Image

തമിഴ്‌നാട്ടില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published on 03 April, 2020
തമിഴ്‌നാട്ടില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ :തമിഴ്‌നാട്ടില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 411 ആയി. കഴിഞ്ഞ ദിവസം 75 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതല്‍ വൈറസ് ബാധിതരുള്ളതെങ്കിലും ഡല്‍ഹി, തമിഴ്‌നാട് , രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് 19 കേസുകളില്‍ 57 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാഗ്‌പൂരിലെ തൊഴിലിടത്തില്‍ നിന്നും തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ 500 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്‌ത യുവാവ് ഇന്ന് കുഴഞ്ഞുവീണ് മരിച്ചിരുന്നു.

തമിഴ്‌നാട് നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നു ദിവത്തോളം നടന്ന് നാഗ്‌പൂരില്‍ നിന്നും സെക്കന്തറാബാദു വരെ എത്തിയ 26 അംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക