Image

കാത്തിരിപ്പ് (സീന ജോസഫ്)

Published on 16 May, 2020
കാത്തിരിപ്പ് (സീന ജോസഫ്)
പൊട്ടിയ മൂലയോടില്‍ താളം ചവിട്ടുന്നു
കാലം തെറ്റിപ്പെയ്യുന്ന പെരുമഴ
തൂവാനം പുതപ്പിച്ച തണുപ്പുമായ്,
തനിച്ചുനില്‍ക്കുന്നുണ്ട് ഇരുള്‍പുരണ്ടൊരു രൂപം
ഇടവഴിക്കോണിലുടക്കിനില്‍ക്കയാണ്
തിമിരം വെളുപ്പിച്ച കണ്ണുകള്‍...

എന്നോ പടിയിറങ്ങിപ്പോയോരുണ്ണിതന്‍
നിഴലവിടെയെങ്ങാനും പതുങ്ങിനില്‍പ്പുണ്ടാവുമോ..?
ജീവനില്‍ തിരിയിട്ടു കാത്തുനില്‍ക്കയാണമ്മ...
ഇല്ല, തോല്‍ക്കില്ലെന്നൊരു ജ്വാല
കണ്ണില്‍ കെടാതെ നില്‍ക്കുന്നുണ്ടിപ്പൊഴും!
'അവന്‍ വരും, വരാതിരിക്കില്ല'
ജപമണി മന്ത്രിക്കുന്നതിതൊന്നു മാത്രം..

വാശിയില്‍ മകനെത്തോല്‍പ്പിച്ചൊരച്ഛനെന്നോ
മണ്മറഞ്ഞതവനറിഞ്ഞിട്ടുണ്ടാകുമോയെന്തോ?!
നഗരത്തില്‍ പുതിയവീടുവച്ചു മാറിയപ്പോള്‍
കൂടെച്ചെല്ലുവാന്‍ വിളിച്ചതാണിളയ പുത്രന്‍
കഴിയില്ല തനിക്കതെന്നു നിലത്തൂന്നിയ കണ്ണാല്‍
മറുപടിചൊല്ലി നില്‍ക്കുവാനേ കഴിഞ്ഞുള്ളു...

അവനൊരുനാള്‍ തിരികെവരും നിശ്ചയമപ്പോള്‍
താനിവിടെയില്ലാതിരിക്കുന്നതെങ്ങിനെ?
അവനീ നടവഴിയേ പരിചിതമായുള്ളൂ..
പഴകിപ്പൊട്ടിയടര്‍ന്നതെങ്കിലുമീ
വീടേ ഓര്‍മ്മകളിലുണ്ടാവൂ...
വഴിക്കണ്ണുമായ്, ചെറുതിരി വെളിച്ചമായ്
താനിവിടെയുണ്ടാവാതിരിക്കുവതെങ്ങനെ?!

മറ്റാര്‍ക്കുമൊന്നും മനസ്സിലാവില്ല,
കാത്തിരിപ്പൊരു പാഴ്ശ്രമമാണത്രേ..
എങ്കിലും ജീവനില്‍ തിരിയിട്ടു കാത്തിരിപ്പുണ്ടമ്മ,
തോറ്റുപോകില്ലെന്നൊരു ജ്വാല കണ്ണില്‍
നിരന്തരം തെളിഞ്ഞു കത്തുന്നുമുണ്ട്...!
Join WhatsApp News
shebaly 2020-05-16 23:19:51
Beautiful narration..
Seena 2020-05-17 09:05:34
Thank you...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക