Image

കൊറോണക്കാലത്ത് തലിഡോമൈഡ് ആവര്‍ത്തിക്കരുത്! (എവിടെ കോവിഡ് 19; ടെസ്റ്റുകള്‍, മരുന്നുകള്‍, വാക്‌സിനേഷന്‍?: ഭാഗം-2- ലക്ഷ്മി നായര്‍)

Published on 06 April, 2020
കൊറോണക്കാലത്ത് തലിഡോമൈഡ്  ആവര്‍ത്തിക്കരുത്! (എവിടെ കോവിഡ് 19; ടെസ്റ്റുകള്‍, മരുന്നുകള്‍, വാക്‌സിനേഷന്‍?: ഭാഗം-2- ലക്ഷ്മി നായര്‍)
കോവിഡ്-19 എന്ന രോഗം ലോകമെമ്പാടും പടരുന്നതിനോടൊപ്പം അതിനുള്ള ടെസ്റ്റുകൾ, മരുന്നുകൾ, വാക്‌സിനേഷൻ എന്നിവ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. അവയുടെ വികസനത്തെക്കുറിച്ചും, അംഗീകാരപദ്ധതികളെക്കുറിച്ചും, മുന്നേ ഒരു ലേഖനത്തിൽ ചെറിയൊരു വിവരണം ഞാൻ കൊടുത്തിരുന്നുവല്ലോ. എന്നാൽ ഈ ലേഖനത്തിൽ, എന്തുകൊണ്ട് മരുന്നിനും, വാക്‌സിനേഷനും സമയമെടുക്കുന്നു എന്നതിന്റെ വേറൊരു വശം ചിന്തിക്കാം. മാർച്ച് 30നു യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (USFDA), 45 കൊല്ലമായി മലേറിയ രോഗത്തിനുപയോഗിച്ചിരുന്ന ഹൈഡ്രോക്ലോറോക്വിൻ, ക്ലോറോക്വിൻ (Hydroxychloroquine, Chloroquine) എന്നീ മരുന്നുകൾ കോവിഡ്-19 എന്ന രോഗത്തിന്റെ ചികിത്സക്ക് വേണ്ടി എമർജൻസി യൂസ് ഓഫ് അപ്പ്രൂവൽ (Emergency Use of Approval)എന്ന പദ്ധതി പ്രകാരം ചെറിയൊരു പഠനത്തിന് ശേഷം അംഗീകരിച്ചു. കൂടാതെ മെഡോർണ (Medorna Inc) എന്നൊരു കമ്പനി കോവിഡ്-19 രോഗത്തെ തടയാനുള്ള വാക്സിനേഷന്റെ ക്ലിനിക്കൽ ട്രയലും തുടങ്ങി. ഈ രണ്ടു സംരംഭങ്ങളും, വളരെ അപൂർവമായി, അടിയന്തിരാവസ്ഥയിൽ മാത്രം അംഗീകരിക്കാൻ FDA നിർബന്ധിതരായതാണ്. അടിയന്തിരാവസ്ഥസമയത്തു് പൊതുജനം; എവിടെ മരുന്ന്, എവിടെ വാക്‌സിൻ എന്ന് മുറവിളി കൂടുമ്പോൾ, ഇത്തരം ചികിത്സാപദ്ധതികൾ പെട്ടെന്ന് അംഗീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പുതിയൊരു മരുന്ന് കണ്ടുപിടിച്ച്‌, വികസിപ്പിച്ചെടുത്തു മാർക്കെറ്റിലെത്താൻ പല സ്റ്റേജുകളിൽകൂടി കടന്നു പോകേണ്ടതുണ്ട്. ഇതിൽ ഓരോന്നിലുമുള്ള സംരഭങ്ങൾ വിജയിച്ചാലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ. പ്രധാനപ്പെട്ട അഞ്ചു് സ്റ്റേജുകളിലേക്കു നമുക്കൊന്ന് എത്തിനോക്കാം

Phase 1: കണ്ടുപിടുത്തവും വികസനവും (Drug Discovery and Development)


മരുന്ന് കണ്ടുപിടുത്തതിന്റെ തുടക്കം ഒരു കന്പനിയിലെയോ യൂണിവേഴ്സിറ്റിയിലെയോ ലബോറട്ടറിയിൽ നിന്നാകാം. കന്പനികളോ, ഗവണ്മെന്റോ, യൂണിവേഴ്സിറ്റി ഗ്രാന്റ് മുഖേനയോ വികസിപ്പിച്ചെടുക്കുന്പോഴേക്കും ബില്യനുകളോളം ഡോളറിന്റെ ചിലവും, വർഷങ്ങളോളം സമയവും എടുക്കുമെന്ന് മാത്രമല്ല നൂറുകണക്കിന് മോളിക്യൂളുകളിൽ (തന്മാത്ര) നിന്ന് തുടങ്ങിയ ഗവേഷണം ഒന്നോ രണ്ടോ എണ്ണത്തിൽ അവസാനിച്ചാൽ ഭാഗ്യവുമാണ്.

Phase 2: പ്രീ - ക്ലിനിക്കൽ റിസർച്ച് (Pre-clinical Research)


ഒരു മരുന്ന് കണ്ടുപിടിച്ചു കഴിഞ്ഞു പ്രീ-ക്ലിനിക്കൽ സ്റ്റേജിലെത്തുമ്പോൾ, അത് മൃഗങ്ങളിൽ (ഏലി, ഗിനിപിഗ്, ചെറിയ പട്ടികൾ)  പരീക്ഷിച്ചെടുക്കുന്ന സ്റ്റേജാണ് ഇത്. ഈ  പഠനത്തിൽ വിജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാൻ സാദ്ധ്യമാവൂ. മരുന്നുകൾ അവയിൽ പരീക്ഷിക്കുമ്പോൾ പാർശ്വഫലങ്ങളൊന്നും കൂടാതെ മൃഗങ്ങൾ ജീവിക്കുക എന്നതാണ് ഇവിടെ ലക്‌ഷ്യം. അവക്ക് ജീവഹാനി സംഭവിക്കുകയാണെങ്കിൽ പഠനം അതോടുകൂടി നിർത്തേണ്ടി വരും. 


Phase 3: ക്ലിനിക്കൽ റിസർച്ച് (Clinical Research)


മരുന്ന് വികസിപ്പിച്ചെടുക്കലിന്റെ ഏറ്റവും പ്രധാനമായ ഘട്ടമാണ് ക്ലിനിക്കൽ സ്റ്റഡി, അതായത് മരുന്ന് മനുഷ്യരിൽ പരീക്ഷിക്കുക എന്നുള്ളത്. പ്രീ- ക്ലിനിക്കലിൽ വിജയിച്ചാൽ മാത്രമേ ഈ സ്റ്റേജിലേക്ക് എത്തുകയുള്ളൂ. ഇതിൽത്തന്നെ മൂന്നു സ്റ്റേജുകളും ഉണ്ട്. ആദ്യത്തെ സ്റ്റേജിൽ 25-50  പേരിലും (ആരോഗ്യമുള്ളവരിൽ), രണ്ടാമത്തെ സ്റ്റേജിൽ നൂറിലധികം പേരിലും (ആരോഗ്യമുള്ളവരിൽ), മൂന്നാമത്തെ സ്റ്റേജിൽ ആയിരക്കണക്കിലാളുകളിലും  (രോഗികളിൽ, ഏതു രോഗത്തിനാണോ മരുന്ന് കണ്ടു പിടിച്ചത്, അവരിൽ) പരീക്ഷിക്കുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശം. മരുന്നുകമ്പനികളും FDAയും (അതാതു രാജ്യങ്ങളിലെ regulatory agency) ചേർന്ന് വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്‌തെടുക്കുന്ന ഈ പഠനത്തിന്റെ ലക്‌ഷ്യം, മരുന്ന് മനുഷ്യരിലേക്കെത്തുമ്പോൾ അവരുടെ സുരക്ഷിതത്വം (safety), ഏതു രോഗത്തിന് വേണ്ടിയാണ് മരുന്ന് എങ്കിൽ പരീക്ഷണം കൊണ്ട് രോഗം ഭേദമാകുന്നുണ്ടോ (Efficacy), അതിന്റെ പാർശ്വഫലങ്ങളെന്താണ് (Side Effects); ഇവയേക്കുറിച്ചെല്ലാം മുൻകൂട്ടിത്തന്നെ അറിവ് നേടുക എന്നുള്ളതാണ്.


Phase 4: FDA Review


മുൻപറഞ്ഞ മൂന്ന് ഘട്ടങ്ങളിലെ പഠനങ്ങളുടെയും അവയുടെ ഫലങ്ങളുടെയും ഫയലുകൾ FDAക്ക് (അതാതു രാജ്യങ്ങളിലെ Regulatory Agency) സമർപ്പിക്കുകയും, FDAയുടെ വിശദമായ റിവ്യൂ പ്രോസസുമാണ് ഈ സ്റ്റേജിൽ എത്തുമ്പോൾ സംഭവിക്കുന്നത്. ചുരുങ്ങിയതു 10-15 കൊല്ലമെങ്കിലുമെടുക്കും ഇവിടേക്കെത്താൻ. വിശദാമായി ഫയലുകൾ റെവ്യൂ ചെയ്ത് പല പ്രാവശ്യമായി എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ FDA ചോദ്യങ്ങൾ കമ്പനികളിലേക്ക് അയക്കുന്നു. അവരുടെ ഓരോ വിമർശനചോദ്യത്തിനും കൃത്യമായി ഉത്തരം നൽകിയില്ലെങ്കിൽ മരുന്നിന്റെ അപ്ലിക്കേഷൻ തിരസ്കരിക്കുകയും ചെയ്യാം. ഈ ഘട്ടത്തിവും മുഴുമിപ്പിക്കാൻ ചിലപ്പോൾ കൊല്ലങ്ങൾ തന്നെ എടുത്തുവെന്ന് വരാം .


Phase 5: FDA Post-Market Safety Monitoring


അംഗീകാരം കിട്ടിയതിന് ശേഷം, മരുന്ന് മാർക്കെറ്റിലെത്തിയാലും അതിന്റെ സുരക്ഷിതത്വം, പരസ്യങ്ങളിൽ അവകാശപ്പെടുന്ന ഗുണങ്ങളുടെ സത്യാവസ്ഥ; രോഗികൾ, ഹോസ്പിറ്റൽ, ഡോക്ടർസ് എന്നിവരിൽനിന്നുമുള്ള പരാതികൾ ഇവയെല്ലാം FDA നിരീക്ഷിച്ചുകൊണ്ടേയിരിക്കും. എന്ന് മാത്രമല്ല, ഇടക്കെല്ലാം കമ്പനികളിലെ മാനുഫാക്ച്ചറിങ് സൈറ്റിൽ വന്ന് അവർ പരിശോധനകൾ നടത്തുകയും ചെയ്യും. ഇതിൽ എന്തെങ്കിലും അപാകത കണ്ടാൽ, മരുന്നുകളുടെ വില്പന നിർത്താൻ മാത്രമല്ല, മരുന്ന് ഉത്പാദനം തന്നെ നിർത്താനും FDAക്ക് അധികാരമുണ്ട്.

മരുന്നുകളുടെ (വാക്സിനുകളടക്കം) നിർമാണത്തിന്റെ വിവിധഘട്ടങ്ങളാണ് ഞാൻ ചുരുക്കത്തിൽ ഇവിടെ പറഞ്ഞത്. ഇനി നമുക്ക് കോറോണയിലേക്ക് കടക്കാം,എന്തുകൊണ്ട് അമേരിക്കയിൽ കോറോണക്ക് വാക്സിനേഷനുകളോ മരുന്നുകളോ അപ്പ്രൂവ് ചെയ്തു കിട്ടുന്നില്ല. മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു ഘട്ടം ഒഴിവാക്കിയാലോ, നിലവിലുള്ള മരുന്ന്  (മലേറിയയുടേതെന്ന പോലെ ) കോവിഡ്-19 എന്ന അസുഖത്തിനു ഫലപ്രദമാകുമെന്ന് ക്ലിനിക്കൽ റിസേർച്ചിലൂടെ (ഒരു രോഗത്തിനുള്ള മരുന്ന് മറ്റൊരു രോഗത്തിന് ഉപയോഗിക്കേണ്ടി വരുമ്പോൾ ഈ സ്റ്റേജ് വീണ്ടും ആവർത്തിക്കണം) തെളിയിച്ചിട്ടില്ലായെങ്കിലോ, അത് ഗുണത്തേക്കാൾ ദോഷം ചെയ്യാൻ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിന്, മെഡോർണ (Medorna Inc.) എന്ന കമ്പനി നടത്തുന്ന, കോറോണക്കുള്ള വസ്ക്സിനേഷന്റെ ക്ലിനിക്കൽ സ്റ്റഡി (സ്റ്റേജ് 3), മരുന്ന് വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രീ-ക്ലിനിക്കലിലേക്കു കടക്കാതെ നേരിട്ട് നടത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ്-19 എന്ന മഹാമാരിയെ തടയാനുള്ള വെമ്പലിൽ മാത്രം FDA എടുത്തൊരു തീരുമാനമാണിത്. ഇതുപോലെ തന്നെ ഹൈഡ്രോക്ലോറോക്വിൻ, ക്ലോറോക്യുൻ എന്നീ മലേറിയക്കുള്ള മരുന്നുകൾ, കോവിഡ്-19 എന്നതിന് ഫലപ്രദമാകുമോ എന്നുള്ള പഠനം ഫ്രാൻസിലും ചൈനയിലും നടത്തിയ (65-100 patients) പരീക്ഷണങ്ങളുടെ ഫലങ്ങളെ മാത്രം ആസ്‌പദമാക്കി എടുത്ത തീരുമാനമാണ്. ഇത് വളരെ ചെറിയൊരു ക്ലിനിക്കൽ സ്റ്റഡിയാണെന്നു പറയേണ്ടതില്ലല്ലോ. ഇത്രയും നിയന്ത്രണം എന്തുകൊണ്ടാണ്? ഇതിനുള്ള ഉത്തരം കണ്ടു പിടിക്കണമെങ്കിൽ നമുക്ക് കുറച്ചു വർഷം പുറകോട്ടേക്ക് നടക്കണം.

അൻപതുകളിലെ തലിഡോമൈഡ് (Thalidomide) കേസ്

അപസ്മാരം എന്ന രോഗത്തിന് വേണ്ടി അൻപതുകളിൽ ഒരു ജർമൻ കമ്പനി ഡെവലപ്പ് ചെയ്തെടുത്ത മരുന്നാണ് തലിഡോമൈഡ്. എന്നാൽ ഈ മരുന്ന് ഗർഭിണികളായ സ്ത്രീകളുടെ മോർണിംഗ് സിക്ക്നെസ്സിനും (ചർദ്ധി, തല കറക്കം) ഉപയോഗിക്കാൻ വേണ്ടി അവർ വില്പന തുടങ്ങി. അന്ന് മരുന്നുകൾ വിൽക്കാൻ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നുകൾ വാങ്ങാൻ കഴിയുന്ന കാലമായിരുന്നു അത്. മരുന്നിന്റെ വികസനത്തിനിടയിൽ വേണ്ടത്ര പഠനങ്ങളും നടത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് ലോകമൊട്ടാകെ മരുന്നു കഴിച്ച സ്ത്രീകളുടെ പതിനായിരത്തോളം കുട്ടികൾ, കൈകാലുകൾ ഇല്ലാതെയാണ് ജനിച്ചത്. ഇതുപോലെ തന്നെ ആയിടക്ക് നടന്ന മറ്റൊരു സംഭവമാണ് ക്ലറ്റർ (Clutter Laboratories) എന്ന കൻപനിയുടെ പോളിയോ വാക്‌സിനെടുത്ത ഇരുന്നൂറിലധികം ശിശുക്കളുടെ മരണം. ഈ ദാരുണ സംഭവങ്ങളാണ്, FDA യുടെ കടുത്ത നിയന്ത്രണങ്ങൾക്ക് പിന്നിൽ. അമേരിക്കയിലെ ഏറ്റവും പഴയ  ഈ സ്ഥാപനം 1848 മുതൽ നിലവിലുണ്ടെങ്കിലും FDA എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് 1930 ലാണ്. ആഗോള സംഘടനകളായ  ഇന്റർനാഷണൽ കോൺഫറൻസ് ഫോർ ഹാർമണസേഷൻ (ICH, International Conference for Harmonization), WHO (World Health Organization), യൂറോപ്യൻ മെഡിസിൻ ഏജൻസി (EMA), ഓരോ രാജ്യത്തിന്റെയും റെഗുലറ്ററി ഏജൻസികളും ചേർന്നാണ് ലോകത്തെവിടെയുമുള്ള മരുന്നുകളുടെ പൊതുനിയന്ത്രണങ്ങൾ നിയമത്തിൽ കൊണ്ടുവരുന്നത്. ഇന്ത്യയിലെ ഈ സംഘടന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ (CDSCO, Central Drugs Standard Organization) എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ലോകത്തെല്ലാവരുടെയും നന്മക്കു വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കണം.തലിഡോമൈഡ് പോലെയേയുള്ള സംഭവങ്ങൾ വർഷങ്ങൾക്ക് മുന്നേ സംഭവിച്ചതാണെങ്കിലും, ഓരോ മരുന്നിന്റെ നിർമാണത്തിലും ഇത്തരം അപകടസാധ്യതകൾ പതിയിരിക്കാം.

കോവിഡിന് മരുന്ന് കഴിച്ചില്ലെങ്കിലും രക്ഷപ്പെടുന്നവരുണ്ട്. എന്നാൽ മരുന്നിന്റെ അപാകത കൊണ്ട് ആർക്കും അപകടം വരാതിരിക്കാൻ ശ്രമിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ ധൃതഗതിയിൽ മരുന്നും വാക്സിനും രോഗികളിലെത്തിക്കേണ്ടത് ഏറ്റവും അടിയന്തിരമെങ്കിലും, വളരെ കരുതലോടെയാണ് FDA മുന്നോട്ടു പോകുന്നത് എന്തുകൊണ്ടാണെന്ന് പ്രിയപ്പെട്ട വായനക്കാർക്ക്‌ ഇത് വായിക്കുമ്പോൾ മനസ്സിലാകുമെന്ന് കരുതുന്നു. വായനക്കാരിൽ ഭീതി പടർത്താനല്ല ഈ കുറിപ്പ്. മറിച്ച്‌ എന്തുകൊണ്ടാണ് മരുന്നുകളും വാക്സിനുകളും വേഗത്തിൽ അംഗീകരിച്ചുകിട്ടുന്നില്ല എന്നതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടുവാനുള്ള എളിയൊരു ശ്രമം മാത്രമാണ്. കോവിഡ്-19 എന്ന മഹാമാരിയെ നമ്മൾ എല്ലാവരും ചേർന്ന്, ഒത്തൊരുമിച്ച് അതിജീവിക്കുമെന്നുള്ള വിശ്വാസം തീർച്ചയായും എനിക്കുണ്ട്.

(അവസാനിച്ചു)


part 1

https://emalayalee.com/varthaFull.php?newsId=208493
കൊറോണക്കാലത്ത് തലിഡോമൈഡ്  ആവര്‍ത്തിക്കരുത്! (എവിടെ കോവിഡ് 19; ടെസ്റ്റുകള്‍, മരുന്നുകള്‍, വാക്‌സിനേഷന്‍?: ഭാഗം-2- ലക്ഷ്മി നായര്‍)
Join WhatsApp News
Bindu Tiji 2020-04-07 04:16:45
വിജ്ഞാനപ്രദമായ ലേഖനം. അമേരിക്കയിൽ എന്താണ് ഓടിച്ചെന്നാൽ മരുന്ന് കിട്ടാത്ത ത് . അവിടെയും ഇവിടെയും അങ്ങിനെയല്ലലോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം . കാര്യങ്ങൾ പഠിക്കാതെ വിമർശനങ്ങൾ നടത്താതിരുന്നെങ്കിൽ . ഈ പ്രതിസന്ധി കാലത്ത് ഓരോ കാര്യങ്ങളും ശരിയായി പഠിച്ചതിനു ശേഷം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാ നുള്ള സമചിത്തത കാണിച്ചിരുന്നെങ്കിൽ . Thank you Lakshmy .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക