Image

ഭാരതപര്യടനം അഥവാ ഒരു പറയിയുടെ ആത്മഗതം (കവിത: ദീപാ വിനോദ്)

Published on 17 May, 2020
ഭാരതപര്യടനം അഥവാ ഒരു പറയിയുടെ ആത്മഗതം (കവിത: ദീപാ വിനോദ്)
പറയിയായിരുന്നു ,
ഭാഗ്യമില്ലാത്തവൾ.
ജനനത്തിൽത്തന്നെ ഉപേക്ഷിക്കപ്പെട്ടവൾ;
അസ്‌പൃശ്യ.

എന്നിട്ടും
തന്റെ വിധിയെ
പരിഭാഷപ്പെടുത്താൻ
ഒരാൾ വന്നു.

അഭിരുചികളുടെ തമ്പുരാൻ.

അവൻ തന്റെ കനത്ത കൈത്തലം
വെച്ചു നീട്ടിയപ്പോൾ ,

പുളകിതയായില്ല.

പകരം ഒരു മറുചോദ്യമെറിഞ്ഞു ,

" എന്താണൊരുറപ്പ്‌ ?"

"നിന്നെ ഞാൻ
ഉത്തരവാദിത്തങ്ങളിൽ നിന്ന്
മോചിപ്പിക്കാം"

ഉള്ളിൽ പതഞ്ഞുയർന്ന വികാരം
ഉത്തരമായി
പരിവർത്തിക്കപ്പെട്ടില്ല.

പറയിയുടെ ഭാഗ്യമെന്ന്
ലോകം കരുതിക്കാണണം.
മറുത്തൊന്നും
പറയേണ്ടിവന്നില്ല.

അന്ന് തുടങ്ങിയതാണ്
ഭാരതപര്യടനം .
യാത്രയിലൂടെ സാധ്യമാവുന്ന
ആനന്ദമൂർച്ഛകൾ.

പക്ഷേ,
നിശ്ചിതമായ ഇടവേളകളിൽ
എന്റെ മൌനത്തെ
തീർത്തും അപരിചിതമായ
മറെറാരു ഭാഷയിലേക്കവൻ
പരിഭാഷപ്പെടുത്തി.

ശരിയാണ്.
സുമംഗലിയുടെ സ്വാതന്ത്ര്യം
പതിയുടെ ഇച്ഛകൾക്കൊത്താവണം.

പണ്ട്‌
നെറ്റിയിൽത്തറച്ച പന്തം
കൂടുതലാഴത്തിൽ
ആഞ്ഞാഞ്ഞ്‌ തറയ്ക്കുന്നത്,
തിളച്ചു മറിയുന്നത്
അനുഭവിച്ചറിഞ്ഞു.

അതുകൊണ്ട്‌
സമയം വന്നപ്പോൾ,
"വായില്ലാ ........വായില്ലാ....."
എന്നുറക്കെ ,
അലറി പ്രതിഷേധിച്ചത്‌
ഞങ്ങളിരുവരും ചേർന്നുതന്നെയാണ്.

ആ ഒരൊറ്റ വാക്കിലാണ്
അവൻ പോലും
എന്നെ ഭയന്നത്‌,
തിരിച്ചറിഞ്ഞത്‌.

വാൽക്കഷണം:
--------------
ഹേ പണ്ഡിതാ,
അങ്ങ്‌ നടത്തിയത്
പരിഭാഷയല്ല,
പരാവർത്തനം മാത്രമാണ്
Join WhatsApp News
RAJU THOMAS 2020-05-17 18:00:45
Knowledgeable deconstruction! Demanding, nay commanding, that the reader focus on the play on a word, you did a tight-rope, and very well (paribhAsha--parivartthiKuka--parAvrayttham)--I like the cleverness therein. Yet mind ever so minor a misspelling, as in uttharavaadithwam (thwam). I remain, quite appreciatively,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക