Image

സൗദിയില്‍ കോവിഡ് ബാധിതര്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ രോഗമുക്തി നേടിവര്‍ 2,365

Published on 13 May, 2020
സൗദിയില്‍ കോവിഡ് ബാധിതര്‍ ഉയരുന്നു; 24 മണിക്കൂറിനിടയില്‍ രോഗമുക്തി നേടിവര്‍ 2,365

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ടെസ്റ്റ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ ദിനേന കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. അതോടൊപ്പം കോവിഡ് 19 ബാധയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണവും സൗദിയില്‍ ഗണ്യമായി കൂടി വരുന്നു. 24 മണിക്കൂറില്‍ സുഖം പ്രാപിച്ചവരുടെ എണ്ണം 2365 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവര്‍ രാജ്യത്ത് 17622 ആയി. ബുധനാഴ്ച പുതുതായി 1965 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 44830 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

ഒന്‍പത് പേര്‍ കൂടി മരണത്തിനു കീഴടങ്ങി. രണ്ടു സൗദി പൗരന്മാരും 7 പേര്‍ വിദേശികളുമാണ്. മക്കയിലും ജിദ്ദയിലുമാണ് മരണം സംഭവിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 273 ആയി. ചികിത്സയിലുള്ള 147 പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. പുതിയ രോഗബാധിതരില്‍ 32 ശതമാനം സൗദികളാണെന്നും ബാക്കി വിദേശികളുമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക് : റിയാദ് 673, ജിദ്ദ 338, മക്ക 283, ദമ്മാം 147, ഹൊഫൂഫ് 67, മദീന 64, ജുബൈല്‍ 52, തായിഫ് 50, ഖോബാര്‍ 47, തബൂക് 35, മജ്മഅ 30, ദരിയ 18, ദഹ്‌റാന്‍ 14, അല്‍ഖര്‍ജ് 6 എന്നിങ്ങനെയാണ്.

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ ഇളവുകള്‍ ഈ മാസം 22 വരെ തുടരും. 23 മുതല്‍ 27 വരെയുള്ള ഈദ് അവധി സമയത്ത് 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക