Image

മംഗളൂരുവിലെ ആശുപത്രികളില്‍ മലയാളി രോഗികളെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കുന്നതായി റിപ്പോര്‍ട്ട്‌

Published on 03 April, 2020
മംഗളൂരുവിലെ ആശുപത്രികളില്‍ മലയാളി രോഗികളെ നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കുന്നതായി റിപ്പോര്‍ട്ട്‌
കാസര്‍കോട് : അത്യാസന്ന നിലയിലുള്ള രോഗികളെ കടത്തി വിടാത്ത കര്‍ണാടക അതിര്‍ത്തിയില്‍ മംഗളൂരുവിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരെ നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്യുന്നു. മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ദിവസങ്ങളായി ചികിത്സയിലുള്ളവരെയാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാനസികമായി പീഡിപ്പിച്ചു ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുന്നത്.

വീണു നട്ടെല്ലിനു പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവത്തൂരിലെ 65 വയസുകാരനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നു നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. വീഴ്ചയില്‍ നട്ടെല്ലിനു തലയ്ക്കും സാരമായി പരുക്കേറ്റിരുന്നു. മാര്‍ച്ച് 10നായിരുന്നു ഇവര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. 2 ദിവസം കഴിഞ്ഞപ്പോള്‍ തലയുടെ മുറിവില്‍ ശസ്ത്രക്രിയ നടത്തി. നട്ടെല്ലിനു പിന്നിട് ശസ്ത്രക്രിയ നടത്താനായിരുന്നു നിശ്ചയിച്ചത്.

കഴിഞ്ഞ ഒരാഴ്ച മുന്‍പ് ഡിസ്ചാര്‍ജ് ആവശ്യപ്പെടണമെന്ന് രോഗിയുടെ ഭാര്യയോട് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. നട്ടല്ലിനു ഓപ്പറേഷന്‍ പിന്നീട് ചെയ്യാമെന്നും ഇപ്പോള്‍ പോകണമെന്നുമായിരുന്നു ആവശ്യം. പരസഹായമില്ലാതെ കിടപ്പിലായ ആളെ ഈ നിലയില്‍ വീട്ടിലേക്കു കൊണ്ടു പോയാല്‍ എന്തു ചെയ്യുമെന്ന് രോഗിയുടെ ഭാര്യ ആശുപത്രി അധികൃതരോട് ചോദിച്ചുവെങ്കിലും അനുകൂല നടപടിയുണ്ടായില്ല.

ഡോക്ടര്‍ വിടുതല്‍ എഴുതി നല്‍കിയില്ലെങ്കിലും ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് രേഖ തയാറാക്കുകയായിരുന്നുവെന്നും ഇംഗ്ലിഷിലുള്ള രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടിക്കുകയും ചെയ്തുവെന്ന് ഇവര്‍ പരാതിപ്പെട്ടു. ശേഷം ആശുപത്രിയില്‍ നിന്നു ആംബുലന്‍സില്‍ കയറ്റി അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു ചെറുവത്തൂരില്‍ നിന്നെത്തിച്ച ആംബുലന്‍സില്‍ കയറ്റി അയക്കുകയായിരുന്നു. ഇതേ രീതിയില്‍ പല രോഗികളെയും നിര്‍ബന്ധിച്ച് വിടുതല്‍ ചെയ്യുകയാണ് മംഗളൂരു ആശുപത്രി അധികൃതരെന്ന് പരാതിയുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക