിക്കുകയാണ് . ഞാൻ ലോകത്തെയും ലോകത്തില പ്രഭുക്കന്മാരെയും മൂക്ക് കുത്തിക്കുകയാണ് . അധികാരികളെ ഞാൻ വിറപ്പിക്കും. അവരെ അവരുടെ വീടുകളിലേക്ക് ഓടിച്ചു കളയും. നഗരങ്ങളുടെ വീഥികളെ ഞാൻ വിചനമാക്കും . ആൾദൈവങ്ങളെയും, സന്യാസിമാരേയും, മെത്രാന്മാരെയും, ബിഷപ്പുമാരെയും പുരോഹിതവർഗ്ഗത്തെയും ഞാൻ ഓടിക്കും .. ആരും ഒന്നുകൊണ്ടും അഹങ്കരിക്കണ്ട . നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക അത് സ്ത്രീയായാലും പുരുഷനായാലും . അപരിചിതർ നിങ്ങളുടെ സഹായത്തിനെത്തും. നീ വെറുക്കുന്നവർ നിനക്ക് തുണയായി വരും . അബ്രാഹാമിനും , കൃഷ്ണനും , ജീസസിനും മുപ് ഞാൻ ഉണ്ടായിരുന്നു . എനിക്ക് പല ഭാവങ്ങൾ ഉണ്ട് . അതിൽ ഒന്ന് മാത്തമാണ് ഇത്
Sudhir Panikkaveetil 2020-03-28 13:02:30
നോവലിസ്റ്റും കഥാകൃത്തും ലേഖനം എഴുതുമ്പോൾ ഹൃദയഹാരി, ഹൃദയസ്പര്ശി ഒക്കെ ആകുമ്പോൾ തന്നെ അത് അതിനേക്കാൾ മികച്ചതാകുന്നു. വായനക്കാരിൽ വികാരങ്ങളുടെ ആർദ്രത അതുണ്ടാക്കുന്നു. പൈന്മരങ്ങളിൽ പറന്നിറങ്ങിയ പക്ഷികളെപോലെ വായനക്കാരനും ജീവിതത്തിന്റെ ഊഞ്ഞാലിൽ ഇരുന്നു ചിന്തിക്കുന്നു. വരട്ടെ നല്ല ദിവസങ്ങൾ വീണ്ടും.
Joseph Abraham 2020-03-28 13:43:03
Praying for all health workers
Soothing Message 2020-03-28 14:44:50
A beautiful narration with a therapeutic soothing message during the times of distress. – thanks to Sam C. Yes; confine to home, be far away from the madding crowd. Use the peaceful time at home for self-realization & analysis; a deep retreat inward. We know there is a deep roaring ocean inside us but we never got a chance to explore what we are. Rekindle the warmth & love in the family. Use this calamity as an opportunity.- andrew
RAJU THOMAS 2020-03-28 15:00:13
Hi Coronavirus, Why sign yourself like this? It is not funny, it is callous, it is, what shall I say...? Don't do it. Write under your own name. Why not? I see a good man in you, and maybe a good writer. Except for that, you are as appreciative as I am of Samcy's great article. Stay safe.
Valsa Abraham 2020-03-28 15:27:45
Well narrated with reality and how the health care workers can protect their family members and themself in this chaotic situation 👍
A tyrant but a teacher 2020-03-28 16:56:59
Corona-virus is talking sense. It is time for everyone to think about the brevity of life. Thank you Coronavirus for the lessons you are giving us. Hope you will forgive us for our shortfalls
Varughese Abraham Denver 2020-03-28 19:12:29
Hello Samc Ji, Beautiful narration, as usual.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക