Image

തബ്‌ലീഗ് സമ്മേളനം ഡല്‍ഹി നിസാമുദ്ദീനെ കോവിഡ് ഹോട്ട് സ്‌പോട്ടാക്കി (ശ്രീനി)

ശ്രീനി Published on 02 April, 2020
  തബ്‌ലീഗ് സമ്മേളനം ഡല്‍ഹി നിസാമുദ്ദീനെ കോവിഡ് ഹോട്ട് സ്‌പോട്ടാക്കി (ശ്രീനി)
കൊറോണ വൈറസിനെ ചെറുക്കാന്‍ ലോകത്തോടൊപ്പം ഇന്ത്യയും ഒരു മനസോടെ പൊരുതുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോ ദിവസവും നിരവധി പേരാണ് പങ്കാളികളായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വ്യക്തികളും പ്രസ്ഥാനങ്ങളും ആവും വിധം പണമെത്തിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ ഈ മരണ വൈറസിന്റെ മുന്നില്‍ പതറിപ്പോയെങ്കിലും തലകുനിക്കാതെ, ശുഭാപ്തി വിശ്വാസത്തോടും ഇഛാശക്തിയോടും കൂടി പോരാടുന്നു. നിരവധി വെല്ലുവിളികളെ അതിജീവിച്ച ചരിത്രം മനുഷ്യരാശിക്കുണ്ട്. എന്നാല്‍ ഈ ദുര്‍ഘട സന്ധിയില്‍ രോഗവ്യാപനം ക്ഷണിച്ചുവരുത്തുന്ന അങ്ങേയറ്റം അപലപനീയമായ ചില പ്രവണതകളും കണ്ടുവരുന്നു. അത് ബോധപൂര്‍വമാണോയെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. വൈറസ് സ്വയം നമ്മുടെ വീട്ടിലേയ്ക്ക് വരില്ല. പക്ഷേ ഈ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരിക്കുന്നതിന് പകരം ഒറ്റയ്ക്കും കൂട്ടായും പുറത്തിറങ്ങിയാല്‍ വൈറസ് വ്യാപനം നിയന്ത്രണാതിതമാവുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും. അത് സര്‍വനാശത്തിന് കാരണമാവുമെന്നതില്‍ തര്‍ക്കമില്ല.

ഡല്‍ഹിയിലെ ജനസാന്ദ്രതയേറിയ നിസാമുദ്ദീന്‍ ഇപ്പോള്‍ ലോകത്തിന്റെയും ശ്രദ്ധയിലാണ്. കൊവിഡ് 19 ഭീതി തുടരുന്നതിനിടെ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് നിസാമുദ്ദീന്‍. ഹസ്‌റത് നിസാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ മാര്‍ച്ച് 13 നും 15നും ഇടയില്‍ നടന്ന തബ്‌ലീഗ് ജമാ അത്ത് ഏഷ്യാ സമ്മേളനം ഇന്ത്യയില്‍ കൊറോണ വ്യാപനം ശക്തമാക്കിയിരിക്കുന്നുവന്ന കടുത്ത ആശങ്കയുണ്ട്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 300ലേറെപ്പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പത്തുപേര്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള കാരണം നിസാമുദ്ദീന്‍ സമ്മേളനമാണെന്ന് വ്യക്തമായിട്ടുണ്ട്. സമ്മേളനത്തില്‍ സംബന്ധിച്ച 8000 ഓളം പേരെ കണ്ടത്താനുള്ള തീവ്രയജ്ഞ പരിപാടിയില്‍ ആറായിരത്തോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 5000 ഓളം പേരെ ഏകാന്തവാസത്തിലാക്കി. 2000 പേരെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍.

ഇസ്‌ലാം മതത്തിന്റെ തന്നെ ഏറ്റവും വലിയ വിശ്വാസമായ ഉംറ തന്നെ നിര്‍ത്തി വച്ച സാഹചര്യത്തിലാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചതെന്നോര്‍ക്കണം. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരം നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ബംഗ്ലെ വാലി മസ്ജിദിലെത്തുകയുണ്ടായി സമ്മേളനശേഷം അതതു സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങിപ്പോയവരുണ്ട്. വിദേശികളും നാട് ചുറ്റാനിറങ്ങി. അതും രാജ്യം അതീവ ജാഗ്രതപാലിക്കുന്ന അവസരത്തില്‍. കേരളത്തില്‍നിന്ന് 270 പേരാണ് സമ്മേളനത്തിന് പോയത്. സമ്മേളനത്തിന് ശേഷം നിസാമുദ്ദീന്‍ മര്‍ക്കസില്‍ തങ്ങിയ ആയിരത്തിലേറെപ്പേരെ കഴിഞ്ഞ ദിവസം നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചിരുന്നു. ഇവരെല്ലാം ഐസൊലേഷനിലാണ്. മര്‍ക്കസ് സെന്ററില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ പേരില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിരേധന ഉത്തരവും പോലീസിന്റെ നിരോധനാജ്ഞയും ലംഘിച്ച് ആയിരങ്ങള്‍  ഇത്തരത്തിലൊരു സമ്മേളനത്തിനെത്തിയതിനെ ഒരുകാരണവശാലും ന്യായീകരിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല, ഇവര്‍ സമൂഹത്തോട് വലിയ ചതിയാണ് ചെയ്തിരിക്കുന്നത്. ഇസ്‌ലാം മതവിശ്വാസത്തിലെ അന്ത്യപ്രവാചകനായ മുബമ്മദ് നബി ക്ക് പര്‍ച്ചവ്യാധി സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രോഗം ബാധിച്ചവര്‍ ഒറ്റയ്ക്ക് കഴിയണമെന്നും മറ്റുള്ളവരിലേയ്ക്കത് പകര്‍ത്തരുതെന്നും അസുഖ ബാധിതര്‍ മതപരമായ ചടങ്ങുകളിലോ ദേവാലയ പ്രാര്‍ത്ഥനയിലോ പങ്കെടുക്കാതെ സാമൂഹിക അകലം പാലിക്കണമെന്നും ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നബി നിഷ്‌കര്‍ഷിച്ചിരുന്നു. അല്ലാത്ത പക്ഷം അത് ദൈവനിന്ദയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നബിയുടെ വചനം ഇതായിരിക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അദ്ദേഹത്തിന്റെ പത പിന്തുടരുന്നവര്‍ തന്നെ അത് ലംഘിച്ചിരിക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്.

തബ്‌ലീഗ് ജമാഅത്ത് എന്ന ഉറുദു വാക്കിനര്‍ത്ഥം 'വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം' എന്നാണ്. 1926ല്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ആഗോള ഇസ്‌ലാമിക മതപ്രചാരണ പ്രസ്ഥാനമാണിത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക നവീകരണമാണ് തബ്‌ലീഗ് ജമാഅത്തിന്റെ പ്രാഥമിക ലക്ഷ്യം. അതിനായി തബ്‌ലീഗ് ജമാഅത്ത്, പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യകള്‍ക്കനുസൃതമായി ജീവിതം നയിക്കാന്‍ മുസ്‌ലിം സമൂഹത്തിലെ എല്ലാ സാമൂഹിക സാമ്പത്തിക വിഭാഗത്തിലും പെട്ട ജനങ്ങളെ പ്രാപ്തരാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. അപ്പോള്‍ നിസാമുദീനിലെ സമ്മേളനം നബിവിരുദ്ധതയുടെ കൂട്ടായ്മയായിരുന്നു എന്ന് പറയേണ്ടിവരും. 

എന്താണീ തബ്‌ലീഗ് ജമാഅത്ത്..? ഇന്ത്യന്‍ ഇസ്‌ലാമിക പണ്ഡിതനായിരുന്ന മുഹമ്മദ് ഇല്യാസ് കന്ധല്‍വി 1925ല്‍ സ്ഥാപിച്ച പ്രസ്ഥാനമാണ് തബ്‌ലീഗ് ജമാഅത്ത്. ഹിന്ദു പുനരുജ്ജീവന പ്രസ്ഥാനങ്ങള്‍ മതാചാരങ്ങളില്‍ വേണ്ടത്ര അറിവില്ലാത്ത മുസ്‌ലിംകളില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയതിനാലാണ് ഇല്യാസ് തബ്‌ലീഗ് ജമാഅത്തിന് രൂപം നല്‍കിയതത്രേ. തുടര്‍ന്ന് വേഗത്തില്‍ വളര്‍ന്ന തബ്‌ലീഗ് ജമാഅത്തിന് നിലവില്‍ 150ലധികം രാഷ്ട്രങ്ങളില്‍ സഹകാരികള്‍ ഉണ്ട്. മതപ്രബോധനത്തിനും പ്രചാരണത്തിനും ആധുനിക മാധ്യമങ്ങളുടെ സഹായം തേടാന്‍ വിമുഖത കാട്ടുന്ന തബ്‌ലീഗ് ജമാഅത്ത് വ്യക്തിഗത പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. 

തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മുഹമ്മദ് ഇല്യാസിന്റെ ആറ് തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഉറച്ച സമാധാന പ്രമത്തതയും യുദ്ധവിരുദ്ധ നിലപാടുമുള്ള തബ്‌ലീഗ് ജമാഅത്തിന് ചിലപ്പോഴെങ്കിലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല.  

ഇന്നത്തെ ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങിലായി കിടക്കുന്ന വടക്കേ ഇന്ത്യയിലെ മേവാത്ത് എന്ന സ്ഥലത്താണ് തബ്‌ലീഗ് ജമാഅത്ത് രൂപീകൃതമാകുന്നത്. അക്കാലത്ത് മേവാത്തിലെ ഭൂരിപക്ഷവും മിയോസ് എന്നറിയപ്പെട്ടിരുന്ന രജപുത്ര വംശജരായിരുന്നു. അവരുടെ ഹിന്ദു സംസ്‌ക്കാരം മുസ്‌ലിംകളുടെ മത ഐക്യം നഷ്ടപ്പെടുത്തുമെന്ന് ചില മുസ്‌ലിം നേതാക്കള്‍ ഭയപ്പെട്ടിരുന്നു. നേരത്തേ ഇസ്‌ലാം മതം സ്വീകരിച്ചിരുന്ന നിരവധി മിയോസ് മുസ്‌ലിംങ്ങള്‍ ഹിന്ദുമത പുനരുജ്ജീവന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മൂലം തിരികെ ഹിന്ദുമതത്തിലേക്ക് പോയി. ഇതാണ് തബ്‌ലീഗ് ജമാഅത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ സാഹചര്യം. 

തബ്‌ലീഗ് ജമാഅത്തിന്റെ രണ്ടാം അമീര്‍ അഥവാ നേതാവാണ് മുഹമ്മദ് യൂസുഫ്. ഖുര്‍ആന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനനുസൃതമായി നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പ്പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മുഹമ്മദ് യൂസുഫ് ആഗ്രഹിച്ചിരുന്നു. തന്റെ ജീവിതം ഇസ്‌ലാമിനു സമര്‍പ്പിക്കാന്‍ പ്രചോദനം ലഭിച്ചത് 1926ല്‍ ഹിജാസിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തെത്തുടര്‍ന്നാണ്. മേവാത്തിലെ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ വിശ്വാസപരവും കര്‍മ്മപരവുമായ വിഷയങ്ങള്‍ പഠിപ്പിക്കാനായി മസ്ജിദുകളോടനുബന്ധിച്ച് മദ്രസകളുടെ ഒരു ശൃംഖല ആരംഭിക്കാനായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഉദ്യമം. എന്നാല്‍ ഇത്തരം മദ്രസകളില്‍ നിന്നും പുറത്തുവരുന്നവര്‍ സുവിശേഷകര്‍ ആവുന്നില്ല എന്നത് അദ്ദേഹത്തെ നിരാശനാക്കി.

എന്തായാലും തബ്‌ലീഗുകാര്‍ അവര്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങളില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വര്‍ഷവും സമ്മേളനങ്ങല്‍ നടത്താറുണ്ട്. അത്തരത്തിലൊന്നായിരുന്നു ഡല്‍ഹി നിസാമുദ്ദീനില്‍ നടന്നത്. നൂറുകണക്കിനാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഡല്‍ഹി നിസാമുദ്ദീന്‍ കൊവിഡിന്റെ 'ഹോട്ട് സ്‌പോട്ട്' ആയിത്തീര്‍ന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം സലിം (74) മരിച്ചതോടെയാണ് കേരളത്തിലും ആശങ്ക ശക്തമായത്. മൃതദേഹം നിസാമുദ്ദീനില്‍ കബറടക്കി. ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് ആശങ്ക ശക്തമായി. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാരും ആരോഗ്യവകുപ്പും വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും പരിപാടിയില്‍ പങ്കെടുത്തു. ഇന്തൊനീഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തു. നിസ്സാമുദ്ദീന്‍ മര്‍ക്കസ് പരിസരത്തുള്ള ആശുപത്രികളെല്ലാം ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിയുന്ന തരത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

വാല്‍ക്കഷണം

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം എത്തിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് തിരിച്ചടി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മദ്യം കുറിച്ച് നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഗതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡോക്ടര്‍ മദ്യം നിര്‍ദ്ദേശിക്കുന്നു, എക്‌സൈസ് സപ്ലൈ ചെയ്യുന്നു. ഇത് പരിഹാസ്യമാണ്. മദ്യാസക്തിക്ക് മദ്യമല്ല പ്രതിവിധിയെന്ന് കോടതി പറഞ്ഞു-വാര്‍ത്ത.

വില്‍ക്കാന്‍ പറ്റാത്തതിനാല്‍ കോഴിക്കോടും മറ്റും ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് ദിവസവും ഒഴുക്കിക്കളയുന്നത്. അത് ശേഖരിച്ച് മുക്കുടിയന്‍മാര്‍ക്ക് കൊടുക്ക്. ചിലപ്പോള്‍ രക്ഷപെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക