Image

റാന്നിയിലെ വയോധിക ദമ്പതികളും ആശുപത്രി വിട്ടു; കേരളത്തിന് നേട്ടം

Published on 30 March, 2020
റാന്നിയിലെ വയോധിക ദമ്പതികളും ആശുപത്രി വിട്ടു; കേരളത്തിന് നേട്ടം
കോട്ടയം : കോവിഡ് ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വയോധിക ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93), മറിയാമ്മ (88) ദമ്പതികളാണ് കൊറോണ ബാധയില്‍ നിന്നു മോചിതരായത്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്.

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്കു പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണു മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്കു തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ 5 അംഗ കുടുംബം രോഗമുക്തരായി. ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.

ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട റാന്നിയിലുള്ള മൂന്നംഗ കുടുംബത്തിനും അടുത്തു സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കി. മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാര്‍ച്ച് 9ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചുമയും പനിയും കോവിഡിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്ന ഇവരെ പേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആദ്യ പരിശോധനയില്‍ പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബെറ്റിക്‌സും ഹൈപ്പര്‍ ടെന്‍ഷനും ഉള്ളതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സ ക്രമീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക