Image

വിവാഹശേഷം ഇത്രയും നാള്‍ പിരിഞ്ഞിരിക്കുന്നത്‌ ഇതാദ്യമെന്ന്‌ സുപ്രിയ

Published on 16 May, 2020
വിവാഹശേഷം ഇത്രയും നാള്‍ പിരിഞ്ഞിരിക്കുന്നത്‌ ഇതാദ്യമെന്ന്‌ സുപ്രിയ

മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഷൂട്ടിങ്ങ്‌ തിരക്കുകളില്ലാതെ തങ്ങളുടെ കുടുംബത്തോടൊപ്പം കഴിയാന്‍ കിട്ടിയ അവസരമായിരുന്നു ഈ ലോക്ക്‌ ഡൗണ്‍ കാലം. 

എല്ലാവരും അത്‌ നന്നായി തന്നെ ആഘോഷിക്കുന്നുമുണ്ട്‌. മിക്ക താരങ്ങളും ഫേസ്‌ബുക്ക്‌ പേജില്‍ അതിനെ കുറിച്ചുള്ള കുറിപ്പുകളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കു വയ്‌ക്കാറുണ്ട്‌. എന്നാല്‍ യുവതാരം പൃഥിവിരാജിനും കുടുംബത്തിനും ഈ ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ഒരുമിച്ചിരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

ആട്‌ ജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്‌ ജോര്‍ദ്ദാനിലേക്ക്‌ പോയ പൃഥ്വിരാജും സംഘവും അവിടെ കുരുങ്ങി കിടക്കുകയാണ്‌. വിവാഹശേഷം ഇത്രയും കാലം പിരിഞ്ഞിരിക്കുന്നത്‌ ഇതാദ്യമാണെന്നും പൃഥ്വിയുടെ ഭാര്യ സുപ്രിയ പറയുന്നു. വിവാഹ ശേഷം ഇതാദ്യമായാണ്‌ ഇത്രയും കാലം കാണാതെ പിരിഞ്ഞിരിക്കുന്നതെന്ന്‌ വികാരനിര്‍ഭരമായ കുറിപ്പില്‍ സുപ്രിയ പറയുന്നു.

2012 ലെ ഓര്‍മ്മചിത്രം മോളി ആന്‍ഡ്‌ റോക്ക്‌സിന്റെ ഷൂട്ടിങ്ങിനായി പൃഥ്വി പാലക്കാട്ടെത്തിയപ്പോള്‍ എടുത്ത ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്‌. ``ഇതുപോലെ അടുത്തിരുന്നിട്ടും ചിരിച്ചിട്ടും 77 ദിവസങ്ങളായി, ഇതുവരെയുള്ളതില്‍ വച്ച്‌ ദൈര്‍ഘ്യമേറിയ പിരിഞ്ഞിരിക്കല്‍.'' സുപ്രിയയുടെ പോസ്റ്റിന്‌ ധാരാളം കമന്റുമായി ആരാധകരെത്തുന്നുണ്ട്‌. 

സുപ്രിയയുടേതിന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുകയാണെന്നും പ്രതീക്ഷകളോടെ കാത്തിരിക്കണമെന്നും നിരവധി പെണ്‍സുഹൃത്തുക്കള്‍ സുപ്രിയയുടെ പോസ്റ്റിന്‌ മറുപടിഎഴുതി. 

ആരാധകരുടെ ആശ്വാസവാക്കുകള്‍ക്ക്‌ സ്‌നേഹപൂര്‍വം നന്ദി അറിയിക്കാനും സുപ്രിയ മറന്നില്ല. പൃഥ്വിരാജ്‌ വേഗം തിരിച്ചു വന്നിട്ടു വേണം എമ്പുരാന്റെ ഷൂട്ടിങ്ങ്‌ തുടങ്ങാന്‍ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്‌. പൃഥ്വിക്ക്‌ ഒരു ഇടവേള കൊടുക്കൂ സഹോദരാ എന്നായിരുന്നു അതിന്‌ സുപ്രിയയുടെ മറുപടി. 

അതിനിടെ ജോര്‍ദ്ദാനില്‍ ആട്‌ജീവിതത്തിന്റെ ഷൂട്ടിങ്ങ്‌ വീണ്ടും ആരംഭിച്ചെന്നാണ്‌ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ പൃഥ്വിയും സംഘവും എന്ന്‌ തിരികെയെത്തുമെന്ന്‌ വ്യക്തമല്ല.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക