Image

കൊറോണ എന്ന പുണ്യവതി (ജെ.മാത്യൂസ്)

ജെ.മാത്യൂസ് Published on 14 May, 2020
കൊറോണ എന്ന പുണ്യവതി (ജെ.മാത്യൂസ്)
രണ്ടു പനകളുടെ (Palm trees) തലപ്പുകളില്‍ കയറുകെട്ടി ഉറപ്പിച്ചു. തടി വളയത്തക്ക വിധം ഓരോന്നിനെയും ശക്തിയായി വലിച്ചുതാഴ്ത്തി തറനിരപ്പില്‍ കെട്ടിനിറുത്തി. അവയുടെ മദ്ധ്യത്തില്‍, ഒരു പതിനാറുകാരിയെ റോമന്‍ പടയാളികള്‍ പിടിച്ചു നിറുത്തി. ക്രൂരമായ മര്‍ദ്ദനവും നിഷ്ഠൂരമായ പീഡനവും തളര്‍ത്തിയതായിരുന്നു അവളുടെ ശരീരം. ്അവളുടെ കൈകാലുകള്‍ അതാതു വശങ്ങളിലുള്ള പനന്തലപ്പുകളില്‍ വരിഞ്ഞുകെട്ടി. ന്യായാധിപന്‍ കല്‍പ്പിച്ച മാത്രയില്‍ മരത്തലപ്പുകള്‍ വലിച്ചുകെട്ടിയിരുന്ന കയറുകള്‍ പെട്ടെന്ന് മുറിച്ചു വിട്ടു. അതിവേഗത്തില്‍, പൂര്‍വ്വസ്ഥിതിയിലേക്ക് ഉയര്‍ന്ന് അകന്നു മാറിയ പനകളുടെ അതിശക്തമായ വലിയില്‍പെട്ട് അവളുടെ ശരീരം കീറിമുറിഞ്ഞ്, കഷ്ണങ്ങളായി, ചിതറിത്തെറിച്ചു! അതിദാരുണമായ ഈ വധശിക്ഷക്കു കാരണം അവള്‍ ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നുവെന്നുള്ളതാണ്. ആ പെണ്‍കുട്ടിയുടെ പേരാണ് കൊറോണ.

ഐതിഹ്യം തുടരുന്നതിങ്ങനെ:
മരണ സമയത്ത് അവള്‍ കണ്ട കാഴ്്ച അത്ഭുതകരമായിരുന്നു. ഉഗ്രമായ സൂര്യപ്രകാശത്തെപ്പോലും, നിഷ്പ്രഭമാക്കിക്കൊണ്ട്, ശുഭ്രശോഭയോടെ രണ്ടു കിരീടങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും സാവധാനം താഴ്ന്നിറങ്ങിവരുന്നു! ഒന്ന്, അവള്‍ക്കും മറ്റത് അവളോടൊപ്പം രക്തസാക്ഷിയായ വിക്ടര്‍ എന്ന റോമന്‍ പട്ടാളക്കാരനും. ലത്തീന്‍ (Latin) ഭാഷയില്‍ കിരീടം എന്ന് അര്‍ത്ഥം വരുന്ന വാക്കാണ് കൊറോണ(Corona). സ്വര്‍ഗ്ഗത്തില്‍ നിന്നയച്ച കിരീടം ധരിച്ചതുകൊണ്ട് അവള്‍ കൊറോണയായി. രക്തസാക്ഷികള്‍ക്കുളള കിരീടം(Martyrs Crown) ധരിച്ചതുകൊണ്ട് അവള്‍ പുണ്യവതിയായി- വിശുദ്ധ കൊറോണ-(Saint Corona).

*****    ******
വിശുദ്ധ കൊറോണ എന്ന് എവിടെ ജനിച്ചുവെന്നോ, എന്ന് എവിടെ വച്ചാണ് രക്തസാക്ഷി ആയതെന്നോ തെളിയിക്കുന്ന ചരിത്രരേഖകളില്ല. ആകെയുള്ളത് ഐതിഹ്യത്തിലൈ വര്‍ണ്ണനകള്‍ മാത്രം. അതാകട്ടെ കാലദേശ സംസ്‌കാരങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. എ.ഡി.നാലാം നൂറ്റാണ്ടില്‍ അന്തിയോക്കിലെ (Antioch) ഒരു ഡീക്കന്‍ കേട്ടറിഞ്ഞെഴുതിയ ചരിത്രമാണ് വിശുദ്ധ കൊറോണയെപ്പറ്റിയുള്ള ആദ്യത്തെ രേഖ.

ഇന്നത്തെ പലരാജ്യങ്ങളും ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്നു. റോമന്‍- സിറയയില്‍ എവിടെയോ ആണ് കൊറോണയുടെ ജനനം എന്നു അഭിപ്രായപ്പെടുന്നവരുണ്ട്. ഡമാസ്ക്കസ്, അന്തിയോക്ക്, അലക്‌സാഡ്രിയ, സിസിലി തുടങ്ങിയ സ്ഥലങ്ങളില്‍ എവിടെയാണ് കൊറോണ രക്തസാക്ഷിയായെതെന്ന കാര്യത്തില്‍, പുണ്യവാളന്‍മാരുടെ ജീവചരിത്ര രചിതാക്കള്‍ക്കുള്ളത്  (Hagiography) വിയോജിപ്പ് മാത്രമാണ്.

*****  ******
ക്രിസ്തുവര്‍ഷം ഒന്നു മുതല്‍ നാലു വരെ നൂറ്റാണ്ടുകള്‍. റോമന്‍ സാമ്രാജ്യം വ്യാപിച്ചു കിടന്ന കാലം. സ്റ്റോയിക്ക് വിശ്വാസികളായിരുന്നു ചക്രവര്‍ത്തിമാര്‍. ക്രിസ്തീയ വിശ്വാസികളെ ശിക്ഷിച്ചിരുന്നു, പീഡിപ്പിച്ചിരുന്നു, വധിച്ചിരുന്നു. വധശിക്ഷ ഏറ്റുവാങ്ങി പലരും രക്തസാക്ഷികളായി, വിശുദ്ധന്‍മാരായി. വിശുദ്ധ ഗീവര്‍ഗീസും സെബസ്ത്യാനോസും അക്കാലത്ത് രക്തസാക്ഷിത്വം വരിച്ചവരാണ്. ആ കൂട്ടത്തില്‍പെടും വിക്ടര്‍ പുണ്യവാളനും കൊറോണ പുണ്യവതിയും.

ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ട്. മാര്‍ക്കസ് ഔറീലിയസ് അന്റോണിനസ് (Marcus Aurelius Antoninus) ചക്രവര്‍ത്തിയും സെബാസ്റ്റിയന്‍ ന്യായാധിപനുമായിരുന്ന കാലം. മസൂരിപോലെയുള്ള ഒരു പകര്‍ച്ചവ്യാധി മരണം വിതച്ച് മനുഷ്യരെ കിടിലം കൊള്ളിച്ചുകൊണ്ടിരുന്നു. ക്രിസ്ത്യാനികള്‍ പ്രചരിക്കുന്നതാണ് ഇതിനു കാരണമെന്നുള്ള പ്രചരണം ശക്തമായി. ക്രിസ്തു വിശ്വാസികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

റോമന്‍ പടയാളിയായിരുന്ന വിക്ടര്‍ ക്രിസ്ത്യാനിയാണെന്നറിഞ്ഞപ്പോള്‍, ന്യായാധിപനായ സെബാസ്റ്റ്യന്‍ അയാളെ തടവിലാക്കി. മര്‍ദ്ദിച്ചു, പീഡിപ്പിച്ചു, തൂണില്‍ കെട്ടിയിട്ട് ചാട്ടകൊണ്ട് അടിച്ചു. തൊലി പൊളിഞ്ഞു തൂങ്ങി. എന്നിട്ടും വിക്ടര്‍ ക്രിസ്തുവിനെ തള്ളി പറഞ്ഞില്ല. പക തീരാത്ത സെബാസ്റ്റ്യന്റെ കല്‍പനപ്രകാരം, വിക്ടറിന്റെ കണ്ണുകള്‍ തുരന്നെടുത്തു. പക്ഷേ, വിക്ടര്‍ ആകട്ടെ അപ്പോഴും ക്രിസ്തുവിനെ കണ്ടുകൊണ്ടിരുന്നു!

ക്രൂരമായ ഈ പീഡനമുറകള്‍ കണ്ട് മനസ്സുരുകിയ ഒരു പതിനാറുകാരി, ആയുധധാരികളായ പട്ടാളക്കാരെ അമ്പരിപ്പിച്ചുകൊണ്ട്, മൃതപ്രായനായ വിക്ടറിന്റെ അടുത്ത് ഓടി എത്തി. താനും ഒരു ക്രിസ്ത്യാനിയാണെന്ന് അവള്‍ ഉറക്കെ പ്രഖ്യാപിച്ചു. മുട്ടുകുത്തിനിന്ന് വിക്ടറിനെ അവള്‍ ആശ്വസിപ്പിച്ചു.

ഈ 'ധിക്കാര'ത്തിനു കിട്ടിയ ശിക്ഷ കഠോരമായിരുന്നു. എല്ലാ പീഡനമുറകളും പരാജയപ്പെട്ടപ്പോള്‍ ന്യായാധിപനായ സെബാസ്റ്റ്യന്‍ മറ്റൊന്നു കണ്ടുപിടിച്ചു. ക്രിസ്തുവിനെ തറച്ചത് മരക്കുരിശിലാണ്. ഈ ധിക്കാരിയെ രണ്ടു മരങ്ങള്‍ വലിച്ചുകീറട്ടെ! ആ വധശിക്ഷയാണ്, എ.ഡി. 170-ല്‍ നടന്നതായി ഐതിഹ്യം പറയുന്നത്.

*****   ********
വടക്കെ ഇറ്റലിയിലുള്ള ആന്‍സു (Anzu) നഗരത്തില്‍, അതിപുരാതനമായ ഒരു ബസിലിക്ക ഉണ്ട്. അവിടെ വിശുദ്ധരായ വിക്ടറിന്റെയും കൊറോണയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. ഇറ്റലിയിലെ മൈയേസ്‌ന (Miesna) മലഞ്ചെരുവില്‍, വിശുദ്ധരായ വിക്ടറിന്റെയും കൊറോണയുടെയും നാമധേയത്തില്‍, ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു ദേവാലയമുണ്ട്.

A.D.997-ല്‍, വിശുദ്ധ കൊറോണയുടെ തിരുശേഷിപ്പ്, ഓട്ടോ മൂന്നാമന്‍ രാജാവ് (King Otto III), പശ്ചിമ ജര്‍മ്മനിയിലുള്ള ആച്ചന്‍ (Aachan) കത്തീഡ്രലില്‍ കൊണ്ടുവന്നു. അത്, മനോഹരമായ ഒരു ദിവ്യസ്മാരക പേടകത്തില്‍ (Shrine) ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ആസ്ട്രിയായിലും ബവേറിയയിലും വിശുദ്ധ കൊറോണയുടെ തിരുനാള്‍ (May 14) ആയിരക്കണക്കിനാളുകള്‍ ആഘോഷിച്ചു വരുന്നു.

അവ്യക്തതകള്‍ ഒട്ടേറെയുണ്ടെങ്കിലും വിശുദ്ധ കൊറോണയുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഒരു ആധികാരിക രേഖയുണ്ട്. രക്തസാക്ഷികളായ വിശുദ്ധരുടെ പേരുവിവരം രേഖപ്പെടുത്തിയിരിക്കുന്ന്ത 'ദി റോമന്‍ മാര്‍ട്ടിറോളജി' യിലാണ്. ഗ്രിഗറി XIII-മന്റെ കല്‍പനപ്രകാരം പ്രസിദ്ധീകരിച്ചതും, ബനഡിക്ട് XIV- മന്‍ 1749-ല്‍ പുതുക്കിയതുമായ, കത്തോലിക്കാ സഭയുടെ ആധികാരിക രേഖയാണ് ദി റോമന്‍ മാര്‍ട്ടിറോളജി(The Roman Martyrology). ഈ രേഖയില്‍ വിശുദ്ധ കൊറോണയുടെ പേര് ലഘുവിവരണത്തോടുകൂടി ചേര്‍ത്തിരിക്കുന്ന (Pages 139-140). മേയ് മാസം പതിനാലാം തീയതിയാണ് വിശുദ്ധ കൊറോണയുടെ തിരുനാള്‍ ദിവസം.

***  **** **** ****
കൊറോണ എന്ന സ്ഥലപ്പോരുകളുണ്ട്. അമേരിക്കയില്‍തന്നെ, കാലിഫോര്‍ണിയ, മിനിസോട്ട, മിസൗറി, ന്യൂമെക്‌സിക്കോ, ന്യൂയോര്‍ക്ക് തുടങ്ങിയ സ്റ്റേറ്റുകളിൽ കൊറോണ എന്നറിയപ്പെടുന്ന പ്രദേശങ്ങളുണ്ട്. ന്യൂയോര്‍ക്ക് സിററിയില്‍, ക്യൂന്‍സിലെ ഒരു പ്രദേശത്തിന്റെ പേര് കൊറോണയെന്നാണ്.

 വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, ഉല്‍പന്നങ്ങള്‍, സാഹിത്യം, കല, സംഗീതം, സയന്‍സ് തുടങ്ങിയ എല്ലാ മേഖലകളിലും കൊറോണ എന്ന പേരുണ്ട് . ഓരോ പേരിനും കാരണം ഓരോന്നാകാം. കൊറോണ വൈറസിലെ കൊറോണയും വിശുദ്ധ കൊറോണയിലെ കൊറോണയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരേ പേരു വന്നത് വ്യത്യസ്ത കാരണങ്ങളാലാണ്.

ജെ.മാത്യൂസ്.

കൊറോണ എന്ന പുണ്യവതി (ജെ.മാത്യൂസ്)
Join WhatsApp News
George Nadavayal 2020-05-14 11:05:12
ജെ മാത്യൂ സാർ, ഇരുളാണ്ട വഴികളിലെ തിരുത്തൽ യാഗയാത്രകൾ കരുത്താർന്നു നിറയുന്നൂ അരുമയോടെ നിൻ തൂലികയിൽ
Thomas T Oommen 2020-05-14 12:08:44
ദുഷ്‌കർമ്മങ്ങൾക്കു പോലും നിയമത്തിന്റെ പരിരക്ഷ നൽകുന്ന കാടത്തത്തിലേക്കാണ് ലോകം പൊയ് ക്കൊണ്ടിരിക്കുന്നത്. ദൈവ വിശ്വാസികൾക്കു നേരെയുള്ള ക്രൂരത ഇന്നും കാണാം. മാധ്യമങ്ങൾ പോലും തെറ്റുകളെ ചൂണ്ടിക്കാട്ടുന്നതിൽ വൈമനസ്യം കാട്ടുന്നു. ചരിത്രത്തിലൂടെയുള്ള ഓർമ്മപ്പെടുത്തലുകൾ കാലഘട്ടത്തിന്റെ ആവശ്യമാണ് . നന്ദി മാത്യു സാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക