Image

മാറ്റി സ്ഥാപിച്ച കുരിശുരൂപത്തിന്റെ സാന്നിധ്യത്തില്‍ ഏകനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ഥന

Published on 28 March, 2020
മാറ്റി സ്ഥാപിച്ച കുരിശുരൂപത്തിന്റെ സാന്നിധ്യത്തില്‍ ഏകനായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ  പ്രാര്‍ഥന
ഇറ്റലി : കനത്ത മഴയില്‍ വിജനമായിക്കിടന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറില്‍ നടന്ന അസാധാരണമായ ചടങ്ങില്‍, ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ നീക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ഥന. വിശുദ്ധഗ്രന്ഥത്തില്‍ നിന്നുള്ള വായന, ലോകം മുഴുവനുവേണ്ടിയുള്ള അഭ്യര്‍ഥനാ പ്രാര്‍ഥന, ദിവ്യകാരുണ്യ ആരാധന, ആശിര്‍വാദം എന്നിങ്ങനെ നാലു ഘട്ടങ്ങളായിരുന്നു പ്രാര്‍ഥനാച്ചടങ്ങിന് ഉണ്ടായിരുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ പടര്‍ന്നുപിടിച്ച മഹാമാരി സമയത്ത് റോമില്‍ പ്രദക്ഷിണം നടത്തിയ കുരിശുരൂപം ‘സാന്‍ മാര്‍സെല്ലോ അല്‍ കോര്‍സോ’ ദേവാലയത്തിലെ അള്‍ത്താരയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലേക്ക് മാറ്റി സ്ഥാപിച്ച്, ഈ കുരിശുരൂപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഫ്രാന്‍സിസ് പാപ്പ തന്റെ 'ഉര്‍ബി ഏത് ഓര്‍ബി’ (റോമ നഗരത്തിനും ലോകത്തിനും വേണ്ടി) ആശിര്‍വാദം നല്‍കിയത്.

ക്രിസ്മസിനും ഈസ്റ്ററിനും പുതിയ മാര്‍പ്പാപ്പാമാരുടെ സ്ഥാനാരോഹണ സമയത്തും  മാത്രം നല്‍കിവന്നിരുന്ന 'ഉര്‍ബി ഏത് ഓര്‍ബി’ ആശിര്‍വാദം, ഇപ്പോള്‍ ലോകം നേരിടുന്ന പ്രത്യേക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്നലെയും നല്‍കിയത്. തത്സമയം പ്രക്ഷേപണം ചെയ്ത ചടങ്ങ് ലോകമെമ്പാടും ലക്ഷക്കണക്കിന് വിശ്വസികളാണ് ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും കണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക