Image

പാര്‍ട്ടികളുടെ ദേശീയ കണ്‍വന്‍ഷനുകള്‍ അനിശ്ചിതത്വത്തില്‍ (ഏബ്രഹാം തോമസ്)

Published on 03 April, 2020
പാര്‍ട്ടികളുടെ ദേശീയ കണ്‍വന്‍ഷനുകള്‍ അനിശ്ചിതത്വത്തില്‍ (ഏബ്രഹാം തോമസ്)
ഈ വേനല്‍ക്കാലത്ത് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ തങ്ങളുടെ ദേശീയ കണ്‍വന്‍ഷനുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് കണ്‍വന്‍ഷന്‍ ജൂലൈ 13 മുതല്‍ 16 വരെയും റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന്‍ ഓസ്റ്റ് 24 മുതല്‍ 27 വരെയുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ കൊറോണ വൈറസ് ഭീതി രണ്ട് കണ്‍വന്‍ഷനുകളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുകയാണ്.
സാധാരണ കണ്‍വന്‍ഷനുകള്‍ക്കുപരിയായി ഈ കണ്‍വെന്‍ഷനുകള്‍ക്ക് പ്രാധാന്യം ഉണ്ട്. കാരണം ഈ വേദികളിലാണ് രണ്ട് പാര്‍ട്ടികളുടെയും നോമിനികളായി ആരാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കു മത്സരിക്കുക എന്ന് തീരുമാനിക്കുക. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സാധാരണ കണ്‍വെന്‍ഷന്‍ ജൂലൈ 13-16 തീയതികളില്‍ മില്‍വാക്കിയില്‍ നടത്തുന്നതിനെക്കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കുവാന്‍ കഴിയുകയില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ള വ്യക്തിയുമായ ജോ ബൈഡന്‍ പറഞ്ഞു.


ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് കണ്‍വെന്‍ഷന്‍ താമസിപ്പിക്കുവാനോ നടപടികളുടെ ഭാഗങ്ങള്‍ വെര്‍ച്വല്‍ ആക്കുവാനോ സമയമുണ്ട്. ആഭ്യന്തരയുദ്ധദിനങ്ങള്‍ മുതല്‍ രണ്ടാം ലോകമഹായുദ്ധം വരെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കണ്‍വന്‍ഷനുകളും പ്രൈമറികളും തിരഞ്ഞെടുപ്പുകളും നടത്തുകയും ഇവയിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും നാം ചെയ്തിട്ടുണ്ട്. ഇതു രണ്ടും ചെയ്യാന്‍ നമുക്ക് (ഇപ്പോഴും) കഴിയും, ബൈഡന്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന് ഒരു മാസം കൂടുതലുണ്ട്. കണ്‍വന്‍ഷന്‍ നിശ്ചിത തീയതികളില്‍ നടത്താന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ചില നേതാക്കള്‍. എന്നാല്‍ പാര്‍ട്ടി ചെയര്‍ വുമണ്‍ റോണ മക്ഡാനിയേല്‍ കണ്‍വെന്‍ഷനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്ക് വയ്ക്കാന്‍ മടിച്ചില്ല. ഏറെ ഉത്തേജനം നല്‍കുന്ന കണ്‍വെന്‍ഷന്‍ ആള്‍ക്കൂട്ടം അനിവാര്യമാണെന്ന് തന്നെയാണ് രണ്ട് പാര്‍ട്ടികളുടെയും നേതാക്കളുടെ അഭിപ്രായം. എന്ത് വില കൊടുത്തും ഇതു സംരക്ഷിക്കണമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ കൊവിഡ് -19 ഭീതി നിലനില്ക്കുമ്പോള്‍ പ്രതിവിധി നിര്‍ദേശിക്കുവാനും ഇവര്‍ക്ക് കഴിയുന്നില്ല.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മറ്റു നേതാക്കളെ പോലെ വലിയ റാലികള്‍ ഹരമാണ്. തന്റെ ദിനചര്യയുടെ ഒരു ഭാഗം പോലുമാക്കി മാറ്റിയ റാലികള്‍ അവസാനിച്ചത് ഒരു വലിയ നഷ്ടമായി ട്രംപിന് അനുഭവപ്പെടുന്നുണ്ടാകാം. റോസ് ഗാര്‍ഡനിലും വൈറ്റ് ഹൗസ് ബ്രീഫിംഗ് റൂമിലും നടക്കുന്ന സമ്മേളനങ്ങള്‍ ചെറിയ ആശ്വാസം നല്‍കുന്നുണ്ടാവാം.ഡെമോക്രാറ്റുകള്‍ തങ്ങളുടെ കണ്‍വെന്‍ഷന്‍ ഒളിമ്പിക്‌സിന് മുന്‍പു നടത്താനാണ് പ്ലാന്‍ ചെയ്തത്. ഈ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് മാറ്റിവച്ചിരിക്കുകയാണ്. ഡെമോക്രാറ്റിക് കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചാല്‍ ധാരാളം തീയതികള്‍ ലഭ്യമാണ്.

പരമ്പരാഗതമായുള്ള നാഷണലി ടെലിവൈഡ്‌സ് നോമിനേഷനും അതിന്റെ അക്‌സപ്റ്റന്‍സ് സ്പീച്ചും ബൈഡന് നിര്‍ണായകമാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കാര്യമായ പങ്ക് വഹിച്ചിരുന്നെങ്കില്‍ നാഷണല്‍ ടെലിവിഷന്‍ പ്രൈം ടൈമില്‍ ശോഭിക്കാമായിരുന്നു. ഇപ്പോള്‍ തന്റെ ഡെലവെയര്‍ വീട്ടിലിരുന്ന് അപ്രധാന ടെലിവിഷന്‍ ചാനലുകളില്‍ ഇന്റര്‍വ്യൂ നല്‍കുന്നതിലേയ്ക്ക് ബൈഡന്‍ ഒതുങ്ങിക്കൂടിയിരിക്കുകയാണ് എന്ന് ആരോപണമുണ്ട്. ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് എന്ന നിലയില്‍ ടിവി ചാനലുകളിലെ സമയം ട്രംപ് അപഹരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക