Image

മരണകാല ദിനവൃത്താന്തം (ജോസഫ് ഏബ്രഹാം)

Published on 29 March, 2020
മരണകാല ദിനവൃത്താന്തം (ജോസഫ് ഏബ്രഹാം)
തേടിവരുമെന്നുറപ്പുള്ള ചങ്ങാതി.  അവന്‍  പെയ്‌തൊഴിയാത്ത   ഇരുണ്ടുകൂടി കിടക്കുമ്പോള്‍ താത്വികമായി  പറഞ്ഞാല്‍ അതില്‍ നനഞ്ഞുകുളിക്കേണ്ടിവരുമോ എന്നോര്‍ത്തു  വലിയ ആധിയൊന്നുമില്ല.  എന്നാലും   ചെയ്തുതീര്‍ക്കാന്‍  ഇനിയും എന്തക്കൊയോ  ബാക്കിയെന്ന വ്യാജേന ചാറ്റലേക്കാതെ  പെരുവഴിയിലേക്കു വെറുതെ കണ്ണെറിഞ്ഞു കോലായില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ടു ആഴ്ചയൊന്നായി. 

വിശ്രമില്ലാതെ ജോലി ചെയ്യുമ്പോള്‍  എപ്പോഴും കരുതുമായിരുന്നു  ഒരാഴ്ച വീട്ടില്‍ കുത്തിയിരിക്കാന്‍  പറ്റിയാല്‍  വായിക്കാന്‍ ബാക്കിയായ  പുസ്തകങ്ങളും  ആഴ്ചതോറും  ഇന്‍ബോക്‌സില്‍ വന്നു നിറയുന്ന ഓണ്‍ലൈന്‍ ആഴ്ചപ്പതിപ്പുകളും  വായിച്ചു തീര്‍ക്കാം.  മനസ്സിലുള്ള ചെറിയ  ആശയങ്ങള്‍ വിശദമാക്കി  എന്തെങ്കിലും  കുത്തിക്കുറിക്കാം  അല്ലെങ്കില്‍  ഒരു വര്‍ഷത്തോളമായി  റിസേര്‍ച്ച്  നടത്തുകയും അതുപോലെ  മുടങ്ങുകയും ചെയ്യുന്ന  ഒരിയ്ക്കലുമെഴുതാന്‍ ഇടയില്ലാത്ത നോവലിനുള്ള വിവരങ്ങള്‍ വീണ്ടും ശേഖരിച്ചു തുടങ്ങാമെന്നൊക്കെ.

രണ്ടുമൂന്നു ദിവസമായി ജോണ്‍ ഗ്രിഷാമിന്റെ  നോവല്‍ വായിക്കാനുള്ള ശ്രമം തുടങ്ങിയിട്ടു. കേസു പിടിക്കുന്ന കാര്യത്തില്‍ നാട്ടിലുള്ള ആക്‌സിഡന്റ് കേസു വക്കീലന്മാരും ചിക്കാഗോയിലെ വക്കീലന്മാരും കാണിക്കുന്ന  ഉടായിപ്പുകള്‍ സാര്‍വലൌകികമായി ഒന്നുതന്നെയെന്നു പറയുന്ന രസികന്‍  നോവല്‍.  പക്ഷേ വായന  ഒട്ടും  മുന്നോട്ട് പോകുന്നില്ല. ടി വി യിലെ വാര്‍ത്തകള്‍  കാണുമ്പോള്‍  ചിന്തകള്‍ മാറും പിന്നെ  ഇടയിക്കിടയ്ക്ക് ആകാംഷ തോന്നി  ഫേസ് ബൂക്കില്‍ ഊളിയിടും  പിന്നെ അതില്‍ നിന്നും ഒന്നു തലയൂരിക്കിട്ടാന്‍ കുറച്ചു നേരമെടുക്കും.

 വായിക്കുന്ന കാര്യത്തില്‍ പണ്ടും അങ്ങിനെതന്നെ  ഫേസ് ബുക്ക് പോയിട്ട്  ലാന്‍ഡ് ഫോണ്‍ പോലും ഇല്ലാത്ത കാലമായിരുന്നു  പറഞ്ഞിട്ടെന്താകാര്യം  പഠിക്കുന്ന പുസ്തകം തുറന്നാല്‍ അതില്‍   "കുവലയവിലോചനേ! ബാലേ! ഭൈമി!" എന്ന പദവുമായി നളന്‍ കടന്നു വരും മറുപടിയായി    "ശങ്കേ, വസന്തം ആയാതം."  എന്നു പറഞ്ഞു ദമയന്തിയും. അങ്ങിനെ സ്വപ്‌നേവി ഭൈമി കാമുകനായി ഞാന്‍ മാറും.   അങ്ങിനെ പരീക്ഷകള്‍ക്ക് മാര്‍ക്കു കുറഞ്ഞു  അതോടെ ജെ എന്‍ യു വില്‍ പോകാനുള്ള മോഹവും പൊലിഞ്ഞു.    അല്ലെങ്കില്‍  പഠിച്ചു വല്ല  ഐ എ എസ് കാരനും  ആവേണ്ടാതായിരുന്നു.

ഇടയ്ക്കിടയ്ക്ക് നാട്ടിലും മറ്റു രാജ്യങ്ങളിലുമുള്ള ചങ്ങാതിമാരെക്കുറിച്ചും  ബന്ധുക്കളെക്കുറിച്ചുമൊക്കെ  വേവലാതി തോന്നും.  അപ്പോള്‍ അവരെ വിളിക്കും. ഇറ്റലിയിലും  യു കെ യിലുമുള്ളവര്‍  അവരുടെ ആശങ്കള്‍  പറയുമ്പോള്‍  ഉള്ളം വല്ലാതെ പിടയും.  കുഞ്ഞുങ്ങളും കുടുംബവുമായി കഴിയുന്നവരുടെ വിഷമം കേള്‍ക്കുമ്പോള്‍  ശ്വാസകോശത്തില്‍ കഫം നിറഞ്ഞപോല്‍  വല്ലാത്ത വിമ്മിഷ്ടം തോന്നും.  ആകെയുള്ള ആശ്വാസം  കേരളത്തിലുള്ളവരും   ഭാരതത്തിന്റെ  പലഭാഗത്തുമുള്ളവര്‍ വലിയ ആശങ്കയ്ക്കു  അടിസ്ഥാനമില്ലാതെരീതിയില്‍ മുന്നോട്ട്  പോകുന്നുവെന്ന കാര്യം കേള്‍ക്കുബോഴാണ്.

അന്നം തരുന്ന നാട്ടിലേക്കു നോക്കുമ്പോള്‍ ചങ്കു തകര്‍ന്നു പോവുകയാണ്.  സുനിശ്ചിതമായതും  ഒഴിവാക്കാനാവാത്തതുമായ  മരണത്തില്‍  ഈയാം പാറ്റകളെപ്പോലെ ചിറകുകള്‍ കൊഴിഞ്ഞു വീഴുന്നവര്‍, അടുത്തത് താനാണെന്നറിയാതെ മരണത്തിലേക്ക്  പതിയെ  നടന്നടുക്കുന്നവര്‍.  അതാരും തന്നെ ആകാം  ഞാനാകാം , നമ്മുടെ  നാട്ടുകാര്‍ ആകാം അല്ലെങ്കില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും  ജാതിയോ മതമോ ചോദിക്കാതെ ഇവിടേയ്ക്ക്  സ്വാഗതം ചെയ്യപ്പെട്ടവരാകാം അല്ലെങ്കില്‍  സ്വന്തം നാട് കയ്യൊഴിഞ്ഞപ്പോള്‍  അഭയാര്‍ഥിയായി ഇവിടെ എത്തിയവരാകാം, ക്ഷണിക്കപ്പെടാത്ത അതിഥികളായി  അതിര്‍ത്തി കടന്നുവന്നവരാകാം. അതുമല്ലെങ്കില്‍  അന്തരാഷ്ട്ര രാഷ്ട്രീയമോ താല്പര്യമോ ഒന്നുമറിയാത്ത ഒരു സാധാരണ പൌരനാകാം.  പുറമേക്കാര്‍ സാമ്രാജ്യത്വവാദികളായി ഇവരയൊക്കെ മുദ്രയടിക്കുന്നുവെങ്കിലും  കയ്യിലുള്ളതു   മറ്റുള്ളവര്‍ക്കുകൂടി    പങ്കുവയ്ക്കാന്‍ മടിയില്ലാത്ത ശുദ്ധാത്മാക്കളാണ്  അവരില്‍  ഭൂരിഭാഗവും.  ഒരു ചെറിയ കാര്യത്തിനു പോലും കണ്ണുനിറയുന്ന  ഇവരുടെ  ഹൃദയനിര്‍മലത കണ്ടു  ഞാന്‍ പലപ്പോഴും വല്ലാതായിട്ടുണ്ട്.

ലോകത്തെയോര്‍ത്തു  ഉറ്റവരെയോര്‍ത്തു മനസു  വല്ലാതെ  പിടയുന്നു.  ഒരാശ്വാസം തേടി ഓണ്‍ലൈന്‍  പോയി  മരണത്തെയും  ആത്മഹത്യയെയും  വാഴ്ത്തി പാടാറുള്ള  കവികളെയും  അവരുടെ കവിതകളെയും  തിരഞ്ഞു നോക്കിയെങ്കിലും  ആരെയും അവിടെ കണ്ടില്ല, മരണത്തെ വാഴ്ത്തുന്ന അവരുടെ കവിതകളും കണ്ടില്ല. അവരെല്ലാം ഇപ്പോള്‍ യഥാര്‍ത്ഥ  മരണത്തെ തോല്‍പ്പിക്കാന്‍ ഒളിച്ചിരിക്കുകയാണ്. പിന്നെങ്ങിനെ കല്‍പ്പനയില്‍ പോയി തൂങ്ങി മരിക്കാന്‍ പറ്റും?.  ജീവഭയം തീണ്ടുമ്പോള്‍  മരണത്തെ കുറിച്ചു ചിന്തിക്കാന്‍ ആര്‍ക്കും  ഇഷ്ട്ടമല്ല.   അവിടെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്  പ്രത്യാശയെക്കുറിച്ചു മാത്രമാണ്. മരണത്തെക്കുറിച്ചു സുന്ദരമായ സ്വപ്നങ്ങള്‍ കാണണമെങ്കില്‍, കവിത എഴുതണമെങ്കില്‍   മരണഭയമില്ലാത്ത  സുരക്ഷിതമായ അവസ്ഥ തന്നെ വേണം.

എല്ലാവര്‍ക്കും ഇപ്പോള്‍  വേണ്ടത്  മുന്നോട്ട് പോകാന്‍ കഴിയുമെന്ന ഒരു പ്രത്യാശയാണ്. പക്ഷേ ചുറ്റുമുള്ള യാഥാര്‍ത്യത്തെ   കാണാതെയുള്ള  പ്രത്യാശയെന്നത്  വെറും മോഹം മാത്രമാണ്. എനിക്കു ചുറ്റും നടക്കുന്ന യാഥാര്‍ത്ഥ്യമെന്നത്  ഇനിയും ചിറകുകള്‍ കൊഴിയുമെന്നും അനേകം   അപ്പൂപ്പന്‍ താടികള്‍     വാനിലേക്ക്  പറന്നുയരുമെന്നതുമാണ്.
 
ഇതിനിടയില്‍ പേരറിയാത്ത ആരോ കുറിച്ചതും  ആരോക്കയോ  പങ്കുവെച്ചതുമായ   ഒരു  വാട്ട്‌സാപ്പു സന്ദേശം  ഫോണില്‍ എത്തി. അതു  തുറന്നു വായിച്ചുനോക്കി.

" ഇതൊരു  ദശാസന്ധിയാണ്  വഴിപിരിയലിന്റെയും  വേര്‍പാടിന്റെയും. ഓടിയൊളിക്കാന്‍  ഇടമെവിടെ ?  എല്ലാവരും അതിരുകള്‍ കൊട്ടിയടച്ചു കഴിഞ്ഞു. ആഗമനവും ബഹിര്‍ഗമനവും അസാധ്യമായി കഴിഞ്ഞു.  ഇനി നിന്നെയെങ്ങും സ്വാഗതം ചെയ്യില്ല.  പിറന്ന നാടും  നാട്ടുകാരും  ബന്ധുക്കളുമൊക്കെ  ഇനി നിന്റെ  സാമീപ്യത്തെ വെറുക്കും ഭയക്കും. ചിലപ്പോള്‍  പകല്‍ വെളിച്ചത്തില്‍ പോലും കല്ലുകള്‍ മൂളിപ്പറന്നു നിന്‍റെ നേര്‍ക്കുവരും.  ഇതാരുടെയും കുറ്റമല്ല  അതാണു ഇപ്പോഴത്തെ  ശരിയും നീതിയും. 

ഒരു  കുഞ്ഞന്‍ രോഗാണു,  സൂക്ഷ്മ ദര്‍ശനിയിലൂടെ മാത്രം കാണാന്‍ കഴിയുന്ന അത്രയും കുഞ്ഞന്‍. നിങ്ങള്‍ നക്ഷത്ര യുദ്ധത്തിനുള്ള  പടക്കോപ്പുകള്‍ ഒരുക്കി. കീഴടക്കാനും  ഉപരോധിക്കാനും  വേണ്ടി  ജനങ്ങളെ പട്ടിണിക്കിട്ടു.  എന്നാല്‍ ഈ കുഞ്ഞന്‍  നിങ്ങളെ തോല്പ്പിച്ചു കളഞ്ഞില്ലേ? നിങ്ങളുടെ സമ്പത്തും  പ്രതാപവും  ഇല്ലാതാക്കാന്‍  അവനു വേണ്ടതോ  കേവലം പതിനാലു നാളുകള്‍ മാത്രം.  നിങ്ങളുടെ സാമ്രാജ്യങ്ങളും   ദൈവത്തിന്നു വേണ്ടിയുള്ള വിശുദ്ധ യുദ്ധങ്ങളും ഇപ്പോള്‍ എവിടെ ? നിങ്ങള്‍ ഏതു മാളത്തിലാണൊളിച്ചത്. എന്താ നിങ്ങളെ യുദ്ധത്തിനയച്ച ദൈവം ഒരു വൈറസിനെക്കാളും  ചെറുതാണോ ?  അന്യര്‍ക്ക് പ്രവേശനമില്ലെന്നു  നിങ്ങള്‍ പറഞ്ഞ വിശുദ്ധ സാമ്രാജ്യങ്ങളും ദേവാലയങ്ങളും  ഇപ്പോള്‍ ചിതല്‍ തിന്നാന്‍ തുടങ്ങിക്കഴിഞ്ഞു.

നിങ്ങളുടെ വാളുകള്‍  കലപ്പകളും  തോക്കുകള്‍  അരിവാളുകളുമാക്കി  മാറ്റിയിരുന്നെങ്കില്‍  എത്ര നന്നായിരുന്നു. സ്‌നേഹത്തിന്റെ പാടത്ത് ഇന്നു നമ്മള്‍ കറ്റമെതിക്കുമായിരുന്നു. നിങ്ങളുടെ വായില്‍ നിന്നു അസഹിഷ്ണതയുടെ   വൈറസുകള്‍ ചാടിപ്പോയില്ലായിരുന്നെങ്കില്‍   ആരും അഭയാര്‍ഥികളായി മാറില്ലായിരുന്നു.  പ്രത്യയശാസ്ത്രങ്ങള്‍ മാനവികതായെ മാത്രം ഉയര്‍ത്തി കാണിച്ചിരുന്നെങ്കില്‍  തലയോടുകളുടെ  കൂമ്പാരം കണികണ്ടുണരേണ്ടി വരില്ലായിരുന്നു, വംശ വെറിയുടെ പീഡന മുറികളായ ഓഷ് വിറ്റ്‌സും, ബെല്‍സെക്കുമൊന്നും ഉണ്ടാകില്ലായിരുന്നു....." നല്ല വാക്കുകള്‍,  എങ്കിലും കൂടുതല്‍ വായിക്കാന്‍ തോന്നിയില്ല.

 ചിലപ്പോള്‍ ജീവിതമെന്നത്  ഭൂതകാലം മാത്രമായി തീരുന്നു.  വിശേഷിച്ചും  വര്‍ത്തമാന കാലത്തില്‍ നിന്നും ഒളിച്ചോടേണ്ടി വരുമ്പോള്‍.  ഭൂതകാല  കുളിരുകള്‍  എവിടെയങ്കിലും   പച്ച വിളക്കെരിയിച്ചു കാത്തിരിക്കുന്നുണ്ടോ  എന്നുവെറുതെ  തിരഞ്ഞു നോക്കി.  എല്ലാവരും തന്നെ സമ്പൂര്‍ണ്ണ  ലോക്ക് ഡൌണ്‍ ആയിക്കഴിഞ്ഞു. ഈ കെട്ടകാലത്തില്‍ ഇരുപത്തിനാലു മണിക്കൂറും  നിരീക്ഷണ ക്യാമറയില്‍ ആയതോടെ  ഇനി ഒരു മണ്ഡലകാലത്തേക്ക് എല്ലാവരും സമ്പൂര്‍ണ്ണ പതിവ്രതകുലസ്ത്രീകള്‍ ആകുമെന്നതില്‍  വലിയ അത്ഭുതമൊന്നും തോന്നിയില്ല.

  ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന് തോന്നി. ഒരാള്‍ വില്‍പത്രം എഴുതുന്നതു ഒരു പ്ലാനിങ്ങാണ്. അല്ലാതെ അതൊരു  ആത്മഹത്യാ കുറിപ്പോന്നുമാകുന്നില്ല.  ഒരു പുസ്തകം പുറത്തിറക്കാനുള്ള  ജോലികള്‍ നടക്കുന്നുണ്ട് പക്ഷെ  ഇനി ആളുകള്‍ പുറത്തിറങ്ങാന്‍   തുടങ്ങിയിട്ടേ  അതിനെക്കുറിച്ച്  ചിന്തിക്കാന്‍ പോലും പറ്റുകയുള്ളൂ.  ജോക്കര്‍  സിനിമയിലെ  സര്‍ക്കസ് മുതലാളി പറയും പോലെ  'ദ ഷോ  മസ്റ്റ് ഗോ ഓണ്‍'. നാട്ടിലുള്ള  ഉറ്റ ചങ്ങാതി  ജോര്‍ജ് വക്കീലിനെ വിളിച്ചു  പറഞ്ഞു  '  ഞാന്‍  ചത്താലും  പുസ്തകം  ഇറങ്ങണം.  അതിന്റെ കാര്യം നീ നോക്കണ' മെന്ന്.  "ശുഭസ്യ ശീക്രം"  എന്നൊരു ചൊല്ലുണ്ടല്ലോ. (പക്ഷേ അതൊരു രോഗമാണെണെന്നു പറഞ്ഞു പരസ്യം ചെയ്തു കാശു പിടുങ്ങുന്ന  ഉഡായിപ്പ്  വൈദ്യന്‍മാരെ വിശ്വസിക്കരുത്.)    അതുകൊണ്ട്  അപ്പോള്‍ തന്നെ പുസ്തക പ്രസാധക കമ്പനിക്ക്  വിവരം അറിയിച്ചുള്ള  മെയിലും അയച്ചു.  ഇത്രയുമൊക്കെ ആയിട്ടും  പിന്നേയും നേരം ബാക്കി.  പുസ്തകമൊന്നും  വായിക്കാന്‍ തോന്നിയില്ല .

 ഫേസ് ബുക്ക്  തുറന്നു നോക്കി 'കൊറോണാ ഭൂതത്തെ' ആരാണ് തുറന്നു വിട്ടതെന്ന് വലിയ ചര്‍ച്ച ഡല്‍ഹിയില്‍ നിന്നുള്ള ലേഖകനായ വെള്ളശ്ശേരി ജോസെഫിന്റെ നേതൃത്വത്തില്‍  നടക്കുന്നുണ്ട്.  അമേരിക്കക്കെതിരെ ചില ബുദ്ധിജീവികള്‍ നടത്തുന്ന  പ്രചാരണങ്ങളില്‍ പ്രകോപിതരായി  അമേരിക്കന്‍ മലയാളികളുടെ  വന്‍ പ്രതിഷേധം   നടക്കുന്നുണ്ട്.  ബിന്ദു ഫെര്‍ണണ്ടാസ് എന്ന ആരോഗ്യ പ്രവര്‍ത്തക എഴുതിയ ലേഖനം ഏതാനും മണിക്കൂര്‍കൊണ്ട്  ആയിരത്തി അഞ്ഞൂറിലേറെപ്പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.

ഈ കാര്യത്തില്‍  ഒന്നിടപ്പെട്ടുകൊണ്ട്   ചോറു തരുന്ന നാടിനോട് കൂറ് കാട്ടിക്കൊണ്ട്  ഇന്നലെ ഞാനും ഒരു പോസ്റ്റിട്ടിരുന്നു. അതോടെ  ചെറുപ്പം മുതലേ അറിയാവുന്ന ചങ്ങാതിമാര്‍ പലരും തെറിവിളിക്കുകയും  ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് രംഗത്തുവന്നു. ഞാന്‍ സാമ്രാജ്യത്ത്വ ദല്ലാളും  സവര്‍ണ്ണ ആഡ്യമലയാളി മനോഭാവക്കാരന്‍ ( കേള്‍ക്കാന്‍ നല്ല സുഖമുണ്ട് ) എന്നൊക്കെ ചിലര്‍ പറഞ്ഞു. അവസാനം  വേണ്ടപ്പെട്ട ഒരാള്‍ പറഞ്ഞുആ പോസ്റ്റു മൂപ്പരുടെ പാര്‍ട്ടിക്കാര്‍ക്ക് ചില്ലറ വിഷമം ഉണ്ടാക്കുന്നുണ്ട്   അതൊന്നു നീക്കിയാല്‍ നന്നെന്നു പറഞ്ഞപ്പോള്‍  ഞാനതു നീക്കുകയും ചെയ്തു.   അതോടെ    ഈ അഭിപ്രായ സ്വാതന്ത്ര്യം എന്നു പറയുന്നതു  തങ്ങള്‍ക്ക് ഇഷ്ട്ടപ്പെടുന്ന  അഭിപ്രായം മറ്റുള്ളവര്‍ പറയണം എന്നു നിര്‍ബന്ധം പിടിക്കാനുള്ള സ്വാതന്ത്ര്യമാണെന്നു മനസ്സിലായി.

ചങ്ങാതിയും എഴുത്തുകാരനുമായ  ഒരു മയിസ്രേട്ട്  കോടതി അടച്ചതിനാല്‍   ഒരു പണിയും  ഇല്ലാത്തത്തിനാല്‍ മൂപ്പരുടെ ചെറുപ്പകാലത്തെടുത്ത 'കാലന്‍മത്തായി ' കോലത്തിലുള്ള   ഫോട്ടോകള്‍  ഫേസ് ബുക്കില്‍   ചെറുപ്പകാരികളായ  വക്കീലന്മാരെ ഇംപ്രെസ്സ് ചെയ്യിക്കാന്‍ വേണ്ടി  പോസ്റ്റ്  ചെയ്തു  വെറുപ്പിക്കുന്നത്  കണ്ടതോടെ   ഫേസ് ബുക്ക് അടച്ചു പൂട്ടി  ടിവി ഓണ്‍ ചെയ്തു.

 ടിവിയില്‍ മരണത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍  അക്കങ്ങള്‍ ഉയരുന്ന കാഴ്ചകളിലേക്ക്  നോക്കി മരവിച്ച മുഖവുമായി വെറുതെ കുറച്ചുനേരം ഇരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍  ഇല്ലാതെ  ആരോഗ്യ പ്രവര്‍ത്തകര്‍  ജോലി ചെയ്യുന്നതില്‍  ആശങ്ക പ്രടിപ്പിച്ചുകൊണ്ട്  ഇന്ത്യക്കാരനായ  മുന്‍ സ്ര്!ജന്‍ ജനറല്‍ വിവേക്  മൂര്‍ത്തി  സംസാരിക്കുന്നതു കേട്ടു .

സമയം 7 മണി ആയതേയുള്ളൂ. ഉറക്കം വരാന്‍ ഇനിയും സമയമുണ്ട്.  കൂടുതല്‍ മോശമായ വാര്‍ത്തകള്‍ കേട്ടുകൊണ്ടേ  ഉണരാനിടയുള്ളൂ. എന്നാല്‍ അങ്ങിനെയൊന്നും ആകരുതേയെന്നു  പ്രാര്‍ഥിക്കുകയും  പ്രത്യാശിക്കുകയും ചെയ്യുന്നു.  പ്രത്യാശയല്ലേ  എല്ലാം !!!. എല്ലാവര്‍ക്കും നല്ലതു വരട്ടെ.



Join WhatsApp News
Sudhir Panikkaveetil 2020-03-29 21:30:07
കൊറോണ കാലത്തെ വിശേഷങ്ങൾ ഒരു കഥപോലെ അതോ ഇത് കഥയോ ഭംഗിയായി ആവിഷ്കരിച്ചിരിക്കുന്നു അതുല്യനായ ഈ കഥാകൃത്ത്. കൃത്രിമത്വമില്ലാത്ത വിവരണങ്ങൾ എന്തൊരു ആകര്ഷകത അതിനു. ആശംസകൾ, അഭിനന്ദങ്ങൾ.
Joseph Abraham 2020-03-29 21:54:21
Thank you dear Sudhir Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക