Image

കോണ്‍ഗ്രസ് നേതാവിനൊപ്പം സമരത്തില്‍ പങ്കെടുത്ത അധ്യാപികക്കും കോവിഡ്

Published on 30 March, 2020
കോണ്‍ഗ്രസ് നേതാവിനൊപ്പം സമരത്തില്‍ പങ്കെടുത്ത അധ്യാപികക്കും കോവിഡ്
തൊടുപുഴ: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേര്‍ രോഗബാധിതനായിരുന്ന കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയവര്‍. ഇതില്‍ ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് കോവിഡ് 19 ഉള്ളതായി ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. നേതാവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്താണിത്. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ അടിമാലി ബൈസണ്‍വാലി സ്വദേശിനിയാണ് രണ്ടാമത്തേത്.

സമരത്തിലായിരുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാന്‍ ഇവര്‍ നേതാവിനൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു. അതിനിടയിലാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു. അധ്യാപിക ദിവസങ്ങളായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അതിനിടെ, നേതാവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റ് 24 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റിവാണ്. ഇതില്‍ മൂലമറ്റം സ്വദേശികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുട്ടിക്കും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ തൊഴിലാളി നേതാവും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും ഇതിലുള്‍പ്പെടും.

രോഗബാധ സ്ഥിരീകരിച്ച ചെറുതോണിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഇടുക്കി ജില്ല ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്‍െറ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവങ്ങളും പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. തയ്യല്‍ക്കട നടത്തുന്ന ഇയാള്‍ ചെറുതോണി, കോതമംഗലം എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. ഇദ്ദേഹത്തിന്‍െറ റൂട്ട് മാപ്പ് തയാറാക്കിയതായി കലക്ടര്‍ എച്ച്. ദിനേശ് പറഞ്ഞു. അതേസമയം, തൊടുപുഴ ജില്ല ആശുപത്രിയില്‍ കഴിയുന്ന പരിശോധനഫലം നെഗറ്റിവ് ആയ കോണ്‍ഗ്രസ് നേതാവിന്‍െറ അന്തിമഫലം ചൊവ്വാഴ്ച ലഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക