Image

ജനതകര്‍ഫ്യൂ (കഥ-അര്‍ച്ചന മോഹന്‍)

അര്‍ച്ചന മോഹന്‍ Published on 20 May, 2020
ജനതകര്‍ഫ്യൂ (കഥ-അര്‍ച്ചന മോഹന്‍)
ജനതകര്‍ഫ്യൂവിന്റെയന്നാണ് ഹൃദയ സ്തംഭനം മൂലം ദാമുവേട്ടന്‍ വീടിനുള്ളില്‍ മരിച്ചു കിടന്നത്. വെളുപ്പിന് ചായയുമായി വന്ന ഭാര്യയാണ് ആദ്യം ആ കാഴ്ച കണ്ടത്. ഉറങ്ങുകയാണെന്ന് കരുതി ഭാര്യ അങ്ങോട്ടുമിങ്ങോട്ടും ഒന്നു തളളി നോക്കി. അനക്കമില്ലാതെ അങ്ങനെ കിടക്കുകയാണ് ദാമുവേട്ടന്‍ .ബോധമുള്ളപ്പോളാണ് ഭാര്യ ഇങ്ങനെ തട്ടിയും തളളിയും വിളിക്കുന്നതെങ്കില്‍ ദാമുവേട്ടന്‍ പറയും ഒന്നു 'പോടി പെണ്ണുമ്പുള്ളെ, ഞാനൊന്നുറങ്ങട്ടെ. 

' ഭാര്യയോടൊപ്പം രാത്രി ഉറങ്ങാന്‍ കിടന്നതാണ്. കിടക്കുന്നതിന് തൊട്ടുമുമ്പെ അദ്ദേഹം ടി.വി വച്ച് വാര്‍ത്ത കണ്ടു .കൊല്ലങ്ങളായുള്ള ശീലമാണ്, ഊണുകഴിഞ്ഞാല്‍ വാര്‍ത്ത . വാര്‍ത്തയില്‍ വീണ്ടും ആവര്‍ത്തിക്കുന്നു. 'നാളെ രാജ്യം നിശ്ചലമാകും.കോവിഡിനെ തടയാന്‍ നാളെ ജനതാ കര്‍ഫ്യൂ '.

ജീവിതത്തിലാദ്യമായി ജനതകര്‍ഫ്യൂ നേരിടാന്‍ പോകുന്നതിന്റെ സന്തോഷം ജാനുവമ്മയില്‍ നിന്നു പോലും ദാമുവേട്ടന്‍ രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത ദിവസം തന്നെ അമേരിക്കയിലുള്ള തന്റെ നഴ്‌സ് മകളില്‍ നിന്ന് ജനതകര്‍ഫ്യുവിന് ദാമുവേട്ടന്‍ നിര്‍വചനം കണ്ടെത്തി. ജാനുവമ്മ അറിയാതെയാണ് ദാമുവേട്ടന്‍ മകളെ വിളിച്ചതും മകള്‍ ഒരു ജനതാ കര്‍ഫ്യൂ ക്ലാസ് തരപ്പെടുത്തിയതും. ക്ലാസ് കഴിഞ്ഞതും ദാമുവേട്ടന്‍ ജാനുവമ്മയെ വിളിച്ചു. 'എടീ ഭാര്യേ' കേട്ടപാതി കേള്‍ക്കാത്ത പാതി ജാനുവമ്മ അടുക്കളയില്‍ നിന്നും ഇറങ്ങി വന്നു. രാത്രിച്ചായയ്ക്കു വേണ്ടിയാവും ഈ നീട്ടിയുള്ള കൂവലെന്നവര്‍ മനസ്സില്‍ തീര്‍ച്ചപ്പെടുത്തി. 

'നിനക്കീ ജനതാ കര്‍ഫ്യൂവിനെ കുറിച്ച് എന്തറിയാം' ? അയാള്‍ ജാനുവമ്മയെ വക്രിച്ച ചിരിയോടെ നോക്കി. മിക്‌സിയില്‍ നാളത്തേക്കുള്ള അരിയും ഉഴുന്നും കിടന്ന രയുന്നതോര്‍ത്ത് അവര്‍ ദാമുവേട്ടന്റെ ജനത കര്‍ഫ്യൂവിലേക്ക് ഒരു പുച്ഛമെറിഞ്ഞു., എങ്കിലും അറിയാനുള്ള ആഗ്രഹം നിമിത്തം ഉഴുന്നിനും അരിയ്ക്കും ഇനിയുമരയാന്‍ അവസരം കൊടുത്ത് ജാനുവമ്മ ദാമുവേട്ടനരികില്‍ വാ പൊളിച്ചു. കുടുംബശ്രീ പെണ്ണുങ്ങള്‍ക്കിടയില്‍ വീമ്പിളക്കാന്‍ തരപ്പെട്ടാലോ എന്നാണ് ജാനുവമ്മ മനസിലോര്‍ത്തത്. നഴ്‌സ് മകള്‍ പറഞ്ഞു തന്നതെല്ലാം ദാമുവേട്ടന്‍ ഭാര്യയുടെ മുമ്പില്‍ വിളമ്പി കേള്‍പ്പിച്ചു.     
   
   അങ്ങനെയാണവര്‍ ജനതാ കര്‍ഫ്യുവിനു വേണ്ടി കാത്തിരുന്നത്. കിടക്കുന്നതിനു മുന്‍പും ദാമുവേട്ടന്‍ ആരും പുറത്തിറങ്ങാതെ അകത്തിരിക്കുന്ന ആ ദിവസത്തെ മനസില്‍ കണ്ടു. കടകള്‍ തുറക്കാത്ത ദിവസത്തിലേക്കായി വൈകുന്നേരം തന്നെ പാലും മറ്റ് വകകളും ഫ്രിഡ്ജില്‍ നിറച്ചു . ഭാര്യയോട് വീണ്ടുമോര്‍മ്മിപ്പിച്ചു. 'നാളെ ജനതാ കര്‍ഫ്യൂവാ മറക്കണ്ട '  
  
എന്തായാലും പുലര്‍ച്ചെ കട്ടിലില്‍ ദാമുവേട്ടന്‍ മരിച്ചു കിടന്നു. ജീവിതത്തില്‍ ആദ്യമായ് വന്നു ചേര്‍ന്ന ജനതാ കര്‍ഫ്യൂവിനെ തന്റെ മരണം കൊണ്ടാണദ്ദേഹം സ്വീകരിച്ചത്. പുറത്തിറങ്ങാന്‍ കഴിയാത്തതിനാലും വാഹന സൗകര്യം കുറവായതിനാലും ദാമുവേട്ടനെ കാണാന്‍ അധികമാരും എത്തിയില്ല.

    അലക്കിയ തുണികള്‍ പിഴിഞ്ഞ് അഴയില്‍ ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് സൗദാമിനി ടീച്ചര്‍ ദാമുവേട്ടന്റെ മരണവാര്‍ത്തയറിഞ്ഞത്. ഒരു ഞെട്ടലോടെ അഴയില്‍ പിടിച്ചു കൊണ്ട് സൗദാമിനി ടീച്ചര്‍ കുറച്ചു നേരം അങ്ങനെത്തന്നെ നിന്നു. കോളേജില്‍ പഠിക്കുന്ന കാലത്തെ പരിചയമാണ് സൗദാമിനി ടീച്ചര്‍ക്കും ദാമുവേട്ടനും. വെറും പരിചയമെന്ന് പറഞ്ഞ് അതങ്ങനെ തള്ളിക്കളയുക പ്രയാസമാണ്. വിവാഹം കഴിഞ്ഞ് മറ്റൊരുവന്റെ കൂടെ ജീവിച്ചു തുടങ്ങിയിട്ടും തന്റെ സ്വകാര്യ സ്വത്തില്‍ ദാമുവേട്ടന്‍ തനിക്കെഴുതിയ പ്രണയ ലേഖനങ്ങളും പ്രണയോപഹാരങ്ങളും ഒളിച്ചിരുന്നു. പ്രണയകാലങ്ങളില്‍ അയാള്‍ സമ്മാനിച്ച കരിവളയുടെ ഉടഞ്ഞ പൊട്ടുകളും മയില്‍പ്പീലിയും മഞ്ചാടിക്കുരുവുമെല്ലാം ഇപ്പോഴും ആ പെട്ടിയില്‍ ഭദ്രമാണ്. അച്ഛന്റെ എതിര്‍പ്പുകളില്‍ പ്രണയം തകര്‍ന്ന് പൊട്ടിക്കരഞ്ഞ നിമിഷം ടീച്ചര്‍ മനസ്സിലോര്‍ത്തു. ഇറങ്ങിപ്പോകുവാനുള്ള ധൈര്യവുമുണ്ടായിരുന്നില്ല. അച്ഛന്‍ കണ്ടെത്തിയ ആള്‍ക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കുമ്പോഴും ദാമുവേട്ടനെ മനസ്സിലോര്‍ത്തു. പെട്ടിയില്‍ തന്റെ സാമാനങ്ങള്‍ അടുക്കി വയ്ക്കുമ്പോഴും ദാമുവേട്ടനെ നിഷ്പ്രയാസം മറന്നു കളയാന്‍ അവര്‍ക്കു മനസു വന്നില്ല. തന്റെ പ്രണയകാലത്തിന്റെ അവശേഷിപ്പുകള്‍ ഒരു നിധിപോലെയാണവര്‍ കൂടെ കൂട്ടിയത്.വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ ടീച്ചര്‍ ആരുമറിയാതെ അവയെല്ലാം എടുത്തു വച്ച് പൊട്ടിക്കരഞ്ഞു. പിന്നീടെപ്പോഴൊ ആ പെട്ടിയില്‍ ആരുടെയും കൈ തട്ടാതെ അവയെല്ലാം ഇരിപ്പുറപ്പിച്ചു തുടങ്ങി. ദാമുവേട്ടന്റെ മരണം പെട്ടിയിലെ വിശിഷ്ട വസ്തുക്കളെ കുറിച്ചുള്ള ഓര്‍മകളിലേക്കാണ് അവരെ കൊണ്ടു ചെന്നെത്തിച്ചത്. പക്ഷെ മക്കളുടെ കണ്ണില്‍പ്പെടാതെ അവയെല്ലാം പുറത്തെടുത്ത് നോക്കുവാനുള്ള ധൈര്യം സൗദാമിനി ടീച്ചര്‍ക്കുണ്ടായില്ല.

പലപ്പോഴും അമ്പലത്തിലും പാടവരമ്പിലും വച്ച് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം തല കുനിച്ച് നടന്നു പോവുകയാണുണ്ടായത്. അല്ല ,ഇത്രകാലവും പഴയ കാമുകനെ കാണുമ്പോഴൊക്കെ ഓടി ഒളിക്കാനാണ് സൗദാമിനി ടീച്ചര്‍ ശ്രമിച്ചത്. ആ സമയങ്ങളിലെ നെഞ്ചിടിപ്പിന്റെ വേഗം പോലും അവരെ ഭയപ്പെടുത്തുന്നതായിരുന്നു. ഒരിക്കല്‍ പോലും സംസാരിക്കുവാനോ വിശേഷം പങ്കിടുവാനോ തോന്നിയിട്ടില്ല. ഓര്‍മയിലെപ്പോഴും 'നീ എന്റെ ഒപ്പം വരില്ലെ?' എന്നു ചോദിച്ച് തന്റെ കണ്ണുകളിലേക്കു നോക്കുന്ന ദാമുവേട്ടന്‍ അവരെ ദുഃഖിപ്പിക്കുന്നുണ്ട്. ആ മനുഷ്യന്റെ ചോദ്യത്തിനു മുമ്പില്‍ വിതുമ്പി ക്കരഞ്ഞുകൊണ്ട് വീട്ടിലേക്കോടിക്കയറിയ പാവാടക്കാരി മനസ്സിലങ്ങനെ മായാതെ നില്‍ക്കയാണ്.

ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ദാമുവേട്ടന്റെ വീട്ടിലേക്ക് നടക്കുവാനുള്ള ദൂരമേയുള്ളൂ. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലല്ലോ... പോകുന്നതിനു മുന്‍പ് മൂത്ത മകന്‍ ഓര്‍മിപ്പിച്ചു. 'ആളുകള്‍ കൂടുന്ന സ്ഥലമാ മാസ്‌ക് ധരിക്കാന്‍ മറക്കണ്ട.'
അവന്‍ തന്നെയാണ് ഒരെണ്ണമെടുത്ത് മുഖത്ത് കെട്ടിത്തന്നത്.
കത്തിച്ചു വച്ച വിളക്കിനു താഴെയായി ദാമുവേട്ടന്‍ കിടക്കുകയാണ്. അയല്‍ക്കാരും അടുത്ത ചില ബന്ധുക്കളും മാത്രമേ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നുള്ളൂ. അമേരിക്കയിലുള്ള നഴ്‌സ് മകള്‍ക്കുപോലും എത്താന്‍ കഴിഞ്ഞില്ല. എല്ലാവരും മാസ്‌ക് ധരിച്ചിട്ടുണ്ട്. കണ്ടവരെല്ലാം ഉടന്‍ തന്നെ വീട്ടിലേക്കു മടങ്ങുന്നു. ദാമുവേട്ടന്റെ കാല്‍ച്ചുവട്ടിലായി സൗദാമിനി ടീച്ചര്‍ വന്നു നിന്നു. മുടിയിഴകള്‍ അങ്ങിങ്ങു നരച്ചു തുടങ്ങിയ ദാമുവേട്ടനില്‍ നിന്ന് പത്തു മുപ്പത് വര്‍ഷം മുന്‍പ് തനിക്കു മാത്രം പരിചയമുള്ള ദാമുവേട്ടനെ അന്വേഷിക്കുവാനാണ് അവര്‍ ശ്രമിച്ചത്. ദാമുവേട്ടന്‍ ചേര്‍ത്തുനിര്‍ത്തി ഉമ്മവച്ച ചുണ്ടുകള്‍ മാസ്‌കിനകത്ത് വിതുമ്പിക്കൊണ്ടിരുന്നു. അപ്പോഴും ആവരണങ്ങളൊന്നുമില്ലാതെ ദാമുവേട്ടന്റെ ചുണ്ട് അവരെ നോക്കി അങ്ങനെ കിടന്നു.
ജനതകര്‍ഫ്യൂ (കഥ-അര്‍ച്ചന മോഹന്‍)
Join WhatsApp News
NIKITHA XAVIER 2020-05-20 14:13:24
Super
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക