Image

കോവിഡ് ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി ചികിത്സയ്ക്ക് കേരളത്തിന് അനുമതി

Published on 09 April, 2020
കോവിഡ് ഭേദമായവരില്‍നിന്നുള്ള ആന്റിബോഡി ചികിത്സയ്ക്ക് കേരളത്തിന് അനുമതി
തിരുവനന്തപുരം: കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തില്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന 'കോണ്‍വലസെന്റ് സെറ' ചികിത്സാരീതി നടപ്പാക്കാന്‍ കേരളത്തിന് ഐസിഎംആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്) അനുമതി. ക്യൂബയില്‍ നിന്നുള്ള ഇന്റര്‍ഫെറോണ്‍ അല്‍ഫ–2ബി എന്ന മരുന്നുപയോഗിച്ച് കോവിഡ് പ്രതിരോധിക്കാനുള്ള പഠനത്തിനും കോവിഡിന്റെ സമൂഹവ്യാപന പഠനത്തിനും  ഇതോടൊപ്പം അനുമതി ലഭിച്ചു. 

രാജ്യത്താദ്യമായിട്ടാണ് ഒരു സംസ്ഥാനം കോണ്‍വലസെന്റ് സെറ രീതി പ്രയോഗിക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അവിടെ ഇതിന് അംഗീകാരം നല്‍കുന്നതിനു മുന്‍പ് തന്നെ ഐസിഎംആറിന് കേരളം പ്രോട്ടോക്കോള്‍ തയാറാക്കി അപേക്ഷ നല്‍കിയിരുന്നു..  ചികിത്സ ആരംഭിക്കാനുള്ള ആദ്യപടിയെന്ന നിലയില്‍ കോവിഡ് ഭേദമായ പലരോടും പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധമാണോയെന്ന് ആരായുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായ ഡോ.എ.എസ്. അനൂപ് കുമാര്‍ പറഞ്ഞു.

 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെ!ഡിക്കല്‍ സയന്‍സസ് ട്രാന്‍സ്ഫ്യൂഷന്‍സ് മെ!ഡിസിന്‍ വിഭാഗം മേധാവി ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ചികിത്സാരീതി നടപ്പാക്കുന്നത്. ആന്റിബോഡി പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് നടത്തുക.   വിജയസാധ്യത കൃത്യമായി നിര്‍ണയിച്ചിട്ടില്ലെങ്കിലും യുഎസ്,ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പല കേസുകളിലും ഈ രീതി വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. 1918, 1957 വര്‍ഷങ്ങളിലെ ഫ്‌ലൂ, സാഴ്‌സ് , എച്ച്1എന്‍1, എബോള എന്നിവയ്ക്ക് കോണ്‍വലസെന്റ് സെറ രീതി ഉപയോഗിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക