Image

വിമാന സര്‍വീസ് അപര്യാപ്തം : ഗര്‍ഭിണികളും രോഗികളും ഗള്‍ഫില്‍ ആശങ്കയില്‍

Published on 17 May, 2020
വിമാന സര്‍വീസ് അപര്യാപ്തം : ഗര്‍ഭിണികളും രോഗികളും ഗള്‍ഫില്‍ ആശങ്കയില്‍


അബുദാബി : പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വിമാന സര്‍വീസ് നാട്ടില്‍ പോകേണ്ട യാത്രക്കാരുടെ എണ്ണവുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ തീരെ അപര്യാപ്തമെന്ന് പരാതികള്‍ ഉയരുന്നു. നിലവിലുള്ള സര്‍വീസ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും ഗള്‍ഫിലെ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അടിയന്തിര അംഗീകാരം നല്‍കുന്നതിനും നടപടി വേണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു .

പ്രസവസമയത്തോട് അടുത്ത് നില്‍ക്കുന്ന ഗര്‍ഭിണികളും , കാന്‍സര്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി അടിയന്തിരമായി നാട്ടിലെത്താന്‍ ശ്രമിക്കുന്നവരും എംബസികളില്‍ നിന്നുള്ള വിളിക്കായി ആശങ്കയോടെ കാത്തിരിക്കയാണ്. ഗര്‍ഭകാലം 33 ആഴ്ചയില്‍ കൂടുതലായവര്‍ക്ക് യാത്ര ചെയ്യുന്നതിന് അനുമതിയില്ലാത്തതാണ് ഗര്‍ഭിണികളെയും കുടുംബത്തെയും പരിഭ്രാന്തിയിലാഴ്ത്തുന്നത് . ഇതോടെയാണ് എല്ലാവരും എംബസ്സിയുടെ കാരുണ്യം തേടി അപേക്ഷയുമായി പോകുന്നത്. ഒമ്പതിനായിരത്തിനടുത്തു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 1.9 ലക്ഷത്തോളം പ്രവാസികളാണ് യുഎഇയില്‍ നിന്ന് മാത്രം യാത്രാനുമതിക്കായി കാത്തിരിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ അറുപതിനായിരം മുതല്‍ രണ്ടു ലക്ഷത്തിഇരുപതിനായിരം രൂപ വരെയാണ് പ്രസവം നടത്തുന്നതിന് ഇവിടെ ചിലവ് . സിസേറിയന്‍ ആയാല്‍ നാലു ലക്ഷം ഇന്ത്യന്‍ രൂപ വരെയാകാം .ജോലി നഷ്ടപ്പെടുകയോ , ശമ്പളത്തില്‍ വെട്ടിക്കുറച്ചില്‍ ലഭിക്കുകയോ ചെയ്ത കുടുംബങ്ങള്‍ക്ക് നാട്ടില്‍ എത്തുക മാത്രമാണ് ഏക പോംവഴി .

ദിവസേന ഇരുപത്തഞ്ചോളം വിമാന സര്‍വീസ്സുകള്‍ കേരളത്തിലേക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് നാലോ അഞ്ചോ വിമാനങ്ങള്‍ കേരളത്തിലേക്ക് പറക്കുന്നത്. കോവിഡ് രോഗം പകരുകയും , നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അടിയന്തിര സാഹചര്യം പരിഗണിച്ച് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ സത്വര നടപടികളാണ് സ്വീകരിക്കേണ്ടത് . സര്‍ക്കാര്‍ പറയുന്ന ഏതു ആരോഗ്യ പരിപാലന നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ തയ്യാറായാണ് പ്രവാസി സമൂഹം നാട്ടിലേക്കു വരുന്നത്.

ഗള്‍ഫ് നാടുകളിലെ സാഹചര്യം മനസ്സിലാക്കിയാണ് കെ എം സി സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി തേടുന്നത്. ഇതുവരെ ഇതിനും മറുപടി ലഭിച്ചിട്ടില്ല . ഇതും സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട്. കേരള സര്‍ക്കാരും , എം പി മാരും കേന്ദ്രത്തില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രവാസികള്‍ക്ക് അഭ്യര്ഥിക്കുവാനുള്ളത് .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക