Image

ദൈവ വിശ്വാസം ഓണ്‍ലൈന്‍ പ്രക്ഷേപണങ്ങളിലൂടെ (ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ)

Published on 30 March, 2020
ദൈവ വിശ്വാസം ഓണ്‍ലൈന്‍ പ്രക്ഷേപണങ്ങളിലൂടെ (ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ)
ചൈനയുടെ കുടത്തില്‍ നിന്നും അഴിച്ചുവിട്ട കൊറോണ (കൊവിഡ് 19 ) വൈറസ് ഭൂതം ലോകം മുഴുവന്‍ തന്റെ കൈപ്പിടിയിലൊതുക്കികശക്കുന്ന ഭീകരാന്തരീക്ഷമാണ് ഇപ്പോള്‍ മാനവരാശി കാണുന്നതും അതിലുപരിയായി നേരിടുകയും ചെയ്യുന്നത്.

പ്രാര്‍ത്ഥനക്കും ഉപവാസങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നസമയത്താണ് ഇതിന്റെ വരവ്. പ്രത്യേകിച്ച് നോയമ്പുകാലം, ഹാശാ ആഴ്ച തുടങ്ങി ആത്മീയതയുടെ ദിനങ്ങളിലൂടെ െ്രെകസ്തവവിശ്വാസികള്‍ കടന്നു പോകുന്നു.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് പുരോഹിതന്റെ അരികില്‍ ചെന്ന് പാപങ്ങളെ ഏറ്റുപറഞ്ഞുള്ള (എല്ലാം പറയുമോ...? ദൈവത്തിനറിയാം) രഹസ്യ കുമ്പസാരം. പിന്നീട് പാപ വിമുക്തനായിപുരോഹിതന്‍ പ്രഖ്യാപിക്കയും നാവില്‍ വി. കുര്‍ബാന കൊടുക്കയും ചെയ്യുന്നതോടുകൂടി സ്വയം പരിശുദ്ധനായിഅവനു തന്നെ കുറച്ചു നാളത്തേക്കെങ്കിലും തോന്നുന്നു. ദൈവ ദാസനായി അവനെ തന്നെ യേശുവിന്റെ പുത്രന്‍ എന്നു വിശേഷിപ്പിക്കും.

യെരൂശലേം വീഥികളിലൂടെ കഴുതയുടെ പുറത്തു കയറി ലോക രക്ഷിതാവായ യേശുക്രിസ്തു കടന്നു പോയതിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ഓശാന ഞായറാഴ്ച്ചയോടു കൂടി ഹോളി വീക്കിന് ആരംഭം കുറിയ്ക്കയായി. തുടര്‍ന്ന് അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന പെസഹാ പെരുന്നാള്‍, കാല്‍വരിയിലെ കുരിശില്‍ തറയ്ക്കപ്പെട്ട ഓര്‍മ്മയ്ക്കായുള്ള ദുഃഖവെള്ളിയാഴ്ച്ച, പിറ്റേ ദിവസം എല്ലാ മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായുള്ള ഓര്‍മ്മ പ്രാര്‍ത്ഥനകള്‍, തുടര്‍ന്ന് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സുവിശേഷം ലോകത്തെ അറിയിച്ചു കൊണ്ടുള്ള ഈസ്റ്റര്‍ സണ്‍ഡേ.

ക്രിസ്ത്യാനിയെ സംബന്ധിച്ച് അവന്റെ ചാര്‍ച്ചക്കാരോടും ചങ്ങാതികളോടുമൊപ്പം ഉള്ള ഈ ഭൗതിക ജീവിതത്തിന് കുറച്ചു കൂടി അലങ്കാരങ്ങള്‍ സൂക്ഷിക്കേണ്ട ദിവസം, അല്ലെങ്കില്‍ കഠിനമായ വലിയ നോമ്പില്‍ നിന്നും കിട്ടിയ വിമുക്തിയുടെ ഒരു പ്രത്യേകതരം അനുഭൂതി കൂടിയാണ് ഈസറ്റര്‍ ദിനം.

കൂടാതെ, ഈ ആചാര അനുഷ്ഠാനങ്ങള്‍ക്കായി നമ്മുടെ ആത്മീയാചാര്യന്മാര്‍ ലോകമെമ്പാടുമുള്ള പ്രത്യേകിച്ച് ഗള്‍ഫ് നാടുകള്‍, യൂറോപ്പ്, അമേരിക്ക ഇവിടെയെല്ലാമുള്ള വിശ്വാസികളെ സന്ദര്‍ശിച്ച് അവര്‍ക്കെല്ലാം ദൈവീകാനുഗ്രഹങ്ങളുടെ വാഴ്വുകളും ആത്മീയ നല്‍ വരങ്ങളും നല്‍കി വരുന്ന സമയം കൂടിയാണിത്.

സഭാമക്കളുടെ ആദ്യകുര്‍ബാന കൊടുക്കല്‍ ചടങ്ങ് കൂടാതെ ക്ഷേമവും വളര്‍ച്ചയും ഒക്കെ അന്വേഷിക്കുക എന്നിങ്ങനെയുള്ള വ്യാജേന ആയിരിക്കും വരവ്. തങ്ങളുടെ വളര്‍ച്ചയുടെ പടവുകള്‍ക്കായുള്ള (എല്ലാരുടേയുമല്ല) കവറുകളും കൂടാതെ ഏതെങ്കിലും പുതിയ സംരംഭങ്ങളും കാണും ഇവരുടെയൊക്കെ ആഗമനോദ്ദേശ്യങ്ങളില്‍. എന്നു വച്ചാല്‍ പണപ്പിരിവ് തന്നെ.

ഇവരെ കൊണ്ട് നടക്കാന്‍ നടക്കാന്‍ എവിടെ ചെന്നാലും ചില പള്ളി പ്രമാണിമാരും കാണും. അവരാണ് നിശ്ചയിക്കുന്നത് ഇവരുടെ ഗതിവിഗതികള്‍ (ആതിഥേയരുടെ സാമ്പത്തികാടിസ്ഥാനത്തിലാണ് റൂട്ടും മാപ്പും.) പല പ്രവാസി കൂട്ടങ്ങളിലും ഇരുന്ന് ഇവര്‍ അടക്കം പറയുന്നത് കേള്‍ക്കാം.

ഇവിടെ വച്ച് കണ്ടാല്‍ നമുക്ക് പോലും അറിയാത്ത നമ്മുടെ വീട്ടുകാരുടെ പേര് പറഞ്ഞ് നമ്മളെ പരിചയപ്പെടാന്‍ ഇക്കൂട്ടര്‍ക്കുള്ള ഒരു പ്രത്യേക സാമര്‍ത്ഥ്യത്തെ അഭിനന്ദിച്ചേ പറ്റൂ... എന്നാല്‍ നാട്ടില്‍ ചെല്ലുമ്പോള്‍ ഇവരെ ഒന്നു കാണാന്‍ ശ്രമിച്ചാല്‍ മഷി ഇട്ടു നോക്കിയാല്‍ പോലും ആലുവ മണപ്പുറത്തു വച്ച് കണ്ട പരിചയംകാണിക്കയുമില്ല.

ഇവര്‍ കൊറോണ എന്ന ഈ കാലനെ എത്രയും പെട്ടെന്ന് തളച്ചിടുവാനായി അരമനയുടെ ഉള്ളില്‍ ഇരുന്ന് അതിനെ ശപിക്കുകയായിരിക്കുമോ ആവോ? കോടികള്‍ മുടക്കി ആഡംബരത്തിന്റെ അംബരചുംബികളായി നിലകൊള്ളുന്ന ആരാധനാലയങ്ങള്‍ അനാഥമായി കിടക്കുകയാണ് ഈകാലന്റെ വരവോടു കൂടി .

വി. കുര്‍ബാന ഇന്ന് വിശ്വാസികള്‍ ഇരിക്കുന്നിടത്തിരുന്ന് കാണത്തക്ക വിധത്തില്‍ അവരുടെ അടുത്തേക്ക് സംപ്രേഷണം ചെയ്ത് എത്തിക്കുകയാണ്. സ്‌തോത്രക്കാഴ്ചകളും മറ്റു ഞായറാഴ്ച വരുമാനങ്ങളും..... ദേവാലയങ്ങള്‍ക്കു ഹാ .. നഷ്ടം. ഇപ്പഴത്തെ തലമുറയ്ക്ക് ഇതെല്ലാം കാണാനും അറിയാനുമുള്ള അവസരം സംജാതമായി എന്നതും ഭാഗ്യമായി കാണുന്നു.

പള്ളി കയ്യേറ്റങ്ങള്‍ക്കും ശവമടക്കു ഭീഷണികളെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ക്കും ശമനം.

ഈ ലോകം കോവിഡ് 19 ന്റെ കരാളഹസ്തങ്ങളില്‍ നിന്നും എത്രയും വേഗം മുക്തി നേടട്ടെ എന്ന് നമുക്കും ഇവരോടൊപ്പം പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്താം.

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക