Image

മലപ്പുറത്ത് മുന്നറിയിപ്പ് ലംഘിച്ച് ആയിരങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോവിഡ് ബാധിതനെതിരേ കേസ്

Published on 03 April, 2020
മലപ്പുറത്ത് മുന്നറിയിപ്പ് ലംഘിച്ച് ആയിരങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കോവിഡ് ബാധിതനെതിരേ കേസ്
മലപ്പുറം: കാര്യക്ഷമമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്ന മലപ്പുറത്തെ പ്രതിസന്ധിയിലാക്കിയത് നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരാള്‍. മുന്നറിയിപ്പ് ലംഘിച്ച് ഇയാള്‍ ഇടപഴകിയത് ആയിരങ്ങളുമായി. ഇയാള്‍ക്കെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സംഭവം ജില്ലയെ സമൂഹവ്യാപന ഭീതിയിലുമാക്കി.

വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ 85കാരന്റെ റൂട്ട്മാപ്പ് പരിശോധിച്ചപ്പോഴാണ് ആരോഗ്യവകുപ്പ് ഞെട്ടിയത്. കഴിഞ്ഞ 11ന് ഉംറ കഴിഞ്ഞെത്തിയ മകനില്‍നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. പിതാവിനെയും ബന്ധുക്കളെയുമൊക്കെ ഇയാള്‍ ആശ്ലേഷിച്ചിരുന്നു. മദ്രസ്സാധ്യാപകന്‍കൂടിയായ ഇയാളോട് ഉംറ കഴിഞ്ഞുവന്ന ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കവിലക്കില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ അനുസരിച്ചില്ല.

13ന് പനിയുണ്ടായതിനെത്തുടര്‍ന്ന് ഒരു ക്ലിനിക്കില്‍ കാണിച്ചു. അവരും പ്രത്യേക നിര്‍ദേശം നല്‍കി. പനിയുള്ള സമയത്ത് ആനക്കയത്തെ മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുത്തു. അവിടെയുള്ള ചിലരോട് പറഞ്ഞത് ‘ഡോക്ടര്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് വേഗം പോണ’മെന്നായിരുന്നു.

മരണാനന്തര പ്രാര്‍ഥന, പള്ളികളിലെ പരിപാടികള്‍, മറ്റു പൊതു പരിപാടികള്‍ എന്നിവയിലെല്ലാം പങ്കെടുത്ത് രണ്ട് പഞ്ചായത്തിലുള്ളവരെ മുഴുവന്‍ ഇയാള്‍ മുള്‍മുനയിലാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ അന്വേഷിക്കുമ്പോഴെല്ലാം തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ഈ വ്യക്തിയുടെ അനുസരണക്കേടുകൊണ്ടുമാത്രമാണ് മലപ്പുറം ജില്ല ഹോട്ട്‌സ്‌പോട്ടില്‍പെട്ടതെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുത്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക