Image

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ- 87:ജയൻ വർഗീസ്)

Published on 21 May, 2020
പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ- 87:ജയൻ വർഗീസ്)
കൊച്ചപ്പൻ സുഖമില്ലാതെ ആശുപത്രിയിൽ ആയി എന്നറിഞ്ഞു. കൊച്ചമ്മ മരണപ്പെടുകയും, 'അമ്മ വീണുപോവുകയും ചെയ്തതോടെ ജീവിതത്തിന്റെ നിരർത്ഥകതയെ കുറിച്ച് ജീവത പാഠശാലയിൽ നിന്ന് പുത്തൻപാഠങ്ങൾ പഠിച്ചെടുത്ത കൊച്ചപ്പൻ ഒരു ചിറകൊടിഞ്ഞ പക്ഷിയേപ്പോലെ കഴിഞ്ഞു കൂടുകയായിരുന്നു. ഇളംപ്രായത്തിൽ പിതാവ് നഷ്ടപ്പെട്ട്, നിത്യ ദാരിദ്ര്യത്തിന്റെ നടുക്കടലിൽ അകപ്പെട്ട ആ സഹോദരങ്ങൾ ഒരുമിച്ചുതുഴഞ്ഞു കരയെത്തിയ ചരിത്രമായിരുന്നു  അവരുടേത്. അത്തരം ഓർമ്മകളെ അയവിറക്കിക്കൊണ്ട് സ്വയംആശ്വസിച്ചും, ആശ്വസിപ്പിച്ചും വീട്ടിലെ ഒരു നിത്യ സന്ദർശകനായി കഴിഞ്ഞു കൂടുന്ന സമയത്താണ്നിസ്സാരമല്ലാത്ത ഒരു രോഗവുമായി ആശുപത്രിക്കിടക്കയിൽ വീണു പോയത്.

എന്റെ ജീവിതവുമായി എത്രയോ കാര്യങ്ങളിൽ ബന്ധപ്പെട്ടിരിക്കുകയും, തന്റെ മൂത്ത മകനും, എന്റെപ്രായക്കാരനുമായ ജോർജിനോട് ഉള്ളതിനേക്കാൾ ഒട്ടും കുറയാത്ത സ്നേഹം എന്നോട് കാണിക്കുകയുംചെയ്‌തിരുന്ന കൊച്ചപ്പനെ ആശുപത്രിയിൽ  പോയിക്കാണണം എന്ന ആഗ്രഹം മനസ്സിൽസൂക്ഷിച്ചിരുന്നുവെങ്കിലും, അമേരിക്കൻ നിത്യ ജീവിതത്തിലെ  ഓരോരോ അസൗകര്യങ്ങളാൽ നീണ്ടു പോയി. ധാരാളം പണച്ചെലവുണ്ടായ ചികിത്സക്ക് സമയത്ത് ഒരു കൈത്താങ്ങു കൊടുക്കുവാൻ സാധിച്ചു എന്നല്ലാതെനേരിട്ട് ചെന്ന് കാണുവാൻ സാധിച്ചില്ല. ധനവും, മാനവും, ബന്ധങ്ങളും, ബന്ധനങ്ങളും ഉപേക്ഷിച്ചുള്ള അവസാനയാത്രയിൽ കേവലമായ ഒറ്റകൾ മാത്രമാണ് തങ്ങളെന്ന  നഗ്ന സത്യം തിരിച്ചറിയുന്ന ഏവരെയും പോലെമരണത്തിന്റെ മഹാ താഴ്‌വരയിൽ കൊച്ചപ്പനും മറഞ്ഞു.

 കൊച്ചപ്പന്റെ മരണം സംഭവിക്കുന്പോൾ അദ്ദേഹത്തിന് പ്രായം തൊണ്ണൂറും കടന്നിരുന്നു. സ്വാഭാവികവും, അനിവാര്യവുമായ ഒരു ഭൗതിക പ്രതിഭാസം എന്ന നിലയിൽ ഇതിനെ തള്ളിക്കളയാവുന്നതാണ് എന്ന് ആർക്കുംതോന്നാമെങ്കിലും, അനുജന്റെ മരണത്തോടെ അത് വരെയുണ്ടായിരുന്ന സർവ ശക്തിയും ചോർന്ന് എന്റെ അപ്പൻതകർന്നു പോയി. ഒരു വടിയുടെ സഹായത്തോടെ അത്യാവശ്യം വേണ്ട ഇടങ്ങളിൽ നടന്നെത്തിയിരുന്ന അപ്പൻഒട്ടും നടക്കാനാവാതെ വാക്കറിന്റെ സഹായത്തോടെ വീട്ടിനുള്ളിൽ മാത്രം സഞ്ചരിക്കാവുന്ന പതനത്തിൽആയിത്തീർന്നു.

എന്റെ മകന്റെ രണ്ടാമത്തെ കുട്ടിയായ  ഡിലൻ രണ്ട് വയസ്സ് പൂർത്തിയാക്കിയ സമയമായിരുന്നു അത്. അപ്പന്അവനെ കാണണം എന്ന ആഗ്രഹം ഉണ്ടെന്നു അറിയിച്ചു. അപ്പനേയും കൂട്ടിയാൽ ഞങ്ങളുടെ കുടുംബത്തിലെനാലാം തലമുറയിലെ ആദ്യ ആൺതരി അവനാണല്ലോ? കുഞ്ഞമ്മയുടെ മരണ ശേഷം ഞങ്ങൾ നാട്ടിൽചെല്ലുന്പോൾ കുഞ്ഞായിരുന്ന നിയക്കുട്ടിയോട്‌ ' വലിയ പെണ്ണായിട്ട് അമ്മയെ കാണാൻ വരണം ' എന്ന് 'അമ്മപറഞ്ഞയച്ചിരുന്നതും ഓർമ്മ വന്നു - ഈയൊരു സാഹചര്യത്തിൽ  ഒരു മാസത്തേക്ക് കുടുംബമായി  ഞങ്ങൾനാട്ടിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചു.

ആൾ താമസം ഇല്ലാതെ കിടക്കുന്ന ഞങ്ങളുടെ വീട് കഴുകിത്തുടച്ച് വൃത്തിയാക്കിയിടാൻ ഏർപ്പാടാക്കി. സ്വന്തമായി പാചകം ചെയ്തു കഴിക്കുന്നതിനുള്ള സാധന സാമഗ്രികൾ എല്ലാം സംഘടിപ്പിച്ചു വച്ച്ദിവസാരംഭത്തിൽ കാക്കകൾ നിലത്തിറങ്ങുന്ന സമയത്ത് നിയക്കുട്ടിയുടെ ഭാഷയിൽ ' അനീഷ് അങ്കിളിന്റെവണ്ടിയിൽ ' ഞങ്ങൾ നാട്ടിലെത്തി. ( ന്യൂ യോർക്കിൽ നിന്ന് നെടുന്പാശേരിയിലേക്കുള്ള മിക്ക ഫ്ലൈറ്റുകളുംവെളുപ്പിനുള്ള കുളിർ മഞ്ഞു പുതച്ചാണ് അവിടെ ലാൻഡ് ചെയ്യുന്നത്‌ എന്നതിനാൽ മദ്ധ്യ കേരളത്തിലെമിക്കവാറും പ്രദേശങ്ങളിൽ വെട്ടം വീഴുന്നതോടെ എത്തിച്ചേരാൻ സാധിക്കും. )

 കാക്കകളുടെ കരച്ചിൽ കേട്ടാവണം, വിമൂകത വിന്യസിച്ചു കൊണ്ട് ഉറക്കച്ചടവിൽ ഉണരുന്ന പ്രഭാതം. താഴെഅനുജന്റെ വീട്ടിലെത്തി അപ്പനെയും അമ്മയെയും കണ്ടു. ഷീബയുടെ സ്നേഹ സഹവാസത്താൽ ജീവിതചലനങ്ങൾ നിവർത്തിക്കപ്പെടുന്ന 'അമ്മ. വാക്കർ നിരക്കി ഉമ്മറത്തെ കസാലയിൽ വരെ മാത്രം എത്തിച്ചേരുന്നഅപ്പൻ. നാലുമണി മുതൽ ഉണർന്നു കിടക്കുകയായിരുന്ന അപ്പൻ വാക്കർ നിരക്കി ഉമ്മറത്തെ കസേരയിൽവന്നിരുന്നു. കുട്ടികളെ ചേർത്തു നിർത്തി അവരുടെ നെറുകയിൽ ചുംബിച്ചു. അമ്മയുടെ അടുത്തെത്തികട്ടിലിലിരുന്ന നിയക്കുട്ടിയെ അനക്കാവുന്ന അസ്ഥി സമാനമായ കൈ കൊണ്ട്  തലോടുന്പോൾ ആസ്‌പഷ്ടമായവാക്കുകളിൽ 'അമ്മ  എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒരു പക്ഷെ പ്രാർത്ഥിക്കുകയായിരുന്നിരിക്കണം

ജീവിത ദുഖങ്ങളുടെ ആസ്‌മാ വലിവും പേറി സ്വപ്‌നങ്ങളുടെ മുട്ടക്കൊട്ടയും ചുമന്ന് നടന്നു പോകുന്നമുട്ടക്കച്ചവടക്കാരൻ വർക്കിച്ചേട്ടൻ എന്ന എന്റെ പരിചയക്കാരനെ ' ഉരുകിത്തീരുന്ന മെഴുകു തിരികൾ ' എന്നഎന്റെ ലേഖനത്തിൽ ഞാൻ  ചിത്രീകരിച്ചിരുന്നു. നാട്ടിൻപുറത്തെ വനിതകളിൽ നിന്ന് ശേഖരിക്കുന്ന മുട്ടകൾപട്ടണത്തിൽ എത്തിച്ചു വിൽക്കുന്പോൾ കിട്ടുന്ന കൊച്ചു വരുമാനം കൊണ്ടാണ് ഭാര്യയും, മകനുംരോഗികളായിട്ടുള്ള വർക്കിച്ചേട്ടന്റെ കുടുംബം പുലർന്നിരുന്നത്. വാർദ്ധക്യം തളർത്തുന്ന കാലുകളോടെപട്ടണത്തിലേക്ക് നടക്കുന്പോൾ ഒരു ദിവസം ഈ മനുഷ്യന്റെ

മുട്ടക്കൊട്ട   തലയിൽ നിന്ന് താഴെപ്പോയി. റോഡിൽ പരന്നൊഴുകുന്ന തന്റെ ജീവിത സന്പാദ്യം നോക്കി ഒരുനിമിഷം വർക്കിച്ചേട്ടൻ തറയിലിരുന്നു. പിന്നെ രണ്ടാം മുണ്ടു കൊണ്ട് കണ്ണ് തുടച്ച് കാലിക്കൂട്ടയും തലയിലേറ്റിനടന്നു പോകുന്പോൾ ചിരിയോ, കരച്ചിലോ എന്ന് തിരിച്ചറിയാത്ത ഈണത്തിൽ വർക്കിച്ചേട്ടന്റെ ആത്മഗതംപുറത്തു വന്നു. " ഓ! പത്തു വർഷത്തെ പാടല്ലേയുള്ളു ? "

തത്വചിന്താ പരമായ ഒരു ജീവിത വായനയാണ് വർക്കിച്ചേട്ടൻ പറയുന്ന പത്തു വർഷം. എൺപതു വയസു വരജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ നാൽപ്പതു വർഷം രാത്രിയായതിനാൽ ഉറങ്ങിത്തീരുമെന്നും, ബാക്കി നാൽപ്പതിൽബാല്യത്തിലെ പതിനഞ്ചു വർഷവും, വാർദ്ധക്യത്തിലെ പതിനഞ്ചു വർഷവും ഒരു സ്വപ്നാടനം പോലെ കഴിഞ്ഞുപോകുമെന്നും, ആ മുപ്പതും കഴിച്ചു ജീവിക്കാൻ കിട്ടുന്ന കാലം എന്ന് പറയാവുന്നത് കേവലം പത്തു വർഷംമാത്രമാണെന്നും വർക്കിച്ചേട്ടൻ പറയുന്പോൾ, ആ പത്തു വർഷം അനുഭവിച്ചാൽ മതിയല്ലോ എന്നാണ് ആആത്മഗതത്തിന്റെ അർത്ഥ തലം.

എല്ലാ വേദനകളും ഉള്ളിലൊതുക്കി എല്ലാവരോടും ചിരിക്കുന്ന ഈ മുഷ്യന്റെ ജീവിത സമസ്യയുടെ പൂരണയജ്ഞങ്ങളിൽ ' എന്താണ് ജീവിതം, എന്തിനാണ് ജീവിതം ? ' എന്ന ഞാൻ ചോദിച്ച ചോദ്യം അറം പറ്റിയത്  പോലെ  എന്റെ മാതാപിതാക്കൾ എന്നോട്  ചോദിക്കുന്നത്  ശബ്ദമില്ലാതെ എന്റെ ആത്മാവിൽ ഇവിടെ ഞാൻകേട്ടു.

ഒന്നുമില്ലായ്‌മകളുടെ പരിമിതികളിൽ പോലും സന്തോഷകരവും, ശബ്‌ദായമാനവുമായിരുന്ന ഞങ്ങളുടെ വീട്ടിൽനിതാന്ത ശൂന്യമായ ഒരു നിശബ്ദത തളം കെട്ടി നിന്നു. വിളിച്ചാൽ വിളി കേൾക്കാവുന്ന ദൂരത്തിനുള്ളിൽതലയുയർത്തി നിൽക്കുന്ന രണ്ടുമൂന്ന് വലിയ വീടുകൾ. അതിൽ താമസിക്കാൻ ഒരു കൈയുടെ വിരലുകളിൽഎണ്ണിത്തീർക്കാവുന്ന മനുഷ്യർ. മാനസികവും, ശാരീരികവുമായി തകർന്ന്  ജീവിതത്തിനും, മരണത്തിനുംഇടയിലുള്ള നേരിയ നൂൽപ്പാലത്തിലൂടെ എന്തിനെന്നറിയാതെ സഞ്ചരിക്കുകയാണ് അവർ. എന്താണ് ജീവിതം, എന്തിനാണ് ജീവിതം എന്ന്‌ ചിന്താ ശേഷിയുള്ള ഏതൊരാളെക്കൊണ്ടും സ്വയം ചോദിപ്പിക്കുന്ന അവസ്ഥ.

ശ്യാമ സുന്ദര കേര ചന്ദന നാട് പേരക്കുട്ടികളെ കാണിക്കണം എന്ന അകമനസിലെ ആഗ്രഹം പുറത്തുകാണിക്കാതെ കുട്ടികളെയും കൊണ്ട് പുറത്തിറങ്ങി. ഞങ്ങളുടെ വീടിനോട് ചേർന്നുണ്ടായിരുന്ന ഒരു കുളംഅൽപ്പം പരിഷ്‌ക്കാരങ്ങളൊക്കെ വരുത്തി അതിൽ മീൻ വളർത്തുന്ന ഒരു പരിപാടി ഞങ്ങൾ നടപ്പിലാക്കിയിരുന്നു. ( ഞാനും, റോയിയും, ബേബിയുടെ മകൻ സുനിലും കൂടി കുളത്തിലെ ചളിയിൽ ഇറങ്ങി നിന്ന് അത്വൃത്തിയാക്കുന്ന ജോലി നടത്തുന്പോൾ അതുവഴി വന്ന ഞങ്ങളുടെ സ്വന്തക്കാരനായ ഒരു ദുബായിക്കാരൻ അത്കാണാനിട വരികയും, " ഇവനെന്തൊരു പന്നൻ അമേരിക്കക്കാരൻ ? " എന്ന് ചോദിച്ചു കൊണ്ട്  മടങ്ങിപ്പോയ ഒരുസംഭവവും ഉണ്ടായിട്ടുണ്ട്. )

വെള്ളി മീനുകൾ തുള്ളിക്കളിക്കുന്ന മീൻകുളം തന്നെയാവട്ടെ ആദ്യ സർപ്രൈസ് എന്ന് കരുതി കുട്ടികളെയുംകൊണ്ട് അവിടെയെത്തി. കുട്ടികളെ കാണിക്കാൻ അവിടെ വെള്ളമോ, മീനുകളോ ഉണ്ടായിരുന്നില്ല. വെള്ളമില്ലാതെഉണങ്ങി വരണ്ട് വിണ്ടു കീറി കിടക്കുന്ന കുറേ ചളിക്കട്ടകൾ മാത്രം.  റോയി നാട്ടിലുണ്ടായിരുന്ന കാലത്ത് നല്ലനിലയിൽ സംരക്ഷിച്ച് വളർത്തിയിരുന്ന മീൻകുളം ജീവിത ദുരന്തങ്ങളുടെ അപ്രതീക്ഷിത ആഘാതങ്ങളിൽഅടിപതറി വീണു പോയ മറ്റുള്ളവർക്ക് വേണ്ട വിധം ശ്രദ്ധ ചെലുത്താനാവാതെ വന്നതോടെ ഈ നിലയിൽആയിത്തീരുകയായിരുന്നു. വീട്ടിലെ പ്രാവിൻ കൂടിന്റെ വാതിൽ അടച്ചു കളഞ്ഞപ്പോൾ അതിനുള്ളിൽ പിടഞ്ഞുമരിച്ച മൃദു കുറുകലുകളുടെ തീരാ ശാപം എന്റെ വീടിനു മേൽ വീണിട്ടുണ്ടാവും എന്ന് ഞാൻ വിശ്വസക്കുന്നത്പോലെ, വെള്ളം കിട്ടാതെ വെള്ളത്തിൽ മരിച്ച വെള്ളി മീനുകളുടെ ശാപവും എന്റെ വീടിനെ ചൂഴ്ന്നുനിൽക്കുന്നുണ്ടാവും എന്ന എന്റെ നെഞ്ചിൻ കൂടിലെ പിടച്ചിൽ ഉൾക്കൊള്ളാൻ  പോലും ആവാത്തത്രഒരവസ്ഥയിലായിരുന്നു എന്റെ കുടുംബത്തിലെ എന്റെ പ്രിയപ്പെട്ടവർ.

എന്താണ് മീൻകുളം എന്ന് തിരിച്ചറിയാൻ പോലുമാവാത്ത കുട്ടികൾ ചാന്പ മരത്തിൽ നിന്ന് പറിച്ചെടുത്തചാന്പയ്‌ക്കകളിലും, പേരമരത്തിൽ നിന്നുള്ള പേരയ്‌ക്കകളിലും ഇന്ത്യയെ നുണഞ്ഞു തൃപ്‌തരായി. അവരുടെഡാഡിയോടൊത്ത് ഞങ്ങൾ മീൻ പിടിച്ചിരുന്ന തോട്ടിലെ വെള്ളത്തിൽ അവരെ കുളിപ്പിക്കണമെന്ന് ഞാൻആഗ്രഹിച്ചു തോട്ടിലെത്തിയെങ്കിലും, വെള്ളത്തിന്റെ നിറവും, നാറ്റവും ഒക്കെക്കൂടി ഞങ്ങളെ അകറ്റിനിർത്തിക്കളഞ്ഞു. ശബ്‌ദവും, ചലനവും കൊണ്ട് സജീവമായ ജീവിത നാടകങ്ങളുടെ അരങ്ങൊരുക്കിയിരുന്നതോട് നിർജ്ജീവമായ കണ്ണീർച്ചാല് പോലെ നിശബ്ദം ഒഴികിപ്പോവുകയാണ്. തോടിനെ ശബ്ദമുഖരിതമാക്കിയിരുന്ന പത്രുവിന്റെ പെൺ കുട്ടികൾ വിവാഹം കഴിച്ചു ദൂരങ്ങളിൽ ആയിപ്പോയി. കൂവള്ളൂർക്കാവിൽ നിന്ന് പറന്നെത്തി പാലക്കുന്നിലെ വലിയ പാലമരത്തിൽ ചേക്കേറിയിരുന്ന തീക്കുടുക്ക നേരിട്ട്കാണാറുണ്ടായിരുന്ന ശുശാമ്മാമ്മ എന്നേ മരിച്ചു പോയി. പത്രുവിന്റെ കുടുംബം തന്നെയും അവിടുന്ന് വീട് വിറ്റ്‌എവിടെയോ മാറിപ്പോയി.

അംഗ സംഖ്യയിൽ അതി സമൃദ്ധമായിരുന്ന ഞങ്ങളുടെ അയൽ വീടുകളിൽ ഇന്ന് ആരും തന്നെയില്ല. കുട്ടികൾമിക്കവരും തൊഴിലും, ജീവിത വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി. കാരണവന്മാർ കാലത്തിന്റെ മറു കരയിലേക്കും, ആശുപത്രി കിടക്കകളുടെ അനിശ്ചിതത്വത്തിലേക്കും സ്ഥലംമാറിക്കഴിഞ്ഞു.  തോടും, അതിന്റെ തീരത്തെ ജീവിത താളങ്ങളും ഇങ്ങിനി വരാതെവണം അകലങ്ങളിൽഅലിഞ്ഞു കഴിഞ്ഞു. അലക്കാനും, കുളിക്കാനും അമ്മമാരില്ല, നീന്തിത്തുടിക്കാൻ കുട്ടികളില്ലാ, കുത്തുവലയും, കോലുമായി മീൻ പിടുത്തക്കാരില്ല, തൊട്ട പൊട്ടിക്കാൻ യുവാക്കളില്ല, കാടും, പടലും നിറഞ്ഞ തോട്ടിറന്പിലെവഴിയിലൂടെ തണൽപ്പറ്റി നടന്നു പോകാൻ കുടിയന്മാരില്ല, അവരുടെ ആഹ്‌ളാദ താവളമായിരുന്ന ' കഞ്ഞിക്കുഴി ' എന്ന് ഓമനപ്പേരുള്ള മാഞ്ചോട്ടിൽ ഷാപ്പും ഇന്നില്ല.

ഞങ്ങളുടെ സ്വപ്ന ഭൂമിയായിരുന്ന അക്കരപ്പറന്പിലും ഞാനെത്തി. ഇങ്ങോട്ട് പോരുന്നതിനു മുൻപുള്ള ഒരുരാത്രിയിൽ തോട്ടിറന്പിലെ മണ്ണിൽ കമിഴ്ന്നു കിടന്ന് ആ മണ്ണിനെ ചുംബിച്ചു കൊണ്ട് " ഞങ്ങൾ മടങ്ങി വരുന്നത്വരെ കാത്തു കിടക്കണം " എന്ന് പറഞ്ഞിട്ടാണ് പോന്നത്. ആ വാക്കു പാലിച്ചു കൊണ്ട് മണ്ണ് കാത്തുകിടക്കുകയാണ്. ' അഞ്ചു വര്ഷം കഴിഞ്ഞാൽ മടങ്ങി വരണം ' എന്ന് ഭാര്യയെക്കൊണ്ടും, കുട്ടികളെക്കൊണ്ടുംപ്രതിജ്ഞയെടുപ്പിച്ച ഞാനാണ് വാക്ക് തെറ്റിച്ചത്. എന്നെങ്കിലും ഈ മണ്ണിൽ തിരിച്ചെത്തണം എന്ന സ്വപ്നംമനസ്സിൽ സൂക്ഷിച്ചിരുന്നു. ഇപ്പോൾ അഞ്ചുകളുടെ അഞ്ചിരട്ടിയും കഴിഞ്ഞിരിക്കുന്നു. 

അടിപൊളിയൻ അമേരിക്കൻ ജീവിത രീതികളിൽ ആഴ്ന്നു പോയ ഒരു കുടുംബം അല്ലാ ഞങ്ങളുടേത്. ഒരുസാധാരണക്കാരന്റെ എല്ലാ പരിമിതികളും ഉൾക്കൊണ്ട് ജീവിക്കുവാനുള്ള പരിശീലനങ്ങൾ മനഃപൂർവം ഞങ്ങൾആർജ്ജിച്ചിട്ടുണ്ട്. ( എത്രയും ലളിതമായി ഉണ്ണുന്നതിനും, ഉടുക്കുന്നതിനും, തറയിൽക്കിടന്ന് ഉറങ്ങുന്നതിനുംഇന്നും ഞങ്ങൾക്കാർക്കും വിഷമമില്ല. )എന്നിട്ടും മടങ്ങിപ്പോകാൻ സാധിക്കുന്നില്ല. ആകർഷകങ്ങളായഅവസരങ്ങളുടെ  തേങ്ങാപ്പൂളുകൾ അതി വിദഗ്‌ധമായി ഒരുക്കി വയ്‌ക്കുന്ന  അമേരിക്കൻ  സാമൂഹ്യാവസ്ഥയുടെഎലിപ്പെട്ടിയിൽ ഒരിക്കൽ അകത്തു കടന്നാൽ പിന്നീടൊരിക്കലും തിരിച്ചു പോകാനാകാതെവണ്ണം പിന്നിൽവാതിൽ   അടയ്‌ക്കപ്പെടുകയാണ്. ഓപ്പർട്യൂണിറ്റികളുടെ ഹോൾസെയിൽ വ്യാപാരികളായ അമേരിക്കൻ സന്പത്വ്യവസ്ഥ മൂന്നാം ലോക മൂഷിക സമൂഹത്തിനു വേണ്ടി ഒരുക്കി വയ്‌ക്കുന്ന സോഷ്യൽ ട്രാപ്പ്.

എന്നോടൊപ്പം ജ്വാലയിൽ പ്രവർത്തിച്ചിരുന്ന യുവാക്കൾ മിക്കവരും ഇന്ന് അപ്പന്മാരും, വല്യപ്പൻമാരും ഒക്കെആയിരിക്കുന്നു. രക്ഷപെട്ടു എന്ന് പറയാവുന്നവർ വളരെ കുറവ്. മക്കൾക്കൊക്കെ ജോലിയും, കൂലിയും ഉള്ളവരാണ് അധികവും. എന്നിട്ടും എന്തോ ഒരു കല്ലുകടി. എന്റെ അന്വേഷണത്തിൽ മിക്കവരും മദ്യത്തിന്അടിമകളായിപ്പോയി. ഞങ്ങൾ ഒരുമിച്ചായിരുന്നപ്പോൾ മദ്യം കൈ കൊണ്ട് പോലും  തൊട്ടിട്ടില്ലാത്തവരാണ്  അവരിൽ പലരും. ഇന്നിപ്പോൾ രാവിലെ എഴുന്നേറ്റാൽ അന്നത്തെ ' കുടി ' ക്കുള്ള മാർഗ്ഗം അന്വേഷിച്ചു മാനസികഊർജ്ജം മുഴുവൻ ചോർത്തിക്കളയുന്നു. വൈകുന്നേരം ആവുന്പോഴേക്കും സമാന മാനസർ ഒത്തുകൂടി ' ഷെയർ' ആസ്വദിച്ചു തളർന്നുറങ്ങുന്നു. (സർക്കാർ വക സുഖ വിതരണ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന ഫുൾബോട്ടിൽ  പങ്കുവച്ച് അടിച്ചു കയറ്റുന്നതിനെയാണ്  ' ഷെയർ ' എന്ന് വിളിക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾപോലും ഇന്ന് ഈ ഷെയറിന്റെ ആരാധകകർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു നാടിനെ എങ്ങിനെഒന്നിനും കൊള്ളാത്ത നിഷ്‌ക്രിയരായ ബൊമ്മകളുടെ ആവാസ താവളമാക്കാം എന്നതിന്റെ നേർ സാക്ഷികളായിബീവറേജ് ഔട്ട് ലെറ്റുകൾ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെ കടന്നു കയറി ദൈവത്തിന്റെ സ്വന്തം നാടിനു വേണ്ടിസ്വർഗ്ഗം പണിഞ്ഞു കൊണ്ടേയിരിക്കുന്നു ?

കർണ്ണ കഠോരമായ ശബ്ദ വിസ്പോടനങ്ങൾ ഗ്രാമ വിമൂകതയെ പേടിപ്പിച്ചു വിറപ്പിക്കുന്നത് കേട്ട് തുടങ്ങിയപ്പോൾകാരണം തിരക്കി. നമ്മുടെ പാലക്കുന്നിന്റെ നെറുകയിൽ  എസ്. എൻ. ഡി. പി. യുടെ വക പ്രൊഫഷണൽകോളേജ് വരികയാണ്. മല മുകളിലെ ഉരുളൻ കല്ലുകൾ ഹെവി ഡ്യുട്ടി യന്ത്രത്തമരുകൾ കൊണ്ട് തുരന്നും, പിളർത്തിയും,  ഇടിച്ചും, മുറിച്ചും ബിൽഡിംഗ് മെറ്റീരിയൽ ആക്കുന്പോൾ പാറകൾ അലറുകയും, കരയുകയുംചെയ്‌യുന്നത്‌ കൊണ്ടാണ് കാതു തുളക്കുന്ന ഈ അട്ടഹാസം. ശുശാമ്മാമ്മ കാണാറുണ്ടായിരുന്ന കൂവള്ളൂർകാവിൽ നിന്നുള്ള തീക്കുടുക്ക ചേക്കേറുന്ന വലിയ പാലമരം മുറിച്ചുവോ എന്നായിരുന്നു  ആദ്യ ആശങ്ക. സമാധാനമായി ! പാലമരം മുറിച്ചിട്ടില്ല, അതിന്റെയും കുറച്ചു മാറിയിട്ടാണ് കോളേജ് ഉയരുന്നത്.

ശബ്ദ സമൃദ്ധി കൊണ്ട് സന്പന്നമായിരിക്കുന്നു നാട്ടിൻപുറം. ഇടുക്കി ജില്ലയുടെ പ്രധാന പട്ടണങ്ങളിൽ എല്ലാംതന്നെ ചെന്നെത്തുന്ന ബസ് സർവീസുകൾ ഇപ്പോൾ ഞങ്ങളുടെ വീടിനു മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്നുണ്ട്. തട്ടുപൊളിപ്പൻ സിനിമകളിലെ കാളത്തൊഴി ഡാൻസിനോടൊപ്പം ക്ഷുഭിത യൗവനങ്ങളുടെ  അസ്ഥിക്ക് പിടിച്ചുപോയ മോട്ടോർ ബൈക്കുകളുടെ നോൺ സൈലൻസർ കാറിത്തുപ്പൽ വേറെ. ആകാശത്തിന് കീഴിൽ അവരെക്കഴിഞ്ഞ് ഇനിയാരുമില്ല എന്നുള്ള ഭാവത്തോടെ അവർ നാട്ടുംപുറത്തു കാരായ നമ്മളെ നോക്കിയിട്ടു പോകുന്പോൾ, അതിരാണിപ്പാടത്തിന്റെ ഓർമ്മച്ചാരത്ത് മടങ്ങിയെത്തുന്ന പൊറ്റക്കാടിന്റെ നായകനെ നോക്കി'ലവനാരെടാ? ' എന്ന് കഴുത്തു വെട്ടിച്ചു കൊഞ്ഞനം കുത്തുന്ന  ന്യൂജെൻ തലമുറയുടെ വലിയ കൂട്ടങ്ങളെയാണ്നാട്ടും പുറത്തു കാരായ നമുക്ക് സഹിക്കേണ്ടി വരുന്നത് എന്നുള്ളതാണ് ഏറെ ദയനീയം. കാലം തേച്ചു മിനുക്കിയപാറക്കല്ലുകളിൽ തട്ടിച്ചിതറി കുണുങ്ങിയൊഴുകുന്ന മുള്ളരിങ്ങാടൻ പുഴ വക്കത്തെ മരത്തണലുകളിൽകൂട്ടുകാരോടൊത്തുള്ള കുടിക്കൂട്ടിനാണ് ഇവരെത്തുന്നത്. ഇവർ വലിച്ചെറിഞ്ഞ കാലിക്കുപ്പികൾ പൊട്ടിച്ചിതറിശ്യാമ സുന്ദരമായ പുഴയോരങ്ങൾ മനുഷ്യന് കാൽ വയ്‌ക്കാനാവാത്ത വിധം അപകടകരം ആയിക്കഴിഞ്ഞു.

വെളുപ്പാൻ കാലത്തെ ഇളം തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുന്ന പാവം മനുഷ്യനെ ക്ഷേത്രത്തിലെ കോളാന്പി മൈക്ക്തുപ്പുന്ന ' മമ സുപ്രഭാതം ' വലിച്ചു താഴെയിടുന്നത് മുതൽ അത്താഴ പഥ്യത്തിന് കൃത്യമായി സേവിക്കാൻ കിട്ടുന്ന ' അള്ളാഹു അക്‌ബർ 'വരെ സഹിച്ചു കഴിയുന്നതിനിടയിൽ എത്രയെത്ര തൊള്ള തുറപ്പൻ ആക്രമണങ്ങൾക്കാണ്നമ്മൾ നിന്ന് കൊടുക്കേണ്ടത് ? രാഷ്ട്രീയക്കാരുടെ, മതക്കാരുടെ, സാംസ്കാരികക്കാരുടെ, സിനിമാക്കാരുടെ, ചാനല് കാരുടെ...ഇപ്പോൾ ഹൈ ഡെൻസിറ്റിയിൽ ഉള്ള മൈക്ക് വച്ചിട്ടാണ് എല്ലാ മതക്കാരുടെയും കൂട്ടപ്രാർത്ഥനകൾ. അങ്ങകലെ സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ചെവിക്കല്ല് പൊട്ടിച്ചിട്ടേ അടങ്ങൂ എന്നാണ് സർവത്ര ഭക്തശിരോമണികളുടെയും വാശി.

മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് ഇടിച്ചു കയറുന്ന ഇത്തരം അധിനിവേശങ്ങൾ അവസാനിപ്പിക്കേണ്ട കാലംഅതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. എഴുപതു വർഷം നീണ്ട ഇന്ത്യയിലെ ജനായത്ത ഭരണംജനതയെ ഹിന്ദുവായും, മുസൽമാനായും, ക്രിസ്ത്യാനിയായും, ജൈനനായും, പാർസിയായും  കുറെ മതതീവ്രവാദിക്കൂട്ടങ്ങളെ സൃഷ്ടിച്ചു ചാപ്പയടിച്ചു വേർതിരിച്ചു പരസ്‌പരം തമ്മിലടിപ്പിച്ചതല്ലാതെ  മനുഷ്യനാക്കിഒന്നിച്ചു നിർത്തുവാൻ ഒരു ഇസത്തിനും സാധിച്ചില്ല എന്നതാണ് നമ്മുടെ സമകാലീന സാമൂഹ്യ ദുരന്തം. പശുവിറച്ചി തിന്നുന്നവനെ പച്ചക്കു കൊളുത്തുന്ന ഭരണ കൂട ഭീകരത, അടുത്ത ദശകങ്ങളിൽ അമേരിക്കയെയും, ചൈനയെയും കവച്ചു വച്ച് കടത്തി വെട്ടുമെന്നുള്ള പൊള്ളയായ വാഗ്‌ദാനത്തിലൂടെ ഇന്ത്യൻ ദരിദ്രവാസിയുടെവോട്ടുകൾ കൊള്ളയടിച്ചു ഭരണത്തിലേറി നാല് കാശ് സന്പാദിച്ചു കൊണ്ടിരിക്കയാണ് എന്ന സത്യം, സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി നെഞ്ചിലേറ്റു വാങ്ങുവാൻ ബാധ്യതയുള്ള യാതൊരു കലാകാരനുംകണ്ടതായി ഭാവിക്കാതെ, ആരുടെ കാലു നക്കിയും സ്വന്തം ആസനം ഉറപ്പിക്കുന്നതിനുള്ള അവസരം പാർത്ത്സ്വന്തം ആസനത്തിലേക്ക് മാത്രം നോക്കി മുഖവും  കുനിച്ച് ഇരിക്കുകയാണ്. ' അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും ' എന്ന അന്തിമ ലക്ഷ്യം സുസാധ്യമാകുന്പോൾ   മാത്രമായിരിക്കും ബുദ്ധനും, ക്രിസ്തുവും, നബിയും, ഗാന്ധിയും, മാർട്ടിൻ ലൂഥറും സ്വപ്നം കണ്ടതും, ആഗോള മനുഷ്യ രാശിഅണിചേരുന്നതുമായ മണ്ണിലെ സ്വർഗ്ഗം ഈ പാഴ്‌മണ്ണിൽ നടപ്പിലാകാൻ  പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.


(കഴിഞ്ഞ ഭാഗത്തിൽ ( അനുഭവക്കുറിപ്പുകൾ 86 ) അമേരിക്കയിലെ മലയാളം പ്രസിദ്ധീകരണങ്ങളെക്കുറിച്ചു പറഞ്ഞ കൂട്ടത്തിൽ ഫിലാഡല്ഫിയയിൽ നിന്ന് കഴിഞ്ഞ 22 വർഷങ്ങളായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ‘ മലയാളം വാർത്ത ‘എന്ന പത്രം പ്രവർത്തനമവസാനിപ്പിച്ചതായി ഒരു തെറ്റായ പരാമർശനം നടത്തിയിരുന്നു. വേണ്ടത്ര അന്വേഷണം നടത്താതെ ഞാൻ നടത്തിയ ഈ പരാമർശം മൂലം ആ പത്രത്തിനും, അതിന്റെ പ്രവർത്തകർക്കും ഉണ്ടായ മനോവേദനകൾക്കു ഹൃദയംഗമമായി മാപ്പു ചോദിക്കുകയും, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ടു പോകുന്ന ആ പ്രസ്ഥാനത്തിന് അഭിവാദനങ്ങൾ അർപ്പിക്കുകയും ചെയ്തു കൊള്ളുന്നു.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക