Image

അച്ഛൻ (കവിത: ശാന്തിനി ടോം )

Published on 30 March, 2020
അച്ഛൻ (കവിത: ശാന്തിനി ടോം )
സൂര്യൻ പടിഞ്ഞാറേക്ക്‌ 
മന്ദം ചായുമ്പോൾ
സന്ധ്യവിളക്ക്‌
വയ്ക്കുന്നതിനു തൊട്ടുമുൻപ്‌
തൊടിയിലെ കിണറ്റുകരയിൽ 
കപ്പി കരയുമ്പോൾ 
അറിയാം അച്ഛനെത്തിയെന്ന്. 

അടുക്കളത്തളത്തിൽ 
അമ്മ കാച്ചിയ പശുവിൻപാല്‌ 
ചേർത്ത്‌ കടുപ്പത്തിലൊരു ചായ 
ചില്ലുഗ്ലാസ്സിലേക്ക്‌ പകരുന്ന 
ശബ്ദത്തിലറിയാം അച്ഛൻ 
കുളി കഴിഞ്ഞെത്തിയെന്ന്. 

 നേർത്ത കുശുകുശുപ്പുകളിൽ
കനം കുറഞ്ഞ മൂളലുകളിൽ അറിയാം 
അടുക്കളയിലെ ഊണുമേശയിലിരുന്ന്  
അച്ഛൻ നാലുമണിപ്പലഹാരവും 
അമ്മയുടെ പകൽവിശേഷങ്ങളും 
കഴിക്കുകയാണെന്ന്.

തെക്കെമുറ്റത്ത്‌ മണൽ ഞെരിയുന്ന  
ശബ്ദത്തിലറിയാം പതിവ്‌ തെറ്റാതെ 
മുത്തശ്ശനുറങ്ങുന്ന മണ്ണിലെ 
തൈമാവിനു വെള്ളമൊഴിക്കുകയാണച്ഛൻ

തടിയലമാരയും മേശവലിപ്പും 
തുറന്നടയ്ക്കുന്നതിന്റെ 
ശബ്ദത്തിലറിയാം അമ്മ 
ഷർട്ടും ടോർച്ചും അച്ഛനു 
കൈമാറുകയാണെന്ന്

ഞാനുറങ്ങുന്നതിന്‌ തൊട്ടുമുന്പ്‌
ഇടവഴിയിൽ മിന്നിതെളിയുന്ന 
നേരിയ വെളിച്ചത്തിൽ നിന്നറിയാം
അച്ഛൻ വരുന്നുണ്ട്‌, 
കൈയിലെ സഞ്ചിയിൽ 
പലവ്യഞ്ജനങ്ങൾക്കൊപ്പം നിലക്കടല 
കുമ്പിളുമുണ്ടെനിക്കു വേണ്ടി

പിന്നെ, ഞാൻ ഉറങ്ങുമ്പോൾ 
മേലേക്ക്‌ വലിച്ചിടുന്ന 
പുതപ്പിന്റെ ഊഷ്മളതയിൽ, 
നെറ്റിയിൽ തഴുകി മാറുന്ന 
വിരൽസ്പർശ്ശത്തിൽ അറിയാം
അച്ഛനുറങ്ങാനുള്ള നേരമായി

കാലമെത്ര കഴിഞ്ഞു... 
എന്റെ കണ്ണു തെളിച്ച്‌ തെളിച്ച്‌
തിമിരം പിടിച്ച ആ കണ്ണുകൾക്ക്‌ 
കൈപിടിച്ചിനി വഴികാട്ടിയാവണം

എനിക്കുവേണ്ടി നടന്നുമോടിയും 
തേഞ്ഞ, നോവുന്ന കാലുകൾക്ക്‌
ബലം പകരുമൊരൂന്നുവടിയുമാകണം
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ 
അച്ഛന്റെ മകളായി തന്നെ പിറക്കണം
ആ നന്മയുടെ തണലിൽ വളരണം
അതിലാണെന്റെ  പുണ്യം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക