Image

റഷ്യന്‍ - സൗദി അറേബ്യന്‍ എണ്ണ യുദ്ധവും കൊറോണ വൈറസ് ഭീതിയും (കോര ചെറിയാന്‍)

Published on 30 March, 2020
റഷ്യന്‍ - സൗദി അറേബ്യന്‍ എണ്ണ യുദ്ധവും കൊറോണ വൈറസ് ഭീതിയും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: പ്രതിദിനം 124 ലക്ഷം വീപ്പ അസംസ്കൃത എണ്ണ ഉല്പാദിപ്പിക്കുന്ന സൗദി അറേബ്യയും 114 ലക്ഷം ഉല്പാദിപ്പിക്കുന്ന റഷ്യയും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട രഹസ്യ എണ്ണയുദ്ധം പുതിയ തിരിവിലേയ്ക്ക്.

കൊറോണ വൈറസ് ആഗോളതലത്തില്‍ വ്യാപിച്ചു സകല ധീരതയോടെ താണ്ഡവനൃത്തം അരങ്ങേറിയതിനെത്തുടര്‍ന്ന് മനുഷ്യസഞ്ചാരം സ്തംഭിക്കുകയും പെട്രോളിയം വില വീപ്പയ്ക്ക് 60 ഡോളറില്‍നിന്നും കുത്തനെ പതിച്ചു 23 ഡോളര്‍ വരെയത്തി. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണതുപോലെ എണ്ണ രാജാക്കന്മാരുടെ അടങ്ങാത്ത അഹങ്കാരവും അസൂയയും ചേരിപ്പോരും ഇപ്പോള്‍ അവതാളത്തിലായി. പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും നിര്‍മ്മലരും നിര്‍ദ്ദോഷികളുമായ നിര്‍ദ്ധന മോട്ടോര്‍ ഉടമകളുടെയും സുവര്‍ണ്ണകാലം.

1960 സെപ്റ്റംബര്‍ 10-14ലെ ബാഗ്ദാദ്, ഇറാക്കില്‍ നടന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ പ്രഥമ സമ്മേളനത്തില്‍ രൂപവല്‍ക്കരണം ചെയ്ത ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് അഥവാ ഒപെക് എന്ന സംഘടനയുടെ സദുദ്ദേശങ്ങള്‍ സഭലമാകാതെ സൗദി അറേബ്യയുടെ മേല്‍കോയ്മ അടുത്ത നാളുകളില്‍ അധികമായി ഭൂരിഭാഗം അംഗങ്ങള്‍ക്കും അനുഭവപ്പെടുന്നുണ്ട്. ഈ മാര്‍ച്ച് മാസം 5, 6 തീയതികളില്‍ വിയെന്ന, ഓസ്ട്രിയയില്‍ നടന്ന 15 രാജ്യങ്ങള്‍ അടങ്ങുന്ന ഒപെകിലെ അംഗമല്ലാത്ത ക്ഷണിക്കപ്പെട്ട റഷ്യന്‍ പ്രതിനിധിയുടേയും സാന്നിദ്ധ്യത്തിലെ യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കൊറോണ വൈറസിനെ തുടര്‍ന്ന് കുറയ്ക്കണമെന്നുള്ള ചര്‍ച്ചകള്‍ ശോചനീയമായി പരാജയപ്പെട്ടു. ഒപെക് കാര്‍ട്ടെല്‍ നേതൃത്തിലുളള സൗദിയുടെ പ്രതിനിധി എണ്ണ വില കുറയാതെ നിലനിര്‍ത്തുവാന്‍വേണ്ടി പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്പാദനം കുറയ്ക്കണമെന്നും അതില്‍ 5 ലക്ഷം ബാരല്‍ റഷ്യ തന്നെ കുറയ്ക്കണമെന്നും നിസങ്കോചം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് അമംഗളമായി ചര്‍ച്ചകള്‍ അവസാനിച്ചു. ഒപെക് രാജ്യങ്ങളിലധികവും ഓയില്‍ റെവന്യുവിനെ മുഖ്യമായി ആശ്രയിക്കുന്നു. സൗദി അടക്കം എല്ലാ ഒപെക് രാജ്യങ്ങള്‍ക്കും ഓയില്‍ പ്രൊഡക്ഷന്‍ കുറച്ച് വില കൂട്ടണമെന്നുള്ള ആഗ്രഹത്തെ റഷ്യ നിര്‍ദാരുണ്യം കാരണം സഹിതം നിരസിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍, പ്രതിദിനം 180 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഇപ്പോള്‍ ഉല്പാദിപ്പിക്കുന്ന അമേരിക്കയോടുള്ള റഷ്യയുടെ ഉള്‍വാശിയും ഒരു പരിധിവരെ പ്രകടമായിരുന്നു.

എണ്ണ യുദ്ധത്തിന്റെ മുഖ്യകാരണം റഷ്യയുടെ ആഗ്രഹാനുസരണം അഗോളതലത്തില്‍ കൂടുതല്‍ മാര്‍ക്കറ്റ് ഷെയര്‍ കിട്ടുവാന്‍ എണ്ണവില കുറയ്ക്കണമെന്ന ദുരാഗ്രഹമാണ്. റഷ്യയുടെ നീതിരഹിതമായ നിലപാടില്‍ പ്രതിഷേധിച്ച് സൗദി ഒറ്റദിവസംകൊണ്ട് 11 ഡോളര്‍ വില കുറച്ചതു ക്രമേണ ഇപ്പോള്‍ ഡോളര്‍ 23.18 ആയി താണു. അനുദിനം താഴുന്ന എണ്ണവില വ്യാപകമായി വേള്‍ഡ് ഇക്കോണമിയെതന്നെ ലളിതമായോ സാരമായോ ബാധിക്കുന്നതോടൊപ്പം വികസിത രാജ്യങ്ങളുടെ സാമ്പത്തിക വ്യാപാര തീക്ഷണതയ്ക്ക് മങ്ങലേല്‍പ്പിക്കും. തണുത്ത സൗദി - റഷ്യ ബന്ധത്തിലുള്ള സ്‌ഫോടനത്തിന്റെ പരിണിത ഫലം അമേരിക്കയടക്കം എല്ലാ രാജ്യക്കാര്‍ക്കും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഭീകരതയോടൊപ്പം പെട്രോള്‍ പമ്പുകളിലെ വിലയുടെ വ്യതിയാനം വീക്ഷിച്ചു സംതൃപ്തരാകട്ടെ.

ടെക്‌സാസിലും ഡാകോടാസിലും ഉള്ള എണ്ണ ഉല്പാദന കമ്പനികളുടെ ലാഭം വളരെ കുറഞ്ഞതും അമേരിക്കന്‍ ഇക്കോണമിയെ നേരിയ രീതിയില്‍ ബാധിക്കുന്നുണ്ട്. റഷ്യയുടെയും സൗദിയുടെയും പരിധിക്കും ഉപരിയായ ഓയില്‍ പ്രൊഡക്ഷന്‍ അമേരിക്കന്‍ ഓയില്‍ കമ്പനികളോടുള്ള ശീതസമരത്തിന്റെ തുറന്ന ഭാവഭേദമാണ്. അമേരിക്കന്‍ സെനറ്റര്‍ കെവിന്‍ ക്രാമര്‍ ഇപ്പോഴുള്ള ക്രമാതീതമായ എണ്ണയൊഴുക്ക് നിസ്സഹായതയോടെ നിരീക്ഷിച്ചശേഷം പ്രതികരണമായി റഷ്യയില്‍നിന്നും സൗദി അറേബ്യയില്‍നിന്നും കയറ്റുമതി ചെയ്യുന്ന എണ്ണ കപ്പലുകള്‍ക്ക് വിലക്ക് - എംബാര്‍ഗോ ഏര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഈ മാസം മാര്‍ച്ച് 18-ന് ആവശ്യപ്പെട്ടു. പ്രതികാരേച്ഛയോടുള്ള എണ്ണ രാജാക്കന്മാരുടെ നിശബ്ദയുദ്ധം അവസാനിപ്പിക്കുക അസാധ്യമാണ്. ലോകംമുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ വിറകൊള്ളുമ്പോള്‍ അശേഷം അനുതാപമോ സഹാനുഭൂതിയോ ഇല്ലാതെ ഇവര്‍ പടച്ചട്ട ഇടുകയാണ്.

2014-ല്‍ വെറും 4 ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഉല്പാദിപ്പിച്ചിരുന്ന അമേരിക്ക 2019 ന്റെ അന്തിമഘട്ടത്തില്‍ 179 ലക്ഷമായി ഉല്പാദനം ഉയര്‍ത്തി. സുദീര്‍ഘകാലം റഷ്യയില്‍നിന്നും സൗദിയില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്ന അമേരിക്ക ഒരു പരിധിവരെ സ്വയം പര്യാപ്തതയില്‍ സമീപ ഭാവിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ്. അമേരിക്കയുടെ എണ്ണ ഇറക്കുമതി കുറഞ്ഞതിനെത്തുടര്‍ന്ന് 2016-ല്‍ സൗദിയും റഷ്യയും എണ്ണ ഉല്പാദനം പരസ്പര സഹകരണത്തോടെ നിയന്ത്രിക്കണമെന്നുള്ള ഉടമ്പടി ഉണ്ടാക്കിയിട്ടും ഇരു രാജ്യങ്ങളും പരിധിക്കുപരിയായി ഉല്പാദനം ആരംഭിച്ചു.

ചൈനയും ഇന്ത്യയുമടക്കം പെട്രോളിയം പ്രൊഡക്ഷന് സ്വയംപര്യാപ്തത ഇല്ലാത്ത എല്ലാ ലോക രാഷ്ട്രങ്ങളും ഒപെക് കാര്‍ട്ടെല്‍ കല്‍പ്പിച്ചരുളിയ വിലകൊടുത്തു ഇറക്കുമതി ചെയ്യുന്നു. ആധുനിക യുഗത്തില്‍ പല നൂതന നിര്‍മ്മിതങ്ങളും ഉണ്ടാക്കുന്നതോടൊപ്പം പെട്രോളിനു പകരമായിട്ടുള്ള പുതിയ മാര്‍ക്ഷങ്ങള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ ഇറക്കുമതി രാജ്യങ്ങള്‍ ശക്തമായി നടത്തണം. അമേരിക്കയുടെ ഓയില്‍ ഉല്പാദനം വര്‍ദ്ധിക്കുന്നതോടെ സമീപ ഭാവിയില്‍തന്നെ വന്‍തോതില്‍ കയറ്റുമതി ആരംഭിക്കുകയും എണ്ണ രാജാക്കന്മാരുടെ കസേരകളില്‍ കയറിപ്പറ്റി അമിതമായ വിലവര്‍ദ്ധനവും പ്രതീക്ഷിക്കാം. സഹായിക്കുവാനും സംഹരിക്കുവാനും പ്രാപ്തമായ അമേരിക്ക അടക്കം പല വന്‍ ശക്തികളുടെയും സ്വാര്‍ത്ഥതയെ സധൈര്യം അവഗണിച്ചുമാത്രമെ പെട്രോളിന് പകരമായ പുനഃപ്രാപ്തിയോ നൂതന നിര്‍മ്മിതിയോ പ്രായോഗികമാകുകയുള്ളു. കോടിക്കണക്കിന് നിരത്തിലൂടെ ഓടുന്ന മോട്ടോര്‍ വാഹനങ്ങള്‍ വിസര്‍ജ്ജിക്കുന്ന മലിന പുക അന്തരീക്ഷത്തെ അത്യധികമായി മലിനീകരിക്കുന്നു. അന്തരീക്ഷ ശുദ്ധീകരണത്തോടുകൂടി അനുദിനം ധ്രുവപ്രദേശങ്ങളില്‍നിന്നും മഞ്ഞുരുകി കടലിലെ ജലനിരപ്പ് ഉയരുന്നതിനെ നിശേഷം നിര്‍ത്തല്‍ ചെയ്യുവാനും സാധിക്കും. അന്തരീക്ഷ ശുദ്ധീകരണം പ്രകൃതിക്ഷോഭത്തെയും ഒരു പരിധിവരെ തടയുവാനോ നിശ്ശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനോ സാധിക്കുമെന്ന് പരിസര സംരക്ഷക താത്പ്പര്യര്‍ ആയ “എണ്‍വയന്‍മെന്റലിസ്റ്റ്‌സ്’ ആവര്‍ത്തികള്‍ ആവശ്യപ്പെട്ടെങ്കിലും ഒരു രാഷ്ട്രവും അനുകരിക്കുന്നില്ല.

കൊറോണ വൈറസ് എന്ന രക്തരക്ഷസിന്റെ കഠോര ജൈത്രയാത്രാന്ത്യത്തില്‍ ശാന്തിയും സൗകൃതവും സമുന്നതവുമായ ഒരുകാലം വിഭാവനയിലൂടെ ഇപ്പോള്‍ വീക്ഷിക്കാം. ലോകജനത സാഹോദര്യത്തോടെ യുഗധര്‍മ്മം അപ്പോള്‍ അനുഷ്ഠിക്കട്ടെ.


റഷ്യന്‍ - സൗദി അറേബ്യന്‍ എണ്ണ യുദ്ധവും കൊറോണ വൈറസ് ഭീതിയും (കോര ചെറിയാന്‍)റഷ്യന്‍ - സൗദി അറേബ്യന്‍ എണ്ണ യുദ്ധവും കൊറോണ വൈറസ് ഭീതിയും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക