Image

ചൈന പുനര്‍നിര്‍മ്മിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 01 April, 2020
ചൈന പുനര്‍നിര്‍മ്മിക്കുമ്പോള്‍ (മുരളി തുമ്മാരുകുടി)
2008 മെയ് മാസത്തിലാണ് ഞാൻ ആദ്യമായി ചൈനയിൽ പോകുന്നത്. അവിടെ മെയ് 12 ന് ഒരു കൂറ്റൻ ഭൂമികുലുക്കം ഉണ്ടായി പതിനായിരങ്ങൾ മരിച്ചു. ആ സാഹചര്യത്തിലാണ് യാത്ര.

ചൈന അന്ന് തന്നെ ലോകത്തിലെ വൻശക്തിയാണ്. ബീജിംഗ് ഒളിന്പിക്സിന് വേണ്ടി തയ്യാറെടുത്തിരിക്കുന്ന സമയവും. സാധാരണഗതിയിൽ വൻശക്തികളായ രാജ്യങ്ങളിൽ ദുരന്തമുണ്ടാകുന്പോൾ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാറില്ല. പക്ഷെ ചൈന വ്യത്യസ്തമാണ്. ഭക്ഷണമോ വസ്ത്രമോ ഒന്നും അവർക്ക് ആവശ്യമില്ല എങ്കിലും ഓരോ വിഷയങ്ങളിലും ഏറ്റവും മികച്ച സാങ്കേതിക ഉപദേശങ്ങൾ തേടാൻ അവർക്ക് താല്പര്യമുണ്ട്. ദുരന്തശേഷമുള്ള മാലിന്യനിർമ്മാർജ്ജനം ഏറ്റവും കാര്യക്ഷമമായി എങ്ങനെ ചെയ്യാം എന്ന വിഷയത്തിൽ ഏറ്റവും നൂതനമായ അറിവുകൾ പങ്കുവെക്കാൻ ലോകത്തെ മികച്ച അഞ്ച് വിദഗ്ദ്ധരുമായി ഞാൻ ചൈനയിലെത്തി.

ഭൂകന്പം ഉണ്ടായ സിഷ്വാൻ എന്ന പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നതിനാൽ അവിടേക്ക് ഞങ്ങൾക്ക് പ്രവേശനമില്ല. ബീജിങ്ങിൽ ഇരുന്ന് ചൈനയിലെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിനിധികളുമായും സാങ്കേതിക വിദഗ്ദ്ധരുമായും കാര്യങ്ങൾ ചർച്ച ചെയ്തു.

പിന്നീട് സെപ്റ്റംബറിൽ ഒളിന്പിക്സ് കഴിഞ്ഞ കാലത്ത് ഞാൻ വീണ്ടും ചൈനയിലെത്തി. അപ്പോഴേക്കും രക്ഷാ പ്രവർത്തനം നടന്നുകഴിഞ്ഞ - ദുരന്തം നടന്ന സ്ഥലങ്ങൾ ചൈനീസ് സർക്കാർ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. യു എൻ ദുരന്ത നിവാരണ സംഘത്തോടൊപ്പം അൻപതോളം രാജ്യങ്ങളുടെ അംബാസഡർമാരും ഉണ്ട്. ആദ്യമായിട്ടാണ് ചൈന വിദേശത്തുനിന്നുള്ളവർക്ക് ദുരന്തമുണ്ടായ കേന്ദ്ര പ്രദേശത്തേക്ക് സന്ദർശനാനുമതി നൽകുന്നത്.

വെഞ്ചുവാൻ എന്ന സ്ഥലമായിരുന്നു ഭൂകന്പ പ്രഭവ കേന്ദ്രം (epicenter). ഉച്ചക്ക് രണ്ടരക്കാണ് മൊമന്റ് സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം ഉണ്ടായത്. പ്രഭവസ്ഥാനമായ ഗ്രാമത്തിലെ ആളുകളെല്ലാം ഭൂമി പിളർന്ന് മണ്ണിനടിയിലായി. അവരുടെ മൃതശരീരം പോയിട്ട് അവർ ജീവിച്ചിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടം പോലും അവിടെ ഉണ്ടായിരുന്നില്ല. ഇന്നവിടെ 14:28, മെയ് 12, 2008 എന്നെഴുതിയ ഒരു പാറ മാത്രം ബാക്കിയുണ്ട്.

വെഞ്ചുവാന് അടുത്തുള്ള താഴ്‌വരയാണ് ആ പ്രദേശത്തെ ഏറ്റവും വലിയ നഗരമായ ബൈച്ചുവാൻ. ഒരു ലക്ഷത്തോളം ആളുകൾ ഉണ്ടായിരുന്ന സ്‌കൂളും കോളേജും കോടതിയും മാളും എല്ലാമുണ്ടായിരുന്ന നഗരം. രണ്ടു മലകൾക്കിടയിലൂടെ ഒരു പുഴ ഒഴുകുന്നു, അതിന്റെ ഇരു കരകളിലുമാണ് ഈ നഗരം. ഭൂകന്പം നഗരത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പതിനായിരങ്ങൾ അവിടെത്തന്നെ മരിക്കുകയും ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തു. 2500 കുട്ടികൾ ഉണ്ടായിരുന്ന ബൈചുവാൻ മിഡിൽ സ്‌കൂളിൽ ആയിരം കുട്ടികൾ മരിച്ചു, നൂറുകണക്കിന് കുട്ടികളുടെ മൃതശരീരം പോലും കിട്ടിയില്ല. ഒറ്റക്കുട്ടി എന്ന പോളിസി ഉള്ള ചൈനയിൽ അതുണ്ടാക്കിയ ദുഃഖം ചിന്തിക്കാമല്ലോ. ദുരന്തത്തിന് ശേഷം അഞ്ചുമാസം കഴിഞ്ഞ് ഞങ്ങൾ അവിടെ ചെല്ലുന്പോഴും ചെറിയ പൂവുകളുമായി സ്വന്തം കുഞ്ഞുങ്ങൾ മറഞ്ഞുപോയ ഭൂമിയുടെ മുകളിലിരുന്ന് വിലപിക്കുന്ന മാതാപിതാക്കളെ കാണാമായിരുന്നു.

ഏറെ പ്രകൃതി ദുരന്തങ്ങൾ കണ്ടിട്ടുള്ളവരാണ് ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും. പക്ഷെ വലിയ മലകൾ പിളർന്നു കിടക്കുന്ന വലിയൊരു നഗരത്തിലെ വൻ കെട്ടിടങ്ങളടക്കം ഇടിഞ്ഞുപൊളിഞ്ഞു വീണ കാഴ്ച ഞങ്ങൾക്ക് പോലും അന്പരപ്പ് ഉണ്ടാക്കി.

നഗരത്തിൽ ബാക്കി ജീവിച്ചിരിക്കുന്നവരെല്ലാം ക്യാന്പുകളിൽ ആണ്, അവിടെ സ്‌കൂളുകൾ നടക്കുന്നുണ്ട്. അവരൊക്കെ വീണ്ടും വീട്ടിലെത്താനുള്ള ആകാംക്ഷയിലാണ്.

ഞങ്ങൾ അവിടെ ചെന്ന് അധികം താമസിയാതെ പിളർന്നു കിടന്ന മലകൾ പെരുമഴക്കാലത്ത് ഊർന്നിറങ്ങി ബൈച്ചുവാനെ പിന്നെയും മൂടി.

ആ വർഷം ഡിസംബറിൽ ചൈനീസ് പ്രസിഡന്റ് ബിച്ചുവാനിലെ ക്യാന്പുകൾ സന്ദർശിച്ചു. അദ്ദേഹം അവരോട് മൂന്നു കാര്യങ്ങൾ പറഞ്ഞു.

1. ബൈച്ചുവാൻ നഗരം ഇനി പുനർനിർമ്മിക്കില്ല. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു കളയുകയുമില്ല. ഭൂകന്പത്തിന്റെ സ്മാരകമായി അത് അതുപോലെ നിലനിർത്തും. ഇനി വരുന്ന തലമുറ പ്രകൃതി ദുരന്തങ്ങളുടെ ശക്തി അറിയാൻ അവിടം സന്ദർശിക്കും.
2. മൂന്നു വർഷത്തിനകം പുതിയൊരു സ്ഥലത്ത് പുതിയൊരു ബൈച്ചുവാൻ സർക്കാർ പുനർ നിർമ്മിക്കും. ബൈച്ചുവാനിൽ ജീവിച്ചിരുന്നവർക്കെല്ലാം അവിടെ പുതിയ വീടുകൾ ഉണ്ടാകും.
3. അവിടെ ആദ്യം നിർമ്മിക്കുന്നത് ഒരു സ്‌കൂൾ ആയിരിക്കും, ബൈച്ചുവനിലെ കുട്ടികൾ 2010 ലെ അധ്യയന വർഷം പുതിയ സ്‌കൂളിൽ പഠിക്കും.

ബെയ്‌ജിങ്ങിൽ എത്തിയ അദ്ദേഹം വേറെ നിർദ്ദേശങ്ങൾ നൽകി.

1. ഭൂമി കുലുക്കത്തിൽ തകർന്ന ഓരോ നഗരവും പുനർ നിർമ്മിക്കാൻ ഭൂമികുലുക്കത്തിൽ സാന്പത്തികമായി തകർന്ന സംസ്ഥാന സർക്കാരിന് സാധിക്കില്ല. അതിനാൽ മറ്റു സംസ്ഥാന സർക്കാരുകൾ അത് ഏറ്റെടുക്കണം.
2. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങൾ ഏറ്റവും സാന്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് പുനർനിർമ്മിക്കേണ്ടത്.
3. ഓരോ സംസ്ഥാനവും അവരുടെ സംസ്ഥാന ബജറ്റിന്റെ മൂന്നു ശതമാനം അടുത്ത മൂന്നു വർഷം പുനർനിർമ്മാണത്തിനായി നീക്കി വക്കണം.
4. ഓരോ സംസ്ഥാനവും അവരുടെ ഉത്തരവാദത്തിലുള്ള പുനർനിർമ്മാണത്തിനായി ഒരു സംഘം ഉണ്ടാക്കണം. അതിൽ എൻജിനീയർമാരും, ഡോക്ടർമാരും, അധ്യാപകരും, കോൺട്രാക്ടർമാരും തൊഴിലാളികളും ഉണ്ടായിരിക്കണം.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മലയിടുക്കിൽ നിന്നും ദൂരെ താഴെ പുഴ വളഞ്ഞൊഴുകുന്ന പ്രദേശത്ത് ന്യൂ ബൈച്ചുവാൻ നഗരത്തിന് സ്ഥലം കണ്ടെത്തി. ഒരു ലക്ഷം ആളുകളെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുള്ള നഗരം ഡിസൈൻ ചെയ്തു. 2009 ൽ അവിടെ വീണ്ടും എത്തിയ ഞങ്ങളെ പുനർ നിർമ്മാണത്തിന്റെ മാതൃകകൾ മേയർ കാണിച്ചു തന്നു. (ചിത്രം)

ചൈന ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ, എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് ഒറ്റ ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ്. പുനർനിർമ്മാണ സംഘം സ്ഥലത്തെത്തി, ആ സംസ്ഥാനത്തു നിന്നുള്ള വലിയ കോൺട്രാക്ടർമാർ പണി ഏറ്റെടുത്തു. സ്‌കൂളും, വീടും, റോഡും, പാലവും, പാർക്കും, കോടതിയും അതി വേഗത്തിൽ പുനർ നിർമ്മിക്കപ്പെട്ടു.

2010 സെപ്റ്റംബർ ഒന്നിന് ചൈനീസ് പ്രസിഡന്റ് വീണ്ടും ബൈച്ചുവനിലെത്തി. വാക്ക് പാലിച്ച് അവിടുത്തെ കുട്ടികൾക്ക് ബ്രാൻഡ് ന്യൂ സ്‌കൂൾ സമ്മാനിച്ചു മടങ്ങി. രണ്ടായിരത്തി പതിനൊന്നോടെ പുതിയ ബൈച്ചുവാൻ നഗരം അന്തേവാസികളെ സ്വീകരിച്ചു തുടങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ഇവിടെ താമസിക്കാൻ സർക്കാർ പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുത്തു. കാരണം, ദുരന്തത്തിൽ ഉൾപ്പെട്ടവർ മാത്രം ആ നഗരത്തിൽ ജീവിച്ചാൽ എല്ലാക്കാലവും ആ നഗരം ദുരന്തത്തിന്റെ ഓർമ്മകൾ മാത്രം ഉള്ളതായിരിക്കുമല്ലോ. ഇന്ന് ദുരന്തത്തിന്റെ യാതൊരു പ്രത്യക്ഷമായ സൂചനകളുമില്ലാത്ത പതിനായിരങ്ങൾ ജീവിക്കുന്ന ഒരു ആധുനിക ചൈനീസ് നഗരമാണ് ബൈച്ചുവാൻ. പണ്ട് സിഷ്വാൻ തലസ്ഥാനമായ ചെഗഡുവിൽ നിന്നും അവിടെ എത്താൻ അഞ്ചു മണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ രണ്ടു മണിക്കൂറിൽ എത്താനുള്ള ഹൈവേ ഉണ്ട്. ചെഗഡുവിൽ എത്തുന്നവർ ഇപ്പോൾ ബൈച്ചുവാനും ന്യൂ ബൈച്ചുവാനും കണ്ടാണ് മടങ്ങുന്നത്.

നഗരം പുനഃസ്ഥാപിക്കുകയും ആളുകൾ താമസം തുടങ്ങുകയും ചെയ്തതിനു ശേഷം ഞാൻ അവിടെ പോയിട്ടില്ല.

സംസ്ഥാന അതിർത്തികളിൽ മണ്ണുവീഴുന്ന ഈ പനിക്കാലത്ത് ഭൂമി പിളർന്ന കാലത്തും അതിനെ വിവിധ സംസ്ഥാനത്തെ ജനങ്ങളെ തമ്മിൽ കൂടുതൽ ഗാഢമായി ബന്ധിപ്പിക്കാനും രാഷ്ട്രനിർമ്മാണത്തിനും ആയി ഉപയോഗിച്ച ഈ കഥ ഞാൻ ഓർക്കും. ഒരു ബുദ്ധിമുട്ട് വരുന്പോൾ അന്യനെ കുറ്റം പറയുന്നതും, മാറ്റിനിർത്തുന്നതും, സ്വന്തംകാര്യം മാത്രം നോക്കുന്നതും മനുഷ്യ സഹജമാണ്. എന്നാൽ അതിനൊക്കെ ഉയരത്തിൽ ഇത്തരം സാഹചര്യങ്ങൾ പോലും രാജ്യത്തെ ആളുകളെ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാനുള്ള അവസരമായിക്കാണുന്ന കിനാശ്ശേരിയാണ് ഞാൻ സ്വപ്നം കാണുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക