Image

കറുത്ത ലോകം (ചെറുകഥ; ദീപ ബിബീഷ് നായര്‍)

Published on 29 March, 2020
കറുത്ത ലോകം (ചെറുകഥ; ദീപ ബിബീഷ് നായര്‍)
ഭക്ഷണങ്ങള്‍ നിറഞ്ഞിരുന്ന മേശപ്പുറം, അതിപ്പോള്‍
ശൂന്യമായതുപോലെ, ആകെ ബഹളമയമായ അകത്തളങ്ങള്‍, പക്ഷേ ഇപ്പോള്‍ ആളൊഴിഞ്ഞ അരങ്ങുപോലെ,
ആര്‍ഭാടങ്ങളുടെ, പൊങ്ങച്ചങ്ങളുടെ ഉയര്‍ച്ചയില്‍ പറന്നു നടന്നിരുന്ന മനുഷ്യനിപ്പോള്‍ തടങ്കലിലാണ്.
വിശപ്പിന്റെ വിളി കാതോര്‍ത്തിരുന്ന പഴയ കാലങ്ങള്‍ വീണ്ടുമിവിടെ പുനരവതരിക്കുകയാണോ?
രക്ഷയ്ക്കായി കേഴുന്ന പല മുഖങ്ങളിലും നിറയുന്നത് ഒറ്റപ്പെടലിന്റെ വേറിട്ട ചിത്രം മാത്രം.
വിലപിടിച്ച പട്ടുവസ്ത്രങ്ങളണിഞ്ഞ് നടന്നിരുന്ന ശരീരങ്ങള്‍ അനാഥരെപ്പോലെ ഈ ലോകത്തു നിന്ന് മടങ്ങിപ്പോകുന്ന കാഴ്ചകള്‍.
ഈ ലോകം എത്ര പെട്ടെന്നാണ് മാറിയത്, എന്തും ഏതും നേടാമെന്നഹങ്കരിച്ചവര്‍ ഇന്നൊരു നൂല്‍പ്പാലത്തിലൂടെ നടക്കുന്നതു പോലെ. ഓരോ മുഖങ്ങളിലും ഭീതിയുടെ നിഴല്‍ മാത്രം .  ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന കാതുകള്‍ക്ക് ഇനിയുമെന്ന് വരെ കാത്തിരിക്കണം? എന്നാലും പ്രതീക്ഷയുടെ നാളങ്ങള്‍ എരിയുന്നുണ്ട് മനസില്‍. ഒരു ഒറ്റപ്പെടല്‍ ആവശ്യമായിരുന്നു, നാമെത്ര നിസാരര്‍ എന്നറിയുവാന്‍. അനുഭവങ്ങളാണ് ഏറ്റവും നല്ല അദ്ധ്യാപകര്‍ എന്ന് കാലം തെളിയിച്ചു കഴിഞ്ഞു.

സ്വഗേഹങ്ങളിലേക്ക് പാലായനം ചെയ്യുന്ന പതിനായിരങ്ങളെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. കുടിക്കാന്‍ ജലമില്ലാതെ, കഴിക്കാന്‍ അന്നമില്ലാതെ, തല ചായ്ക്കാനിടമില്ലാതെ സ്വദേശത്തേക്ക് അവര്‍ മടങ്ങുകയാണ്. കാലത്തിന്റെ വിളയാട്ടത്തില്‍ നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാനവര്‍ക്ക് കഴിയുമോ? അറിയില്ല , ഒന്നുമറിയില്ല, കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോകാതെ, ജീവിതക്കയങ്ങളിലാണ്ടു പോകാതെ, അവര്‍ക്കു കരകയറാനൊരു കച്ചിത്തുരുമ്പ് കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

പുലരുവാനിനി കുറച്ച് നാഴികകള്‍ മാത്രം... ശുഭവാര്‍ത്തകള്‍ കാതിനിമ്പമേകുവാനണയുമെന്ന പ്രതീക്ഷയില്‍ ഞാനൊന്നു മയങ്ങട്ടെ....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക