Image

കുഞ്ഞുങ്ങള്‍ അമേരിക്കന്‍ പൗരരാണോ? എച്ച്-1 കാര്‍ക്ക് ഇപ്പോള്‍ നാട്ടിലേക്കു പോകാന്‍ പറ്റില്ല

Published on 17 May, 2020
കുഞ്ഞുങ്ങള്‍ അമേരിക്കന്‍ പൗരരാണോ? എച്ച്-1 കാര്‍ക്ക് ഇപ്പോള്‍ നാട്ടിലേക്കു പോകാന്‍ പറ്റില്ല
മകന്‍/മകള്‍ കൈക്കുഞ്ഞാണെങ്കിലും അമേരിക്കന്‍ പൗരത്വമാണുള്ളതെങ്കില്‍ തല്ക്കാലം ഇന്ത്യയിലേക്ക് പോകാമെന്നു കരുതണ്ട. എച്ച്-1 തുടങ്ങിയ വിസകളില്‍ വന്ന് ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുഞ്ഞുങ്ങള്‍ക്ക് അമേരിക്കന്‍ പാസ്‌പോര്‍ടാണെങ്കില്‍ വിമാനത്തില്‍ കയറ്റാതെ ഇറക്കി വിടുമെന്നര്‍ഥം-കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഫോമാ സംഘടിപ്പിച്ച സൂം മീറ്റിംഗിലാണു ഇക്കാര്യം വ്യക്തമായത്.

വന്ദേ ഭാരത് ഫ്‌ലൈറ്റുകള്‍ ഒരു മനുഷ്യത്വപരമായ ദൗത്യമല്ല (ഹ്യുമാനിറ്റേറിയന്‍) പകരം ഇത് പൗരന്മാരെ ഒഴിക്കിക്കാനുള്ള (റിപ്പാര്‍ട്രിയേഷന്‍) ഫ്‌ലൈറ്റാണ്. ഇന്ത്യന്‍ പൗരന്മാരെ കൊണ്ടു വരുന്നത് മാറ്റി വയ്ക്കാനാവില്ല-മന്ത്രി പറഞ്ഞു.അമേരിക്കന്‍ പൗരത്വം എടുത്തത് സ്വയം തീരുമാനിച്ചാണ്. അപ്പോള്‍ പിന്നെ വിദേശികള്‍ക്കും ഒ.സി.ഐ. കാര്‍ഡ് ഉള്ളവര്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നത് വരെ കാത്തിരുന്നേ പറ്റൂ.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഈ മാസം 25-നു ഒരു ഫ്‌ലൈറ്റ് ഡല്‍ ഹി-കൊച്ചി സര്‍വീസ് നടത്തും. കേരളത്തിലേക്കു ഒരു വിമാനം പോകാന്‍ മാത്രം ആളുകള്‍ ഉണ്ടാവുമോ എന്നതനുസരിച്ചായിരിക്കും മറ്റു നഗരങ്ങളില്‍ നിന്നു കേരളത്തിലേക്ക് ഫ്‌ലൈറ്റ് ഏര്‍പ്പെടുത്തുക. അതാത് സ്റ്റേറ്റിലേക്കുള്ളവരെയാണു വിമാനത്തില്‍ കൊണ്ടു പോകാന്‍ പ്രാധാന്യം നല്‍കുന്നത്. കാരണം വിമാനം ഇറങ്ങിയാല്‍ തന്നെ 28 ദിവസം കഴിഞ്ഞാണു നാട്ടിലെത്താനാവുക. മറ്റു സംസ്ഥാനക്കാരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാനും മറ്റും പല സ്റ്റേറ്റുകള്‍ക്കും താല്പര്യക്കുറവുണ്ട്. യാത്രക്കാര്‍ക്കും അതേ പ്രശ്‌നമുണ്ട്. എല്ലാവര്‍ക്കും സ്വന്തം നാട്ടിലെത്താനാണല്ലൊ താല്പര്യം. മുംബെയില്‍ താമസിക്കുന്ന മലയാളിക്ക് ഈ പ്രശ്‌നം വരുന്നില്ല.28 ദിവസം കഴിഞ്ഞു നാട്ടിലേക്കു പോകാന്‍പ്രത്യേക സംവിധാനമില്ല. പക്ഷെ ദീര്‍ഘദൂര ട്രയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.

അത്യാവശ്യക്കാരെയാണു ഇപ്പോള്‍ ഇന്ത്യയിലേക്കുകൊണ്ടു പോകുന്നത്. അതിനായി 8 കാറ്റഗറികള്‍ രൂപപ്പെടൂത്തിയിട്ടുണ്ട്. ജോലി പോകുന്നവര്‍ ഒക്കെ ഈ കാറ്റഗറിയിലുണ്ട്. പക്ഷെ ഫ്‌ലൈറ്റ് കുറവായതിനാല്‍ എല്ലാവരെയും ഉടനെ കൊണ്ടു പോവുക എളുപ്പമല്ല.

അനര്‍ഹരായവരെ ഫ്‌ലൈറ്റില്‍ കൊണ്ടു പോകുന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു തെളിഞ്ഞാല്‍ നടപടി എടുക്കും.

ഇന്ത്യയിലെ ജനസംഖ്യയുമായി വച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ബാധ താരതമ്യേന കുറവാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ചൈനയിലേതിനേക്കാള്‍ കൂടുതല്‍ രോഗബാധിതരുണ്ടെന്ന് പറയുന്നതില്‍ പ്രസക്തിയില്ല. ചൈന ക്രുത്യമായ കണക്കാണോ നല്‍കുന്നത് എന്നതും ഉറപ്പില്ല.

ഒരു പരിധി വരെ സാമൂഹിക വ്യാപനം തടയാന്‍ നമുക്കായി. മറ്റു രാജ്യങ്ങളേക്കാള്‍ വ്യത്യസ്തമായ നിലപാടാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. മാര്‍ച്ച് 4-നു ആരംഭിച്ച ലോക്ക് ഡൗണിനുവലിയ ജനപങ്കാളിത്തമാണു ലഭിച്ചത്.

പല രാജ്യങ്ങളും ഒറ്റപ്പെടല്‍ സിദ്ധാന്തത്തിലേക്കു (ഐസൊലേഷന്‍) പോകുമ്പോള്‍ ഇന്ത്യ ആഗോള ലക്ഷ്യങ്ങളുമായാണു മുന്നേറുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കം മരുന്നുകള്‍ നല്കാന്‍ ഇന്ത്യക്കായി. മരുന്ന് ഉദ്പാദന രംഗത്ത് ഇന്ത്യ മുന്നില്‍ നില്‍ക്കുന്നു. പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്വിപ്പ്‌മെന്റ് ഉദ്പാദനത്തിലും മറ്റും നാം സ്വയം പര്യാപ്തരാണ്. വെന്റിലേറ്ററും മറ്റും നാം കയറ്റുമതി ചെയ്യുന്നു.

ജനതാ കര്‍ഫ്യു ആണ് ഇന്ത്യയില്‍ ആദ്യം പ്രഖ്യാപിച്ചത്. മണിനാദം മുഴക്കിയും മറ്റും ജനം ഇതുമായി സഹകരിച്ചു.
രോഗം ബാധിച്ച 33 ശതമാനം പേരും സുഖപ്പെട്ടു. .3 ശതമാനമാണു മരണം

രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി.

സമ്പദ് രംഗം മെച്ചപ്പെടുത്താന്‍ 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ജി.ഡി.പിയുടെ 10 ശതമാനമാനൂ പാക്കേജ് ആയി പ്രഖ്യാപിച്ചത്. താന്‍ മുഖ്യമതിയായിരിക്കെ ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിനെ പുനരുജ്ജീവിപ്പിച്ചതിനോടാണു പ്രധാനമന്ത്രി ഇപ്പോഴത്തെ അവസ്ഥയെ താരതമ്യപ്പെടുത്തുന്നത്.

ഇന്ത്യ ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. ബീ വോക്കല്‍ എബൗട്ട് ലോക്കല്‍ എന്നതാണു നമ്മൂടെ നിലപാട്.

ലോക്ക് ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് രോഗത്തെപറ്റി ബോധവല്ക്കരണമായി. മുഖം മറക്കണമെന്നും മറ്റും നേരത്തെ പറഞ്ഞാല്‍ അതു നടക്കുക വിഷമകരമായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ സ്വമേധയാ അതിനു തയ്യാറാകുന്നു.
ഇന്ത്യിയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇങ്ങോട്ടുള്ള വിമാനത്തില്‍ വരാം. പക്ഷെ വിമാനം പുറപ്പെടുന്ന സ്ഥലത്ത് അവര്‍ കേരളത്തില്‍ നിന്നു എത്തണമെന്നതാണു പ്രശ്‌നം. ന്യു യോര്‍ക്കിലേക്കുള്ള ഫ്‌ലൈറ്റ് ഫുള്‍ ആണ്.

വിമാന യാത്ര സൗജന്യമാക്കാനാവില്ല. ഇന്ത്യയില്‍ പോലും യാത്രക്ക് സൗജന്യം നല്‍കുന്നില്ലെന്നു മന്ത്രി പറഞ്ഞു. നാട്ടില്‍ നിന്നു ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്കു പണം കിട്ടാന്‍ വിഷമം വരുന്നു എന്നതിനെപറ്റി അന്വേഷിക്കാം.

കേരളത്തില്‍ കൊറോണ പോസിറ്റിവ് ആയവരുടെ വീടുകള്‍ക്കു മുന്നില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതില്‍ അസ്വാഭാവികതയൊന്നും മന്ത്രി കണ്ടില്ല.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവര്‍ മന്തിയെ സ്വാഗതം ചെയ്തു. ഒരു മലയാളി ഈ സ്ഥാനത്തുള്ളതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്നുള്ള ഉണ്ണിക്രുഷ്ണന്‍ മന്ത്രിയെ ഔപചാരികമായി പരിചയപ്പെടുത്തി.മഞ്ജു ക്രുഷ്ണന്‍, ഹരി നമ്പൂതിരി, ജിബി തോമസ്, വിന്‍സന്റ് ബോസ് മാത്യു, സുരേന്ദ്രന്‍ നായര്‍, തോമസ് കോശി, വിനോദ് ജോണ്‍, ഡോ. ജേക്കബ് തോമസ്, തോമസ് റ്റി. ഉമ്മന്‍ തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ചോദിച്ചു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക