Image

കൊറോണക്കാലത്തും കണ്ണ് സ്വര്‍ണ്ണത്തില്‍ തന്നെ; അത് ചതിക്കില്ല (ശ്രീനി)

ശ്രീനി Published on 22 May, 2020
   കൊറോണക്കാലത്തും കണ്ണ് സ്വര്‍ണ്ണത്തില്‍ തന്നെ; അത് ചതിക്കില്ല (ശ്രീനി)
മനുഷ്യന്റെ സ്വര്‍ണ ഭ്രമത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. കനകം മൂലം കലഹമുണ്ടാവുമെന്നാണല്ലോ ചൊല്ല് തന്നെ. ലോകത്ത് സ്വര്‍ണം കണ്ടെത്തിയതു മുതല്‍ ഇന്നുവരെ അതിനോടുള്ള കമ്പമടങ്ങിയിട്ടില്ല. വിപണി വില ഇന്നും പിടിച്ചുനിര്‍ത്താനാവാതെ കുതിച്ചുയരുന്നു. ഇടയ്ക്കുണ്ടാവുന്ന വിലയിടിവുകള്‍ താല്‍ക്കാലികം മാത്രം. ബൈബിളിലെ പഴയ നിയമത്തില്‍ സ്വര്‍ണ്ണത്തെപ്പറ്റി പലവട്ടം പരാമര്‍ശിക്കുന്നുണ്ട്. പുരാതനകാലം മുതല്‍ ഇന്ത്യയില്‍ മദ്ധ്യേഷ്യയിലും തെക്കന്‍ യുറല്‍ പര്‍വ്വത പ്രദേശങ്ങളിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലും സ്വര്‍ണ്ണം നിര്‍മ്മിച്ചു പോന്നിരുന്നു. സ്വര്‍ണ്ണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത് ഇന്ത്യയിലാണെന്നത് ചരിത്രം.

ഇന്ന് ഈ കൊറോണക്കാലത്തും സ്വര്‍ണത്തിന്റെ വില മേലോട്ടുതന്നെ. പതിസന്ധി ഘട്ടങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും നിക്ഷേപം നടത്തുന്നതും സ്വര്‍ണത്തിലാണ്. അതുകൊണ്ട് കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണ വില ഇപ്പോള്‍ 13 ശതമാനം വര്‍ധിച്ച് 2012 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും ഗണ്യമായി കൂടിയിരിക്കുന്നു. 

മെയ് 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആയിരുന്നു സ്വര്‍ണ വില. സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്ന 35,040 രൂപ എന്ന നിലവാരത്തിലാണ് വില എത്തിയത്. ഇന്ന് (മെയ് 22) ഉച്ച സമയത്തെ 22 കാരറ്റ് 916 സ്വര്‍ണം ഒരു ഗ്രാമിന്റെ വില 4,315 രൂപയാണ്. ഒരു പവന് 34,520 രൂപയും. ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന്1,746.45 ഡോളര്‍ എന്ന നിലവാരത്തില്‍ ആണ് വ്യാപാരം. ഒരുഗ്രാമിന് 56. 15 ഡോളറും കിലോഗ്രാമിന് 56,149.67 ഡോളറുമാണ് വില.

വരും ദിവസങ്ങളില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ അങ്ങോട്ടുമിങ്ങോട്ടുമുണ്ടാവാമെങ്കിലും സ്വര്‍ണം നല്ലൊരു നികഷേപ മാര്‍ഗമായി തുടരുമെന്നാണ് സൂചന. കൊറോണ വൈറസ് ആഗോള സാമ്പത്തിക മേഖലയെ ഉഴുതുമറിച്ചിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ ഓഹരികള്‍ പോലുള്ള 'കൈപൊള്ളുന്ന' അസറ്റ് ക്ലാസുകളില്‍ നിന്ന് സ്വര്‍ണത്തിലേയ്ക്ക് വഴിമാറിയിരിക്കുന്നു. ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ പരമ്പരാഗതമായി സ്വര്‍ണം ആഭരണങ്ങളായും നാണയങ്ങളായും മറ്റും നിക്ഷേപം നടത്തുന്നവരാണല്ലോ.

ഇക്കൊല്ലം ജനുവരി മുതല്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. അതിനാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് സുരക്ഷിതമാണോ, ലാഭകരമാണോ, എന്തൊക്കെയാണിതിതുകൊണ്ടുള്ള നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് പലരുടെയും ശ്രദ്ധ. ഇപ്പോഴത്തെ വില കണക്കിലെടുക്കേണ്ട, സ്വര്‍ണം വാങ്ങുന്നത് തന്നെയാണ് നല്ലത് എന്ന ഉപദേശമാണ് നികഷേപകര്‍ക്ക് ലഭിക്കുന്നത്. 

ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ ഗവേഷണത്തില്‍,  പലിശനിരക്ക് കുറയുകയും ഉപഭോഗം കുറയുകയും സമ്പദ്‌വ്യവസ്ഥയില്‍ സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാകുകയും ചെയ്യുന്ന പണപ്പെരുപ്പ കാലഘട്ടത്തില്‍ സ്വര്‍ണം കൈയിലുള്ളത് ഉചിതമായ തീരുമാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

2000ലെയും 2008ലെയും ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും മറ്റും സ്വര്‍ണം നമ്മെ ചതിച്ചിട്ടില്ലെന്ന പാഠം മുന്നിലുണ്ട്. കോവിഡ് മൂലമുള്ള നിലവിലെ സ്ഥിതി മുമ്പത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികളേക്കാള്‍ കഠിനമാണെന്നതില്‍ തര്‍ക്കവുമില്ല. ഓഹരി വിപണി ഇടിഞ്ഞ് കൂപ്പുകുത്തിയതും ക്രൂഡ് ഓയില്‍ വില എക്കാലത്തെയും മോശമായ അവസ്ഥയിലോയ്ക്ക് കുത്തനെ താഴ്ന്നതും ഇതിന്റെ സൂചനകളാണ്. അന്താരാഷ്ട്ര നാണയ നിധിയും ആഗോള ജി.ഡ.ിപി നിരക്ക് കുറയുമെന്ന് പ്രവചിച്ചിരുന്നു. ഇതോടെ സ്വര്‍ണത്തിലുള്ള നിക്ഷേപ തോത് പെട്ടെന്ന് ഉയരുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പറഞ്ഞാല്‍, ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുക തന്നെ ചെയ്യും.

ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് ലണ്ടന്‍ ആസ്ഥാനമായുള്ള 'വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍' പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1973 മുതലുള്ള കണക്കനുസരിച്ച് സ്വര്‍ണത്തില്‍ നിന്നുള്ള വരുമാനം ശരാശരി 14.10 ശതമാനം ആണ്. 2020 ഏപ്രില്‍ 21ന് രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറയുകയും, യു.എസ് ഡോളറുമായി തട്ടിക്കുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 77 രൂപയിലെത്തുകയും ചെയ്തു. ഇതാകട്ടെ സ്വര്‍ണ്ണത്തിന് ഗുണം ചെയ്തു.

കോവിഡ് 19 വ്യാപന ഘട്ടത്തില്‍ ലോകത്തിലെ സ്വര്‍ണ്ണ ഖനികളെല്ലാം താല്‍ക്കാലികമായി ബിസിനസ്സ് നിര്‍ത്തി വച്ചിരിക്കുകയാണ്. തന്‍മൂലം വിതരണം കുറയുകയും ഡിമാന്റ് കൂടിയിരിക്കുകയുമാണ്. അതിനാല്‍ സ്വര്‍ണവില ഉയരുന്നതില്‍ അത്ഭുതമില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ കോവിഡ് ഭീഷണി ഇല്ലാതിരുന്നിട്ടും സ്വര്‍ണം 25 ശതമാനം വരുമാനം നല്‍കി. ഇതിനോടകം 16 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനവും മരണവും ഏറുന്ന മുറയ്ക്ക് ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാവും. അതുകൊണ്ട് സ്വര്‍ണ്ണ വില ഇനിയും ഉയരാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സര്‍ക്കാരിന്റെ സ്വര്‍ണ്ണ പിന്തുണയുള്ള ഇ.ടി.എഫ് അല്ലെങ്കില്‍ ഗോള്‍ഡ് സോവറിന്‍ ബോണ്ടുകള്‍ തിരഞ്ഞെടുക്കുക എന്നതാണെന്ന് വിദഗ്ധ ഉപദേശമുണ്ട്. നിക്ഷേപകര്‍ക്ക് വേണ്ടി സ്വര്‍ണം സംഭരിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടാണ് ഇ.ടി.എഫ്. ഗോള്‍ഡ് സോവറിന്‍ ബോണ്ടുകള്‍ക്ക് കീഴില്‍, നിക്ഷേപകര്‍ക്ക് ബോണ്ടിന്റെ വിലയിലെ മൂല്യനിര്‍ണ്ണയത്തിന് പുറമെ പലിശ രൂപത്തില്‍ സ്ഥിര വരുമാനം ലഭിക്കും. കൂടാതെ, കാലാവധി പൂര്‍ത്തിയാകുന്നതുവരെ കൈവശം വച്ചിരിക്കുന്ന സ്വര്‍ണ്ണ സോവറിന്‍ ബോണ്ടിന്റെ വില്‍പ്പന മൂലധന നേട്ടവും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. അതിനിയും തുടരും. 

   കൊറോണക്കാലത്തും കണ്ണ് സ്വര്‍ണ്ണത്തില്‍ തന്നെ; അത് ചതിക്കില്ല (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക