Image

അമേരിക്കയിലെ ഏപ്രിൽ പീഡാനുഭവത്തിന്റെ പന്ത്രണ്ടാം സ്ഥലം മാത്രമാണ് (ജോസ് കാടാപുറം)

Published on 03 April, 2020
അമേരിക്കയിലെ ഏപ്രിൽ   പീഡാനുഭവത്തിന്റെ പന്ത്രണ്ടാം സ്ഥലം മാത്രമാണ് (ജോസ് കാടാപുറം)
ചികിത്സാ ചിലവുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനു കരിയാപ്പിലയുടെ വില. അല്ലേലും അവനറിയാം ഇതുകൊണ്ടു ചെല്ലുമ്പോള്‍ നിങ്ങളുടെ പനി ഈ ഇന്‍ഷുറന്‍സ് കവര്‍ ചെയ്യും, എന്നാല്‍ തലവേദന കവറുചെയ്യില്ല എന്നറിവ് പണ്ടേ അയാള്‍ക്കുണ്ട്.

കൊറോണ കാലത്തു ഉണ്ടായ ചെറിയ തലവേദനക്കും തൊണ്ട വേദനക്കും വൈറസ് ബന്ധമുള്ളതുകൊണ്ട് ടെസ്റ്റിന് ഒരു അപ്പോയ്ന്റ്‌മെന്റ് എടുത്തേക്കാം എന്നു കരുതി. ഫോണില്‍ ലക്ഷണങ്ങള്‍ എല്ലാം പറഞ്ഞു. പക്ഷെ അതൊന്നും ഹെല്ത്ത് ഡിപ്പാര്‍ട്‌മെന്റിനു പ്രയോറിറ്റി അല്ല.ഒരാഴ്ച കഴിഞ്ഞു അപ്പൊയിന്റ്‌മെന്റ്തന്നു.

ഒരാഴ്ച എങ്കിലും കൊറോണ ഇല്ലാത്തവനായി നാം ഞെളിഞ്ഞു നടക്കുന്നു.കൊറോണ ഉണ്ടോ ഇല്ലയോ, ആവോ?

നമുക്കു നമ്മുടെ ജീവിക്കുന്ന നാടിനെ കുറ്റം പറയാന്‍ പറ്റില്ലല്ലൊ. ആകെ രണ്ടുലക്ഷം മരിക്കുബോള്‍ അതില്‍ ഒരു ലക്ഷം ഞങ്ങടെ സ്റ്റേറ്റിലെന്ന പറയാന്‍ പറ്റില്ലല്ലോ, കൂടെ എന്റെ പ്രിയ അനുജനും കൊറോണ പിടിച്ചു എന്ത് ചെയ്യാനാ എന്ന് പറയാന്‍ നമ്മള്‍ ന്യൂയോര്‍ക്കിലെ ഗവര്‍ണര്‍ അല്ലല്ലോ.

വെറുതെ കിടക്കുന്ന ഹോട്ടലുകളും, യൂണിവേഴ്‌സിറ്റി ഡോമുകളിലും കിടക്ക വിരിക്കാം, കുറെ വെന്റിലേറ്ററുകള്‍ പുടിനോടു ഓര്‍ഡര്‍ ചെയ്തു. ചൈനക്കു വീണ്ടും ഓര്‍ഡര്‍ കൊടുക്കാം.20 ചരക്കു വിമാനങ്ങളില്‍ ഉടന്‍ മാസ്‌കും, ഗൗണും വരുത്താം.

എവിടുന്നു വരുത്തിയാലും വേണ്ടില്ല ഇപ്പോള്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കുംവേണ്ടിയല്ലേ.മൃത പ്രായരായ ഡോക്ടര്‍മാരും നഴ്‌സുമാരും, അവര്‍ ഈ നാടിനെ സ്‌നേഹിച്ചില്ലേ?

കാന്‍സര്‍ രോഗിയായ മകള്‍ വീട്ടില്‍ ഉള്ളത് കൊണ്ട് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് ജോലിക്ക് പോകുന്ന അമ്മയായ നഴ്‌സ്. ചെറിയ കുട്ടികള്‍ വീട്ടില്‍ ഉള്ളത് കൊണ്ടും ഈ വൈറസിന്റെ കാഠിന്യം അറിയുന്നത് കൊണ്ടും വീടിനു പുറത്ത് ടെന്റടിച്ച് താമസിച്ച് ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടര്‍.

ഇവരൊക്കെ ഈ നാടിനെ സ്‌നേഹിക്കുന്നവരാണോ? അവശേഷിക്കുന്ന മനുഷ്യത്വമൊ, നഴ്‌സിംഗ് സേവനത്തോടുള്ള കമ്മിറ്റ്മെന്റോ, ഇതിനിടയില്‍ സ്വന്തം ജീവന്‍ പനയപ്പെടുത്തുന്നു.

മനുഷ്യന്‍ ചലിച്ചാല്‍ വൈറസും ചലിക്കും, മനുഷ്യന്‍ ചലിക്കാതിരുന്നാല്‍ വൈറസ് നശിക്കും, അപ്പോള്‍ നമ്മള്‍ ജോലിക്കു പോകാതെ വീട്ടില്‍ ഇരിക്കാം. ഗവര്‍ണ്ണര്‍/പ്രസിഡെന്റ്ലോക്ക് ഡൗണ്‍ ചെയ്തില്ലേല്‍ നമ്മള്‍ക്ക് ലോക്ക് ആക്കാന്‍പറ്റുമോ? എന്താ ഇവര്‍ പറയാത്തത്മരണത്തിന്റെ എണ്ണം കൂട്ടി അതിലും ഒന്നാം സ്ഥാനത്തു നിലനിര്‍ത്താന്‍ വേണ്ടിയെന്നോ!?

എന്തിനായിരുന്നു അമേരിക്കയുടെ പകര്‍ച്ചവ്യാധി (പന്‍ഡെമിക് ) റെസ് സ്‌പോന്‍സ് ടീമിനെ രണ്ടു വര്‍ഷം മുന്‍പ് പിരിച്ചുവിട്ടത്? എബോള പടര്‍ന്നിട്ടും 0 .002 % മരണ നിരക്ക് പിടിച്ചു നിര്‍ത്തിയത് എങ്ങനെ ആയിരുന്നു?
ഇപ്പോള്‍ ഇവിടെയുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മുതല്‍ തുടങ്ങാമായിരുന്നില്ലേ ?.

ജനുവരിയില്‍ കിട്ടിയ മെസ്സേജ് നമ്മുടെ ഭരണാധികാരികള്‍ തള്ളി കളഞ്ഞത് ഷെയര്‍ മാര്‍ക്കറ്റ് പിടിച്ചു നിര്‍ത്താന്‍ എങ്കില്‍ വൈറസ് ബാധിച്ചവര്‍ രണ്ടര ലക്ഷം കഴിഞ്ഞപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റ് കയറിയോ എന്നൊന്നും ചോദിക്കുന്നില്ല. ഫെബ്രുവരിയില്‍ ഫ്‌ലൂ വന്ന് മരിച്ചതെന്ന് കരുതിയിരുന്ന പലര്‍ക്കും കൊവിഡ് ബാധയായിരുന്നിരിക്കണം എന്നാണ് ഇപ്പോള്‍ ചില ഡോക്ടര്‍മാര്‍ പറയുന്നത്. അതായിരിക്കും ഫ്ളൂ വന്നു ആള്‍ക്കാര്‍ മരിക്കുന്നു അതൊന്നും നമുക്കു പുത്തിരിയല്ലായെന്നു പ്രസിഡന്റ് പറഞ്ഞത് .

ട്രാക്കിങ്ങ്, ട്രേസിങ്ങ്, ഐസൊലേഷന്‍ ഇവക്കു എന്താണ് വൈറസ് കാലത്തു പ്രാധാന്യം എന്ന് അറിയാത്തവരാണോ ഇവര്‍? ഈ വൈറസ് പ്രോട്ടോക്കോള്‍നമുക്ക് ആരില്‍ നിന്നാണ് പഠിക്കണ്ടത്? മാസ്‌കും, ഗൗണും ചൈനയില്‍ നിന്ന് വെന്റിലേറ്റര്‍ റഷ്യയില്‍നിന്നും വാങ്ങാം.

വൈറസിനുള്ള പ്രോട്ടോകോള്‍ ലോകനിലവാരത്തിലുള്ളത് എവിടെ കിട്ടും? കോരന്‍ കല്യാണി മകന്‍ വിജയനോട് ചോദിച്ചാലോ, വേള്‍ഡ് ഹെല്ത്ത് ഓര്‍ഗനൈസേഷന്‍ റെക്കമെന്റ് ചെയ്യുന്നത് അങ്ങേരുടെപേരാ.പക്ഷേറിപ്പബ്ലിക്കന്‍ അച്ചായന്മാര് സമ്മതിക്കില്ല.കാള്‍ വിജയന്‍ ....

ഒന്നാന്തരം മെഡിക്കല്‍ സയന്‍സുമായി ബന്ധമുള്ള ഉപദേശകരെ മാറ്റിയിട്ടു എല്ലായിടത്തും ഹാര്‍വാര്‍ഡ് ബിസിനസ് മാനേജ്‌മെന്റ്കാരെ തലപ്പത്തു ഇരുത്തിയാല്‍ ഇങ്ങനൊക്കെ വരും.മാസ്‌കിനും, ഗൗണിനും വെന്റിലേറ്ററിനും തുക വെട്ടിക്കുറച്ചു കോസ്റ്റ എഫിഷ്യന്റ് ആകാം.

പകരം വാള്‍സ്ട്രീറ്റിലെ വിന്‍ഡോ ഗ്ലാസ്സ്‌കള്‍ മോടിപിടിപ്പിക്കാം. ഇനിയിപ്പോള്‍ മോഡിയോട് ചോദിച്ചു വല്ല ഒടിയന്‍ വിദ്യയും ഉണ്ടോ എന്ന് ചോദിക്കാം. ഭരണാധികാരികളുടെ അവിവേകം കൊണ്ട് പൗരനെ തെരുവിലെക്കു മരിക്കാന്‍ വിട്ടിട്ടു സൗധങ്ങളില്‍ ഇരിക്കുയാണ്. വേണമെങ്കില്‍ ഇല്ലാത്ത മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ചു നടന്നോ എന്ന് പറയും. വെന്റിലേറ്ററില്‍ കഴിയുന്നവരെ പോലും മറന്നു സ്വയംജീവന്‍ രക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ വീട്ടില്‍ഇരുന്നില്ലെങ്കില്‍ പീഡാനുഭവത്തിന്റെപന്ത്രണ്ടാം സ്ഥലം മാത്രമാണ് തെരുവുകള്‍..

ഏപ്രില്‍ നമ്മള്‍ക്ക് നിര്‍ണായകം ആണ് രണ്ടു ലക്ഷം 4 ലക്ഷം ആകാതിരിക്കാന്‍ ലോക്ക് ഡൗണ്‍ആക്കിയേ പറ്റു. പ്രസിഡന്റുംഗവര്‍ണരും പറയില്ല ജീവന്‍ വേണമെങ്കില്‍, നമ്മള്‍ ലോക്ക് ആകേണ്ടി വരും! അല്ലെങ്കില്‍ നാട്ടിലെ പോച്ചകണ്ടം വില്ക്കാതെപോന്നവര്‍ക്ക് ജീവന്‍ ഉണ്ടേല്‍ തിരികെ പോകാം.അതും അല്ലെങ്കില്‍ ന്യൂയോര്‍ക്കിലെതാത്കാലിക മരിച്ചവരെ സൂക്ഷിക്കുന്ന റെഫ്രിജിറേറ്റര്‍ ട്രക്കില്‍ ഇടം പിടിക്കാം ......അടുത്ത ജന്മത്തില്‍ എങ്കിലും ഈ ജീവിക്കുന്ന നാടിനെ നിങ്ങള്‍ തള്ളിപറയല്ലേ! ! 
അമേരിക്കയിലെ ഏപ്രിൽ   പീഡാനുഭവത്തിന്റെ പന്ത്രണ്ടാം സ്ഥലം മാത്രമാണ് (ജോസ് കാടാപുറം)അമേരിക്കയിലെ ഏപ്രിൽ   പീഡാനുഭവത്തിന്റെ പന്ത്രണ്ടാം സ്ഥലം മാത്രമാണ് (ജോസ് കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക