Image

വിളക്ക് തെളിയിക്കാന്‍ മോദി പറഞ്ഞത് ചുമ്മാതല്ല, പിന്നില്‍ ജ്യോതിഷമുണ്ട് (ശ്രീനി)

ശ്രീനി Published on 04 April, 2020
വിളക്ക് തെളിയിക്കാന്‍ മോദി പറഞ്ഞത് ചുമ്മാതല്ല, പിന്നില്‍ ജ്യോതിഷമുണ്ട് (ശ്രീനി)
കൊറോണ ഭീതി മാറ്റമില്ലാതെ തുടരുന്ന ലോകത്ത് കേരളത്തിന് ഏറെ ആശ്വാസം പകരുന്ന ദിനമായിരുന്നു ഏപ്രില്‍ മൂന്നാം തീയതി. ഈ ദിവസം 14 പേര്‍ക്ക് രോഗം ഭേദമായി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന അഞ്ച്  പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മൂന്ന് പേരുടെയും ഇടുക്കി കോഴിക്കോട് ജില്ലയികളില്‍ നിന്ന് രണ്ട് വീതം പേരുടെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവായതും ശുഭകരമാണ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഒന്‍പത് പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിക്കുകയുണ്ടായത്. 

വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വൃദ്ധ ദമ്പതികളായ പത്തനംതിട്ട റാന്നിയിലുള്ള തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരും ഇവരെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായ നേഴ്‌സ് രേഷ്മയുമാണ് ആശുപത്രി വിട്ടത്. കോവിഡ് 19 ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് റാന്നിയിലെ 93 കാരനായ തോമസ്. ഇദ്ദേഹത്തിന്റെ രോഗശമനം കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അസുലഭമായ നേട്ടം വിളിച്ചോതുന്നു. അതേസമയം, റാന്നി ദമ്പതികളും നേഴ്‌സ് രേഷ്മയും കൊറോണ ഫലം നെഗറ്റീവായ മറ്റുള്ളവരും സാധാരണ ജീവിതത്തിന്റെ പ്രകാശത്തിലേയ്ക്ക് തിരിച്ചുവന്ന അതേ ദിവസം തന്ന പ്രധാനമന്ത്രി ജനങ്ങളോട് നടത്തിയ ആഹ്വാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായിരിക്കുന്നത്. 

''ഏപ്രില്‍ അഞ്ചാം തീയതി ഞായറാഴ്ച രാത്രി രാത്രി 9 മണിക്ക് എല്ലാവരും വീടുകളില്‍ ലൈറ്റ് അണച്ച് മറ്റ് വെളിച്ചങ്ങള്‍ തെളിയിക്കണം. ഒന്‍പത് മിനിറ്റ് നേരമാണ് വെളിച്ചം തെളിയിക്കേണ്ടത്. കൊറോണയെന്ന ഇരുട്ടിനെ തുരത്താന്‍ പ്രകാശത്തിന്റെ ശക്തി ഉപയോഗിക്കണം. വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, എന്നിവയാണ് വെളിച്ചം തെളിയിക്കാന്‍ ഉപയോഗിക്കേണ്ടത്. കൊറോണ മൂലമുണ്ടായ ഇരുട്ടും അനിശ്ചിതത്വവും അവസാനിപ്പിച്ച് പ്രകാശത്തിന് നേര്‍ക്ക് മുന്നേറേണ്ടതുണ്ട്. അതിനായി എല്ലായിടത്തും പ്രകാശം പരത്തേണ്ടതുണ്ട്. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്ന് ചെറുവെളിച്ചങ്ങള്‍ തെളിയിക്കണം. ഇതിലൂടെ 130 കോടി ജനങ്ങളുടെ ശക്തിയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാകണം. ആ വെളിച്ചത്തില്‍ നാം ഒറ്റയ്ക്ക് അല്ലെന്ന് നമുക്ക് മനസിലുറപ്പിക്കാം. ആരും ഒറ്റയ്ക്കല്ല. വെളിച്ചം തെളിയിക്കാന്‍ ആരും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങരുത്...''

കോണ്‍ഗ്രസിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശിവസേനയുടേയും അടക്കം നേതാക്കള്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എതിര്‍ത്തും പരിഹസിച്ചും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേക്കുറിച്ച് തികച്ചും വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയത്. ദീപം തെളിയിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് മുഖ്യമന്ത്രി  പറഞ്ഞു. ഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''പ്രകാശം പരത്തുക എന്നതിനോട് ആര്‍ക്കും വിയോജിപ്പുണ്ടാകേണ്ട കാര്യമില്ല. പ്രകാശം പരത്തുന്നത് നല്ല കാര്യം തന്നെ. ചെറുതും വലുതുമായ ലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ പ്രകാശം എത്തിക്കാന്‍ കഴിയണം. അതിനാവശ്യം നല്ല രീതിയില്‍ ഉളള സാമ്പത്തിക പിന്തുണയാണ്. അത് പിറകേ വരുമായിരിക്കും. ആദ്യം ഇങ്ങനെ പ്രകാശം വരട്ടെ എന്നാകും പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാവുക. അതുമായി രാജ്യം സഹകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്...'' 

എന്തായാലും വിവാദവും പരിഹസിക്കലും അവിടെ നില്‍ക്കട്ടെ. ഏപ്രില്‍ അഞ്ചാം തീയതി വിളക്ക് തെളിയിക്കാന്‍ പ്രധാനമന്ത്രി വെറുതെയങ്ങ് പറഞ്ഞതല്ല. അതിന് കൃത്യമായ കാരണമുണ്ടെന്നാണ് ജ്യോതിഷികള്‍ വ്യക്തമാക്കുന്നത്.   ചൈത്രമാസത്തിലെ (ചിത്തിര നക്ഷത്രത്തോടുകൂടിയ വെളുത്ത വാവ് വരുന്ന മാസം) ദ്വാദശിയില്‍ നിന്നും ത്രയോദശി (പതിമൂന്നാം പക്കം, വാവുകഴിഞ്ഞ് 13-ാം ദിവസം) യിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി ഞായറാഴ്ച രാത്രി ഒമ്പത് മണി. ഈ സമയം പ്രദോഷമാണ്. പ്രദോഷമെന്നാല്‍ ദോഷത്തെ ഇല്ലാതാക്കുന്നത് എന്നാണര്‍ത്ഥം. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ്). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ടത്രേ. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.

'സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ'

വിളക്ക് തെളിയിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി അഥവാ പോസിറ്റീവ് ഏനര്‍ജിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ മോദി പറഞ്ഞതിന് പിന്നിലെ പൊരുള്‍ ഇതാണ്.

സൂര്യദേവന്റെ ദിനമാണ് ഞായറാഴ്ച. ഭാരതീയ വിശ്വാസപ്രകാരം ഭൂമിക്ക് അക്ഷയോര്‍ജ്ജം പ്രദാനം ചെയ്യുന്നവനും മനുഷ്യന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നവനും സൂര്യനാണ്. അതിനാല്‍ സൂര്യഭഗവാന്റെ പ്രസാദത്തിനും അതിലൂടെ നവഗ്രഹപ്രീതിക്കും ഇതു വഴിയൊരുക്കും. മാത്രമല്ല, കൊറോണ ബാധയെ വിജയകരമായി മറികടക്കാനും സാമ്പത്തിക രംഗം പുഷ്ടിപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍ ഓരോരുത്തരുടെയും ബുദ്ധിയില്‍ തെളിയാനും ഈ ഒന്‍പതു മിനുട്ട് നേരത്തെ ദീപം തെളിയിക്കല്‍ സഹായകമാകുമെന്നാണ് വിശദീകരണം.  

ഏപ്രില്‍ അഞ്ചിന് പാശ്ചാത്യ സംഖ്യാ ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്. അവരെ സംബന്ധിച്ച് ഏയ്ഞ്ചല്‍ നമ്പറാണ് ഒന്‍പത്. '9' എന്നത് സംഖ്യാ ശാസ്ത്രം (ന്യൂമറോളജി) അനുസരിച്ച് സ്‌നേഹം, വിശ്വാസം,  സഹജീവിസ്‌നേഹം, ജീവകാരുണ്യ പ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്. ഇത് മനുഷ്യന്റെ കര്‍മ്മഗതിയേയും സാര്‍വലൗകിക ആത്മീയ നിയമങ്ങളെയും സൂചിപ്പിക്കുന്നു. വെളിച്ചത്തിന്റെ സംഖ്യയുമാണ് '9'. പാശ്ചാത്യ സംഖ്യാശാസ്ത്രജ്ഞര്‍ '9' എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്. അതായത് ജീവിത യാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ അന്നു നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും ദൈവാനുഗ്രഹവശാല്‍ വേഗം ഫലപ്രാപ്തിയുണ്ടാകും. ഈ ജീവിതം ദൈവാഭിമുഖമായി ജീവിച്ചുതീര്‍ക്കുക എന്നതാണ് ഏയ്ഞ്ചല്‍ നമ്പര്‍ മനുഷ്യരാശിക്കു നല്‍കുന്ന സന്ദേശം. 

'തമസോമാ ജ്യോതിര്‍ ഗമയ' എന്നാണല്ലോ ഭാരതീയ ഉപനിഷത്തിലെ ശാന്തിമന്ത്രം ഉദ്‌ഘോഷിക്കുന്നത്. അതായത് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേയ്ക്കാണ് നാം ഉണരേണ്ടത്. കൊറോണയുടെ ഇരുളില്‍ നിന്ന് സ്വസ്ഥമായ ജീവിതത്തിന്റെ പ്രകാശത്തിലേയ്ക്ക് ലോക ജനതയ്ക്ക് മാറിയേ പറ്റൂ. റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസും  മറിയാമ്മയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത് ജീവിതത്തിന്റെ പ്രകാശത്തിലേയ്ക്കാണ്. 

കൊറോണ ചികിത്സയില്‍ ലോകത്ത് 60 വയസിന് മുകളിലുള്ളവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട ജില്ലയിലുള്ള മൂന്നംഗ കുടുംബത്തിനും അവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഈ വൃദ്ധ ദമ്പതികള്‍ക്കുമാണ് മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. പിന്നീട് ഇവര്‍ക്ക് പരമാവധി ചികിത്സ നല്‍കി ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാര്‍ച്ച് 9ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

വാല്‍ക്കഷണം.

വിശ്വാസം നമ്മെ രക്ഷിക്കട്ടെ. പ്രധാനമന്ത്രിയുടെയോ മറ്റ് ഉത്തരവാദിത്വമുള്ള ആരുടെയോ ആകട്ടെ, സമൂഹ നന്‍മയ്ക്കു വേണ്ടിയുള്ള ഒരു ആഹ്വാനത്തെ കേവല നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ വല്‍ക്കരിക്കുന്നത് ഈ ആഗോള മഹാമാരിയുടെ അതിവേഗ വ്യാപന ഘട്ടത്തില്‍ ആര്‍ക്കും ഭൂഷണമല്ല. മാത്രമല്ല, അത് അല്‍പ്പത്തരവുമാണ്.

വിളക്ക് തെളിയിക്കാന്‍ മോദി പറഞ്ഞത് ചുമ്മാതല്ല, പിന്നില്‍ ജ്യോതിഷമുണ്ട് (ശ്രീനി)
Join WhatsApp News
കിണ്ണം കൊട്ടിയാലും ... 2020-04-05 05:31:24
കിണ്ണം കൊട്ടിയാലും ശാസ്ത്രം! ജോതിഷം മണ്ണ്കട്ട, അതുപോട്ടെ! എങ്കിലും എല്ലാറ്റിൻ്റെയും പുറകിൽ ശാസ്ത്രം ഉണ്ട് എന്ന് തോന്നുമ്പോൾ, എല്ലാറ്റിൻ്റെയും പുറകിൽ ശാസ്ത്രം വേണം എന്ന് വാശി പിടിക്കുമ്പോൾ ദൈനംദിന ജീവിതം പാളം തെറ്റിയ തീവണ്ടി ആക്കി മാറ്റുന്നു നമ്മൾ. അനേകം വിഡ്ഢിത്തരങ്ങൾ ദിവസേന പല തവണ ചെയ്യുന്നവർ ആണ് നമ്മൾ.; എങ്കിലും അതും ഞങ്ങടെ കിതാബിൽ ഉണ്ട് എന്ന് ന്യായികരിക്കുന്നതുപോലെ കിണ്ണം കൊട്ടുന്നതിലും ഉണ്ട് അല്പം ശാസ്ത്രം. കൂട്ടമായി കിണ്ണം കൊട്ടുമ്പോൾ വളരെ സങ്കീർണമായാ രാസ/ ഇലക്ട്രിക് പ്രക്രിയകൾ തലച്ചോറിൽ ഉണ്ടാവുന്നു. ഇ തലച്ചോറിൽ പിക്കാസോയും, ഹോമറും, മയിക്കിൽ അഞ്‌ജലിയോയും, ഒക്കെ സൃഷ്ടി നടത്തുന്നു. മതം, വിശ്വസം, പ്രാർത്ഥന, കൂടോത്രം ഇവക്കു ഒന്നിനും തന്നെ ശക്തി ഇല്ലാത്തവ എങ്കിലും, ഒരാളോ ഒരു കൂട്ടമോ ഒരു രോഗിക്കുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് രോഗി മനസ്സിൽ ആക്കുമ്പോൾ രോഗിയുടെ തലച്ചോറിൽ രോഗ ശമന രാസ മാറ്റങ്ങൾ ഉണ്ടാവുന്നു. ശരീരത്തിൻ്റെ രോഗ പതിരോധന ശക്തി വർദ്ധിക്കുന്നു. അതുപോലെ തന്നെ നെഗറ്റീവ് രാസ മാറ്റങ്ങൾ ആണ് കൂടോത്രം ചെയ്യുന്നത്. അതായതു എ , ബി ക്കിട്ടു ചെയ്യുന്ന കൂടോത്രം ബി അറിയുന്നില്ല എങ്കിൽ ബി ക്കു ഒരു ചുക്കും സംഭവിക്കുന്നില്ല. പക്ഷെ ബി അറിഞ്ഞാൽ എത്ര ധൈര്യവാൻ എങ്കിലും സംശയ വിഷം ബി യെ അലട്ടും, സാധാരണ ദിവസം ജീവിതത്തിൽ ഉണ്ടാകുന്ന നിസാര സംഭവങ്ങളെ; ബി കൂടോത്രം നിമിത്തം എന്ന് സങ്കിക്കുന്നതോടെ അവന്റെ തലച്ചോറിൽ സംശയം ഉണ്ടാകുന്നു അതോടെ കൂടോത്രം അവനിൽ തീ കത്തിക്കുന്നു, പിന്നെ അങ്ങോട്ട് കട്ട പുക. എല്ലാവരും ഒരുമിച്ചു കിണ്ണം കൊട്ടുമ്പോൾ, വിളക്ക് കൊളുത്തുമ്പോൾ, കൈ അടിച്ചു പാട്ടു പാടുമ്പോൾ, ഡാൻസ് ചെയ്യുമ്പോൾ ....തലച്ചോറിൽ രാസ പ്രക്രിയകൾ ഉണ്ടാകുന്നു. അത് വ്യക്തിയിൽ ശക്തി ഉണര്ത്തുന്നു. അതിനാൽ എല്ലാറ്റിനെയും ചുമ്മാതെ പുച്ഛിച്ചു തള്ളരുത് - അതിൻ്റെ പുറകിലും ഉണ്ട് ശാസ്ത്രം. -ആൻഡ്രൂ
benoy 2020-04-05 11:03:17
വടക്കേ ഇന്ത്യയിൽ കിണ്ണം കൊട്ടിയതു കൊറോണ വൈറസിനെ അകറ്റാനല്ല. പ്രത്യുതാ അവിടെ അന്ന് ശുചീകരണ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെ ആദരിക്കുവാനും പ്രോത്സാഹിപ്പിക്കാനും വേണ്ടിയായിരുന്നു. കുറെ ബി ജെ പി വിരോധികൾ അത് വിഡിയോയാക്കി, മോർഫ് ചെയ്തു വാട്സാപ്പിലും ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു. https://www.indiatoday.in/india/story/pm-modi-speech-on-coronavirus-thank-corona-warriors-1657591-2020-03-19
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക