Image

അമ്മ അലാറമാണ് (കവിത: കെ. എൻ. സുരേഷ്കുമാർ)

Published on 10 May, 2020
അമ്മ അലാറമാണ് (കവിത: കെ. എൻ.  സുരേഷ്കുമാർ)
സമയവേഗത്തിന്റെ
വിലയറിഞ്ഞപ്പോൾ
മൃത്യുസമ നിദ്രയിൽ
നിന്നുമുണരാൻ
ഒരു മണി ക്ളോക്കു
ഞാൻ വാങ്ങി

കൃത്യ സമയത്തിനതു
മണിയടിയ്ക്കും
സമയക്കുടുക്കയ്ക്കു നന്ദി!

രാവിലെ നേരത്തെയുണരാൻ
വെറുതെ,
വ്യഥിത സ്വപ്നങ്ങളിൽ
മനമുടക്കാൻ
നീറുന്ന വേദനയി-
ലുരുകിയൊഴുകാൻ
ജന്മരോഗങ്ങളിൽ
മനം നൊന്തു പാടാൻ
എൻ ശംഖമായതാണാ-
സമയപേടകം

ഒടുവിലതിന്റെ
ഹൃത്താളങ്ങൾ തെറ്റി
ഓടിക്കിതച്ചങ്ങു
താനേ നിലച്ചു

അമ്മയുണ്ടായിരുന്നപ്പോൾ
അലാറക്കുടുക്കയില്ലായിരുന്നു
മൂർദ്ധാവിൽ വിരലോടിച്ചെന്നെ-
യുണർത്തുവാൻ
അലാറത്തെക്കാളുമന്നമ്മ കൃത്യം

മകനെ ഉണർത്താൻ
ഉറങ്ങാതിരിയ്ക്കും
ഒരമ്മ
ഉയർത്താൻ
ഉണ്ണാവ്രതം നോൽക്കുമമ്മ

അമ്മ,  മകന് അലാറമാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക