Image

പോലീസ് നരവേട്ട ന്യായമോ ? (സിബി ഡേവിഡ്)

Published on 28 March, 2020
പോലീസ് നരവേട്ട ന്യായമോ ? (സിബി ഡേവിഡ്)
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയില്‍ നെട്ടോട്ടമോടുകയാണ് . സര്‍ക്കാരിന്റെ സമയോചിതം ഉള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണ്.  എന്നാല്‍, ഇരുപത്തൊന്നു ദിവസ ലോക് ഡൌണ്‍ പ്രഖ്യാപിച്ചതുമുതല്‍ പേ പിടിച്ച മാതിരി പോലീസ് ഓടി നടന്ന് കൈയ്യില്‍ കിട്ടിയവരെയെല്ലാം വടികൊണ്ട് തല്ലി ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു വരുന്നു. ഇതില്‍ ചില ദൃശ്യങ്ങള്‍ തികച്ചും ഞെട്ടിച്ചുകളഞ്ഞു. യാതൊരു ചോദ്യവും കൂടാതെ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി മുളവടി കൊണ്ട് തലങ്ങും വിലങ്ങും പൊരിഞ്ഞ തല്ല്. ഓര്‍ക്കാപ്പുറത്ത് അടി കൊണ്ട് ആളുകള്‍ ജെളിപിരി കൊണ്ട് ഓടുന്നു.

പോലീസിന്റെ ചോദ്യമിതാണ്  കേന്ദ്ര ഗവണ്മെന്റ് അറിയിച്ചു, സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു, പത്രങ്ങള്‍ അറിയിച്ചു. എന്നിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ ? ഇതും പറഞ്ഞു ആക്രോശിച്ചുകൊണ്ടാണ് കിട്ടിയവരെയെല്ലാം പൊതിരെ തല്ലിയതും, ഏത്തമിടിച്ചതും, നടുറോഡില്‍  ശയന പ്രദക്ഷിണം ചെയ്യിച്ചതും.

വിദേശത്തിരുന്നുകൊണ്ടു കേരളത്തിലോ ഇന്ത്യയിലോ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയേണ്ടുന്ന കാര്യം തനിക്കുണ്ടോ എന്ന് ന്യായമായും ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. ശരിതന്നെ. അതിന്റെ വിശദീകരണം ഞാന്‍ പുറകാലെ തരാം.

ഒരു വ്യക്തി നിയമലംഘനം നടത്തിയാല്‍ ന്യായമായും അതീവഗുരുതരമായ കുറ്റകൃത്യമല്ലെങ്കില്‍ അത് കറക്റ്റ് ചെയ്യാന്‍ അയാള്‍ക്ക് അവസരം കൊടുക്കാം. നിയമവിരുദ്ധമായി കൂട്ടം കൂടിയാല്‍ പിരിഞ്ഞുപോകാന്‍ ലൗഡ് സ്പീക്കറില്‍ അറിയിപ്പ് കൊടുക്കാം. അനുസരിച്ചില്ലെങ്കില്‍ അത് പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം അറസ്‌റ് ചെയ്യാം അല്ലെങ്കില്‍ ഉയര്‍ന്ന ഫൈന്‍ ചുമത്താം. അറസ്റ്റ് നിരസിക്കുകയോ, പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍  ബലം പ്രയോഗിക്കാം. ഇതല്ലാതെ, കണ്ടാലുടന്‍ മുളവടിക്കടിക്കുക ! ചില ചിത്രങ്ങളൊക്കെ ഭയാനകമാണ്. ഇത് ലോകം കാണുകയാണ്. പുറകാലെ കുറെ ചോദ്യങ്ങള്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയോട് ചോദിച്ചേക്കാം. ഒരുപക്ഷെ ഇന്ത്യ ഉത്തരം പറയേണ്ടി വരും. മനുഷ്യാവകാശം, ജനാധിപത്യം ഇവയൊക്കെ മാനിക്കുകയും പരിഗണിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രം.

വെറും മൃഗങ്ങളെക്കാളും നിസ്സാരമായി, നീചമായി കരുതി മനുഷ്യരെ തല്ലുന്ന ഈ കാഴ്ചകള്‍ പുറം ലോകത്ത് ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും ഒരു നല്ല ഇമേജ് തരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഈ കാഴ്ചകള്‍ നമ്മളെ വളരെ നിസാരന്മാരായി കാണാനും മിസ് ട്രീറ്റ് ചെയ്യാനും വിദേശികളെ പ്രോത്സാഹിപ്പിക്കും. ഇന്ത്യയില്‍ നിങ്ങള്‍ ഇങ്ങനെയാണ് പരിഗണിക്കപ്പെടുന്നതെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനു നിങ്ങളെ ബഹുമാനിക്കണം എന്ന് വിദേശികള്‍ക്ക് തോന്നാം.

പോലീസ് അക്രമം എല്ലാ രാജ്യങ്ങളിലും ഉണ്ടാകാറുണ്ട്. അതിനു വേര്‍തിരിവില്ല. പ്രേത്യകിച്ചു വെള്ളക്കാരുടെ നാട്ടില്‍ കറുത്ത വംശജര്‍ക്ക് എതിരെ വളരെ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ അത്തരം അതിക്രമങ്ങള്‍ നിയമപ്രകാരം കൈകാര്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. ചുരുക്കം ചില കേസുകളില്‍ ആക്ഷേപങ്ങള്‍ക്കിടയായിട്ടും ഉണ്ട്. അത് പക്ഷെ വംശീയമോ, വര്‍ഗീയമോ, രാഷ്ട്രീയമോ ആയ വിഷയങ്ങളാണ്. ചെറിയൊരു  വിഭാഗം എങ്കിലും  ആളുകള്‍ പോലീസ് ജോലി തിരഞ്ഞെടുക്കുന്നതുപോലും  വല്ലവന്റെയും പിടലിക്ക് പിടിക്കാനുള്ള ഒരു അവസരമായിട്ടാണെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. സ്കൂളില്‍, കോളേജില്‍ ഒക്കെ ചട്ടമ്പി കളിച്ചു രാഷ്ട്രീയം കളിച്ചു പോലീസ് ജോലി നേടുന്നവന് എന്ത് സദാചാര ബോധം ? അവനു പ്രതിബന്ധത രാഷ്ട്രിയക്കാരോടാണ്. ഒരു സേവനം എന്ന നിലയില്‍ പോലീസ് ജോലിക്കു പോകുന്ന എത്ര പേരുണ്ടാകും ? ആ ജോലി ആവശ്യപ്പെടുന്ന  ദയ, കരുണ ഇതൊക്കെ എവിടൂന്നു കിട്ടാന്‍.

ഇവിടെ, ഒരു പ്രേത്യക സാഹചര്യത്തില്‍ പോലീസ് എങ്ങനെ കൈകാര്യമ ചെയ്യുന്നു എന്നതാണ് വിഷയം.

ഇവിടെ ചില മറു ചോദ്യങ്ങള്‍ ഉണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. ഇത്തരം ഒരു ഭയാനകമായ സാഹചര്യം ഉള്ളപ്പോള്‍, വളരെ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ആളുകള്‍ പൊതുവില്‍ കൂടുന്നു. ശരിയാണ്, പൊതുവെ മലയാളികള്‍ക്ക് ഒരു കാര്യം ശരിയായി പാലിക്കുന്നതില്‍ വളരെ വിമുഖതയുള്ള കൂട്ടരാണ്. അത് പോലീസ് പറഞ്ഞാലും, സര്‍ക്കാര് പറഞ്ഞാലും കണക്കാ. എവിടെ പോയാലും മലയാളിക്ക് അവന്റെ സ്വതവേ ഉള്ള ചില രീതികളുണ്ട്. എന്നാല്‍ സായിപ്പിന്റെ നാട്ടില്‍ ചെന്നാല്‍ പിന്നെ ഇത്ര അച്ചടക്കമുള്ള ഒരു ജനത്തെ വേറെങ്ങും കാണാനും കിട്ടില്ല. സ്വന്തം നാട്ടില്‍ പോലീസ് പറഞ്ഞാല്‍ നമുക്ക് അത് പാലിക്കാന്‍ ഇത്തിരി പ്രയാസമാ. കാരണം നമ്മള്‍ അങ്ങനെയാണ് പഠിച്ചിരിക്കുന്നത്. നമ്മള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ആളായിരിക്കുമല്ലോ. അപ്പോള്‍ നമുക്ക് നിയമത്തെ വെല്ലു വിളിക്കാനും, വേണ്ടി വന്നാല്‍ വാഹനങ്ങള്‍ തല്ലിപൊളിക്കാനും, കല്ലെറിയാനും നമ്മളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇതെവിടെയാണ് നമ്മള്‍ പഠിച്ചത്? നമ്മുടെ സ്കൂളുകളിലും കോളേജുകളിലും. ആരാണ് നമ്മളെ ഇതൊക്കെ പഠിപ്പിച്ചത്? നമ്മുടെ നേതാക്കന്മാര്‍. അപ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ നിയമം പാലിക്കുന്നത് ? ഓര്‍ക്കുന്നില്ലേ നമ്മുടെ നിയമ നിര്‍മാതാക്കള്‍ നിയമസഭയില്‍ സ്പീക്കറുടെ കസേര പൊട്ടിച്ചു മറിച്ചിടുന്നത് ? ഓര്‍ക്കുന്നില്ലേ കണ്ണൂരില്‍ ആ പിഞ്ചു കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ ബോംബേറില്‍ നഷ്ടപ്പെട്ടത്? ഇതൊക്കെ നമ്മളെ പരിശീലിപ്പിക്കുന്നതും ഇതേ  നേതാക്കന്മാരാണ്.

അതുകൊണ്ടു നമ്മള്‍ നിയമം പാലിക്കേണ്ടതില്ല എന്നൊരു തോന്നല്‍ നമുക്കുണ്ട്. അതുകൊണ്ടാണ് നമ്മള്‍ നിരോധനം നില്‍ക്കുമ്പോഴും കവലയില്‍ വന്ന് എത്തി നോക്കുന്നത്. ആദ്യം, നിയമത്തെയും നിയമ സംവിധാനങ്ങളെയും ബഹുമാനിക്കാന്‍ പഠിക്കണം. അത്  അമ്മ തന്നെ നമ്മളെ പഠിപ്പിക്കണം. പ്രാഥമിക സ്കൂളുകളില്‍ പഠിപ്പിക്കണം. പള്ളികളില്‍ പഠിപ്പിക്കണം. അമ്പലങ്ങളില്‍ പഠിപ്പിക്കണം. എങ്കില്‍ മാത്രമേ ശരിയായ രാജ്യബോധവും രാഷ്ട്രബോധവും ഒക്കെ നമുക്ക് ഉണ്ടാകു.

സാമൂഹ്യ മാധ്യമത്തില്‍ കണ്ട ഒരു പോസ്റ്റിങ്ങ് ഇങ്ങനെയാണ്  വെളിയിലിറങ്ങിയാല്‍ വെടിവയ്ക്കും എന്ന നിയമം വന്നാലും വെടി വയ്ക്കുന്നുണ്ടോ എന്നറിയാന്‍ ചിലര്‍ പുറത്തിറങ്ങും. എത്ര ശരിയാണ്.

ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്ത് കോണ്‍ഗ്രെസ്സെ, എന്ന്  പഴയ ഒരു കമ്മ്യൂണിസ്‌റ് ചൊല്ലുണ്ട് കേരളത്തില്‍.

അമേരിക്കയിലും ഗള്‍ഫിലും ഇരുന്നുകൊണ്ട് കേരളത്തിലെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എന്താ ഇത്ര തിടുക്കം എന്ന് നിങ്ങളില്‍ ചിലരെങ്കിലും നെറ്റി ചുളിക്കുന്നുണ്ടാകാം. അങ്ങനെ നെറ്റി ചുളിക്കാന്‍ വരട്ടെ. ഞങ്ങള്‍ക്കും ചില അവകാശങ്ങളൊക്കെ ഈ കേരള മണ്ണിലുണ്ട്. അവകാശങ്ങളെക്കാളുപരി ചില ഉത്തരവാദിത്ത്വങ്ങള്‍ ഉണ്ട്. ഇത് ഞങ്ങളുടേതും കൂടിയാണ്. ജനിച്ച നാളുമുതല്‍ ഇന്ന് വരെ ഒരു വിദേശ മലയാളിയും സ്വപ്നം കാണുന്ന ഒരു കേരളം ഉണ്ട്. ഒരിന്ത്യ ഉണ്ട്. അതിനു വേണ്ടിയാണ് അവന്‍ വിയര്‍പ്പൊഴുക്കിയതൊക്കെയും സ്വരുക്കൂട്ടി സമ്പാദിച്ചതൊക്കെയും അയച്ചുകൊടുത്തും നിക്ഷേപിച്ചും കേരളത്തിലേക്കു എന്നേക്കുമായുള്ള ഒരു തിരിച്ചുവരവിനായി ഒരുങ്ങുന്നത്. വിദേശത്തുള്ള ഓരോ  യഹൂദനും അവന്റെ വാഗ്ദത്ത നാടായ യിസ്രായേലില്‍ ഒരു നാള്‍ എത്തിച്ചേരാന്‍ കൊതിച്ചിരിക്കുന്നതു പോലെ. ലോക വികസിത രാജ്യങ്ങളോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തിയാല്‍ ഒരു സംശയവും വേണ്ട. വിദേശത്തുള്ള ഞങ്ങള്‍ മുഴുവന്‍ മലയാളികളും എപ്പോള്‍ നാട്ടിലെത്തി എന്ന് നോക്കിയാല്‍ മതി. ജന്മനാടിന്റെ ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് ഓരോ മലയാളിയും ഇന്ത്യക്കാരനും മെച്ചപ്പെട്ട സാദ്ധ്യതകള്‍ തേടി വിദേശത്തു പോകേണ്ടി വരുന്നത്. അതുകൊണ്ടു ജന്മനാട്ടില്‍ അവര്‍ക്കു ഒരാവകാശവും ഇല്ല എന്നോ അഭിപ്രായം പറയാന്‍ പാടില്ല എന്നോ തെറ്റിദ്ധരിക്കേണ്ട. പുരിഞ്ചിതാ ?????

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക