Image

കോവിഡ് 19; ബ്രിട്ടനില്‍ ഇന്നലെ ഇരുനൂറിലേറെ മരണം, മരിച്ചവരില്‍ ഡോക്ടറും

Published on 30 March, 2020
കോവിഡ് 19;  ബ്രിട്ടനില്‍ ഇന്നലെ ഇരുനൂറിലേറെ മരണം, മരിച്ചവരില്‍ ഡോക്ടറും
ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മൂലം ബ്രിട്ടനില്‍ ഇരുന്നൂറിലേറെ ആളുകള്‍ മരിച്ചു. ശനിയാഴ്ച 260 പേര്‍ മരിച്ച ബ്രിട്ടനില്‍ ഇന്നലെ മരിച്ചത് 209 പേരാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1228 ആയി. 19,522 പേര്‍ക്കാണ് ഇതിനോടകം രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ആദ്യത്തെ 200 മരണങ്ങള്‍ എട്ടുദിവസം കൊണ്ടാണ് രാജ്യത്തുണ്ടായത്. എന്നാല്‍ രണ്ടാമത്തെ എട്ടുദിവസം കൊണ്ട് ഇത് 1200 കവിഞ്ഞു. ഇത്തരത്തിലാണ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും രോഗവ്യാപനവും മരണനിരക്കും.

രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കുകയും മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്യാന്‍ പദ്ധതിയുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ മൂന്നുകോടിയിലേറെ വീടുകളിലേക്ക് കത്തുകളയയ്ക്കും. കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുമെന്ന മുന്നറിയിപ്പ് ശനിയാഴ്ച തന്നെ പ്രധാനമന്ത്രി നല്‍കിയിരുന്നു.

ഇതിനിടെ രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിയെത്താന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും സമയമെടുക്കുമെന്ന് ഡെപ്യൂട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെന്നി ഹാരിസ് വ്യക്തമാക്കി. എന്‍.എച്ച്.എസിനെ സഹായിക്കാന്‍ സന്നദ്ധത അറിയച്ചവരുടെ സേവനം അടുത്തയാഴ്ച മുതല്‍ ഉപയോഗിച്ചു തുടങ്ങും. വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചുനല്‍കാന്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.

ഇന്നലെ ഒരു ഡോക്ടര്‍കൂടി ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു അമ്പത്തഞ്ചുകാരനായ ഇഎന്‍ടി ഡോക്ടറാണ് മരിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക