Image

നീലച്ചിറകുള്ള മൂക്കുത്തികള്‍..6 - സന റബ്സ്

Published on 29 March, 2020
നീലച്ചിറകുള്ള  മൂക്കുത്തികള്‍..6 -   സന റബ്സ്
                 

 “ മിലാന്‍...” താക്കീതിന്റെ സ്വരത്തില്‍ ദാസ് വിളിച്ചു. “ഞാന്‍ പറഞ്ഞിട്ടുണ്ട് ഞാനൊരു വുമനൈസര്‍ അല്ലെന്ന്. അങ്ങനെയെങ്കില്‍ നീയും മനുഷ്യരെ കാണുന്നില്ലേ? എനിക്കും പറയാമല്ലോ.”

“വിദേത്,ഞാനും പറഞ്ഞിട്ടുണ്ട് ഞാന്‍ അത്രയും പോസ്സസ്സിവേ അല്ലെന്ന്. എനിക്കൊരു കാര്യം മാത്രമേ അറിയേണ്ടൂ. എന്തുകൊണ്ടാണ് വിദേത് തനൂജയെ കാണുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും ഫന്‍ക്ഷനില്‍ തനൂജയും ഞാനും ഉണ്ടാകും എന്നോ മുന്‍കൂട്ടി പറയാത്തത്?”

“പല പരിപാടികളിലും അവരെപ്പോലെ പലരും പങ്കെടുക്കാറുണ്ട്.” ദാസ്‌ സമര്‍ത്ഥിച്ചു.

“ഉണ്ട്. അതെല്ലാം എന്നോട് സൂചിപ്പിക്കാറും ഉണ്ട്. പക്ഷേ ഞാന്‍ എടുത്തു ചോദിച്ച ഒരു വിഷയമായിരുന്നു ഇത്. എന്നിട്ടും ഇന്നലെ അവര്‍ വരുന്നത് പറഞ്ഞില്ല! വാട്ട്‌ ടുയു തിങ്ക്‌ എബൌട്ട്‌ ഇറ്റ്‌ ?

അയാള്‍ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ തുടര്‍ന്നു.

“മിലാന്‍,നിന്നെ ക്ഷണിച്ചതിനു ശേഷമാണ് അവര്‍ വരുന്നു എന്ന് എന്നെ വിളിച്ചു പറഞ്ഞത്. അതുടനെ നിന്നോട് പറഞ്ഞാല്‍ ചിലപ്പോള്‍ നീ നിന്‍റെ വരവ് ക്യാന്‍സല്‍ ചെയ്യുമെന്ന് തോന്നി. ഐ  വാണ്ടട് റ്റു സീ യു. അതുകൊണ്ട് നിന്നോട് തല്ക്കാലം പറയേണ്ട എന്ന് തോന്നി. ദാറ്റ്‌സ് ഓള്‍.”

“വിവാഹിതരാകാന്‍ പോകുന്ന രണ്ടു പേരുടെ ഇടയില്‍ വന്ന്, അതിലെ പുരുഷനെ ബലമായി ആലിംഗനം ചെയ്യുന്നതും “ജസ്റ്റ്‌ കള്‍ച്ചര്‍” ആയിരിക്കും അല്ലെ?”

അയാള്‍ മറുപടിയൊന്നും പറയാതെ മിലാന്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു. ഇത് പ്രതീക്ഷിച്ചതാണ്. തനൂജയുടെ തുറന്ന ഇടപെടലുകള്‍ സിനിമാരംഗത്ത് ചര്ച്ചയാവാറുള്ളതാണ്.

“ക്യാമ്പില്‍ വെച്ച് ഒരു ഷോര്‍ട്ട് ഫിലിമിനെക്കുറിച്ചു പറഞ്ഞില്ലേ? നീ ആലോചിച്ചോ?” അയാള്‍ ചോദിച്ചു.

“കഥയും സ്ക്രിപ്റ്റും ഒക്കെ കേള്‍ക്കട്ടെ; അത് കേട്ട് തീരുമാനിക്കാം.” 

“അതെല്ലാം ഉടനെ വരും. ഇന്നലെ ഡയറക്ടര്‍ മിശ്ര വിളിച്ചിരുന്നു. ത്രെഡ് പറഞ്ഞു. മറ്റൊന്നുകൂടി അയാള്‍ പറഞ്ഞു. നമ്മള്‍ രണ്ടുപേരും അഭിനയിച്ചാല്‍ നന്നായിരിക്കും എന്ന്. എന്ത് പറയുന്നു? “

“ഈസ്‌ ഇറ്റ്‌?” മിലാന്‍ പ്രണോതി അല്പം ഉറക്കെ ചിരിച്ചു.” ഇന്നലെ തനൂജയുള്ളപ്പോള്‍ ഡിസ്കഷനില്‍ വന്നത് നിങ്ങള്‍ രണ്ട്പേരും എന്നായിരുന്നല്ലോ. മാത്രല്ല അവര്‍ വളരെ ഇഷ്ടം കാണിച്ചല്ലോ വിദേതിനെ കംഫര്‍ട്ടബിള്‍ ആക്കാന്‍...”

“ഞാന്‍ ഇപ്പോള്‍ നിന്നോടാണ് ചോദിച്ചത്. നിനക്ക് പറ്റുമോ എന്ന്?” അയാളുടെ ശബദം ഉയര്‍ന്നു. “തെന്ന്യന്ത്യന്‍ നടി തനൂജാ തിവാരിയുടെ കൂടെ അഭിനയിക്കാന്‍ അല്ല നിന്നെ ഞാന്‍ വിളിച്ചത്. നമ്മുക്കൊരുമിച്ചു അഭിനയിക്കാന്‍ നിനക്ക് സമ്മതമാണോ എന്ന്?” അയാളുടെ ക്ഷുഭിതമായ  സ്വരം വളരെ ഉയര്‍ന്നു.

മിലാന്‍ അപ്പോഴും അല്പം ഉറക്കെ ചിരിച്ചു. അപ്പുറത്ത് ദേഷ്യത്തോടെ  ദാസ്‌ ഫോണ്‍ കട്ട്‌ ചെയ്തത് അവള്‍ കേട്ടു.

 ഡയറക്ടര്‍ മനോഹര്‍ മിശ്ര മിലാനെ പിറ്റേന്ന് നേരിട്ട് വിളിച്ചു. പതിനഞ്ച് ദിവസം മാത്രം അവളുടെ ഡേറ്റ് കൊടുത്താല്‍ മതി ആ ചെറു ഫിലിം ചെയ്യാന്‍. റായ് വിദേതന്‍ ദാസും മിലാന്‍ പ്രണോതിയും അഭിനയിക്കുന്നു എന്നത്കൊണ്ട്തന്നെ പടം വലിയ രീതിയില്‍ പ്രൊമോട്ട് ചെയ്യപ്പെടാന്‍ സാധ്യത തുറക്കുമെന്ന് ഡയറക്ടര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

കൊല്‍ക്കത്തയും സോനഗച്ചിയും ഉള്‍പ്പെട്ട ഭാഗങ്ങളും വേണമെന്നതിനാല്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് എടുക്കും മുന്‍പേ ഇവിടെയുള്ളത് തീര്‍ത്താല്‍ നന്നായിരിക്കും എന്ന് മിലാന്‍ നിര്‍ദ്ദേശിച്ചു.

“നീയും വിദേതും ഒരുമിച്ചഭിനയിക്കുന്നുണ്ടോ?” കുറച്ചു കഴിഞ്ഞ് ശാരിക ഫോണ്‍ വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് ഇതായിരുന്നു.

“യെസ് അമ്മാ.., ഷോര്‍ട്ട് ഫിലിം ആണ്.” മിലാന്‍ പറഞ്ഞു.

“റെഡ്സ്ട്രീറ്റ് ജീവിതം സിനിമയാക്കുമ്പോള്‍ കുറച്ചു തയ്യാറെടുപ്പും മുന്കരുതലും വേണം. ഒന്നുകൂടെ ആലോചിക്കാമായിരുന്നു നിനക്ക്.” ശാരിക ഓര്‍മ്മപ്പെടുത്തി.

“സെക്സ് വര്‍ക്കേര്‍സിനുള്ള ബോധവല്‍ക്കരണം ആണ് തീം. നല്ലതായാണ് എനിക്ക് തോന്നിയത്.” ഒന്ന് നിറുത്തി അവള്‍ അനേഷിച്ചു. “എന്താ അമ്മാ...?”

“ഒന്നുമില്ല, അവസരങ്ങള്‍ കിട്ടാതെ വരുമ്പോള്‍ ആണ് ഇത്തരം ചിത്രങ്ങളിലേക്ക് നായികമാര്‍ കൂടു മാറുക എന്നൊരു ധാരണയുണ്ട്; ഇനിയിപ്പോ അതൊന്നും നോക്കേണ്ട, നിന്‍റെ സ്റ്റാര്‍ഡത്തിന്‍റെ ബെനിഫിറ്റ് ആ മനുഷ്യര്‍ക്ക് കിട്ടുന്നെങ്കില്‍ നല്ലത് തന്നെ.”

“വിദേതാണ് ഡയറക്റ്ററുമായി സംസാരിച്ചത്. തനൂജ ഈ പടം ചെയ്യാന്‍ ആഗ്രഹിച്ചപോലെ തോന്നി. പക്ഷെ വിദേത് അത് എന്നിലേക്ക്‌ എത്തിക്കയായിരുന്നു.” മിലാന്‍ അന്ന് നടന്ന കാര്യങ്ങള്‍ ചുരുക്കി ശാരികയോട് പറഞ്ഞു.

“ഞാന്‍ പറഞ്ഞാല്‍ നിനക്ക് ഇഷ്ടപ്പെടില്ല മിലൂ, അത്തരം സ്വഭാവങ്ങളില്‍ നിന്നും അയാളെ വിലക്കാനോ ഒഴിവാക്കാനോ നിനക്കാവുമെന്ന് നീ കരുതുന്നുണ്ടോ? നിന്‍റെ മാനസികനില ഞാന്‍ മനസ്സിലാക്കിയതില്‍ നിന്ന് നീയൊരു നോര്‍മല്‍ ടൈപ്പ് പെണ്‍കുട്ടിയാണ്. അയാള്‍ എപ്പോഴും ബിയോണ്ട് ദി ലെവെലും! ഓക്കെ, നീ ആലോചിച്ചു ടെന്‍ഷന്‍ ആവേണ്ട. ലെറ്റ്‌സ് സീ... ആ മോളൂ, മറ്റൊന്ന് കൂടി...” ശാരിക കൂട്ടിച്ചേര്‍ത്തു.

“സീനുകള്‍ അവരുമായി സംസാരിക്കണം, ഒഫ്കോഴ്സ് നീ വിദേതുമായാണ് അഭിനയിക്കുന്നത്, സൊ, ഇന്റ്റിമസി സീനുകള്‍ പ്രശ്നമാവില്ല. പക്ഷെ നീ നാളത്തെ അഭിനേത്രികള്‍ക്ക് ഒരു റോള്‍ മോഡല്‍ കൂടി ആവണം ഇത്തരം സിനിമകളില്‍. മുന്‍പ് ശബാന ആസ്മിയൊക്കെ ചെയ്തപോലെ കുറച്ചു തയ്യാറെടുപ്പുകള്‍ നടത്തണം.”

അമ്മ സംസാരിച്ചുകഴിഞ്ഞും മിലാന്‍ ചിന്താമഗ്നയായി കുറെ നേരമിരുന്നു. പിന്നീടെഴുന്നേറ്റ് മുറിയില്‍നിന്നും പുറത്തേക്ക് നടന്നു. ക്യാമ്പസ്സിനു പുറത്ത് അടുത്ത് തന്നെയാണ് മിലാന്‍ വീടെടുത്ത് താമസിക്കുന്നത്. സൂര്യവെളിച്ചം എപ്പോഴും മുന്നിലേക്കും അകത്തേക്കും വീണുകിടക്കുംപോലെയാണ് ആ വീടിന്‍റെ നിര്‍മ്മാണരീതി. മുറ്റത്തും ചട്ടിയിലും മതിലിലും മനോഹരമായ പൂച്ചെടികള്‍ ഉണ്ട്. പുറത്ത് ഒരു ആട്ടുകട്ടില്‍ ഇട്ടിട്ടുണ്ട്. അതിനടുത്ത് നട്ടിരുന്ന ചെടിയിലെ പലനിറങ്ങളുള്ള വെല്‍വറ്റ് പൂക്കളില്‍ നിന്നും ചില പൂക്കള്‍ പറിച്ചു ഭംഗിയോടെ അറേഞ്ച് ചെയ്ത്കൊണ്ട് അവളാ ആട്ടുകട്ടിലില്‍ കുറേനേരം ചെലവഴിച്ചു.

ഗേറ്റിലെ സെക്യൂരിറ്റി അവളെ പുറത്തുകണ്ട്  അടുത്തേക്ക് വന്ന് ബഹുമാനത്തോടെ തലതാഴ്ത്തി. അന്നത്തെ പോസ്റ്റുകളും കൊറിയറുകളും അയാള്‍ അകത്ത് കൊണ്ടുപോയി വെച്ചു.

 രാത്രി  മിശ്രയെ വിളിച്ചു തന്‍റെ അവൈലബിള്‍ ഡേറ്റ് കൊടുത്തതിന് ശേഷം തനിക്ക് വന്ന കൊറിയറുകള്‍ മിലാന്‍ പൊട്ടിച്ചു. ഒഫീഷ്യല്‍ കത്തുകള്‍ക്ക് പുറമേ സ്ഥിരമായി അയയ്ക്കുന്ന ആരാധകരുടെയും കത്തുകള്‍ ഉണ്ടായിരുന്നു. റിനുവിന്‍റെ അമേരിക്കന്‍ പ്രോഗ്രാമിന്റെ ഇന്‍വിറ്റേഷന്‍ കൂടി മിലാന്‍ അതില്‍ കണ്ടു.

പിറ്റേന്ന് പോകാന്‍ തയ്യാറാകുമ്പോഴാണ് യൂണിവേഴ്‌സിറ്റിയില്‍ ഫാഷന്‍ ഡിസൈനിംഗ് ഡിപ്പാര്‍ട്ട്മെന്റ്റില്‍ രണ്ട് ദിവസത്തെ പ്രോഗ്രാം നടക്കുകയാണല്ലോ എന്നവള്‍ ഓര്‍ത്തത്‌.

‘ശോ, മറന്നു. തന്നെയാണ് അവര്‍ ഹൈലൈറ്റ് ചെയ്യുന്നത്.’

വാര്‍ഡ്‌ട്രോബ് തുറന്നു മിലാന്‍ ഡ്രെസ് മുഴുവനും ഒന്നോടിച്ചു നോക്കി. അതില്‍നിന്നും കറുത്ത പ്ലൈന്‍ ബോഡിയില്‍ ചുവന്ന ബോര്‍ഡറുള്ള ഒരു സാരി പുറത്തേക്കെടുത്തു. തിളങ്ങുന്ന  ചുവന്ന കരയില്‍ വളരെ ചെറിയ കറുത്ത പൊട്ടുകളുണ്ടായിരുന്നു. വലത്തുവശത്തുകൂടി  ഞൊറിഞ്ഞെടുത്തു മുന്താണി അലസമായി എളിയില്‍ കുത്തി, മുടി സാധാരണരീതിയില്‍നിന്ന് മാറ്റി പകുതിയില്‍നിന്ന് ഒതുക്കിമെടഞ്ഞ് മുന്നിലേക്കിട്ടു. നേരത്തെയുള്ള മൂക്കുത്തി അഴിച്ചുവെച്ച് പച്ചക്കല്ലുള്ള മൂക്കുത്തിയണിഞ്ഞു. സൂര്യകാന്തിപ്പൂപോലെ വിടര്‍ന്നു നില്‍ക്കുന്ന ചെറിയ ഞാത്തുള്ള കമ്മല്‍ ആ മനോഹരമായ മുഖത്തെ ചന്ദ്രനെപ്പോലെ പ്രകാശിപ്പിച്ചു. ചുവന്ന പട്ടുബ്ലൌസ്സിനു താഴെ വയറിന്‍റെ ഒരുവശം തുടുത്ത മെഴുക്പോലെ തിളങ്ങി നിന്നു. മുട്ടോളമെത്തുന്ന കയ്യിറക്കമുള്ള ബ്ലൗസും അരയില്‍ പറ്റിച്ചേര്‍ന്ന ചുവന്നകരയും അവളുടെ സ്വര്‍ണ്ണവര്‍ണ്ണമുള്ള ദേഹത്തോട് മത്സരിച്ചു.

ഒരു കൈയില്‍ മാത്രം അവള്‍ രണ്ട് സ്വര്‍ണ്ണവളകള്‍ അണിഞ്ഞു. മെടഞ്ഞിട്ട മുടിയും കറുത്തസാരിയുടെ ഭാഗവും ചേര്‍ന്ന് കാര്‍മേഘക്കൂട്ടം ഒന്നായി ആ  നെഞ്ചിലണിഞ്ഞപോലെ ഉണ്ടായിരുന്നു. മഴവില്ലിന്‍ ചാരുതയുള്ള ആ പുരികങ്ങള്‍ക്ക് നടുവില്‍  കറുത്ത വട്ടപ്പൊട്ട്കൂടിതൊട്ട് അവള്‍ ഒന്നൂടെ കണ്ണാടിയില്‍ നോക്കി.

കണ്ണാടിയില്‍ കണ്ട പ്രതിബിംബം മിലാനെ നോക്കി  മനോഹരമായി പുഞ്ചിരിച്ചു.

പ്രദര്‍ശനം നടക്കുന്ന ഹാളിനു മുന്നില്‍ അതിമനോഹരമായ വേഷത്തില്‍ കുട്ടികള്‍ അതിഥികളെ സ്വീകരിക്കാന്‍ പൂക്കളുമായി നിന്നിരുന്നു. മൂന്ന് കുട്ടികള്‍ ഒരുമിച്ചു മുന്നോട്ട് വന്ന് മിലാനെ ബൊക്കെ കൊടുത്തു സ്വീകരിച്ചു. പരിചയമുള്ള മുഖം കണ്ട് മിലാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

“ഹായ് മേം, ഓര്‍മ്മയുണ്ടോ? കരോലിന്‍ ആണ്. നമ്മള്‍ ഒരിക്കല്‍ ഫ്ലൈറ്റില്‍ വെച്ച്...” ആ കുട്ടി മിലാനെ ഓര്‍മ്മിപ്പിച്ചു.

“യെസ് യെസ്, ഓര്‍ക്കുന്നു.” മിലാന്‍ അവളുടെ കൈ പിടിച്ച് സ്നേഹത്തോടെ പറഞ്ഞു. കരോലിന്‍ അവളെ കൂട്ടിക്കൊണ്ടുപോയി എക്സ്ബിറ്റ് ചെയ്ത ഐറ്റങ്ങള്‍ കാണിച്ചുകൊടുത്തു. നടക്കുന്നതിനിടയില്‍ ആരാധനയോടെ അവളുടെ മുഖത്തേക്ക് നോക്കി കരോലിന്‍ പറഞ്ഞു.” മേം, യു ആര്‍ എക്സ്ട്രീംലി ബ്യൂട്ടിഫുള്‍! കറുത്ത സാരിയില്‍ അതിസുന്ദരിയായ ഒരു യക്ഷിയെപ്പോലെയിരിക്കുന്നു.”

മിലാന്‍ അതുകേട്ട് മന്ദഹസിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കു ദാസിന്‍റെ ഫോണ്‍ വന്നു. “നീ വരുന്നോ? ഇവിടെ ഹോട്ടലില്‍ ഡയറക്ടര്‍ ഉണ്ട്. വന്നാല്‍ കഥ കേള്‍ക്കാം.”

മിലാന്‍ സമ്മതിച്ചു. അന്ന് സംസാരിച്ചു മുഷിഞ്ഞതിന് ശേഷം തികച്ചും ഒഫീഷ്യലായ  ഫോണ്‍ വിളികളേ നടക്കുന്നുള്ളൂ. പോയേക്കാം.

മിലാന്‍ വരുമ്പോഴെ ദാസും മിശ്രയും ഹോട്ടലിനു വെളിയില്‍ ഓപ്പണ്‍ സ്പേസില്‍ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. കാറില്‍ നിന്നിറങ്ങി തന്റെ നേരെ നടന്നുവരുന്ന മിലാനെ ദാസ് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.

 “ഷി ഈസ് റിയലി ജോര്‍ജിയസ്..” മനോഹര്‍ മിശ്ര മിലാനെ നോക്കി മനസ്സില്‍ ഉരുവിട്ടു.

കഥ കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം ദാസിന്റെ മിഴികള്‍ അവളിലേക്ക്‌ പറന്നുവീണുകൊണ്ടിരുന്നു. ഒടുവില്‍ രണ്ട്പേരും കാള്‍ഷീറ്റില്‍ ഒപ്പിട്ടു കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ദാസ്‌ പറഞ്ഞു.

“വി കാന്‍ ഹാവ് ലഞ്ച് ടുഗെതെര്‍.., നീ ഫ്രീ ആണെങ്കില്‍....”

ദാസില്‍ നിന്നും നിശ്ചിത അകലം പാലിച്ചു മിലാന്‍ അയാളുടെ റൂമിലേക്ക്‌ നടന്നു. റൂമിലെത്തിയ ഉടനെ ഡോര്‍ ലോക്ക് ചെയ്തു ദാസ് അവളുടെ നേരെ തിരിഞ്ഞു.

“മൈ ഡിയര്‍, വിളിക്കുമ്പോള്‍ നീ ഇത്രമാത്രം സീരിയസ് ആകുന്നതെന്താണ്? ഒരിക്കലും സ്നേഹിച്ചിട്ടേ ഇല്ലാത്തപോലെ സംസരിക്കുന്നതെന്താണ്?” അയാളുടെ പുരികങ്ങള്‍ കൂട്ടിമുട്ടുകയും അകലുകയും ചെയ്തുകൊണ്ടിരുന്നു. മിലാന്‍ ഒന്നും പറഞ്ഞില്ല.

“നോക്ക് മിലാന്‍, ഐ ലവ് യു, ലവ് യു സൊമച്ച് മൈ ഡിയര്‍. ഡോണ്ട് യു നോ ദാറ്റ്‌?”

അടുത്തേക്ക് വരാനുള്ള ത്രസിപ്പോടെ എന്നാല്‍ കണ്ണുകളില്‍ ക്ഷമാപണഭാവം കൊണ്ടുള്ള  വിവശതയോടെ നില്‍ക്കുന്ന വിദേതിനെ കണ്ട് മിലാന്‍റെ മനസ്സില്‍ അലിവ് പൂത്തു.

കറുത്ത ആകാശത്ത് ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രംപോലെ ആ ഇരുണ്ട സാരിയില്‍ അവള്‍ തുടിച്ചു നിന്നു. ഈ കൃശഗാത്രയായ പെണ്‍കുട്ടിയില്‍ എങ്ങനെയാണ് താന്‍ വീണലിഞ്ഞതെന്നറിയാതെ അയാള്‍ അവളെത്തന്നെ നോക്കി നിന്നു.

sana rubs  ph 91 75102 56742

                             (തുടരും)

നീലച്ചിറകുള്ള  മൂക്കുത്തികള്‍..6 -   സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക