Image

വിഷു (കവിത: ദീപ ബിബീഷ് നായര്‍)

Published on 13 April, 2020
വിഷു (കവിത: ദീപ ബിബീഷ് നായര്‍)
കണ്ണിനു കണിയേകാന്‍ കണ്ണനെന്‍ ചാരേ
കണ്ണു തുറന്നാലോ മനമതില്‍ നിറയെ....

കണിവെള്ളരിയില്ല കണികാണാനെന്നാല്‍
അണുവെന്നൊരന്തകന്‍ അതിഥിയാണിവിടെ...

അസുരനെപ്പോലവന്‍ അലറിച്ചിരിക്കുമ്പോള്‍
അവിടുന്ന് മാത്രമിന്നഭയം കൃഷ്ണാ...

വ്യാധിയെന്നമ്പെയ്തവന്‍ വില്ലനായ് മാറുമ്പോള്‍
ആധികള്‍ തീര്‍ത്തെന്നെ കാത്തരുളീടണെ...

പൊന്‍ വിഷുപ്പുലരിയില്‍ നിറകണികാണുവാന്‍
പിന്നിലായ് മറഞ്ഞല്ലോ മധുരിക്കുമോര്‍മ്മകള്‍...

മായാമോഹനാ, കാര്‍മുകില്‍ വര്‍ണ്ണാ നീ
മായയാലൊക്കെയും മാറ്റിത്തരേണമെ....

നിന്‍ പാദപത്മത്തിലലിയാന്‍ കൊതിക്കുമീ
നിന്നുടെ ദാസിയാമിവളെ കാത്തിടേണമേ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക