Image

ലക്ഷണങ്ങളില്ലാതെയും കോവിഡ്; പത്തനംതിട്ടയിലെ യുവതി നിരീക്ഷണത്തില്‍

Published on 06 April, 2020
ലക്ഷണങ്ങളില്ലാതെയും കോവിഡ്; പത്തനംതിട്ടയിലെ യുവതി നിരീക്ഷണത്തില്‍
പത്തനംതിട്ട : ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്ന വിദ്യാര്‍ഥിനിക്ക്. ഡല്‍ഹിയില്‍നിന്ന് എത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. പന്തളം സ്വദേശിയായ യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരായി ആരെയും കണ്ടെത്തിയിട്ടില്ല.

‘ഡല്‍ഹിയിലെ ഷക്കര്‍പുരിലുള്ള കോളജില്‍ ബിസിഎയ്ക്കാണു പഠിക്കുന്നത്. 17ന് നാട്ടിലെത്തി. വീട്ടിലെത്തിയ ഉടന്‍ അമ്മ ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചു. 14 ദിവസത്തേക്ക് വീട്ടില്‍ത്തന്നെ കഴിയണമെന്ന അവരുടെ നിര്‍ദേശപ്രകാരം പുറത്തേക്കെങ്ങും പോയില്ല. അമ്മയ്ക്കും അനുജനുമൊപ്പം വീട്ടില്‍തന്നെ കഴിഞ്ഞു. പനിയോ തൊണ്ടവേദനയോ അടക്കം ശാരീരികമായ അസ്വസ്ഥതയൊന്നും ഉണ്ടായിട്ടില്ല.

നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണു നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വിവരം അറിയുന്നത്. അതേത്തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം രണ്ടുദിവസം മുമ്പ് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവ പരിശോധനയ്ക്ക് വിധേയയായി. തുടര്‍ന്നാണ് ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. കോവിഡ് രോഗിയാണെന്നു പറയുന്ന എന്നെ അതിശയിപ്പിക്കുന്നത് ഇപ്പോഴും തൊണ്ടവേദനയോ പനിയോ അടക്കം അസ്വസ്ഥതയൊന്നും ഇല്ല എന്നതാണ്’.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 10 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 4 പേരും നിരീക്ഷണത്തില്‍  ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരുമില്ല. ഇന്നലെ പുതുതായി 5 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 10 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക