Image

നല്ല മനുഷ്യരാവാന്‍ പറ്റിയ ക്ഷമയുടെ വീട്ടിലിരിപ്പ് കാലം (ശ്രീനി)

ശ്രീനി Published on 28 March, 2020
 നല്ല മനുഷ്യരാവാന്‍ പറ്റിയ ക്ഷമയുടെ വീട്ടിലിരിപ്പ് കാലം (ശ്രീനി)
നമ്മള്‍ ദിവസം മുഴുവന്‍ ഇങ്ങനെ അടച്ചുപൂട്ടി വീട്ടിലിരുന്നിട്ടില്ല. പുറത്തിറങ്ങി നാട്ടിടങ്ങളില്‍ സമ്പര്‍ക്കപ്പെടാതെ കഴിച്ചുകൂട്ടിയിട്ടില്ല. ജീവിത താളം ഇത്രമേല്‍ കൈവിട്ടുപോയിട്ടില്ല. കൊറോണ വന്നു, കണ്ടു, 'ആക്രമിച്ച് കീഴടക്കി'യതോടെ മാനവരാശി അക്ഷരാര്‍ത്ഥത്തില്‍ മാനസികവും ശാരീരികവുമായി ലോക്ക് ഡൗണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഭൂമിയിലെ ജനപദങ്ങളെ മൊത്തത്തില്‍ ഒരു മഹാമാരിയുടെ മരണപ്പിടിയിലമര്‍ത്തുന്ന ഇത്തരമൊരു ദുരന്ത കാലത്തെക്കുറിച്ച് നമുക്ക് കേട്ടുകേഴ്‌വി പോലുമില്ല. പക്ഷേ, മനുഷ്യരാശി ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തിട്ടുണ്ടെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യം.

പണ്ട് പ്ലേഗും വസൂരിയും വന്നു. പോളിയോ പലരെയും തളര്‍ത്തി കടന്നുപോയി. കോളറയും മലമ്പനിയും ഒരുകാലത്ത് താണ്ഡവമാടി. കുഷ്ഠരോഗം ഭയാനകമായിരുന്നു. പലവിധ രോഗങ്ങളുടെ പിടിയിലമര്‍ന്ന് കാലം അങ്ങനെ കടന്നുപോയി. ആധുനിക ലോകം ചിക്കന്‍ഗുനിയയുടെയും പന്നിപ്പനിയുടെയും നിപ്പയുടെയും സിക്കയുടെയും സാഴ്‌സിന്റെയുമൊക്കെ കൂര്‍ത്ത നഖമുള്ള കൈകളില്‍ കിടന്ന് പിടഞ്ഞു. ഇപ്പോഴിതാ കോവിഡ് എന്ന ഭീകര സത്വം അവതരിച്ചിരിക്കുന്നു. പിന്നാലെ ഹാന്റ വൈറസും മനുഷ്യനിലേയ്ക്ക് മല്‍സരപ്പാച്ചില്‍ നടത്തുകയാണ്.

പകര്‍ച്ചവ്യധികളും പ്രളയവും സുനാമിയും കൊടുങ്കാറ്റും ഭൂകമ്പവുമൊക്കയുണ്ടാവുമ്പോള്‍ പഴമക്കാര്‍ പറയുമായിരുന്നു...''ഇതൊക്കെ മനുഷ്യന്റെ അഹങ്കാരത്തിനും കൊള്ളരുതായ്കകള്‍ക്കുമുള്ള ദൈവത്തിന്റെ ശിക്ഷയാണ്...'' എന്ന്. മണ്‍മറഞ്ഞ പഴമക്കാരുടെ വാക്കുകള്‍ കടമെടുത്ത് ഇപ്പോള്‍ നമ്മളും പറയുന്നു, ''കൊലവിളിയുമായി കൊറേണ വന്നത് ജനത്തിന്റെ കൈയിലിരിപ്പുകൊണ്ടാണ്...'' എന്ന്. ഇത് സത്യമാണോയെന്ന് നമുക്ക് ആത്മപരിശോധന നടത്താം. അഹന്തയും ധിക്കാരവും അധര്‍മ പ്രവൃത്തികളും വഴിയിലുപേക്ഷിച്ച് നിവര്‍ന്ന് നടക്കാം.

അതിന് പറ്റിയ സമയമാണ് ഈ ലോക്ക് ഡൗണ്‍ കാലം. വര്‍ഷാവര്‍ഷം നോമ്പെടുത്ത് മനസും ശരീരവും ശുദ്ധീകരിക്കുന്നതുപോലെ കോവിഡ് ബാധിച്ചവരും ക്വാറന്റൈനില്‍ കഴിയുന്നവരും രോഗവ്യാപനത്തെ ചെറുക്കാന്‍ വീട്ടിലിരിക്കുന്നവരും ഓര്‍ക്കണം ഇത് നമുക്ക് നല്ല മനുഷ്യരാവാനുള്ള അവസരമാണ്. വീട്ടിലിരിപ്പ് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു മണിക്കൂറ് ഒരു ദിവസം പോലെ അനുഭവപ്പെട്ടേക്കാം. പക്ഷേ വേറേ വഴിയില്ല. നന്നായേ പറ്റൂ...

ഈ കൊറോണക്കാലത്ത് ഏറെ പ്രസക്തമായ ഒരു കുറിപ്പ് വായനക്കാര്‍ക്കുവേണ്ടി ഷെയര്‍ ചെയ്യുകയാണ്. 1935ല്‍ സ്‌കോട്ട്‌ലന്റ് എഴുത്തുകാരനായ നീല്‍ ഗ്രാന്റ് എഴുതിയ 'ദ ലാസ്റ്റ് വാര്‍' എന്ന ശ്രദ്ധേയമാെേയാരു നാടകമുണ്ട്. ഇത് ഫാന്റസിയാണ്. ലോകത്തിലെ പ്രബല രാജ്യങ്ങള്‍ തമ്മില്‍ നടന്ന ഒരു യുദ്ധത്തില്‍ അവര്‍ പരസ്പരം ജൈവായുധങ്ങള്‍ പ്രയോഗിക്കുന്നു. അവയില്‍ നിറച്ചു വച്ചിരുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടന്ന് തന്നെ ശത്രു രാജ്യങ്ങളില്‍ മാത്രമല്ല, ഭൂമി മുഴുവന്‍ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂര്‍ണ്ണമായി ലോകത്ത് നിന്ന് അപ്പാടെ തുടച്ചു നീക്കുന്നു. മനുഷ്യര്‍ മരിച്ച് മണ്ണോടുമണ്ണായ ഭൂമിയില്‍ കുറെ മൃഗങ്ങള്‍ ഒരിടത്ത് ഒരുമിച്ചു കൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 

''മനുഷ്യന്‍ ഇല്ലാതായത് നന്നായി...'' എന്ന അഭിപ്രായമാണ് നായ  ഒഴികെ ബാക്കി എല്ലാ മൃഗങ്ങളും പക്ഷികളും  പ്രകടിപ്പിച്ചത്. നായയ്ക്ക് മാത്രമാണ് തന്റെ യജമാനനെ വല്ലാതെ മിസ് ചെയ്തത്. യുദ്ധക്കളങ്ങളില്‍ മനുഷ്യന്റെ ഒപ്പം പോയപ്പോളൊക്കെ താന്‍ ഇത്തരം ഒരു സാഹചര്യം മുന്‍കൂട്ടി കണ്ടിരുന്നു എന്ന് കുതിര പറയുന്നുണ്ട്. തങ്ങളെ 'പൂര്‍വ്വികര്‍' എന്ന് വിളിച്ച് മനുഷ്യര്‍ അപമാനിച്ചതിലാണ് കുരങ്ങന് അമര്‍ഷം. മനുഷ്യന്റെ പൂര്‍വ്വികര്‍ ആകാനും മാത്രം അത്ര 'ചീപ്പ്' അല്ലത്രേ കുരങ്ങുകള്‍. വിശക്കുമ്പോളല്ലാതെ താന്‍ ഒരു ജീവിയേയും കൊല്ലാറില്ലെന്നും എന്നാല്‍, മനുഷ്യന്‍ അങ്ങനെയല്ലായിരുന്നെന്നും സിംഹം വിലയിരുത്തുന്നു. 

''മനുഷ്യന് ഒരു പറുദീസ കൊടുക്കുക, അവന്‍ അത് വളരെ വേഗം മാലിന്യങ്ങള്‍ കൊണ്ട് നിറയ്ക്കും, ഒരു മനസ്സ് കൊടുക്കുക അവന്‍ അത് അഹന്ത കൊണ്ട് നിറയ്ക്കും, സുന്ദരമായ കരങ്ങള്‍ നല്‍കിയാലോ അവന്‍ അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാന്‍ ആയുധങ്ങള്‍ ഉണ്ടാക്കും, ഒരു പ്രവാചകനെ അയച്ചു കൊടുത്താലോ അവന്‍ അദ്ദേഹത്തെ ആട്ടിയോടിക്കും...'' എന്നൊക്കെയാണ് മനുഷ്യനെ ആദിമുതല്‍ നിരീക്ഷിച്ചു വരുന്ന സര്‍പ്പത്തിന് പറയാനുള്ളത്. പ്രപഞ്ചത്തിലെ ഏറ്റവും വിഡ്ഢി വര്‍ഗ്ഗം എന്നാണ് മനുഷ്യനെ കുറിച്ച് ആ മൃഗ-പക്ഷി യോഗത്തില്‍ ഉരുത്തിരിഞ്ഞ  പൊതു അഭിപ്രായം. ഒരു ശല്യം ഒഴിഞ്ഞു കിട്ടിയ സമാധാനമാണ് എല്ലാവര്‍ക്കും. 

മൃഗങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച തുടരുമ്പോഴാണ് മനുഷ്യകുലത്തെ തുടച്ചു നീക്കി ഷീണിതനായ  വൈറസ് രംഗപ്രവേശം ചെയ്യുന്നത്. മനുഷ്യര്‍ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനായി തന്നെ ലബോറട്ടറിയില്‍ വളര്‍ത്തിയെടുത്തതാണെന്നും  കര്‍മ്മഫലമാണ് മനുഷ്യന് സംഭവിച്ചതെന്നും വൈറസ്  അഭിപ്രായപ്പെടുന്നു. താന്‍ എത്രമാത്രം അപകടകാരിയാണെന്ന് മനാസിലാക്കിയിട്ടും ലബോറട്ടറികളില്‍ തന്നെ തീറ്റിപ്പോറ്റി ശാസ്ത്രജ്ഞമാര്‍ സര്‍വ്വനാശത്തിനു വഴിവച്ചുവെന്നാണ് വൈറസിന് പറയാനുള്ളത്. 

ഇത്തരത്തില്‍ നാടകം പുരോഗമിക്കുമ്പോള്‍ രംഗത്തേക്ക് ഒരു മാലാഖ കടന്നു വരുന്നു. മനുഷ്യര്‍ അവശേഷിക്കാത്ത ഭൂമി മുഴുവന്‍ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയിട്ടു വരികയാണ് മാലാഖ. മനുഷ്യന്‍ കെട്ടിപ്പൊക്കിയ അംബര ചുംബികളായ കെട്ടിടങ്ങളും മഹാസൗധങ്ങളും വിജനമായിരിക്കയാണ്. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെ എത്തിയെന്ന് ഊറ്റം കൊണ്ട് 'ശാസ്ത്രമാണ് എല്ലാം...' എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്റെ സകല അഹന്തകളും അവസാനിച്ചിരിക്കുന്നു. തന്നെ നേര്‍വഴിക്കു നടത്താനും ദൈവഹിതം അറിയിക്കാനും പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ചയച്ച എല്ലാ ഗുരുക്കന്മാരെയും അവന്‍ നിന്ദിക്കുകയും വധിക്കുകയും ചെയ്തു. അവന്റെ  ബുദ്ധിശക്തിക്കു നിദാനമായ തലച്ചോറിലെ കോടിക്കണക്കിനു ന്യൂറോണ്‍ വലകള്‍ ആരുടെ അതിസൂക്ഷ്മബുദ്ധിയാലാണ് കോര്‍ത്തിണക്കപ്പെട്ടത് എന്ന് അവന്‍ പരിഗണിച്ചില്ല. എല്ലാം തന്റെ ബുദ്ധിവൈഭവം കൊണ്ട് മാത്രമാണ് സാധിക്കുന്നത് എന്ന് അഹങ്കരിച്ചതാണ് മനുഷ്യന്റെ ഏറ്റവും വലിയ വിഡ്ഢിത്തം... എന്നൊക്കെയാണ്  മാലാഖയുടെ നിരീക്ഷണങ്ങള്‍. 

അവസാന രംഗമെത്തുമ്പോള്‍ എങ്ങനെയോ വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഭൂമിയില്‍ അവശേഷിക്കുന്ന ഏക മനുഷ്യന്‍ കടന്നു വരുന്നു. അയാളെ വകവരുത്താനായി  മൃഗങ്ങളെല്ലാം ക്രോധത്തോടെ ചീറിയടുക്കുമ്പോള്‍ മാലാഖ അവയെ തടയുന്നു. എന്നാല്‍, മനുഷ്യ വംശത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടവനായി താന്‍ മാത്രം ഇനി ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും തന്നെ കൊല്ലുകയാണ് ഭേദമെന്നും അയാള്‍ പരിതപിക്കുന്നു. മനുഷ്യന്‍ പ്രപഞ്ചത്തോട് ചെയ്ത എല്ലാ അരുതായ്കകള്‍ക്കും മറ്റു ജീവജാലങ്ങളോട് അയാള്‍ മാപ്പു ചോദിക്കുന്നു. മാലാഖ അയാളെ ആശ്വസിപ്പിച്ച് താങ്ങിയെടുത്ത് മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടു പോകുമ്പോള്‍ തിരശീല വീഴുന്നു.

85 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ടതാണെങ്കിലും കൊറോണക്കാലത്ത് ഈ നാടകം ഏറെ ചിന്തകള്‍ക്ക് വെളിച്ചം പകരുന്നുണ്ട്. പ്രപഞ്ചം നമ്മുടേത് മാത്രമല്ലെന്നും മനുഷ്യന്‍ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെക്കുറിച്ചു നമ്മള്‍ ഇന്നോളം കണ്ടെത്തിയ അറിവുകള്‍ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോള്‍ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ നിസ്സാരമാണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി, നമുക്ക് അജ്ഞാതമായ എന്നാല്‍ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന പ്രപഞ്ചപ്പൊരുളിനെ നമിക്കാനുള്ള വിനയം ഉണ്ടാവട്ടെ. അവിടുത്തെ അംഗീകരിക്കാന്‍ മനാിന് വലിപ്പമില്ലെങ്കില്‍ സാരമില്ല, നിന്ദിക്കാതിരിക്കാനെങ്കിലും മനസുണ്ടാകട്ടെ.

വാല്‍ക്കഷണം

കൊറോണക്കാലത്ത് മദ്യം കിട്ടാത്തതില്‍ മനംനൊന്ത് രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍ കിഴക്കമ്പലം കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടില്‍ മോഹനന്റെ മകന്‍ സനോജ് (38), പെരിങ്ങാല ചായിക്കാര പുളിക്കല്‍ മുരളി (44) എന്നിവരാണ്  തൂങ്ങിമരിച്ചത്-വാര്‍ത്ത.

അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ മദ്യം പൂര്‍മായും നിരോധിച്ചിരിക്കുകയാണ്. ബാറുകളും കള്ളുഷാപ്പുകളും അടഞ്ഞു കിടക്കുന്നു. വ്യാജ വാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് അത് കിട്ടാതെ വരുന്ന ആദ്യ പത്ത് ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ മദ്യമുക്തി നേടാം.

ഭക്ഷണത്തോട് വിരക്തി, ഉറക്കമില്ലായ്മ, കൈവിറയല്‍, അസ്വസ്ഥരാവുക, സ്ഥിരമായി ഒരു സ്ഥലത്ത് ഇരിക്കാനോ വിശ്രമിക്കാനോ കഴിയാത്ത അവസ്ഥ തുടങ്ങിയവയാണ് മദ്യാസക്തിയുള്ളവരുടെ വിഡ്രോവല്‍ സിന്‍ഡ്രോം. ഇത് കേരളീയ ക്രോണിക് മദ്യപാനികളുടെ കാര്യം മാത്രമല്ല, ആഗോള പ്രതിഭാസമാണ്. അതുകൊണ്ട് അമേരിക്കയിലുള്ളവരും ഇന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നാളെ ദുഖിക്കേണ്ട. മദ്യലഭ്യതയാണ് ഉപയോഗം നിര്‍ത്താന്‍ പലര്‍ക്കും തടസ്സമാകുന്നത്. സുഹൃത്തുക്കളും മറ്റും മദ്യപിക്കുന്നതു കാണുമ്പോള്‍ പ്രലോഭനം കാരണം വീണ്ടും മദ്യപാനം തുടങ്ങാം. എന്നാല്‍, നാട്ടില്‍ ഇപ്പോള്‍ അനിശ്ചിതകാലത്തേയ്ക്ക് മദ്യം കിട്ടാത്ത അവസ്ഥയുണ്ട്. ഇത്തരമൊരു അവസ്ഥ മുമ്പുണ്ടായിട്ടില്ല.

മദ്യാസക്തര്‍ക്കായി കുടുംബാംഗങ്ങള്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇത്തരക്കാരെ ഒറ്റയ്ക്ക് ഇരിക്കാന്‍ അനുവദിക്കാതിരിക്കുക. വിശ്രമസൗകര്യം ഒരുക്കുക, കൂടുതല്‍ വെളിച്ചമില്ലാത്ത മുറികളിലേക്കു മാറ്റുക, ധാരാളം വെള്ളം കൊടുക്കുക, ജൂസുകള്‍, ഫലവര്‍ഗങ്ങള്‍ എന്നിവ നല്ലതാണ്. ആദ്യ ദിവസങ്ങളില്‍ ഭക്ഷണത്തിനോടു വിരക്തിയുണ്ടാകാം. ദഹനതടസ്സം മാറാന്‍ പച്ചക്കറിയും ഫലവര്‍ഗങ്ങളുമാണ് ഉചിതം. കുറച്ചു പേര്‍ അക്രമാസക്തരാകാന്‍ ഇടയുണ്ട്. ഇവരെ മദ്യവിമുക്തി ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കണം. മരുന്നിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. തനിച്ചാക്കുന്നത് ആത്മഹത്യപ്രവണതയിലേക്കു നയിക്കും. കൊറോണ പഠിപ്പിക്കുന്ന ഒരുകാര്യമതാണ്.

 നല്ല മനുഷ്യരാവാന്‍ പറ്റിയ ക്ഷമയുടെ വീട്ടിലിരിപ്പ് കാലം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക