Image

കോവിഡ് മരണങ്ങളില്‍ കുഞ്ഞുങ്ങളും; ബ്രിട്ടനില്‍ ഒറ്റദിവസം 400 ഓളം പേര്‍ മരിച്ചു

Published on 01 April, 2020
കോവിഡ് മരണങ്ങളില്‍ കുഞ്ഞുങ്ങളും; ബ്രിട്ടനില്‍ ഒറ്റദിവസം 400 ഓളം പേര്‍ മരിച്ചു
ലണ്ടന്‍ :  കോവിഡ് 19 ബാധിച്ച് കുഞ്ഞുങ്ങളും മരിച്ച വാര്‍ത്തയാണ് ഇന്നലെ യൂറോപ്പിനെ ഏറെ ഞെട്ടിച്ചത്. പന്ത്രണ്ടു വയസുള്ള ബാലിക ബല്‍ജിയത്തിലും പതിമൂന്നു വയസുള്ള ബാലന്‍ ബ്രിട്ടനിലുമാണ് ഇന്നലെ മരിച്ചത്. കോവിഡ് രോഗത്തിന് ഇരയാകുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളായി ബല്‍ജിയത്തിലെ പിഞ്ചുബാലിക. വികാരപരമായാണ് ഈ കുഞ്ഞിന്റെ മരണവാര്‍ത്ത ബല്‍ജിയം പ്രധാനമന്ത്രി സോഫി വിംസ് ഇന്നലെ രാവിലെ ലോകത്തെ അറിയിച്ചത്. ലണ്ടനിലെ കിംങ്‌സ് കോളജില്‍ ചികില്‍സയിലായിരുന്നു ഇന്നലെ രാത്രി ബ്രിട്ടനില്‍ മരിച്ച 13 വയസുള്ള ബാലന്‍. കഴിഞ്ഞയാഴ്ച പതിനെട്ടു വയസുള്ള ഓരോ യുവാക്കള്‍ ബ്രിട്ടനിലും അമേരിക്കയിലും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് വൃദ്ധര്‍ക്കും മറ്റ് രോഗാവസ്ഥയുള്ളവര്‍ക്കും മാത്രം സാരമായി ബാധിക്കുന്ന രോഗമാണെന്ന ചിലരുടെയെങ്കിലും തെറ്റിധാരണയാണ് ഈ മരണങ്ങള്‍ ഇല്ലാതാക്കുന്നത്.

ബ്രിട്ടനില്‍ മൂന്നുദിവസമായി കുറഞ്ഞവന്ന മരണനിരക്ക് ഇന്നലെ കുതിച്ചുകയറി നാനൂറിനു മുകളിലെത്തി. വൈകിട്ട് അഞ്ചിന് 381 ആയിരുന്നു സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക കണക്ക്. എന്നാല്‍ രാത്രിയോടെ മരണം നാനൂറിനു മുകളിലെത്തി. 1801 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തയ്യായിരത്തിനു മുകളിലെത്തി.

രാജ്യത്തെ നാലിലൊന്ന് നഴ്‌സുമാരും രോഗബാധിതരായി അവധിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ വീട്ടിലുള്ളവര്‍ രോഗബാധിതരായതിന്റെ പേരില്‍ ക്വാറന്റീനിലും പ്രവേശിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തരും പനിബാധിച്ച് ജോലിക്കു പോകാന്‍ വയ്യാത്ത സ്ഥിതിയിലാണ്.

കഴിഞ്ഞദിവസം ലണ്ടനിലെ ഹാരോയില്‍ ഹൃയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലെത്തിച്ച് സംസ്കരിക്കാനായില്ല. സംസ്കാരം ഇന്ന് ലണ്ടനില്‍തന്നെ നടത്തും. നാട്ടിലേക്ക് വിമാനമില്ലാത്തതും എന്ന് നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയില്ലാത്തതുമാണ് സംസ്കാരം ഇവിടെ നടത്താന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും നിര്‍ബന്ധിതരാക്കിയത്. മുംബെയിലെ ഡോംബുവിലിയില്‍ നിന്നുള്ള റിജോ ഏബ്രഹാം (38) എന്ന യുവാവാണ് കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ഫെബ്രുവരിയില്‍ നാട്ടിലെത്തി അമ്മയെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊറോണ ആണെന്നായിരുന്നു സംശയിച്ചതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് മനസിലായി. രണ്ടാഴ്ച മുമ്പ് ക്രോയിഡണില്‍ മരിച്ച സിജി തോമസിന്റെ മൃതദേഹവും കഴിഞ്ഞദിവസം ഇവിടെത്തന്നെ സംസ്കരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക