യുവസംവിധായകന് അരുണ്‍ പ്രശാന്ത് കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തു വച്ചുണ്ടായ വാഹന അപകടത്തില്‍ മരിച്ചു. അണ്ണൂര്‍ സ്വദേശിയായ അരുണ്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അരുണ്‍ സംവിധാനം ചെയ്ത 4ജി എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങുന്ന അവസരത്തിലാണ് അപ്രതീക്ഷിത മരണം. നടന് ജി.വി പ്രകാശ് കുമാര്‍ നായകനായി അഭിനയിക്കുന്ന 4ജി എന്ന ചിത്രം അരുണിന്റെ സംവിധാന സംരംഭം കൂടിയാണ്.
2016ലാണ് 4ജി എന്ന സിനിമയുടെ ചിത്രീകരണവുമായി അരുണ്‍ മുന്നോട്ടു പോയത്. പല സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്ന അവസരത്തിലണ് അരുണിന്റെ അപ്രതീക്ഷിത വേര്‍പാട്. വേല്‍രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗായത്രി സുരേഷും സതീഷും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അരുണിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് സംവിധായകന് ശങ്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ``എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാ പ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു'' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.