Image

13 പേര്‍ക്കു കൂടി ഇന്ന് കോവിഡ്; വിദേശ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍

Published on 06 April, 2020
13 പേര്‍ക്കു കൂടി ഇന്ന് കോവിഡ്; വിദേശ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം തടയാനായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്. വിവിധ രാജ്യങ്ങളില്‍ മരിച്ചത് 18 മലയാളികള്‍ ആണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവരുടെ കണക്ക്. കാസര്‍കോട് 6 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 3 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. മലപ്പുറത്തും കൊല്ലത്തും ഉള്ള രോഗികള്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ടയിലെ രോഗി വിദേശത്തുനിന്നു വന്നതാണ്.

ഇതുവരെ 327 പേര്‍ക്കു സംസ്ഥാനത്ത് രോഗം വന്നു. 266 പേര്‍ ചികിത്സയിലാണ്. 1,52,804 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10,716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവ്യാപനം തടുത്തുനിര്‍ത്താന്‍ ഒരു പരിധിയോളം നമുക്ക് സാധിക്കുന്നുണ്ട്. പൊതുവില്‍ സമൂഹത്തില്‍ സ്വീകരിച്ച നടപടികള്‍ രോഗവ്യാപനം നിയന്ത്രിച്ചുനിര്‍ത്താന്‍ കാരണമായി. ലോകത്താകെയുള്ള സ്ഥിതിഗതികള്‍ നമ്മെയാകെ അസ്വസ്ഥരാക്കുന്നു. യുകെയില്‍ മരിച്ച മലയാളി ഉള്‍പ്പെടെ നമ്മള്‍ കേട്ടത് 18 മലയാളികള്‍ വിവിധ ഭാഗങ്ങളില്‍ മരിച്ചുവെന്നാണ്.

പ്രവാസ ലോകത്തെക്കുറിച്ച് എല്ലാവരും ഉത്കണ്ഠയിലാണ്. മലയാളികള്‍ ലോകമാകെ വ്യാപിച്ചു കിടക്കുന്നവരാണ്. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുന്നുവെന്നറിയുന്നതിനും സഹായിക്കാനും എല്ലാവരും തയാറാണ്. പ്രവാസി സമൂഹത്തിലെ പ്രധാന വ്യക്തികളുമായി കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് നടത്തി. 22 രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംസാരിച്ചു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാ വിലക്ക് പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചു. കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍ വരേണ്ടതും എംബസി വഴി ചെയ്യേണ്ടതുമായ കാര്യങ്ങള്‍ പ്രവാസികള്‍ ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി. നാല് ദിവസം കൊണ്ടാണ് കോവിഡ് ചികിത്സാ കേന്ദ്രം വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ കോവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയാറാക്കിയത്. 100 കിടക്ക, 10 ഐസിയു കിടക്ക എന്നിവ കൂടി ലഭ്യമാക്കും. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് കെഎസ്ഇബി 10 കോടി രൂപ വാഗ്ദാനം ചെയ്തു. 26 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്തി. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജീവനക്കാര്‍ക്കു പരിശീലനം നല്‍കും. ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക