Image

സ്വപ്നം (ദീപ ബിബീഷ് നായർ)

Published on 20 May, 2020
സ്വപ്നം (ദീപ ബിബീഷ് നായർ)
പറയുവാനെഴുതിയ വരികളിൽ പലതും
മറവിയിലെന്നേ കൊഴിഞ്ഞു പോയി
പതിയെയവൻ വന്നരികിലിരുന്നെങ്കിൽ
മനസിലവൾക്കതോ കനവായിരുന്നു

പരിഭവം പറഞ്ഞു കൊണ്ടാ മാറിലണയുവാൻ
മറയാകുമാ ചിറകിലഭയം തേടുവാൻ
പൂനിലാവൊഴുകുമാ സുന്ദര രജനിയിൽ
മാറോടമർന്നാനെഞ്ചിൻ താളം കേൾക്കുവാൻ

പവനൻ്റെ സുഖമേറും തണുത്ത കാറ്റിൽ
മഴ പെയ്യും രാവിൻ്റെ യാമങ്ങളിൽ
പതിയെ അധരങ്ങളിൻ മധുപകരാൻ
മനസൊരു മുകുളമായ് വിരിഞ്ഞിരുന്നു

പൂത്താലമേന്തിയ താരകറാണിമാർ
മതിമറന്നാഹ്ലാദത്തേരേറും രാവതിൽ
പൗർണമി തിങ്കൾക്കര വലയങ്ങളിൽ
മനസും ശരീരവുമർപ്പിച്ചിടാൻ

പരിഭവമില്ലാതെ കൊഴിയാനൊരിതളായ്
മിഴി രണ്ടും തേടിയതേറെ നാളായ്
പതിവായിക്കാണുമാ സ്വപ്നകവാടത്തിൽ
മതി വരുവോളം നീ നോക്കി നിൽക്കെ

പച്ചയാം ജീവിതനേർക്കാഴ്ച്ച മുന്നിലായ്
മറനീക്കി സ്വപ്നത്തിൻ വാതിലുകൾ
പറയാൻ മറന്നതും പറയാൻ കൊതിച്ചതും
മനസിൻ്റെ സുഖമുള്ള നോവായ് മാറി...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക