Image

കൊറോണാക്കുഞ്ഞും പച്ചമാങ്ങയും- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 19 May, 2020
 കൊറോണാക്കുഞ്ഞും പച്ചമാങ്ങയും- (രാജു മൈലപ്രാ)
എന്നാലും ഇത് ഒരു വല്ലാത്ത ചതിയായിപ്പോയി. ഇഷ്ടം പോലെ ചുമച്ചും കുരച്ചും, തുപ്പിയും തുപ്പിയും, സഥലകാല പരിസരബോധമില്ലാതെ വഴിയോരങ്ങളിലെ കാട്ടുചെടികള്‍ ഉപ്പുവെള്ളത്തില്‍ നനച്ചും, മനുഷ്യന്‍ അങ്ങിനെ മതിമറന്ന് ആനന്ദത്തില്‍ ആറാടി ഇടംവലം നോക്കാതെ ജീവിച്ചു പോരികയായിരുന്നു.

അപ്പോഴാണ് 'അവന്‍' എവിടെ നിന്നോ ഒരു അഗ്നിഗോളം പോലെ പറന്നു വന്നത്- തുടക്കത്തില്‍ ഒരു 'റംബൂട്ടന്‍' കഴിക്കുന്ന ലാഘവത്തോടെ ആളുകള്‍ അതിനെ കൈകാര്യം ചെയ്തുള്ളൂ. ഇത് വന്നപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുമെന്നും, ചൈനയിലെ വന്‍മതില്‍ കടന്ന് അത് മറ്റു രാജ്യങ്ങളിലേക്കു വിമാനത്തില്‍ കയറിവരുമൊന്നൊന്നും ആരും കരുതിയില്ല. പട്ടിയേയും, പാമ്പിനേയും, പല്ലിയേയും, പൂച്ചയേയും വറുത്തും പൊരിച്ചും തിന്നുന്ന ചൈനാക്കാരന് ദൈവം കൊടുത്ത ഒരു ശിക്ഷയാണിതെന്നും ജനം കരുതി.

ഇത്ര പെട്ടെന്ന് കളി കാര്യമാകുമെന്ന് ആരും കരുതിയില്ല. ഒരു സംഹാരദൂതനെപ്പോലെ അവന്‍ താണ്ഡവമാടി. ഏഴു സമുദ്രങ്ങളേയും, ഏഴു ഭൂഖണ്ഡങ്ങളേയും തന്റെ വരുതിയില്‍ നിര്‍ത്തി. ആകാശങ്ങളില്‍ അവന്റെ ഭീകരസാന്നിദ്ധ്യം അറിയിച്ചു.
എടുക്കുമ്പോള്‍ ഒന്ന്
തൊടുക്കുമ്പോള്‍ പത്ത്
'കൊള്ളുമ്പോള്‍ ഒരു കോടിയൊരു കോടി'

ആ ഒരു ലൈനിലായി കൊറോണയുടെ വ്യാപനം. നേരിട്ട് ഏറ്റുമുട്ടിയാല്‍ പണിപാളുമെന്ന് മനുഷ്യനു മനസ്സിലായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കംപ്ലീറ്റ് 'ലോക്ക്ഡൗണ്‍' മര്യാദയ്ക്കു വീട്ടിലിരുന്നോണം. പുറത്തെങ്ങാനും കണ്ടാല്‍ പോലീസ് പുറമടിച്ചു പൊളിക്കും. സര്‍ക്കാരിന് ഏറ്റവുമധികം വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന മദ്യശാലകള്‍ പോലും ഡബിള്‍ ലോക്കിട്ടു പൂട്ടിയെന്നു പറഞ്ഞാല്‍ സംഗതിയുടെ ഗൗരവം പിടികിട്ടുമല്ലോ.

തലേദിവസം അകത്താക്കിയ മദ്യത്തിന്റെ 'ഹാങ്ങ് ഓവര്‍' മാറണമെങ്കില്‍ രണ്ടെണ്ണം അടിക്കണം. ബിവറേജ് ഔട്ട്‌ലെറ്റിന്റെ മുന്നില്‍ ചെന്നപ്പോള്‍ ഷട്ടറുകള്‍ അടഞ്ഞുകിടക്കുന്നു. ഇന്ന് ഒന്നാം തീയതിയോ ഗാന്ധിജയന്തിയോ ഒന്നുമല്ല- എന്നിട്ടും ഇനി വല്ല പഹയന്മാരും താന്‍ ഉറങ്ങികിടന്ന അവസരത്തില്‍ ഹര്‍ത്താലു പ്രഖ്യാപിച്ചുകാണുമോ?
ഏതായാലും വീട്ടില്‍ വന്നു വാര്‍ത്തകള്‍ വായിച്ചപ്പോഴാണ് സംഗിതയുടെ ഒരു ഏകദേശ രൂപം മനസ്സില്‍ തെളിഞ്ഞത്-കൂടിപ്പോയാല്‍ രണ്ടോ മൂന്നോ ദിവസം- പക്ഷേ നാളെ നാളെ നീള നീളെയായിപ്പോയി.

കടകളും, സ്ഥാപനങ്ങളും ഓരോന്നായി അടഞ്ഞു. ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിവാഹം, പെരുന്നാള്‍, ഉത്സവങ്ങള്‍-'രോഗശാന്തി' വരുമുള്ള ആള്‍ ദൈവങ്ങളെല്ലാം മാളങ്ങളിലൊളിച്ചു. പള്ളി പിടുത്തക്കാരെല്ലാം പത്തിമടക്കി- കൂടത്തായി ജോളിയും, പീഡിക്കപ്പെട്ട നടിക്കും, പാലാരിവട്ടം പാലത്തിനുമൊന്നും വാര്‍ത്തകളില്‍ ഇടമില്ലാതായി. സര്‍വ്വം കൊറോണാമയം-ചിലര്‍ മീശവളര്‍ത്തി മീശമാധവന്‍ന്മാരായി. പിന്നെ താടിക്കാരായി-മുടിവളര്‍ത്തി മുടിയനായ പുത്രന്മാരായി-ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റുചെയ്തു, കിട്ടിയ ലൈക്കുകള്‍ എണ്ണി രസിച്ചു.

'കൊറോണ' എന്ന വില്ലന്‍ മനുഷ്യന്റെ ജീവിത ശൈലിയെത്തന്നെ മാറ്റിമറിച്ചുകളഞ്ഞു. മാസ്‌ക്കും ഗ്ലൗസും ധരിക്കാതെ പുറം ലോകം കാണാന്‍ പറ്റില്ല. സെല്‍ഫ് ക്വാറന്‍ റ്റൈന്‍ സ്വയം ഏര്‍പ്പെടുത്തി സ്വയം വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുക. അറുപത്തിയഞ്ചു വയസു കഴിഞ്ഞവര്‍ ഒരു കാരണവശാലും വീടിനു പുറത്തിറങ്ങാതിരിക്കുക-(അപ്പോള്‍ ന്യായമായ ഒരു സംശയം- നമ്മുടെ മന്ത്രിമാരും പൊതുപ്രവര്‍ത്തകരും ഇനി എന്തുചെയ്യും? പലരും സപ്തതി ആഘോഷിച്ചവരും, ആയിരും പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടവരുമാണ്.). വീട്ടിലായാലും നാട്ടിലായാലും സാമൂഹികാകലം പാലിക്കണം. ആളുകള്‍ കൂട്ടം കൂടുമ്പോള്‍ ആറടി അകലം പാലിക്കണം. കൊറോണ മനുഷ്യനെ അനിശ്ചിത കാലത്തേക്കു വീട്ടുതടങ്കലിനു വിധിച്ചിരിക്കുകയാണ്.

*****  *****
ഏതു കഷ്ടകാലത്തിനും ഒരു നല്ല വശമുണ്ടല്ലോ. സ്‌ക്കൂളുകളും ഓഫീസുകളും മറ്റു അടഞ്ഞു കിടക്കുന്നതിനാല്‍ വീട്ടുകാര്‍ക്കെല്ലാം കൂടി വീട്ടില്‍ 'തട്ടിയും മുട്ടിയും' കഴിയാം.
***   ****

ഓമനയുടെ ഓക്കന ശബ്ദം കേട്ടുകൊണ്ടാണ് ഉമ്മച്ചന്‍ ഉറക്കമുണര്‍ന്നത്. കര്‍ത്താവേ-കൊറോണാ-
ഉമ്മച്ചന്‍ അറിയാതെ ഉരുവിട്ടുപോയി.
'എന്താടി? എന്തുപറ്റി?'  ഉമ്മച്ചന്റെ ചോദ്യത്തിനൊരു വിറയല്‍-
'ഓ-ഒന്നുമില്ല അച്ചായാ.' ഓമനയുടെ നാണത്തില്‍ പൊതിഞ്ഞ മറുപടി- 'ഈ വീട്ടില്‍ ഒരാളുകൂടി വരാന്‍ പോകുന്നു.'
'ആരാ-നിന്റെ ചന്തുപോയ തന്തയോ?' ഉമ്മച്ചനു ചൊറിഞ്ഞു വന്നു.
ഇപ്പോള്‍ ഉള്ള നാലെണ്ണത്തിനെ പോറ്റിക്കൊണ്ടു പോകുന്നതു തന്നെ വളരെ ബുദ്ധിമുട്ടിയാണ്. മൂത്ത ചെറുക്കനെ അച്ചന്‍ പട്ടത്തിനും, രണ്ടാമത്തെ പെണ്ണിനെ കിണറില്ലാത്ത ഏതെങ്കിലും കന്യാസ്ത്രീ മഠത്തിലും ചേര്‍ക്കണമെന്നു കരുതി ഇരിക്കുമ്പോഴാണ്. അഞ്ചാമത്തേതിന്റെ വരവ്.

വന്നാല്‍ പിന്നെ വന്നതിന്റെ ബാക്കി. ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും ചില 'കൊറോണ' ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആ കച്ചിത്തുരുമ്പില്‍ തൂങ്ങി ഉമ്മച്ചന്‍, ഓമനെയും കൊണ്ട് ഗര്‍ഭഡോക്ടറെ കാണാന്‍ പോയി. സംഗതി ഇരുചെവി അറിയാതെ ഒന്നൊതുക്കി തരാമോയെന്ന് ഓമന കേള്‍ക്കാതെ, ഉമ്മച്ചന്‍ ഡോക്ടറോടു ചോദിച്ചു. അതിനു ഡോക്ടര്‍ കൊടുത്ത മറുപടി കേട്ട ഉമ്മച്ചന്റെ ചെവിയുടെ ഫിലമെന്റടിച്ചുപോയി.

'താന്‍ ഇനി രാത്രി കിടക്കുമ്പോള്‍ തീര്‍ച്ചയായും സാമൂഹ്യഅകലം പാലിച്ചിരിക്കണം- കൂടാതെ മാസ്‌ക്കും ധരിക്കണം.'
'രാത്രിയില്‍ മാസ്‌ക്കോ?'
'തന്റെ മുഖത്തല്ലടോ?'-
'മുഖത്തല്ലാതെ പിന്നെ എവിടെയാ ഡോക്ടര്‍ മാസ്‌ക് ധരിക്കേണ്ടത്?' ഉമ്മച്ചനു സംശയം-
തന്റെ മറ്റേടത്ത്-എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്.
ഇളിഭ്യനായ ഉമ്മച്ചന്റെ പിറകേ, നമ്രശിരസ്‌ക്കയായി നാണത്തില്‍ പൊതിഞ്ഞ് ഓമന.
'അച്ചായാ പോകുന്ന വഴി കുറച്ചു പച്ചമാങ്ങാ വാങ്ങാന്‍ മറക്കരുതേ- പിന്നെ നമുക്കു ജനിക്കുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും അതിനു കൊറോണ എന്നു പേരിടണം- എന്റെ ഒരു ആഗ്രഹമാ അത്.'
'നിന്റെ ഒടുക്കത്തെ ഒരാഗ്രഹം-' ഉമ്മച്ചന്റെ മറുപടി മാസ്‌ക്കില്‍ തട്ടിയുടഞ്ഞു പോയി.

 കൊറോണാക്കുഞ്ഞും പച്ചമാങ്ങയും- (രാജു മൈലപ്രാ)
Join WhatsApp News
Reader 2020-05-19 07:27:04
A different approach to Corona. Enjoyed reading it.
Girish Nair 2020-05-19 09:12:15
രസകരമായ ഒരു ചെറുകഥ... തകർത്തു.... തൃശൂർ പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും ഒരുമിച്ച് വെടിക്കെട്ടിന്‌ തിരികൊളുത്തിയാൽ എങ്ങനെയിരിക്കും അതുപോലെയുണ്ട്. രണ്ടു മൂന്നു ഭാഗങ്ങൾക്ക് സ്കോപ്പ് ഉണ്ടായിരുന്ന കഥ താങ്കൾ ഒറ്റയടിക്ക് തീർത്തതിന്റെ ഒരു പോരായ്മ്മ മാത്രമാണ് ചൂണ്ടിക്കാണിക്കാൻ ഉള്ളത്.
Sam - New Jersey 2020-05-19 09:15:47
അമേരിക്കൻ സിംഹം ഒന്നുണർന്നാൽ കൊറോണായേ വന്നിടുത്തേക്കു തന്നെ മടക്കി അയക്കാമെന്നാണു പലരും വീമ്പിളക്കിയതേ. കൂടി വന്നാൽ ഒന്നോ രണ്ടോ മാസം. അതിനുള്ള ഗ്രോസറിയും ടോയ്‌ലറ്റ്‌ പേപ്പറും ബേസ്‌മെന്റിൽ ഭദ്രം. പിന്നെ എന്ത് കൊറോണ: ശമ്പളവും വാങ്ങി വെറുതെ വീട്ടിൽ തിന്നും കുടിച്ചും ഇരിക്കാമല്ലോ. പോരെങ്കിൽ ഭൂമിലയിലെ മാലാഖയാണെന്നു പേരും പറഞ്ഞു ഭാര്യ ജോലിക്കും പോകുന്നുണ്ട്. നിവർത്തികേട്‌ കൊണ്ടാണ് പലരും പോകുന്നത്. ഏതായാലും ഇത് തന്നെ നല്ല അവസരം, മുടിയും താടിയും ഒന്ന് വളർത്തി ഫോട്ടോയെടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ഒന്ന് ഷൈൻ ചെയ്‍വാൻ. മേമ്പൊടിയായി ടെലികോൺഫെറെൻസം... എല്ലാം കൊണ്ടും ചിലർക്ക് നല്ല കാലം.
josecheripuram 2020-05-19 09:18:00
There will be corona baby boom by December,written apt for the time.
Barber 2020-05-19 13:46:08
മീശമാധവന്മ്മാർക്ക് ഇനി എത്ര കാലം കൂടി കാത്തിരിക്കണം ഒന്ന് ക്ലീൻ ആകുവാൻ. ഏതായാലും സോഷ്യൽ ഡിസ്റ്റൻസിനെക്കുറിച്ചു അവർക്കു ഭയപ്പെടേണ്ടടാ. അവരെ കാണുമ്പോൾ മറ്റുള്ളവർ മാറിക്കൊള്ളും.
Whoami 2020-05-21 11:39:20
ഒന്നുമ്മ വക്കണമന്ന് തോന്നുമ്പോള് കൊറോണ പകരാതെ അത് ചെയ്യുവാനും കൂടി രണ്ട് ഉറകള് വേണം ഒന്ന് മൂക്കിലും ഒന്ന് വായിലും. പുതിയ ഒരുല്പന്നം അനേകറ്ക്ക് പണി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക