Image

രണ്ടാംവരവിന്റെ ആഹ്‌ളാദവും ലോക്ക്‌ഡൗണിന്റെ ആശ്വാസവും

Published on 19 May, 2020
      രണ്ടാംവരവിന്റെ ആഹ്‌ളാദവും ലോക്ക്‌ഡൗണിന്റെ ആശ്വാസവും
``മലയാളത്തില്‍ എട്ടു വര്‍ഷത്തിനു ശേഷമാണ്‌ ഒരു സിനിമ ചെയ്യുന്നത്‌. അതുകൊണ്ട്‌ ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ നല്ല ടെന്‌ഷനുണ്ടായിരുന്നു. അഭിനയം മറന്നു പോയോ എന്നു പോലും ചിന്തിച്ചു പോയി'' പറയുന്നത്‌ മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നവ്യ നായര്‍. 

പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നന്ദനത്തിലെ ബാലാമണിയായി വന്ന്‌ പ്രേക്ഷകരുടെ മനസില്‍ കുടിയേറിയ താരം. ഒരു പിടി നല്ല കഥാപാത്രങ്ങള്‍, സംസ്ഥാന അവാര്‍ഡ്‌, അങ്ങനെ താരമായി മിന്നി നില്‍ക്കേവിവാഹം, ഒരു മകന്‍ അങ്ങനെ ജീവിതത്തിലെ സൗഭാഗ്യവഴികളിലൂടെയാണ്‌ നവ്യാ നായര്‍ എന്ന നടിയുടെഇതു വരെയുള്ള യാത്ര. 

ഇപ്പോള്‍ നന്ദനം റിലീസായി 18 വര്‍ഷങ്ങള്‍ കഴിയുന്നു. ആ സിനിമയിലെ ബാലാമണി മുതല്‍ രണ്ടാംവരവിലെ രാധാമണി വരെയെത്തി നില്‍ക്കുമ്പോഴും നവ്യ പറയുന്നത്‌ അതേ വാചകം`` എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം.'' വി.കെ പ്രകാശ്‌ ഒരുക്കുന്ന `ഒരുത്തീ' എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ്‌ നവ്യമുംബൈയില്‍ നിന്നും കേരളത്തിലെത്തിയത്‌. 

എന്നാല്‍ രാജ്യമെങ്ങും ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതോടെ നവ്യ നാട്ടില്‍ തന്നെ തങ്ങുകയാണ്‌. തന്റെ വീട്ടില്‍ കുടുംബാംഗങ്ങളോടൊത്ത്‌ ആശ്വാസകരമായി കഴിയുകയാണ്‌ നവ്യ. പറമ്പിലിങ്ങി കൃഷി ചെയ്‌തും മാങ്ങ പെറുക്കിയും ഭക്ഷണമൊരുക്കിയും ലോക്ക്‌ ഡൗണ്‍ ദിനങ്ങള്‍ ആശ്വസിക്കുകയാണ്‌ നവ്യ.

`` ലോക്ക്‌ ഡൗണ്‍ ദിനങ്ങള്‍ നാട്ടിലായതിന്റെ ആശ്വാസമുണ്ട്‌. ഷൂട്ടിങ്ങിന്റെ ഭാഗമായി കുറേ നാളായി നാട്ടിലായിരുന്നു. ലോക്ക്‌ ഡൗണിനു തൊട്ടു മുമ്പാണ്‌ ഷൂട്ടിങ്ങ്‌ നിര്‍ത്തിയത്‌. അന്നു വൈകിട്ടാണ്‌ പായ്‌ക്കപ്പ്‌ ആയത്‌. ഒരു ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡബ്ബിങ്ങിന്‌ പോയി.ചിത്രത്തില്‍ രാധാമണിയുടെ മകന്‌ വേണ്ടി ഡബ്ബ്‌ ചെയ്‌തത്‌ എന്റെ മകന്‍ സായിയാണ്‌. അതു കഴിഞ്ഞ്‌ മുംബൈയ്‌ക്ക്‌ പോകാനിരുന്നതാണ്‌. 

അങ്ങനെ പോയിരുന്നെങ്കില്‍ എന്തായേനെ എന്റെ അവസ്ഥ. നമുക്കിവിടെ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടില്ല. പക്ഷേ മുംബൈയില്‍ അങ്ങനെയല്ല. സന്തോഷേട്ടന്‍ അവിടെയുണ്ട്‌. അതിന്റെ ടെന്‍ഷനുണ്ട്‌. ഭക്ഷണം ഓര്‍ഡര്‍ ചെയ്‌താല്‍ അവര്‍ അവിടെ വച്ചിട്ടു പോകും. അത്‌ സാനിറ്റൈസ്‌ ചെയ്‌തിട്ടു വേണം വീടനകത്തേക്കെടുക്കാന്‍. നവ്യ ഒരു വീട്ടമ്മയുടെ ടെന്‍ഷന്‍ പങ്കു വയ്‌ക്കുന്നു.

`` ഇവിടെ ലോക്ക്‌ ഡൗണ്‍ ഒരു ബോറടിയുമല്ല, എല്ലാ ദിവസവും വര്‍ക്കൗട്ട്‌ ചെയ്യാറുണ്ട്‌. രണ്ടു നേരവും നടക്കും. ഒരു പത്തു കിലോ മീറ്റര്‍ എങ്കിലും. എല്ലാ ദിവസവും അല്ല. അന്നന്നത്തെ മൂഡു പോലെ. പിന്നെ പറമ്പില്‍ കൃഷി ചെയ്യും. ഇവിടെയാകുമ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്നില്ല. പറമ്പിലേക്കിറങ്ങുന്നു, കരിയില അടിച്ചു വാരുന്നു, തീയിടുന്നു, മാമ്പഴം പെറുക്കുന്നു, അത്‌ തരംതിരിക്കുന്നു. ചക്ക വറുക്കുന്നു. അങ്ങനെ തിരക്കു തന്നെയാണ്‌. 

സായിയും ഇതാസ്വദിക്കുകയാണ്‌. ഇനി നാലിലേക്കാണ്‌ പുള്ളി. സെപ്‌റ്റംബര്‍ വരെ സ്‌കൂളില്‍ പോകില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ്‌. കാരണം സന്തോഷേട്ടന്‍ അവനുമായി വീഡിയോകോള്‍ ചെയ്‌തപ്പോള്‍ അറിയാതെ പറഞ്ഞു പോയി സെപ്‌റ്റംബര്‍ വരെ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ലെന്ന്‌. അതുവരെ എന്തു പറഞ്ഞാലും അനുസരിക്കാത്ത കക്ഷി അച്ഛന്‍ പറഞ്ഞ ഈ കാര്യം അനുസരിക്കുമെന്ന പ്രതിജ്ഞയിലാണ്‌. ഈ ലോക്ക്‌ ഡൗണ്‍ എല്ലാവര്‍ക്കും ശുചീകരിക്കാനുള്ള അവസരം കൂടിയാണ്‌. 

നിര്‍ത്താതെ ഓടിക്കൊണ്ടിരുന്നവരാണ്‌ നമ്മള്‍. കുറച്ചു നാള്‍ വെറുതേയിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും ഇത്രയും ഓടേണ്ട ആവശ്യമില്ലെന്നും പ്രകൃതി നമ്മളോട്‌ പറഞ്ഞു തരികയാണ്‌. ആര്‍ഭാടങ്ങളില്ലാതെ ജീവിക്കാം എന്നു കൂടി ഈ ലോക്ക്‌ ഡൗണ്‍ കാലം നമ്മെ പഠിപ്പിച്ചു. പ്രകൃതിയിലേക്ക്‌ തിരിച്ചു പോയിരുന്നെങ്കില്‍ എന്ന്‌ ചിരലെങ്കിലും ചിന്തിക്കുന്നുണ്ട്‌, ആഗ്രഹിക്കുന്നുണ്ട്‌. ലോക്ക്‌ ഡൗണ്‍ കഴിയുന്നതോടെ ആ ചിന്ത മങ്ങരുതെന്നാണ്‌ പ്രാര്‍ത്ഥന. 

രണ്ടാം വരവ്‌-ഒരുത്തീ
സിനിമയില്‍ എന്റെ രണ്ടാം വരവിന്‌ കളമൊരുക്കുന്ന ചിത്രമാണ്‌ ഒരുത്തീ. തിരികെ വീണ്ടും ഇന്‍ഡസ്‌ട്രിയിലേക്കെത്തുമ്പോള്‍ നല്ലൊരു കഥ വേണം. അതിനു വേണ്ടിയാണ്‌ കാത്തിരുന്നത്‌. വി.കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ രാധാമണി അത്തരത്തില്‍ ഒരു കഥാപാത്രമാണ്‌. മണി എന്ന്‌ എല്ലാവരും വിളിക്കുന്ന മണിക്ക്‌ ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്‌. ബോട്ടിലെ കണ്ടക്‌ടറാണ്‌ മണി. തികച്ചും സാധാരണക്കാരി. അവരുടെ ജീവിതത്തിലെ മൂന്നു ദിവസത്തെ കഥയാണ്‌ ഒരുത്തീ. അവരുടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി എത്തുന്ന പ്രശ്‌നങ്ങളും അതിനെ അവര്‍ എങ്ങനെ നേരിടുന്നു എന്നതുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

 പ്രതിസന്ധികളെ നേരിടാന്‍ തുടങ്ങുന്നതോടെ തികച്ചും സാധാരണക്കാരിയായ മണി കരുത്തുള്ള സ്‌ത്രീയായി മാറുന്നു. ഒരു ശരാശരി സ്‌ത്രീയില്‍ നിന്നും അവരെങ്ങനെ ഒരു മികച്ച സ്‌ത്രീയായി മാറുന്നു എന്നാണ്‌ സിനിമ പറയുന്നത്‌. എല്ലാ സ്‌ത്രീകളും കരുത്തരാണ്‌. പക്ഷേ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോഴാണ്‌ അത്‌ പലരും തിരിച്ചറിയുന്നത്‌. കുറേ ഓട്ടവും ചാട്ടവുമൊക്കെയുണ്ട്‌ ചിത്രത്തില്‍. എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്‌ത സാഹസികമായ സിനിമയാണിത്‌.

വി.കെ.പി സാറിന്റെ ബ്യൂട്ടിഫുള്‍, പുനരധിവാസം എന്നീ ചിത്രങ്ങള്‍ ഒരുപാടിഷ്‌ടപ്പെട്ടിരുന്ന ഒരാളാണ്‌ ഞാന്‍. കാലത്തിനു മുമ്പേ സഞ്ചരിച്ചിരുന്ന സംവിധായകനാണ്‌ അദ്ദേഹം. വളരെ ടെന്‍ഷനുണ്ടായിരുന്നു എനിക്ക്‌. സംസാരിച്ചു കഴിഞ്ഞപ്പോള്‍ പോലും ടെന്‍ഷനുണ്ടായിരുന്നു. കഥാപാത്രവുമായി എങ്ങനെ സിങ്ക്‌ ആകും എന്നോര്‍ത്ത്‌. 

ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍ ഓകെയായി. ഓരോ സീനും കഴിയുമ്പോള്‍ സര്‍ ഓകെ പറഞ്ഞാല്‍ മാത്രമേ എനിക്ക്‌ സമാധാനമാകൂ.കാരണം ഞാന്‍ സംവിധായകന്റെ അഭിനേത്രിയാണ്‌. നമ്മള്‍ നന്നായി അഭിനയിച്ചാല്‍ അഭിനന്ദിക്കാന്‍ മടിക്കാത്ത സംവിധായകനാണ്‌ വി.കെ.പി. അത്‌ ഒരു അഭിനേതാവിന്‌ നല്‍കുന്ന പ്രചോദനം വളരെ വലുതാണ്‌. '' നവ്യ പറഞ്ഞു.


      രണ്ടാംവരവിന്റെ ആഹ്‌ളാദവും ലോക്ക്‌ഡൗണിന്റെ ആശ്വാസവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക