Image

പായിപ്പാട്ടെ അതിഥി തൊഴിലാളികളെ മറയാക്കി മുതലെടുപ്പ് (ശ്രീനി)

ശ്രീനി Published on 30 March, 2020
പായിപ്പാട്ടെ അതിഥി തൊഴിലാളികളെ മറയാക്കി മുതലെടുപ്പ് (ശ്രീനി)
കൊറോണപ്പേടിയില്‍ രാജ്യം ഭയന്ന് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളത്തില്‍ ചില ഛിദ്രശക്തികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനെ മാന്യമായ ഭാഷയില്‍ 'പിതൃശൂന്യത' എന്നേ വിശേഷിപ്പിക്കാനാവൂ. ജാതി, മത, ഭാഷാ, ദേശമെന്യേ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഈ അസാധാരണ രോഗവ്യാപന ഘട്ടത്തില്‍ പായിപ്പാട്ട് സംഭവിച്ചതുപോലുള്ള കൊള്ളരുതായ്മകള്‍ക്ക് വേണ്ടത് പഴുതടച്ചുള്ള നിയമത്തിന്റെ കൂച്ചുവിലങ്ങാണ്.

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍, അഥവാ ഇത്തിരി അടുപ്പം കലര്‍ത്തി പറഞ്ഞാല്‍ 'അതിഥി തൊഴിലാളികള്‍' താമസിക്കുന്നത് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് സമീപമുള്ള പായിപ്പാട് ആണ്. അവരുടെ ഹബ് ആണിത്. ഇവിടെ മാര്‍ച്ച് 29ന് രാവിലെ യാതൊരു പ്രകോപനവുമില്ലാതെ ഏതാണ്ട് രണ്ടായിരത്തോളം വരുന്ന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആക്രോശത്തോടെ  തെരുവിലേയ്ക്കിറങ്ങുകയായിരുന്നു. അവര്‍ ഒരു സുപ്രഭാതത്തില്‍ സ്വപ്നം കണ്ടുണര്‍ന്ന് തടിച്ചുകൂടിയതല്ല, ആരുടെയൊക്കയോ ആസൂത്രിത ശ്രമം ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു. 

കൊവിഡ് ബാധയെ തുടര്‍ന്ന് ജോലി നഷ്ടമായി, തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ആഹാരവും കൂടി കിട്ടാതായതോടെ പ്രതിഷേധിച്ചു. മാനുഷിക പരിഗണനയില്‍ അതിനെ കുറ്റം പറയാനാവില്ല. കമ്യൂണിറ്റി കിച്ചന്‍ അടക്കമുള്ള സംവിധാനങ്ങളും ഇവിടെ ഫലം ചെയ്തില്ല. കാരണം, കേരള ഫുഡ് അവര്‍ക്ക് ഒട്ടും പഥ്യമല്ലല്ലോ. എന്നാല്‍ പായിപ്പാട്ട് കൂട്ടത്തോടെ അതിഥിതൊഴിലാളികള്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ടെന്ന സൂചനയുണ്ടെന്നും അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പിണറായിയെപ്പോലുള്ള ഒരാള്‍ പാഴ്‌വാക്കുകള്‍ പുലമ്പുന്ന ആളല്ല. ഏതായാലും അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ചത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. മലപ്പുറം എടവണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടാണ് ഈ വിരുതന്‍. ഇയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇയാള്‍ പ്രചരിപ്പിച്ച സന്ദേശത്തെ തുടര്‍ന്നാണ് പായിപ്പാട് അതിഥി തൊഴിലാളികള്‍ക്ക് ഹാലിളകിയത്. എടവണ്ണയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇയാള്‍ വ്യാജപ്രചരണം നടത്തിയത്. ഇയാള്‍ക്കെതിരെ ഐ.പി.സി-153, കെ.എ.പി-118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. 

സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.  പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി തന്നെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന നടത്തുകയും നിരവധിപേരെ ചോദ്യം ചെയ്യുകയും ചെയ്തു. 20 മൊബൈല്‍ ഫോണുകള്‍ ഇവരുടെ ക്യാമ്പുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേക്ക് വന്ന ഫോണ്‍കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും അന്വേണത്തില്‍ നിര്‍ണായകമാകും. അതേസമയം, കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.

പായിപ്പാട്ട് പ്രതിഷേധിച്ചവര്‍ അവരവരുടെ നാട്ടില്‍ പോകണമെന്ന ആവശ്യം പ്രകടിപ്പിച്ചത് മേല്‍ സൂചിപ്പിച്ച വാട്‌സ് ആപ്പ് സന്ദേശത്തിന്റെ പേരിലാണ്. ഇതിന്റെ സത്യാവസ്ഥ അവര്‍ അന്വേഷിച്ചില്ല. അതിനുള്ള സാമാന്യ വിവരവും സംയമനവും ഇവര്‍ക്കില്ലാതെ പോയി. ഡല്‍ഹിയിലും മറ്റും നൂറുകണക്കിനാളുകളാണ് പലായനം ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചുപോകണമെന്ന അതിയായ ആഗ്രഹമുമുണ്ടാകുമെന്നതില്‍ സംശയമില്ല. വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ തിരിച്ചുവരാനാകാതെ യാതനയനുഭവിക്കുന്നകാര്യം നമുക്കറിയാം. ആരെയും തിരിച്ചയക്കാനാവില്ല, തിരിച്ചുപോക്കിനും വരവിനുമുള്ള അതിര്‍ത്തിവാതിലുകള്‍ തത്കാലത്തേക്ക് അടഞ്ഞുകഴിഞ്ഞു എന്നത് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍പ്പിന്നെ ആകെ മാര്‍ഗം ഈ ദശാസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ ആജ്ഞാപിച്ചതുപോലെ അതത് സ്ഥലത്ത് നില്‍ക്കുക മാത്രമാണ്. 

ചങ്ങനാശേരിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ കിഴക്കായാണ് പായിപ്പാട്. ഇതൊരു നാലും കൂടിയ ജംങ്ഷനാണ്. ചങ്ങനാശേരിയില്‍ നിന്ന് കിഴക്കോട്ട് സഞ്ചരിക്കുമ്പോള്‍ പായിപ്പാട് ജംങ്ഷനില്‍നിന്ന് നേരേ പേയാല്‍ കവിയൂര്‍ വഴി പത്തനംതിട്ടയ്ക്കുള്ള കോഴഞ്ചേരി റോഡിലെത്താം. ജംങ്ഷനില്‍നിന്ന് ഇടത്തോട്ട് മല്ലപ്പള്ളിക്കും വലത്തോട്ട് തിരുവല്ലയ്ക്കും പോകാം. ഇങ്ങനെ പായിപ്പാട് ജംങ്ഷന്റെ നാലുപാടും അതിഥിത്തൊഴിലാളികളുടെ താവളങ്ങള്‍ ചിതറിക്കിടക്കുന്നു. ഏതാണ്ടൊരു പന്ത്രണ്ട് കൊല്ലം മുമ്പാണ് ഇവിടേയ്ക്കുള്ള തൊഴിലാളികളുടെ കുടിയേറ്റം ശക്തമായത്. പെരുമ്പാവൂരായിരുന്നു തുടക്കം. എണ്‍പത് കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളികല്‍ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അവരെല്ലാം മടങ്ങിപ്പോയതോടെ 'ബംഗാളികള്‍' എന്ന് പൊതുവേ വിളിക്കുന്നവരുടെ വരവായി. ഇവരിപ്പോള്‍ കേരളം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പായിപ്പാട്ട് 14,500 ഓളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പോലീസിന്റെ സഹായത്തോടെ തൊഴില്‍ വകുപ്പ് ഇവരുടെ കണക്കെടുക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമം തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. തൊഴിലാളികള്‍ ഒരിടത്ത് കേന്ദ്രീകരിച്ച് നില്‍ക്കുന്നില്ല എന്നതാണ് കാരണം. പായിപ്പാട്ട് ഇവരുടെ മൂന്നൂറോളം ക്യാമ്പുകള്‍ ഉണ്ട്. കോവിഡ് വ്യാപനം ശക്തമാകും മുമ്പ് ഇവിടെനിന്ന് നല്ലൊരു ശതമാനം  പേര്‍ അവരവരുടെ നാടുകളിലേയ്ക്ക് പോയിരുന്നു. നാലായിരത്തോളം പേര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഉത്തര്‍ പ്രദേശ്, ആസ്സാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞ് കയറിയവരും ഇതില്‍പ്പെടും. 

ഈ കൂട്ടത്തില്‍ ക്രിമിനലുകളും ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഷണം മുതല്‍ കൊലപാതകവും ബലാല്‍സംഗവും വരെ നടത്തുന്ന ഇവര്‍ കേരളത്തിന്റെ ക്രമസമാധാനത്തിന് കടുത്ത ഭീഷണിയാണ്. ജിഷ വധം തന്നെ ഏറ്റവും വലിയ ഉദാഹരണം. 'ബംഗാളി'കളുടെ വരവോടെ പായിപ്പാടിന്റെ മുഖഛായതന്നെ മാറി. കച്ചവടക്കാര്‍ ലക്ഷപ്രഭുക്കളായി. പഴയ ഓടിട്ട കെട്ടിടങ്ങളുടെ സ്ഥാനത്ത് നാലുനില കെട്ടിടങ്ങള്‍ ഉയര്‍ന്നു. മൊബൈല്‍ ഫോണ്‍, പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, തമ്പാക്ക്, ബീഡി, മുറുക്കാന്‍ തുടങ്ങിയവയാണ് ഈ തൊഴിലാളികളുടെ ദൗര്‍ബല്യം. ഇതൊക്കെ വില്‍ക്കുന്നവരുടെ പോക്കറ്റും വലുതായി വീര്‍ത്തു. പിന്നെ താമസ സ്ഥലം ഒരുക്കുന്നവര്‍. അതിഥി തൊഴിലാളി ക്യാമ്പുകളിലെ ഒരു മുറിയില്‍ ആറു മുതല്‍ 20 പേര്‍ വരെയാണ് താമസിക്കുന്നത്. ക്യാമ്പുകളില്‍ പലതും ഷെഡ്ഡുകള്‍ മാത്രമാണ്. കുഴികളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ ഒന്നും ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാമ്പുകളില്‍ നിന്നുള്ള മാലിന്യവുമായി പോയ ലോറിയില്‍ നിന്ന് അവ കവിയൂര്‍ റോഡില്‍ വീണ് കിലോമീറ്ററുകളോളം ചിതറിയത് നാട്ടുകാരുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തൊഴിലാളികളുടെ കാര്യം കഷ്ടമാണെങ്കിലും ഇവര്‍ക്ക് താമസം ഒരുക്കുന്ന വീട്ടുടമസ്ഥരും ലക്ഷങ്ങള്‍ വാരുന്നു. പിന്നെ ഇവരെ പണിക്കേര്‍പ്പെടുത്തിവിടുന്ന ഏജന്റുമാരും ബംഗാളികളെ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. അവര്‍ ചൂഷണത്തിന് നിര്‍ബന്ധിതരാവുന്നു. കാരണം ബംഗാളികളുടെ ഗള്‍ഫാണല്ലോ കേരളം.

പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിക്കുകയും നിലവില്‍ സംസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ അതിഥിത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കുമെന്നും പശ്ചിമബംഗാള്‍ എം.പി മെഹുവ മൊയ്ത്ര കേരളത്തിലുള്ള ബംഗാളികളായ അതിഥിത്തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ അദ്ദേഹം റെക്കോര്‍ഡു ചെയ്തയച്ച വോയിസ് മെസേജ് ശ്രദ്ധേയമാണ്... ''പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ...നമ്മള്‍ ഏറ്റവും കഠിനമായ ഒരു സമയത്തിലൂടെയാണ് കടന്നുപോവുന്നത്. ഇതിനൊന്നും നമ്മളാരും ഉത്തരവാദികളുമല്ല. ഈ ഘട്ടം അതിജീവിച്ചേ മതിയാവൂ. നിങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലേക്കു തരിച്ചുപോവുന്നതു പ്രയാസകരമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവര്‍ക്കും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി, കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴരുത്. നമ്മള്‍  ഇതൊക്കെ അതിജീവിക്കും...'' ഈ സന്ദേശം തൊഴിലാളികളുടെ കണ്ണുതുറപ്പിക്കട്ടെ. പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെതിരായുള്ള തീപ്പൊരി പ്രസംഗങ്ങളിലൂടെ ദേശീയശ്രദ്ധ നേടിയ യുവനേതാവാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായ മൊയ്ത്ര.

വാല്‍ക്കഷണം

കേരളത്തില്‍ മാന്യമായ ഒരു വാക്ക് ഉപയോഗിച്ചാണ് കുടിയേറ്റ തൊഴിലാളികളെ പരാമര്‍ശിക്കുന്നത്. അത് 'അതിഥി തൊഴിലാളികള്‍' എന്നാണ്. മുഖ്യമന്ത്രി മുതല്‍ ഉദ്യേഗസ്ഥര്‍ വരെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവിടെ അതൊരു സാധാരണവാക്കായി മാറിക്കഴിഞ്ഞു. കൊറോണവൈറസ് കാലത്ത് പുതിയ വാക്കുകളും സംസ്‌കാരവും സൃഷ്ടിക്കപ്പെടുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ സൂചിപ്പിക്കുന്ന അതിഥി തൊഴിലാളികള്‍ എന്ന വാക്ക് ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കേരളത്തിന്റെ സംസ്‌കാരവും ആതിഥ്യമര്യാദയുമാണ് ഈ വാക്കില്‍ തെളിയുന്നത്. കേരളം ഇത്തരം പല മാതൃകകളും സൃഷ്ടിച്ചിട്ടുണ്ട്.

'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നായിരുന്നു നാം കുടിയേറ്റ തൊഴിലാളികളെ ആദ്യം വിളിച്ചിരുന്നത്. പിന്നീടത് 'ഇതരസംസ്ഥാന തൊഴിലാളി' എന്നായി. കൊറോണക്കാലത്ത് അതിഥി തൊഴിലാളി എന്ന ഇതര മനുഷ്യരോടുള്ള ആദരമാണ് ഈ വാക്ക് സൂചിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. 2018ലെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ആദ്യമായി 'അതിഥി തൊഴിലാളി' എന്ന് പ്രയോഗിച്ചത്. 

''അതിഥി ദേവോ ഭവ...''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക